Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞ നാടകം !

സുധീർ പരമേശ്വരൻ

Jun 3, 2021, 02:30 pm IST

ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞ നാടകം !
രചന : ഭൂവനഭൂതി അഥവാ ശക്തിഭദ്രന്‍
നാടകം : ആശ്ചര്യചൂഡാമണി

ആദ്ധ്യാത്മിക ലോകത്ത് എന്നും യശ്ശസാര്‍ജിച്ച ഒരാചാര്യ സ്വാമികള്‍ ദ്വിഗ്വിജയം നടത്തുകയാണ്. സ്വാമികള്‍ കേരളത്തിലെ ചെങ്ങന്നൂരിലെത്തിക്കഴിഞ്ഞു. വിശ്രമത്തിനിരുന്ന സ്വാമികളുടെ അടുത്ത് ഒരു മലയാളിയെത്തു കയാണ്; ഒരു സംസ്‌കൃത നാടകവുമായി! നാടകം മുഴുവന്‍ കവി, സ്വാമികളുടെ മുമ്പേ വായിച്ചു കേള്‍പ്പിച്ചു. നാടകത്തെക്കുറിച്ചുള്ള അഭിപ്രായം കേള്‍ക്കാന്‍ കാത്തിരുന്ന നാടകകൃത്തിനോടൊന്നും പറയാതെ സ്വാമികള്‍ യാത്ര യായി…..

സ്വന്തം നാടകം ആചാര്യ സ്വാമികളുടെ മുമ്പേ പ്രതീക്ഷയോടെ അവതരിപ്പിച്ച നാടകകൃത്ത് നിരാശനാകു ന്നത്, സ്വാഭാവികം. തന്റെ നാടകം മോശമായതുകൊണ്ടാവാം സ്വാമികള്‍ ഒരഭിപ്രായം പറയാതെ നിശ്ശബ്ദനായതെ ന്നും ദോഷം പറയാന്‍ സ്വാമികള്‍ മടിച്ചിട്ടാകുമെന്ന് ധരിച്ചുവശായ നാടകകൃത്ത്, അഗ്നിയുടെ മുമ്പിലെത്തുകയാണ്.
വിഷയം നാടകമായതുകൊണ്ട് നാടകീയമായി പറയാം. നാടകത്തെ അഗ്നി ഭക്ഷിച്ചു!
നാടകം ഒരു പിടി ചാരമായി………..

ദിവസങ്ങളും മാസങ്ങളും ഒരുപാട് കഴിഞ്ഞിരിക്കണം. ചെങ്ങന്നൂരിലേക്ക് സ്വാമികള്‍ വീണ്ടും എത്തുകയാണ്. ദേശസഞ്ചാരം കഴിഞ്ഞ്, സ്വാമികള്‍ ഇരിപ്പിടത്തിലിരുന്നുകൊണ്ട് ‘ഭൂവനഭൂതിയെ’ കൂട്ടികൊണ്ടു വരാനാവശ്യപ്പെട്ടപ്പോള്‍ ശിഷ്യന്മാര്‍ അമ്പരന്നു. ‘ഭൂവനഭൂതി’? …… അവരാലോചിച്ചു… ആരായിരിക്കണം ഈ ഭൂവനഭൂതി?

ശിഷ്യന്മാര്‍ സംശയിച്ചില്ല, സ്വാമികളെ മുമ്പ് നാടകം വായിച്ചുകേള്‍പ്പിച്ച നാടകകൃത്തിനെ അവര്‍ വിളിച്ചുകൊണ്ടുവന്നു. നാടകകൃത്തിനെ ‘ഭൂവനഭൂതി’ യെന്നു സംബോധന ചെയ്ത് സ്വാമികള്‍ സ്വീകരിച്ചു. നാടകത്തില്‍ അതിവിശിഷ്ടമായൊരു രംഗത്ത് ‘ഭൂവനഭൂതി’ യെന്നു പ്രയോഗിച്ചത് സ്വാമികളെ സന്തോഷിപ്പിച്ചിരി ക്കണം.

സ്വാമികള്‍ക്ക് നാടകം ഇപ്പോഴും ഓര്‍മ്മയുണ്ടെന്നറിഞ്ഞതോടെ നാടകകൃത്ത്, നാടകം അഗ്നിക്കിരയായത് ധരിപ്പിച്ചു. നാടകം വായിച്ചുകേള്‍ക്കുന്ന സമയത്ത് സ്വാമികള്‍ മൗനവ്രതത്തിലായിരുന്നുയെന്നു പിന്നീടാണറിയുന്നത്. എന്നാല്‍, ആചാര്യസ്വാമികള്‍ നാടകം ഓര്‍മ്മയില്‍ നിന്നു പറഞ്ഞുകൊടുത്തപ്പോള്‍, അത് പകര്‍ത്തിയെടു ക്കുന്ന ജോലിയായി നാടകകൃത്തിന് !

ആ നാടകമാണ് ‘ആശ്ചര്യചൂഡാമണി’ !

ഒരു കേരളിയന്റെ ആദ്യ നാടകം മാത്രമല്ല, ആശ്ചര്യചൂഡാമണി. ഒരു ദക്ഷിണേന്ത്യാക്കാരന്റെ പ്രഥമനാടകം കൂടിയാണതന്ന് വിശ്വസിക്കപ്പെടുന്നു.
മുമ്പ് വായിച്ചുകേട്ട നാടകം മുഴുവന്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുത്തത് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളാണെങ്കില്‍, സ്വന്തം നാടകം മറ്റൊരാള്‍ പറയുന്നതുകേട്ട് പകര്‍ത്തിയെടുത്തത്, ശക്തിഭദ്രനാണ്. കേരളത്തില്‍ മുമ്പ് കൊല്ലം ജില്ലയിലായിരുന്ന കൊടുമണ്‍ ഗ്രാമത്തിലാണ് ശക്തിഭദ്രന്‍ ജനിച്ചത്. ഇന്ന് പത്തനംതിട്ട ജില്ലയിലാണ് ആ പ്രദേശം. കൊടുമണ്‍, ചെന്നീര്‍ക്കര രാജാക്കന്മാരുടെ ആസ്ഥാനമാണ്. ശക്തിഭദ്രന്റെ പിറവി, ചെന്നീര്‍ക്കര കുടുംബത്തിലാണ്. പ്രാചീനകാലഘട്ടത്തിന്റെ സ്മരണകളുണര്‍ത്തുന്ന ശ്രീ വൈകുണ്ഠപുര ക്ഷേത്രവും ലോകത്ത് മറ്റൊരിടത്തും കാണാത്ത ചിലന്തിവിഷ ചികിത്സയ്ക്ക് പ്രസിദ്ധമായ പള്ളിയറ ഭഗവതി ക്ഷേത്രവും ചെന്നീര്‍ക്കര സ്വരൂപവും ബുദ്ധമത സൂചകങ്ങളായ ചന്ദനപ്പള്ളി, ആനന്ദപ്പള്ളി തുടങ്ങിയ സ്ഥാലനാമ പ്രദേശങ്ങളൊക്കെയടങ്ങുന്ന കുന്നത്തൂര്‍ താലൂക്കിലാണ് ശക്തിഭദ്രന്‍, പ്രകൃതിയെ ഉള്‍ക്കൊണ്ടുകൊണ്ട് ബാല്യകാലം പിന്നിട്ടത്.

മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്താണ് കുന്നത്തൂര്‍ പ്രദേശങ്ങള്‍ തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടത്. തുടക്കത്തില്‍ കായംകുളം രാജാവിന്റെ അധീശത്വത്തിലായിരുന്നത്, ഇന്ന് അടൂര്‍ മുന്‍സിപ്പാലിറ്റിയുടെ ജനാധിപത്യ ഭരണത്തിലാണ്. ഇവിടെനിന്നാണ്, സംസ്‌കൃത സാഹിത്യത്തിലെ തന്നെ ഒരു ചൂഡാമണിയായി ‘ആശ്ചര്യചൂഡാമണി’ നാടകം ലോകനാടകവേദിയുടെ മുമ്പേ തുറന്നുവയ്ക്കുന്നത്; മലയാളിയായ ശക്തിഭദ്രന്‍ ….
യവനിക ഉയരുകയായി…..

