നാരകത്തിന് കരുണയില്ല എന്ന ചൊല്ല് നാട്ടിന്‍പുറങ്ങളിലുണ്ട്.
നാരകത്തിന്റെ മുള്ള് കൂര്‍ത്തതായതിനാലാണ് ഈ ചൊല്ല് വന്നത്.
വീട്ടുകാര്‍ സ്വയം നാരകം നടാതെ അയല്‍ക്കാരെക്കൊണ്ടോ, സുഹൃത്തുക്കളെക്കൊണ്ടോ ആണ് നടീയ്ക്കുന്നത്. എന്തായാലും വീട്ടില്‍ നിന്ന് അല്പം അകലം കൊടുത്ത് നാരകം നടുന്നതാണ് ഉത്തമം. ചെറുനാരകം, കമ്പിളിനാരകം, ഒടിച്ചുകുത്തി നാരകം എന്നീ പല പേരുകളില്‍ നാരകം അറിയുമെങ്കിലും നാരകം ആറുതരത്തിലുണ്ട്. ജോനക നാരകം (ചെറുനാരകം), മാതളനാരകം, വടുകപ്പുളി നാരകം, മധുര നാരകം, കമ്പിളി നാരകം (പമ്പിളി നാരകം) എന്നിവയാണവ. തമിഴില്‍ എലുമിച്ചമെന്നും, സംസ്‌കൃതത്തില്‍ ജംബീരമെന്നും
ഇംഗ്ലീഷില്‍ ലെമണ്‍ എന്നും അറിയപ്പെടുന്നു. സിട്രസ് കുടുംബത്തില്‍പ്പെടുന്നതാണ് നാരകങ്ങളെല്ലാം.
വാതം, വായുമുട്ടല്‍, കഫം, കഫക്ലേശം, കൃമിശല്യം, ചുമ, ഛര്‍ദ്ദി, അഗ്നിമാന്ദ്യം, ദാഹം, അരുചി, ഹൃദ്രോഗം എന്നിവയെ ശമിപ്പിയ്ക്കുവാന്‍ നാരങ്ങ സഹായിക്കും. സുഗന്ധിയായ
നാരങ്ങ ശരീര പിത്തത്തെ വര്‍ദ്ധിപ്പിക്കുന്നതുകൂടിയാണ്. എന്നാല്‍ മലമൂത്ര തടസ്സത്തെ മാറ്റുവാന്‍ ഇതിന് കഴിവുണ്ട്. പാലും നാരങ്ങായും തമ്മില്‍ ചേര്‍ക്കാന്‍ പാടില്ല. രണ്ടും വിരുദ്ധങ്ങളായ ആഹാരമായി കണക്കാക്കുന്നു. വിവിധ ചികിത്സകള്‍ക്ക് നാരങ്ങ ഉപയോഗിക്കുന്നു. ശരീരദൂഷ്യങ്ങളെ ഇല്ലാതാക്കി അവയവങ്ങളുടെ പ്രവൃത്തി ഊര്‍ജ്ജിതപ്പെടുത്താനും രോഗാണുക്കളെ നശിപ്പിക്കുവാനും നാരങ്ങയ്ക്ക് കഴിവുണ്ട്. വിറ്റാമിന്‍ സി നാരങ്ങയില്‍ കൂടുതലാണ്. ചിലതരം ക്യാന്‍സര്‍ പടരുന്നതിനെ നാരങ്ങ ചെറുക്കുന്നു.
