തിരുവനന്തപുരം: കൃഷിക്കുപയോഗിക്കുന്ന രാസവളങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ ഗുണനിലവാരത്തിനു മാത്രമല്ല മണ്ണിനും മനുഷ്യനും മൃഗങ്ങള്‍ക്കും ഹാനികരമാണെന്നും അത് പ്രകൃതിയെ മൊത്തം നശിപ്പിക്കുമെന്നും അതിനാല്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രധാന ലക്ഷ്യമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ കാശ്മീരി ലാല്‍ പറഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കാശ്മീരി ലാല്‍.
കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് സാമ്പത്തിക അച്ചടക്കമില്ലായ്മക്ക് കാരണവും രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ദോഷവുമാണ്. അത് ഒരു നല്ല പ്രവണതയല്ല. അതിനു പകരം കാര്‍ഷികസബ്‌സിഡി നല്‍കുക, കൃഷിക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ വിത്തും വളവും നല്‍കുക എന്നീ മാര്‍ഗങ്ങള്‍ ആണ് ആവശ്യം. കൃഷി ഭൂമി മറ്റു ആവശ്യങ്ങള്‍ക്കായി ഏറ്റെടു ക്കുന്നത് നിയമം മൂലം നിരോധിക്കണം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചു.
കുമ്മനം രാജശേഖരന്‍ ദീപ പ്രോജ്വലനം നടത്തി. യോഗത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനര്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍, ഡോ: കെ.ആര്‍. രാധാകൃഷ്ണന്‍, ഡോ: കെ.എന്‍. മധുസൂദനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.