‘പര്‍ണ്ണശാലാങ്കം’ ആദ്യത്തേത്. സൂത്രധാരന്റെ രംഗപ്രവേശത്തോടെയാണ് നാടകാരംഭം. ‘ആര്യേ’ യെന്നു നടിയെ ക്ഷണിക്കുന്നതോടെയാണ് വിഷയത്തിലേക്ക് ഇരുവരും കടക്കുന്നത്.
നാടകത്തെക്കുറിച്ചും നാടകകൃത്തിനെപ്പറ്റിയും പറഞ്ഞുകൊണ്ടാണീ നാടകം ആരംഭിക്കുന്നത്. വൈദേശിക നാടകങ്ങളിലൊന്നും കാണാത്ത ഒരു പുതുമ, ഈ നാടകം പങ്കുവയ്ക്കുന്നത് കാണാം. ആധുനിക നാടകങ്ങളൊ ന്നും കാണാനവസരമില്ലാത്ത കേരളത്തിലെ ഒരു ഉള്‍നാടന്‍ നാട്ടിലെ നാടകകൃത്ത് എത്ര വ്യത്യസ്തവും ആധുനികോ ത്തരവുമായ ഒരു നാടകമാണ് രചിച്ചിരിക്കുന്നതെന്നറിയുമ്പോഴാണ് ശക്തിഭദ്രനിലെ നാടകകൃത്തിനെ നാം കൂടുതല്‍ പഠിക്കേണ്ടതും ആദരിക്കേണ്ടതുമുണ്ടെന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരുന്നത്.

ശക്തിഭദ്രന്റെ ജീവിതകാലം കൃത്യമായി ഇനിയും രേഖപ്പെടുത്താനാര്‍ക്കും കഴിഞ്ഞിട്ടില്ല. ശങ്കരാചാര്യരുടെ കാലം ക്രിസ്തുവിന് പിമ്പ് എട്ടാം ശതകത്തിന്റെ അവസാനവും ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശക്തിഭദ്രന്റെ ജീവിതകാലം ക്രി.പി.ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാവാം.
ആകെ ഏഴു രംഗങ്ങളാണ് നാടകത്തിലുള്ളത്. ഓരോ രംഗത്തിനും പ്രത്യേകം പ്രത്യേകം തലക്കെട്ടുകള്‍ നാടകകൃത്ത് നല്‍കിയിട്ടുണ്ട്. പര്‍ണ്ണശാലാങ്കം, ശൂര്‍പ്പണഖാങ്കം, മായാസീതാങ്കം, ജടായൂവധാങ്കം, അശോകവനികാങ്കം, അങ്ഗുലീയാങ്കം, അഗ്നിശുദ്ധ്യങ്കം തുടങ്ങി അങ്കങ്ങളായി തിരിച്ച് കഥാതന്തുവിനെ അവതരിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

വാല്‍മീകി രാമായണത്തിലെ ആരണ്യകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെ നാടകത്തിലേയ്ക്കു കൊണ്ടു വരുമ്പോഴും തന്റേതായ ഒരു വ്യാഖാനം നല്‍കുവാന്‍ നാടകകൃത്തായ ശക്തിഭദ്രന്‍ ശ്രദ്ധിച്ചിരിക്കുന്നത് കാണാം.

ആറ് അംഗങ്ങള്‍ക്ക് ഓരോരോ പേരുകള്‍ നല്‍കിയ നാടകകൃത്ത്, സുപ്രധാന സംഭവം ആവിഷ്‌ക്കരിക്കുന്ന ഏഴാം അങ്കത്തിന് ഒരു പ്രത്യേകം തലക്കെട്ട് നല്‍കിയിട്ടില്ല. ‘അഗ്നിശുദ്ധ്യങ്കം’എന്ന തലക്കെട്ട് നല്‍കുന്നത്, നാടകം സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത പത്മന രാമചന്ദ്രന്‍ നായരാണ്.
നാടകത്തില്‍ ഇരുപതില്പരം കഥാപാത്രങ്ങളാണ് രംഗത്തെത്തുന്നത്. രാമന്‍, ലക്ഷമണന്‍, രാവണന്‍, മാരീചന്‍, ഹനുമാന്‍, വിഭീഷണന്‍, ജടായൂ, നാരദന്‍, സുഗ്രീവന്‍, അമാന്യന്‍, വര്‍ഷവരന്‍, സൂതന്‍, ജാംബവാന്‍, ഋഷികുമാരന്‍, വൃദ്ധതാപസന്‍, വിദ്യാധരന്‍, സീത, ശൂര്‍പ്പണഖ, മണ്‌ഡോദരി, ദാസി, സൗദാമിനി തുടങ്ങിയവരെ കൂടാതെ സൂത്രധാരനും, സൂത്രധാരത്വം വഹിച്ചൂകൊണ്ട് ‘ആശ്ചര്യ’ങ്ങളെ ചൂഢാമണികളാക്കിമാറ്റുന്നു.
ആശ്ചര്യത്തെ, അത്ഭുതരസത്തെ പ്രത്യേകമായ ഒരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുന്ന സൂക്ഷമദര്‍ശിയായ ഒരു നാടകകൃത്തിനെയാണ് ശക്തിഭദ്രനില്‍ നമുക്ക് കാണാന്‍ കഴിയുന്നത.് ആശ്ചര്യചൂഡാമണി യെന്ന സംസ്‌കൃതനാടകം .അപ്രകാശിതങ്ങളായ താളിയോല ഗ്രന്ഥങ്ങളെ ആസ്പദമാക്കി 1893 – ല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേതായി ഒരു മലയാള പരിഭാഷ പുറത്തുവന്നിട്ടുണ്ട്. എന്നാലീ നാടകം 1800- കളിലോ 1900-ത്തിലോ, അതിനുമുമ്പോ രംഗത്ത് അവതരിപ്പിച്ചതായും ആരും രേഖപ്പെടുത്തിയിട്ടില്ല. ഇന്നും ഇത്രത്തോളം പ്രസക്തമായ ഒരു നാടകം എന്തുകൊണ്ടാണ് രംഗവേദീഭാഗ്യം ലഭിക്കാത്തത്.? ഒരാശ്ചര്യമായി അവശേഷിക്കുകുയാണ് ആശ്ചര്യചൂഡാമണി!.

നാടകത്തില്‍ ‘തെക്കന്‍ നാട്ടില്‍ നിന്നു വന്ന ആശ്ചര്യചൂഡാമണിയെന്ന നാടകം അഭിനയിച്ചുകണ്ടു വീണ്ടും രസിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു’. എന്നാണ് മാന്യ സഭാവാസികളുടെ നിര്‍ദ്ദേശമെന്ന് സൂത്രധാരന്‍ നടിയോട് തുട ക്കത്തില്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍ ഈ നാടകം ഇതിനുമുമ്പ് അവതരിപ്പിച്ചിരുന്നതായും ആ രസം വീണ്ടും അനുഭവിക്കാന്‍ പ്രേക്ഷകര്‍ക്കാഗ്രഹമുണ്ടെന്നുമാണ് സൂത്രധാരനിലൂടെ നാമറിയുന്നത്.
തെക്കന്‍ ദിക്കില്‍ നിന്നു നാടകമോയെന്നു സംശയിക്കുന്നുണ്ട് നടി. അപ്പോള്‍ കേരളം പോലൊരു തെക്കുദിക്കു പ്രദേശത്തു നിന്നു ഇതേവരെ കാര്യമായ ഒരു നാടകവിവരവും ഇല്ലായിരുന്നുയെന്ന സൂചനയാണ് മുന്നോട്ടുവയ്ക്കുന്നത്. അത് ശരിയാണെങ്കില്‍ മാനത്തു പൂവും മണലില്‍ നിന്ന് എണ്ണയും കിട്ടുമെന്ന് നടിതന്നെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
തെക്കുദേശത്തിന്റെ നാടകാവസ്ഥയെ പരാമര്‍ശിക്കുന്നതോടൊപ്പം തന്നെ നാടകകൃത്തിനെയും അദ്ദേഹം മുമ്പെഴുതിയ നാടകത്തെക്കുറിച്ചും നടിയും സൂത്രധാരനും തമ്മില്‍ സംവദിക്കുന്നതിലൂടെ ഇവിടെ അവതരിപ്പിക്കുന്ന നാടകത്തിന്റെ രചിയിതാവിന്റെ പൂര്‍വ്വസാഹിത്യ സൃഷ്ടിയായ ‘ഉന്മാദവാസവദത്ത’ കാവ്യത്തെക്കുറിച്ചും ആനുഷിംഗമായിത്തന്നെ പറയുന്നതോടൊപ്പം നടിയോട് ‘ഭവതി ചെന്ന് അഭിനേതാക്കളെ സജ്ജരാക്കൂ’യെന്നും നിര്‍ദ്ദേശിക്കുന്നു. സൂത്രധാരന്‍ ആധുനിക നാടകത്തിന്റെ മുഖം ഇവിടെ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക.