ദഹനക്കേട്, ഛര്‍ദ്ദി, രുചിയില്ലായ്മ എന്നിവ അനുഭവപ്പെട്ടാല്‍ ഇഞ്ചിനീരും നാരങ്ങാനീരും തേനും സമം ചേര്‍ത്ത് നല്‍കിയാല്‍ ദഹനത്തെ പുഷ്ടിപ്പെടുത്തി അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാവും. പഴകിയ രോഗങ്ങള്‍ക്ക് നാരങ്ങാ ചികിത്സ ഉത്തമമാണ്. ഉപവാസങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഉത്തമ പാനീയമായി നാരങ്ങയെ കണക്കാക്കുന്നു. വാതരോഗികള്‍ക്ക് ആയുര്‍വേദത്തില്‍ നാരങ്ങാ കിഴിയും നാരങ്ങ ചേര്‍ത്ത തൈലവും ഉപയോഗിക്കുന്നു. പതിവായി നാരങ്ങ ഉപയോഗിച്ചാല്‍ രക്തശുദ്ധിയുണ്ടാകും. ചൊറി, പുഴുക്കടി, കുഷ്ഠം
മുതലായ ത്വക്ക് രോഗങ്ങള്‍ക്ക് നാരങ്ങാ ചികിത്സ ഫലപ്രദമാണ്.
പിത്തം, വിളര്‍ച്ച, മലബന്ധം, മൂത്രാശയരോഗം എന്നിവയെ ഇത് ഫലപ്രദമായി ചെറുക്കുന്നു. പൊരികണ്ണി അഥവ ചുണങ്ങിന് നാരങ്ങാ നീര് പുരട്ടുന്നത് ഫലപ്രദമാണ്. വളരെക്കാലമായി ദഹിക്കാതെ കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥത്തെ ദഹിപ്പിക്കുവാന്‍ ഇതിന് കഴിവുണ്ട്. നാരങ്ങാനീരു മാത്രം സേവിച്ച് നിരന്തരമായി ഉപവസിച്ചാല്‍ ക്ഷയരോഗത്തെ ശമിപ്പിയ്ക്കുവാന്‍ കഴിയും. എത്ര കഠിനമായ വയറുകടിയും നാരങ്ങാനീരും ഇരട്ടി തേനും ചേര്‍ത്ത് കഴിച്ചാല്‍ മാറുന്നതാണ്. പനി,ജലദോഷം എന്നിവയ്ക്ക് ചെറുനാരങ്ങ മാത്രം കഴിച്ചുപവസിച്ചാല്‍ അസുഖം ശമിക്കും. നെഞ്ചെരിച്ചിലും അതിസാരവും ഉള്ളപ്പോള്‍ ചെറുനാരങ്ങാ നീര് ഉപയോഗിക്കുവാന്‍ പാടില്ല. ഈ സമയത്ത് നാരങ്ങാനീര് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ കൂടുകയും ഛര്‍ദ്ദിയുണ്ടാകുകയും ചെയ്യും.
ചെറുനാരങ്ങാനീരും മുന്തിരിങ്ങാനീരും ശുദ്ധജലവുമായി കലര്‍ത്തി പതിവായി കൊടുത്താല്‍ കുട്ടികള്‍ക്ക് മലശോധന, രക്തപ്രസാദം എന്നിവയുണ്ടാകും. കൂടാതെ കരപ്പന്‍, ഉദരരോഗങ്ങള്‍, ചുമ മുതലായ രോഗങ്ങള്‍ മാറുകയും ഓജസ്സും തേജസ്സും വര്‍ദ്ധിക്കുകയും ചെയ്യും. കൊച്ചു കുട്ടികള്‍ക്ക് നിരന്തരമായി ചെറിയ അളവ് നാരങ്ങാനീര് വെള്ളത്തില്‍
കലര്‍ത്തി കൊടുക്കുന്നത് ഉത്തമമാണ്. ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി കുറെ കരുപ്പെട്ടിയും ചേര്‍ത്ത് കൊടുക്കുന്നതും രക്തശുദ്ധിക്ക് ഉത്തമമാണ്.
ഇഞ്ചിനീരും നാരങ്ങാനീരും കച്ചോലത്തിന്റെ നീരും ചേര്‍ത്ത് ചെറിയ
ചൂടോടെ പഞ്ചസാര ചേര്‍ത്ത് നല്‍കിയാല്‍ ബാലാരിഷ്ടതകളെ
ചെറുക്കുവാന്‍ സാധിക്കും. രൂപലാവണ്യത്തിനും, ദേഹകാന്തിയ്ക്കും, തൊലിയുടെ
സ്‌നിഗ്ദ്ധതയ്ക്കും നാരങ്ങാനീര് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്.