സൂത്രധാരന്‍: ഞാന്‍ മാന്യസദസ്യരെ അറിയിക്കട്ടെ. ങേ! അറിയിപ്പ് നല്‍കാന്‍ തുടങ്ങുമ്പോഴേക്ക് എന്താണ് ഒരൊച്ച കേള്‍ക്കുന്നത് ? ആട്ടെ, നോക്കാം. ഓഹോ! മനസ്സിലായി. പത്‌നി സമേതനായ രാമനുവേണ്ടി വനത്തില്‍ പാര്‍പ്പിടമൊ രുക്കുന്ന സൗമിത്രി ഞാണൊലി കൊണ്ടുതന്നെ ദുഷ്ടമൃഗങ്ങളെ അകറ്റുകയാണ്. ….
ഈ സംഭാഷണത്തോടൊപ്പം സൂത്രധാരനും നടിയും മറയുന്നു. നാടകവിഷയത്തിലേക്ക് കടക്കുന്നതിനു വേണ്ടി സൂത്രധാര -നടി സംവാദം ഒരു പശ്ചാത്തലം സൃഷ്ടിക്കുന്നത് പഠനീയമാണ്.

നാടകത്തെക്കുറിച്ച് പറയുന്നു. നാടകകൃത്തിനെ അവതരിപ്പിക്കുന്നു. ദേശപക്ഷപാതമെന്തിന്, ഗുണമാണ് പ്രമാണമെന്ന് വെളിപ്പെടുത്തുന്നു! അഭിനേതാക്കളെ സജ്ജരാക്കാന്‍ പറയുന്നതോടുകൂടി, അണിയറയില്‍ ഒരൊച്ച കേള്‍ക്കുന്നു. ഈ ഒച്ച നാടകത്തിലെ ഒരു കഥാപാത്രമായ സൗമിത്രി അതായത് സീത ഞാണൊലികൊണ്ട് സൃഷ്ടിക്കുന്നതാണ്. സൂത്രധാരനിലൂടെ നാടകത്തിന്റെ ഇതിവൃത്തത്തിലേയ്ക്ക് കടക്കുന്ന സമ്പ്രദായം മാത്രമല്ല, ശക്തിഭദ്രന്‍ ആധുനികമായി ആവിഷ്‌കരിക്കുന്നത്. ബര്‍ട്രോട് ബ്രക്ത് , ഗ്രോട്ടോവസ്‌കി തുടങ്ങിയവര്‍ ആധുനിക നാടകത്തില്‍ ഫലപ്രദമാം വിധം ആവിഷ്‌ക്കരിച്ച് ലോകനാടകവേദിയുടെ നെറുകയില്‍ സ്ഥാപിച്ച അന്യവത്കരണം (അഹശലമിമശേീി) തിയറിയുടെ ആദ്യരൂപമാണ്, അഥവാ, ആദിഭാഷയാണ് ഭാരതത്തില്‍, കേരളത്തിലെ കൊടുമണ്‍ ഗ്രാമത്തിലെ ഒരു ശക്തിഭദ്രന്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് രംഗവേദിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഭാസന്‍, കാളിദാസന്‍ തുടങ്ങി ഭാരതത്തിലെ ആദ്യകാല സംസ്‌കൃതനാടകകൃത്തുക്കളുടെ, നാടകങ്ങളുടെ വിദൂരമായ ഒരു നിഴല്‍ ആശ്ചര്യ ചൂഢാമണിയില്‍ കാണാമെങ്കിലും ശക്തിഭദ്രന്‍ രംഗചാതുരികൊണ്ട് അവരെ അതിശയിപ്പിക്കുന്നതാണ്. നമ്മേ ആശ്ചര്യപ്പെടുത്തുന്നത് ! അമ്പും വില്ലുമേന്തി ലക്ഷമണന്റെ പ്രവേശത്തോടെയാണ് കഥാപാത്ര പ്രവേശം ആരംഭിക്കുന്നത്. പര്‍ണ്ണശാലയൊരുക്കത്തോടെയാണ് നാടകാരംഭം. അത്ഭുതരസമാണ് നാടകത്തിന്റെ അന്തര്‍ഭാവം. ഈ ഭാവത്തെ പ്രതിഫലിപ്പിക്കുന്ന രംഗഭാഷ നാടകത്തില്‍ ആദ്യന്തം നിലനിര്‍ത്താന്‍ നാടകകൃത്തിന് സാധിച്ചിട്ടുണ്ട്.

ലക്ഷ്മണ പ്രവേശത്തോടെയുള്ള ആദ്യരംഗം തന്നെ ആശ്ചര്യത്തെ ധ്വനിപ്പിക്കുന്നത് ശ്രദ്ധേയമാണ്. കാടിനുള്ളിലാണ് പര്‍ണ്ണശാല ഒരുക്കിയിരിക്കുന്നത്. കാടിന്റെ രൂപഭംഗിതന്നെ ആശ്ചര്യത്തോടെയാണ് ലക്ഷ്മണന്‍ കാണുന്നത്. ഈ രൂപഭംഗി കാടിന് ചേര്‍ന്നതല്ലല്ലോ !എന്തു നീണ്ട കണ്ണുകള്‍! വളഞ്ഞ പുരികക്കൊടി! മനോഹരമായ മാറ്! വിലാസപൂര്‍ണ്ണമായ ഈ അത്ഭുതരത്‌നം വിളഞ്ഞത് സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ? യെന്നു സ്വയം ചോദിക്കുന്ന ലക്ഷ്മണ കുമാരന്‍ അത്ഭുതരസത്തെ, അത്ഭുതത്തോടെ സ്വാഗതം ചെയ്യുന്നതുതന്നെ സ്വാഭാവികമായ അന്തരീക്ഷ സൃഷ്ടിയോടെയാണ്.

ലക്ഷമണന്റെ സ്വാഗതാഖ്യാനം നാടകത്തിലേക്ക് പ്രേക്ഷകനെ പ്രവേശിപ്പിക്കുവാന്‍ വഴികാട്ടി യാകുന്നുയെന്നതാണ് വാസ്തവം. പ്രേക്ഷകന്‍, താനാരാണെന്നും എന്താണ് തന്റെ കഥാപാത്ര ലക്ഷ്യമെന്നും പറയുന്നതോടൊപ്പം തന്നെ കാടിന്റെ നിഗൂഡമായ വശ്യതയില്‍ താന്‍ കാമപരവശനാവുകയാണോയെന്നു സ്വയം
വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ‘രാമാനുജനായ ലക്ഷമണനല്ലേ ഞാന്‍’?യെന്നു ചോദിക്കുന്നതിലൂടെ തന്റെ കഥാപാത്രനാമത്തെ പ്രേക്ഷകനില്‍ സമര്‍പ്പിക്കുന്നു.‘പിതൃപ്രതിജ്ഞ നിറവേറ്റാന്‍ വനവാസം വരിച്ചിരിക്കുന്ന സഹോദരനു കൂട്ടുവന്ന ഞാന്‍’ യെന്നുപറയുമ്പോള്‍ ഒന്നിലേറെ ആശയങ്ങളാണ് നമ്മോട് പങ്ക് വയ്ക്കുന്നത്. ഒന്ന്: പിതൃ പ്രതിജ്ഞ, രണ്ട:് വനവാസം, മൂന്ന്: സഹോദരന് കൂട്ടുവന്ന അനുജന്‍ മാത്രമാണെന്നു പറയുമ്പോള്‍ പ്രേക്ഷകന് നാടകത്തിന്റെ പലേ തലങ്ങളിലേക്കും ചിന്ത കടന്നുപോകുന്നു. അത്തരമൊരു തയ്യാറെടുപ്പിലേക്ക് പ്രേക്ഷകനെ സര്‍ഗ്ഗാത്മകമായി കൂട്ടിക്കൊണ്ടുപോകുകയാണ് നാടകകൃത്തായ ശക്തിഭദ്രന്‍.

ഏകാന്തമനസ്സുകളുടെ ഇടനാഴികളില്‍ക്കൂടി സഞ്ചരിച്ച്, അപൂര്‍വ്വഭാവസംവേദനങ്ങള്‍ പ്രേക്ഷകരോട് തത്സമയം പങ്കിട്ട്, നാടകപാത്രത്തില്‍ തന്നെ ഒരാളായി കാണിയേയും ഉള്‍പ്പെടുത്തി രംഗനാടകത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു ശൈലി ആശ്ചര്യചൂഢാമണിയില്‍ കാണാം. കഥാപാത്രങ്ങള്‍ ആശ്ചര്യങ്ങളുടെ സൃഷ്ടിയും സൃഷ്ടാവുമാകുകയാണ് ഒരേ സമയം. ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ കണ്ടുമുട്ടുമ്പോഴും ആശ്ചര്യ-അത്ഭുതരസം, കഥാപാത്രങ്ങളിലേക്കുമാത്രമല്ല, പ്രേക്ഷകരിലേക്കും സഞ്ചരിക്കുന്നുണ്ട്. ശൂര്‍പ്പണഖ, ലക്ഷ്മണനെ ശ്രദ്ധിച്ചിട്ട്, ങേ! ഇതും അദ്ദേഹം തന്നെയെന്നോ? യെന്നു ചോദിക്കുമ്പോള്‍ ലക്ഷ്മണന്‍ ‘ഇതെന്താണീവ ള്‍ക്കീയൊരുമട്ട്? മുനി വൃത്തിയായ ഞാന്‍, അവജ്ഞയോടെ, തികഞ്ഞ പാരുഷ്യത്തോടെയാണ് നോക്കിയത് . എന്നിട്ട് ഇവളോ? ലജ്ജയോടെ തല താഴ്ത്തുന്നു’! യെന്നു മറുപടി പറയുന്നതിലും അത്ഭുതരസമാണ് പ്രതിഫലി ക്കുന്നത്.
ഒരാള്‍ക്ക്, ഒരാളോടുള്ള ഇഷ്ടവും മറ്റൊരാള്‍ക്ക് അയാളോടുള്ള അനിഷ്ടവുമാണ് പ്രകടമാകുന്നത്. ബാഹ്യ പ്രകടനവും ആന്തരിക പ്രകടനവും അത്ഭുതരസത്തിലാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇവിടെ ലക്ഷ്മണനോട്, ശൂര്‍പ്പണഖയ്ക്ക് കാമാഭിനിവേശമുണ്ട്. ഓരോ സംഭാഷണത്തിലും മാത്രമല്ല, ഓരോ വാക്കിലും കാണാന്‍ കഴിയും ശൂര്‍പ്പണഖാഭിനിവേശം നിഴലിക്കുന്നത്. ‘ആര്യാ, ശരണം പ്രാപിച്ച സ്ത്രീയെ ഉപേക്ഷിക്കുക അങ്ങയ്ക്ക് ചേര്‍ന്നതല്ല’. യെന്നുപറയുന്ന ശൂര്‍പ്പണഖ മൂര്‍ച്ചയുള്ള പരിഹാസത്തിന് ശരവ്യമായിത്തീര്‍ന്നുകൊണ്ടിരിക്കുമ്പോഴും പ്രേക്ഷകശ്രദ്ധ കൂടുതല്‍ പതിയുന്ന കഥാപാത്രമായിട്ടാണ് പര്യവസാനിക്കുന്നത്.

ലക്ഷ്മണനെ പിരിഞ്ഞുപോകാന്‍ ശൂര്‍പ്പണഖ തയ്യാറാകില്ലെന്ന് മനസ്സിലായപ്പോള്‍ ‘ആര്യന്റെ പര്‍ണ്ണശാല പ്രവേശം കഴിഞ്ഞ്, ഭവതി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വന്ന് ഞാന്‍ കണ്ടുകൊള്ളാം യെന്നു പറയുമ്പോഴും’ അങ്ങനെ യാണെങ്കില്‍, ആ പര്‍ണ്ണശാലയ്ക്കടുത്തുതന്നെ ഞാന്‍ ആര്യനെ കാത്തുനില്‍ക്കാമെന്ന് അവള്‍ മറുപടി പറഞ്ഞാണ് ഒഴിഞ്ഞുപോകുന്നത്.
ശൂര്‍പ്പണഖയുടെ പ്രണയത്തില്‍ സംശയാലുവാകുന്നുണ്ട് ലക്ഷമണന്‍. അവള്‍ മറയുമ്പോള്‍ ഇവളെ പരീക്ഷി ക്കേണ്ടിയിരിക്കുന്നുയെന്നു ലക്ഷ്മണകുമാരന്‍ ചിന്തിക്കുന്നുണ്ട്. കൊടും വനത്തിനുള്ളില്‍ ഇവളെങ്ങനെ ഒറ്റയ്ക്കിവിടെ എത്തിച്ചേര്‍ന്നുയെന്നു അത്ഭുതത്തോടെയാണ് ലക്ഷമണന്‍ വിചാരത്തിനടിപ്പെടുന്നത്.

ഓരോ കഥാപാത്രവും മറ്റൊരു കഥാപാത്രത്തിന് ആശ്ചര്യ – അത്ഭുതരസങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് പ്രത്യക്ഷത്തില്‍ തന്നെ കാണാം. സൂക്ഷമവിശകലനത്തില്‍ നാടകനാമത്തെ സാര്‍ത്ഥമാക്കുന്ന നിരവധി കല്പനകളുടെ പ്രവാഹം തന്നെ ശക്തിഭദ്രന്റെ നാടകത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്.

ശൂര്‍പ്പണഖ, രംഗം വിട്ടുപോകുമ്പോഴാണ് രാമന്‍, സീതയോടുകൂടി പ്രവേശിക്കുന്നത്. കൊട്ടാരത്തില്‍ രാജകുമാരിയായി കഴിഞ്ഞ സീത, വന മദ്ധ്യത്തിലെ പര്‍ണ്ണശാല കണ്ടിട്ട്, അയോദ്ധ്യയിലെ ഗുരുജനങ്ങള്‍ക്ക് ക്ലേശം തോന്നുകയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇവിടെത്തന്നെ കഴിഞ്ഞാല്‍ കൊള്ളാമെന്നു തോന്നിപ്പോകുന്നുയെന്നു പറയുമ്പോള്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും എത്ര വലുതാണെന്ന് നാടകം ബോദ്ധ്യ പ്പെടുത്തുന്നു.

സ്വന്തം രാജ്യം വിട്ട്, വനമദ്ധ്യത്തില്‍ പര്‍ണ്ണശാല നിവാസികളായെതങ്ങനെയെന്ന് രാമലക്ഷ്മണ സംവാദ ത്തിലൂടെയാണ് പ്രേക്ഷകരോട് പങ്ക് വയ്ക്കുന്നത്. രാജ്യം ഭരതന് നല്‍കിയിട്ടാണ് രാമന്‍ വനവാസം പൂല്‍കുന്നത്. എന്നാല്‍ കൈകേകിയെ ലക്ഷമണന്‍ കുറ്റപ്പെടുത്തുമ്പോള്‍ രാമന്‍, അമ്മയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

രാമന്‍: ഉണ്ണി, ലക്ഷ്മണ, രാജ്യഭാരം വെടിഞ്ഞു മുനിവനം പൂകേണ്ടവരാണ് ഇക്ഷ്വാംകുവംശീയര്‍. അതറിഞ്ഞിട്ടാണ് അമ്മയായ കൈകേയി ഒരു വ്യാജ പ്രയോഗത്തിലൂടെ നമ്മെ ഇങ്ങോട്ടു നയിച്ചതെന്ന് നീ മനസ്സിലാക്കണം. അതുകൊണ്ടല്ലേ, നിര്‍വൃതി മാര്‍ഗ്ഗം തേടുന്നതില്‍ തല്പരരായ മുനിമാരെ വഴിനീളെ ആരാധിക്കാനും സൈ്വരമായി തീര്‍ത്ഥസേവ നടത്തി ദുഃഖം ശമിപ്പിക്കാനും നമുക്ക് കഴിഞ്ഞത്?

ലക്ഷ്മണന്‍: ‘ഗുണവാന്മാരെ സംബന്ധിച്ചിടത്തോളം ഗുണമില്ലാത്തതൊന്നുമില്ല ‘എന്നു ലോകം പറയുന്നത് സത്യം തന്നെ!

രാമന്‍: ലക്ഷ്മണാ, നിനക്ക് അമ്മയോടുള്ള കോപം ഇനിയും ശമിച്ചില്ലേ?
രണ്ടാം രംഗം ശൂര്‍പ്പണഖാങ്കമാണ്. പര്‍ണ്ണശാലാങ്കണത്തില്‍, ലക്ഷമണന്റെ സമീപമെത്തി ഇംഗിതമറിയിച്ച ശൂര്‍പ്പണഖ, ഒരല്പം നിരാശപ്പെട്ടൂയെങ്കിലും പ്രതീക്ഷയോടെയാണ് രംഗം വിട്ടുപോകുന്നത്. രാമനെ ഭര്‍ത്താവായി വരിക്കണമെന്നതാണ് ശൂര്‍പ്പണഖയുടെ ആഗ്രഹം.
ആദ്യരംഗത്ത് പര്‍ണ്ണശാലയ്ക്കടുത്ത് ലക്ഷമണനെ കാത്തുനില്‍ക്കുമെന്ന് പറഞ്ഞ് പിരിഞ്ഞുപോയ ശൂര്‍പ്പണഖയുടെ തുടര്‍ച്ചയാണ് ഈ രംഗം. ലക്ഷ്മണന്‍ വാക്കു പാലിക്കാത്തതിന്റെ ദു:ഖവും നിരാശയും ശൂര്‍പ്പണ ഖയുടെ വാക്കുകളില്‍ പ്രകടമാണ്.
ശൂര്‍പ്പണഖ: ഇതുവരെ ഞാന്‍ ആ പര്‍ണ്ണശാലയ്ക്കു സമീപം വെറുതെനിന്നു – കരുണയറ്റ, ആണത്തമില്ലാത്ത ധര്‍മ്മവും മര്യാദയുമില്ലാത്ത ഒരു മനുഷ്യജന്തുവിനെ കാത്ത്! കഷ്ടം! ഭാഗ്യംകെട്ട എനിക്ക് ദുഃഖം മാത്രമാണ് മിച്ചം.4

ശൂര്‍പ്പണഖയില്‍ ദു:ഖം മാത്രമല്ല, അമര്‍ഷവും ആത്മോപഹാസമായി വ്യഞ്ജിപ്പിക്കുന്നുണ്ട്. ജീവിതതിക്തത കളെ സംഭവകാലാനുധാവനത്താല്‍ തീക്ഷണവിമര്‍ശന ബുദ്ധിയോടെയും അനുഭവരസികതയോടെയും വെളിച്ചത്തു കൊണ്ടുവരികയാണ് നാടകകൃത്ത്.