തേനും നാരങ്ങാനീരും സമംചേര്‍ത്ത് പുരട്ടുന്നതും, ചെറുനാരങ്ങാനീരും
തക്കാളിനീരും മുള്ളങ്കിനീരും സമം ചേര്‍ത്ത് പുരട്ടുന്നതും ദേഹ
ഭംഗി വര്‍ദ്ധിപ്പിക്കാനുതകുന്നതാണ്. ഒരു ചെറുനാരങ്ങാനീരും ഒരു കോഴിമുട്ടയുടെ വെള്ളക്കരുവും ചൂടാക്കി കട്ടിയാകുന്ന പരുവത്തില്‍ ചെറുചൂടോടെ മുഖത്ത് തേച്ച് ഉണങ്ങിയതിനുശേഷം കഴുകികളയുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. ചെറുനാരങ്ങായും കസ്തൂരിമഞ്ഞളും രക്തചന്ദനവും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും സൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുന്നു.
മണവും ഗുണവും ഔഷധമൂല്യവും അണുനിരോധന സാമര്‍ത്ഥ്യവും ഒത്തിണങ്ങിയ നാരങ്ങ കേരളീയജീവിതത്തിലെ ഉത്കൃഷ്ട ഉത്പന്നമാണ്. ആയതിനാല്‍ വിവാഹാദി ചടങ്ങുകളില്‍ അതിഥികളെ ആദരിക്കുന്നതിന്റേയും അംഗീകരിക്കുന്നതിന്റേയും പ്രതീകമായി വെറ്റിലയും
നാരങ്ങയും നല്‍കുന്നു. വെറ്റിലമുറുക്ക് കുറഞ്ഞതോടെ ഇപ്പോള്‍ നാരങ്ങ മാത്രമാണ് നല്‍കുന്നത്.
കൂവളം പട്ടടം നാരകം നട്ടടം എന്ന ചൊല്ല് നാരകത്തിന്റെ മഹത്വത്തെ കെടുത്തുന്നുണ്ട്. കൂവളം നശിച്ചാലും നാരകം നട്ടാലും ദോഷമാണെന്ന ഒരു വിശ്വാസം നാട്ടിലുണ്ടെങ്കിലും
നാരങ്ങയുടെ മഹത്വം എല്ലാവരും അംഗീകരിക്കുന്നു. സദ്യകളില്‍ മധുരത്തിന്റെ കാഠിന്യത്തെ ലഘൂകരിക്കുവാന്‍ പായസത്തോടൊപ്പം നാരങ്ങാക്കറി ഉപയോഗിക്കുന്നു.
മാതള നാരകം വയറിലെ ദഹനക്കേടിനും ഹീമോഗ്ലോബിന്റെ വര്‍ദ്ധനവിനും ഇന്ന് സാര്‍വ്വത്രിക മായി ഉപയോഗിച്ചുവരുന്നു.
നാരങ്ങ ആഹാരമായി, ഔഷധമായി, ആചാരമായി കേരളീയജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നു. മാംസാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും ഒരേപോലെ പ്രിയങ്കരമാണ് നാരങ്ങ. പാനീയവില്പനരംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണിത്.
ക്ഷേത്രങ്ങളില്‍ നാരങ്ങ മാലയായി ഉപയോഗിക്കുന്നു. വണ്ടികളും മറ്റും വാങ്ങുമ്പോള്‍ ആദ്യം നാരങ്ങയില്‍ കയറ്റിയാണ് ഓടിച്ചു തുടങ്ങുന്നത്. നാരങ്ങ ആത്മീയതയുടെ ഉയരങ്ങള്‍ താണ്ടുമ്പോള്‍, ആഹാരത്തിന്റെയും പാനീയത്തിന്റെയും, ഔഷധത്തിന്റേയും രൂപത്തില്‍ മനുഷ്യഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.