പരീക്ഷണമായി സദസ്സിനെ അഭിമുഖീകരിച്ച് ശൂര്‍പ്പണഖയുടെ സമീപത്തേയ്ക്കാണ് രാമനും സീതയും വന്നെത്തുന്നത്. ലളിതവും സുകുമാരവുമായ വേഷത്തിലാണ് ശൂര്‍പ്പണഖ പ്രവേശിക്കുന്നതെന്ന് നാടകകൃത്ത് എഴുതുന്നുണ്ട്. ശൂര്‍പ്പണഖയുടെ ആത്മഗതത്തിലൂടെയാണ് നാടകാരംഭം. ‘ആ രാമനെത്തന്നെ ഭര്‍ത്താവായിക്കിട്ടാന്‍ ഒന്നുകൂടി ശ്രമിക്കുക തന്നെ. അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചിട്ടാണല്ലോ ഞാന്‍ ലക്ഷ്മണന്റെ അടുക്കല്‍ ചെന്നിട്ട് നിരാശയായി മടങ്ങിയത്’യെന്നുള്ള ശൂര്‍പ്പണഖയുടെ ആത്മവിലാപം വിഗണിതനിസ്വവര്‍ഗ്ഗത്തിന്റെ വിലാപമായി മാറുകയാണിവിടെ.
ശൂര്‍പ്പണഖ രാമനെ കാണുന്നു. പിന്നീട് ലക്ഷമണന്റെയടുത്തെത്തുന്നു. നിരാശയിലൂടെയുള്ള ജീവിത പന്ഥാവ് അവളെ വീര്‍പ്പുമുട്ടിക്കുന്നത് നാം കാണുന്നു. . ആര്യന്റെ പാദശുശ്രൂഷ ചെയ്തുകൊണ്ട് ഞാന്‍ ഇവിടെത്തന്നെ കഴിഞ്ഞോട്ടെയെന്നാണ് ശൂര്‍പ്പണഖ രാമനോട് അപേക്ഷിക്കുന്നത്.

ആര്യപുത്രാ, ഇവളുടെ അപേക്ഷ തള്ളിക്കളയരുതേന്ന് പറയുന്നത്, സീതയാണ്. രാമനോ ലക്ഷമണനോ തന്നെ സ്വീകരിക്കുകയില്ലെന്ന് മനസ്സിലാക്കുന്ന ശൂര്‍പ്പണഖ , ഇനിയും അദ്ദേഹം എന്നെ നിഷ്‌ക്കരുണം ഉപേക്ഷിക്കാ നാണ് ഭാവമെങ്കില്‍ ഞാനെന്റെ തനിസ്വഭാവമെടുക്കുമെന്ന് വിലപിച്ചിട്ടാണ് ലക്ഷ്മണന്റെയടുത്ത് പോകുന്നത്.
ശൂര്‍പ്പണഖയെ അത്തരത്തില്‍ നിരാശനായി പറഞ്ഞുവിട്ടതില്‍ സീത, രാമനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. ലക്ഷ്മണന്റെ അടുത്തേക്കു അയച്ചതിലും പരിഭവം പറയുന്നുണ്ട്. കുമാരന്‍കൂടി കൈവെടിഞ്ഞാല്‍ അവളുടെ ഗതി എന്താവും ! എന്ന് സീത രാമനോടുതന്നെ ചോദിക്കുന്നുണ്ട്. നിഷ്‌ക്കളങ്കമായാണ് സീത ലോകത്തെ കാണുന്നത്.
‘അയോദ്ധ്യയിലെന്നപോലെ ഇവിടെയും നീ കാന്തികൊണ്ട് എന്റെ കണ്ണ് കവരുന്നത് അത്ഭുതം തന്നെ’യെന്നാണ് രാമന്‍ അത്ഭുതം കൊള്ളുന്നത്. നാടകത്തില്‍ അത്ഭുതരസം വരുന്നത്, പല കൈവഴികളിലൂ ടെയാണ്. സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, വരികളിലും വാക്കുകളിലും വാക്കുകള്‍ക്കിടയിലും ആശ്ചര്യരസത്തിന്റെ ചൂഢാമണികള്‍ കാണാം നമുക്ക്.

‘ഭര്‍ത്താവിന്റെ ദൃഷ്ടി പതിയുന്ന സമയത്ത് നിനക്ക് എല്ലാം അലങ്കാരമായിത്തീരും’ എന്നു സീത പറഞ്ഞുതീരുമ്പോഴാണ് അണിയറയില്‍ ലക്ഷ്മണന്റെ ‘നില്‍ക്ക്! എടീ രാക്ഷസി, നില്‍ക്കാന്‍’യെന്ന ശബ്ദം കേള്‍ക്കുന്നത്. അപ്പോള്‍ ഊരിപ്പിടിച്ച വാളുമായി ലക്ഷമണനും സ്വന്തം രൂപം ധരിച്ച് ശൂര്‍പ്പണഖയും പ്രവേശിക്കുക യാണ്. ആദ്യം കണ്ട ശൂര്‍പ്പണഖാവേഷമല്ല ഇപ്പോഴുള്ളത്. ബാഹ്യമായ വേഷം മാത്രമല്ല, ആന്തരികമായ രൂപവും ഭാവവും ശൂര്‍പ്പണഖയില്‍ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
രാമന്‍: ലക്ഷ്മണാ, എന്താണിത്? ഭയങ്കരഭംഷ്ട്രയും കൂര്‍ത്തുയര്‍ന്ന ചെമ്പന്‍മുടിയും കാര്‍മേഘത്തിന്റെ നിറവുമൊത്ത ഈ പര്‍വ്വതാകാരം താടകയെക്കൊന്നവനായ എനിക്കുപോലും ഭീകരമായിത്തോന്നുന്നു.

സീത: (സംഭ്രമം) ആര്യപുത്ര, അയ്യോ! തടയണേ! രാക്ഷസിയെ തടയണേ….
ശൂര്‍പ്പണഖ : താപസമാംസം തിന്നുമടുത്ത എനിക്ക് വിശപ്പടക്കാന്‍, നല്ല മയവും ഭംഗിയുമുള്ള ഭക്ഷ്യവസ്തുക്കള്‍ ഇതാ, സ്വയം വന്നുചേര്‍ന്നിരിക്കുന്നു.! ആദ്യം ഇവരെ തിന്നും ഞാന്‍, എന്നിട്ട് സീതയെ എന്റെ ജ്യേഷ്ഠന്‍ രാവണന് കാഴ്ചവയ്ക്കും.
ആദ്യം കണ്ട ശൂര്‍പ്പണഖാ – വേഷം ഒരു വേഷം മാത്രമായിരുന്നുയെന്നു കഥാപാത്രങ്ങള്‍ മനസ്സിലാക്കുന്നതു പോലെ പ്രേക്ഷകരും തിരിച്ചറിയുന്നു. രാമന്‍, ശൂര്‍പ്പണഖയെ ലക്ഷ്മണന്റെയടുത്തേക്ക് പറഞ്ഞയയ്ക്കുന്നതിന് കാരണം ശൂര്‍പ്പണഖത്വം നേരത്തേതന്നെ മനസ്സിലാക്കീട്ടാവണം.

വിശപ്പ് മൂത്ത് ഭക്ഷിക്കാനായി ശൂര്‍പ്പണഖ ഒരുങ്ങുമ്പോഴേക്കും ദേഹം വളര്‍ന്നുകഴിഞ്ഞു. കൈകള്‍ മേഘങ്ങളില്‍ മുട്ടുമാറ് ഉയര്‍ന്നിരിക്കുന്നു. നഖാഗ്രങ്ങള്‍ കൂര്‍ത്തവാള്‍ പോലെയായി. സീത ഭയന്നപ്പോള്‍ രാമന്‍ ആശ്വസിച്ചത്, ഈ രാക്ഷസിയല്ല, ഉള്ളു പൊള്ളയായ ഒരു യന്ത്രമാണെന്നാണ്. പക്ഷെ ശൂര്‍പ്പണഖ നിമിഷനേരം കൊണ്ട് ആകാശത്തോളം വളര്‍ന്നുകഴിഞ്ഞു.

വാക്കുകളിലും വാചകങ്ങളിലും ഭൂപ്രകൃതിയിലുമാണ് ആശ്ചര്യ- അത്ഭുതരസങ്ങള്‍ പ്രവഹിച്ചതെങ്കില്‍ ഇപ്പോഴത് കഥാപാത്രത്തിന്റെ രൂപഭാവഹാവാദികളിലൂടെ പ്രതിഫലിക്കുന്ന കാഴ്ച നാം കാണുകയാണ്.

ഒരു കാഥാപാത്രം, ആ കഥാപാത്രത്തിന്റെ സത്വം വെളിപ്പെടുത്തിക്കൊണ്ട് മറ്റൊരു കഥാപാത്രമായി നടനമാരംഭിക്കുന്ന ഇത്തരം നാടകീയ കാഴ്ച ലോകനാടകവേദിയില്‍ തന്നെ അപൂര്‍വ്വമാണ്. ശൂര്‍പ്പണഖയിലെ ആത്മതാ നഷ്ടത്തെ മൂര്‍ത്ത സത്യമാക്കുകയാണ് ആകാശത്തോളം വലിപ്പമാര്‍ജ്ജിക്കുന്ന ആ രൂപ പരിണാമം. രൂപം മാത്രമല്ല, ഭാവവും പരിണമിക്കുന്നു.

‘അവള്‍ വട്ടം കറങ്ങുമ്പോള്‍ ഭൂമണ്ഡലം പൊങ്ങുകയും താഴുകയും ചെയ്യുന്നു’യെന്നാണ് ലക്ഷ്മണന്‍ വിളിച്ചുപറയുന്നത്.
ലക്ഷ്മണന്‍ : ആര്യാ, ഞാന്‍ തന്നെ ഇവളെ തടഞ്ഞുകൊള്ളാം.
ശൂര്‍പ്പണഖ : ഛെ! ചെ! ഈത്യാപത്തു തന്നെ. ഭക്ഷ്യവസ്തുക്കള്‍ നമ്മെ നടന്നാക്രമിക്കുന്നോ?
ലക്ഷ്മണന്‍ : ഹും! നിന്നെ ഇപ്പോള്‍ തുണ്ടം തുണ്ടമാക്കി പക്ഷികള്‍ക്ക് കൊടുക്കും ഞാന്‍!
ശൂര്‍പ്പണഖ : ആദ്യം ഈ കഠോരഹൃദയനെ ആരുമില്ലാത്തിടത്തു കൊണ്ടുപോയി ഭക്ഷിക്കാം.
ശൂര്‍പ്പണഖ, ലക്ഷ്മണനെ പൊക്കിയെടുത്ത് ആകാശത്തേയ്ക്കുയര്‍ന്നു മറഞ്ഞു.ലക്ഷ്മണനെയും കൈക്കലാക്കിക്കൊണ്ട് ശൂര്‍പ്പണഖ മേഘമാര്‍ഗ്ഗത്തിലേക്ക് കുതിച്ചുപായുന്നതു കണ്ട്, രാമന്‍ അമ്പെടുത്തു കൊണ്ട്, ഏത് ദിവ്യാസ്ത്രമാണ് അവളുടെ നേര്‍ക്കയയ്‌ക്കേണ്ടതെന്നു ചോദിക്കുമ്പോള്‍ തന്നെ, ‘ഞാന്‍ വീണേ’ എന്ന നിലവിളി കേള്‍ക്കുന്നു. ഭൂചലനമുണ്ടാകുന്നു. ലക്ഷ്മണന്‍ പശ്ചാത്താപത്തോടെ പ്രവേശിക്കുന്നത് നാം കാണുന്നു.

ലക്ഷ്മണന്‍ : ഞാന്‍ എത്ര നിന്ദ്യന്‍! പെണ്ണെന്നു വിളിക്കുന്ന ഒരുവളുടെ നേര്‍ക്ക് ആദ്യം അസ്ത്രം തൊടുത്തവനല്ലേ ഞാന്‍ ?….
ശൂര്‍പ്പണഖ രാക്ഷസിയുടെ കര്‍ണ്ണ നാസികകളാണ് ലക്ഷ്മണന്‍ ഛേദിച്ചത്. രക്തത്തില്‍ കുളിച്ച് നിലവിളിച്ചു കൊണ്ട് ശൂര്‍പ്പണഖ പ്രവേശിച്ചിട്ട് ആര്യ രാവണാ, ആര്യവിഭീഷണാ! താപസവേഷമിട്ട മനുഷ്യരുടെ ആക്രമണത്തില്‍ നിന്ന് എന്നെ രക്ഷിക്കണേ! രക്ഷിക്കണേ! യെന്നു വിലപിക്കുന്നുണ്ട്. ‘ഇന്നുമുതല്‍ നിങ്ങളറിയും ഇതിന്റെ ഫല’മെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അവള്‍ മറയുന്നത്.

ശൂര്‍പ്പണഖയുടെ ശാപവാക്കുകള്‍ അന്തരീക്ഷത്തില്‍ അലയടിക്കവേ തന്നെ അവളെ ആട്ടിയോടിച്ചുകളഞ്ഞു ലക്ഷ്മണന്‍. മഹാസുന്ദരിയായി ആശ്ചര്യപ്പെടുത്തിയാണ് അവളുടെ രംഗപ്രവേശം. സ്‌ഫോടാത്മകമായ സംഭവഗതികള്‍ക്കുശേഷം ആശ്ചര്യപ്പെടുത്തുന്ന വികൃതരൂപിണിയായിട്ടാണ് അവള്‍ നിഷ്‌ക്രമിക്കുന്നത്. സുന്ദരിയുടെ രൂപവും ഭാവവും മാറുന്നു. സീത ആ രൂപമാറ്റം കണ്ട് ഭയക്കുമ്പോള്‍ ‘ലജ്ജയോടെ ലീലാവിലാസിനിയായി പ്രത്യക്ഷ പ്പെട്ട അവള്‍ മൂലം നിനക്ക് ഭയമുളവായത്, രാക്ഷസര്‍ക്കെതിരായി വിധിയുടെ ശക്തിതന്നെ’യെന്ന് രാമന്‍ സാന്ത്വനിപ്പിക്കുന്നുണ്ട്. ദുരന്തതയുടെ ദുഃഖതമസ്സിന് സാന്ദ്രതകൂടുകയാണ് ഓരോ നാടകസന്ദര്‍ഭവും ആശ്ചര്യചൂഢാ മണി നാടകത്തിലെന്നു കാണാന്‍ പ്രയാസമില്ല.

മായാസീതാങ്കം ആരംഭിക്കുന്നത് ഒരു ഋഷികുമാരന്‍ ക്ഷീണിച്ച മട്ടില്‍ ഒരാശ്രമത്തിന് മുമ്പേ വന്നു.’ആരുണ്ടിവിടെ? അതിഥി വന്നിരിക്കുന്നു’യെന്നു പറഞ്ഞുകൊണ്ടാണ്. അണിയറയില്‍ പ്രതികരണവുമുണ്ട്. ഒരു വൃദ്ധ താപസനാണ് സ്വീകരിക്കുന്നത്. രാവണന്റെ ബന്ധുവായ മാരീചന്റെ ആശ്രമമാണതെന്ന് വൃദ്ധനറിയിക്കുന്നു. ശൂര്‍പ്പണഖയെ വികൃതരൂപിണിയാക്കി ലക്ഷ്മണന്‍ മടക്കിയ കാര്യവും രാമനെ മാനിന്റെ വേഷത്തില്‍ ഭ്രമിപ്പിച്ചകറ്റണമെന്നും അപ്പോള്‍ സീതയെ കൈക്കലാക്കി രാവണന്‍ മറയുംമെന്നുള്ള കാര്യവുമൊക്കെ വൃദ്ധനറിയിക്കുന്നുണ്ട്.

രാവണന്റെ ഭീഷണിയിലാണ് മാരീചന്, മാനിന്റെ വേഷം കെട്ടേണ്ടിവന്നതെന്ന ധ്വനി ഇവിടെ നാടകകൃത്ത് അവതരിപ്പിക്കുന്നുണ്ട്. രാമന്‍, ലക്ഷ്മണന്‍, രാവണന്‍, ശൂര്‍പ്പണഖ തുടങ്ങിയവര്‍ അവരുടെ മായാരൂപവും യഥാര്‍ത്ഥ രൂപവും പ്രത്യക്ഷവും അപ്രത്യക്ഷവുമാക്കി ഒരാശ്ചര്യലോകം സൃഷ്ടിക്കുകയാണ്…..
രാമനും സീതയും പ്രവേശിക്കുന്നതോടൊപ്പം പുറകെയായി മാരീചനും വരുന്നുണ്ട്.
മാരീചന്‍: സദാചാരം വെടിഞ്ഞു ഞാനിങ്ങനെയൊക്കെ ചെയ്ത് ബന്ധുസ്‌നേഹം കൊണ്ടോ പാപത്തിന്റെ ആ ജന്മശക്തികൊണ്ടോ? അല്ലെങ്കില്‍, എന്തിനധികം പറയുന്നു? എവിടെയാണാ രാമാശ്രമം? അവിടെചെന്നു വേണമല്ലോ പത്‌നീ സമേതനായ രാമനെ വിചിത്രമായ മൃഗരൂപം കൊണ്ടു മോഹിപ്പിക്കുവാന്‍…..
രാമനെ, മാനിന്റെ രൂപവും ഭാവവും കാണിച്ച് വശപ്പെടുത്തുകയെന്ന ലക്ഷ്യമാണ് മാരീചനുള്ളത്. രാവണന്‍ എന്ന ശക്തന്റെ ഭീഷണിയില്‍ അനുസരിക്കപ്പെടുമ്പോഴും രാമാനുഗ്രഹം തനിക്ക് ലഭിക്കുമെന്ന് മാരീചന്‍ ആശ്വസിക്കുന്നു. മാരീചന്‍, മാനായി രൂപഭാവം കൈവരിച്ച് രാമനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ലക്ഷ്മണന്‍ ആര്യനും ആര്യയ്ക്കും വേണ്ടി മുനിമാര്‍ രണ്ട് വിശിഷ്ട വസ്തുക്കള്‍ തന്നയച്ചിട്ടിള്ളത് ശ്രീരാമന് ഏല്‍പ്പിക്കുന്നു.
വിശിഷ്ട വസ്തുക്കള്‍ നാടകത്തില്‍ “ആശ്ചര്യചൂഢാമണി’ ആകുന്നതാണ് വിശിഷ്ടമായി ഭവിക്കുന്നത്. രണ്ട് വിശിഷ്ടവസ്തുക്കളില്‍ ഒന്ന് ആശ്ചര്യകരമായ ഒരു രത്‌നമാണ്. അതുധരിച്ചാല്‍, വേഷ പ്രശ്ചന്നരുടെ സ്പര്‍ശന മേറ്റാല്‍ അവരുടെ യഥാര്‍ത്ഥ രൂപം പുറത്തുവരും. രണ്ടാമത്തെത്, വിശിഷ്ടരത്‌നം പതിച്ച ഒരു മോതിരമാണ്.
ആശ്ചര്യചൂഢാമണിയും അത്ഭുതാംഗുലിയവും കാണുമ്പോള്‍ രാമനും സീതയും ഒരുപോലെ ഒന്നിച്ച് ‘ആശ്ചര്യം, ആശ്ചര്യം’ എന്ന് ആഹ്ലാദിക്കുന്നുണ്ട്. ഈ കഥാപാത്രങ്ങള്‍ പ്രകടിപ്പിക്കുന്ന ആശ്ചര്യമാണ് നാടകത്തെ പ്രത്യക്ഷമായും പരോക്ഷമായും ആശ്ചര്യചൂഢാമണിയാക്കുന്നത്. ചൂഢാമണി സീതയുടെ മുടിക്കെട്ടില്‍ ചൂടുന്ന രാമന്‍, മോതിരം സ്വന്തം വിരലിലും അണിയുന്നു.

ചൂഢാമണിയണിഞ്ഞതോടെ കാടിന്റെ നിറം മാറുന്നത് രാമസീതമാര്‍ അനുഭവിക്കുന്നു. ലക്ഷ്മണനും പുതിയ അനുഭവങ്ങള്‍, മാറ്റങ്ങള്‍ കാണുന്നു. കാര്‍മേഘമില്ലാത്ത മിന്നല്‍ വൃക്ഷങ്ങളെ പൊതിഞ്ഞതുപോലത്തെ അനുഭൂതി യാണ് ലക്ഷ്മണകുമാരനില്‍ സംഭവിക്കുന്നത്.

ഉജ്ജീവകമായ ഈ പുതിയ ജീവിതാനുഭൂതികളില്‍ രാമസീത ലക്ഷ്മണന്‍മാരെപോലെതന്നെ പ്രേക്ഷകനും അവന്റെ ഭാവനയ്ക്ക് ആസക്തി വളരുന്നത് നമുക്ക് കാണുവാന്‍ കഴിയുന്നതാണ് ആശ്ചര്യചൂഢാമണി നാടകത്തിന്റെ പ്രത്യേകത.
ആശ്ചര്യത്തിന്റെ ആകാശലോകത്ത് വിരാജിക്കുന്ന ആ മൂന്നു കഥാപാത്രങ്ങളുടെയിടയിലേയ്ക്കാണ് ഒരാണ്‍ മാനെത്തുന്നത്. മാനിനെ കണ്ടതും രാമനത് ആശ്ചര്യമായി. മാന്‍ വെറും ഒരു സാധാരണമാനല്ല. സ്വര്‍ണ്ണമാനാണ്. വെള്ളിക്കാലും മരതകക്കഴുത്തും സ്വര്‍ണ്ണശരീരവും ! അതനങ്ങുമ്പോള്‍ മാനത്തു മഴവില്ല് വീശുന്നുയെന്നാണ് രാമന്‍ ആശ്ചര്യപ്പെടുന്നത്. ഈ മാന്‍ സ്വന്തം ഉദ്യാനത്തിലുണ്ടെങ്കില്‍ എന്തിന് മറ്റൈശ്വര്യങ്ങളെന്നു ചോദിക്കുന്നത് സീതയാണ്.
സ്വര്‍ണ്ണമാനില്‍ സീതയ്ക്ക് താല്‍പര്യമുണ്ടെന്ന് രാമന് മനസ്സിലാകുന്നു. ലക്ഷ്മണന്‍ സ്വര്‍ണ്ണ മാനിനെ പിടിക്കാന്‍ പുറപ്പെടാന്‍ ഭാവിക്കുമ്പോള്‍ രാമനത് തടഞ്ഞിട്ട് നീ സീതയെ സൂക്ഷിച്ചുകൊണ്ടാല്‍ മതീന്ന് പറഞ്ഞ് മാനിനു പുറകെ വില്ലുമായി കുതിച്ചു. തദവസരത്തില്‍ ലക്ഷ്മണന്‍ അശുഭകരമായി പലതും വനമദ്ധ്യത്തില്‍ കാണുന്നു. പ്രകൃതിയിലെ ചലനങ്ങള്‍ ആശ്ചര്യമാകുമ്പോഴാണ് രാവണനും ശൂര്‍പ്പണഖയും തേരില്‍ പ്രവേശിക്കുന്നത്.
രാവണന്‍: നാം ജീവിച്ചിരിക്കെ, നമ്മുടെ അനുജത്തിക്ക് ഒരു മനുഷ്യനില്‍ നിന്ന് ആപത്തുവരിക! അവള്‍ ഇനി ദുഃഖിക്കാതിരിക്കട്ടെ ഭര്‍ത്താവിനെക്കൊന്നിട്ട് നാം സീതയെ അപഹരിക്കാന്‍ പോവുകയാണ്. രാവണന്‍ സീതയെക്കണ്ടതും ‘ആശ്ചര്യം! ആശ്ചര്യം, യെന്നു പറഞ്ഞുപോകുന്നു. സീതയുടെ അടുത്തുള്ള ലക്ഷ്മണനെ രാവണന് മനസ്സിലാകാത്തത് കൊണ്ട് അതാരാണെന്ന് കാതില്‍ പറഞ്ഞുകൊടുക്കുകയാണ് സഹോദരി ശൂര്‍പ്പണഖ. ബാഹ്യവസ്തുക്കളെ മൂര്‍ത്ത മായി അടക്കി ആശയമാക്കുന്നില്ല. അവ വ്യക്തി ഹൃദയത്തിലുണര്‍ത്തുന്ന സൂക്ഷ്മ സങ്കീര്‍ണ്ണ ഭാവങ്ങളുടെ സമര്‍ദ്ദത്തെ വ്യജ്ഞിപ്പിക്കുന്ന ഒരവതരണരീതിയാണ് നാടകകൃത്ത് സ്വീകരിച്ചിരിക്കുന്നത്.
രാവണന്റെ ചെവിയില്‍ ശൂര്‍പ്പണഖ രഹസ്യം പറയുന്നത്, നാടകം വിശദീകരിക്കുന്നില്ല. അതൊരു രഹസ്യമാണ്. എന്നാലാ രഹസ്യമാണ് ‘ആശ്ചര്യചൂഢാമണി’ നാടകത്തെ ബലപ്പെടുത്തുന്ന ഒരു ഘടകം .

രാവണന്‍ : ഹ! ഹ… ഹ….! രാമന്‍ താടകയെ അമ്പെയ്ത് കൊന്നു. ഇവന്‍ നിന്റെ മേല്‍ വാള്‍ പ്രയോഗിക്കുകയും ചെയ്തു. അമ്പോ! നരന്മാര്‍ ബലശാലികള്‍ തന്നെ!
മാനിന്റെ പിന്നാലെ ഓടിയ രാമന്റെ വരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് രാവണനും ശൂര്‍പ്പണഖയുമായി പര്‍ണ്ണശാലയിലെത്തുന്നത്. സീതയുടെ വലതുകണ്ണ് തുടിക്കുന്നുയെന്ന് ലക്ഷ്ണനോട് പറയുന്നു. ‘അയ്യേ! ലക്ഷ്മണാ….’എന്നുള്ള വിളി കേള്‍ക്കുമ്പോള്‍ ആര്യപുത്രന്റെ സ്വരം പോലിരിക്കുന്നല്ലോയെന്ന് സീത സംശയം കൊള്ളുന്നുണ്ട്.
എന്നാല്‍ ലക്ഷ്മണനത് ദീനസ്വരം പുറപ്പെടുവിക്കുമോയെന്നു സംശയിക്കുന്നു. മായയാണെന്നു തന്നെ ലക്ഷ്മണന്‍ വിധിയെഴുതുകയാണ്. രക്ഷിക്കണ്ടേയെന്ന് സീതയുടെ ചോദ്യത്തിന് രക്ഷിക്കപ്പെടേണ്ടവന്‍ എങ്ങനെ രക്ഷിക്കാനെന്ന് തിരിച്ചുചോദിക്കുകയാണ് ലക്ഷ്മണന്‍.
സീത : ദുഷ്ടാ!ആപത്തില്‍പ്പെട്ട സഹോദരന്റെ നിലവിളി കേട്ടുകൊണ്ട് അനങ്ങാതിരിക്കുന്ന നിന്നെ ഭൂമീദേവീ എങ്ങനെ താങ്ങുന്നു.?
ലക്ഷ്മണന്‍ : ആര്യാ അതപ്പോള്‍ വിശ്വസിച്ചോ?
അണിയറയില്‍ രാമശബ്ദം കേള്‍ക്കുന്നുണ്ട്. അത്, മായയാണെന്നു ലക്ഷ്മണന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍ സീതയത് മനസ്സിലാക്കുന്നില്ല.
സീത : ലക്ഷ്മണാ! നീ എന്താണ് വേഗം ചെല്ലാത്തത്? കഷ്ടം തന്നെ! ഒന്നു ഞാന്‍ പറഞ്ഞേക്കാം. ഒരാളെ വിട്ട് മറ്റൊരാളെ സ്വീകരിക്കുന്നത് സ്ത്രീകളില്‍ ലക്ഷ്മി മാത്രമാണ്. ഞാന്‍ അത്തരം അല്ലതന്നെ. ആ ഒരാളെ മാത്രം.

ലക്ഷ്മണന്‍ : ആര്യയ്ക്ക് ആപത്തടുത്തു. നിശ്ചയം. ആപത്തുവരുമ്പോള്‍ അവരുടെ സ്വഭാവത്തിനാണ് മാറ്റം വരാത്തത്.
സീതയുടെ നിര്‍ബന്ധവും ശാപവാക്കുകളും ലക്ഷമണനെ മനസ്സില്ലാ മനസ്സോടെ സീതയെ വിട്ടുപോയി. ‘സീതേ, നീയുമെന്നെ കൈവെടിഞ്ഞോ’? യെന്നു രാമശബ്ദത്തില്‍ ചോദിക്കുന്നതു കേട്ട് ‘ഭാഗ്യം കെട്ട ഞാന്‍ ശബ്ദത്തിന്റെ ലക്ഷ്യം വച്ച് ആര്യ പുത്രനെ തിരയട്ടെ’യെന്നു സ്വയം പറഞ്ഞുകൊണ്ട് രാമനെ തേടി സീത യാത്ര തിരിക്കുകയാണ്.
ശൂര്‍പ്പണഖ : ആര്യാ, നോക്കൂ. രത്‌നം രക്ഷകനില്ലാതെ അതാ തനിയെ പോകുന്നു.
രാവണന്‍ : ഈ സമയം പാഴാക്കികൂടാ. രാമന്റെ വേഷത്തില്‍ ചെന്ന് ഇവളെ വഴിക്കുവച്ച് തടയാം.
ശൂര്‍പ്പണഖ : ആര്യന്‍ പറയുന്നത് ശരിയാണ്. ഞാനും സീതാരൂപം പൂണ്ട് രാമന്‍ മടങ്ങിവരും വഴി കുറെവൈകിക്കാന്‍ നോക്കാം.

രാവണന്‍ രഥത്തില്‍ നിന്നിറങ്ങിയിട്ട് രാമന്റെ രൂപത്തില്‍ സീതയുടെ മുന്നില്‍ ചെന്നു നില്‍ക്കുന്നു. സീത, തന്റെ മുമ്പില്‍ നില്‍ക്കുന്നത് സ്വന്തം ഭര്‍ത്താവായ രാമന്‍ തന്നെയാണെന്ന് തെറ്റിദ്ധരിച്ച് ‘ആര്യപുത്രന്‍ വിജയിക്കട്ടെ’ യെന്നു അരുളിചെയ്യുന്നു.
രാവണന്‍ : ദേവി ഇതിലേ, ഇതിലേ… മായാശക്തിയാല്‍ കരുത്തേറിയ രാക്ഷസന്മാരുടെ വായിലാണ് നാം കഴിയുന്നത്. നിന്നെ തനിയെ വിട്ടിട്ട് ലക്ഷ്മണന്‍ പൊയ്ക്കളഞ്ഞോ?
കപടവേഷത്തില്‍ വന്ന രാവണന്‍, ലക്ഷ്മണനെ കുറ്റം പറയുമ്പോഴും സീത, അതിനെ പിന്താങ്ങുന്നില്ല. മായാമൃഗത്തിന്റെ സ്വരം നിന്നെ വഞ്ചിച്ചിരിക്കുന്നുയെന്നുപറയാന്‍ രാവണന്‍ മറക്കുന്നില്ല. മായാമൃഗമെവിടെയെന്ന് സീതയുടെ ചോദ്യത്തിന് ‘വഴിക്കുവച്ചു മറഞ്ഞുകളഞ്ഞു, ഇനിയും വരുമെന്ന്’ രാവണന്‍ പറയുന്നുണ്ട്. വീണ്ടും ‘ഞാന്‍ ഇതാ വരുന്നു’യെന്ന ശബ്ദം അണിയറയില്‍ കേള്‍ക്കുന്നു. ‘മുമ്പും ശബ്ദ സാമ്യം കൊണ്ട് നിനക്ക് ചതി പറ്റിയെന്നു തോന്നുന്നു’യെന്നുപറഞ്ഞ് രാവണന്‍ സീതയുടെ മുമ്പില്‍ മനോഹരമായി നാടകം ആസൂത്രണെ ചെയ്തിരിക്കുന്നത് നാമറിയുകയാണ്.

രാവണന്‍ സൂതനെ നോക്കുന്നു. സൂതനാകട്ടെ, ലക്ഷ്മണന്റെ രൂപം ധരിച്ച് തേര് തെളിച്ച് രാവണന്റെ അടുത്തെത്തിക്കഴിഞ്ഞു. സീതയെ ചുറ്റി വലയുകയാണ് ഒരു ചാരവലയം. രാവണന്‍ രൂപം മാറുന്നു. സൂതന്‍ രൂപം മാറുന്നു. ശൂര്‍പ്പണഖ മാറുന്നു. പ്രകൃതി മാറുന്നു. മാറ്റത്തിന്റെ ലോകം ആശ്ചര്യത്തിന്റെ ആകാശം സൃഷ്ടിക്കുകയാണ്. സീത, അതിലവള്‍ കുടുങ്ങിപ്പോകുന്നു. അഥവാ കുരുക്കുകയാണ് ലോകം. ഒരിര…..സീത എന്ന ഇര!
സംഭവങ്ങള്‍ മനസ്സിലുളവാക്കുന്ന സൂക്ഷ്മങ്ങളും സങ്കീര്‍ണ്ണങ്ങളുമായ മനോഭാവങ്ങളുടെ സ്പന്ദമാനമായ അന്തരീക്ഷത്തെ ആവിഷ്‌ക്കരിച്ച് സീതയെ ആശ്ചര്യങ്ങളുടെ ആശ്ചര്യങ്ങളിലേക്ക് നയിച്ചുകൊണ്ട് പോകുകയാണ് നാടകകൃത്ത്. മിഥ്യയേത് യാഥാര്‍ത്ഥ്യമേതെന്ന് തിരിച്ചറിയാതെ ആശ്ചര്യചൂഢാമണി ആശ്ചര്യങ്ങളെപ്പോലും ആശ്ചര്യപ്പെടുത്തുന്ന ഭാവ പരിണാമത്തിലേയ്ക്ക് സംക്രമിക്കുകയാണ് നാടകം.

ആള്‍മാറാട്ട നാടകത്തിലൂടെ സീതയെയും കൊണ്ട് രാവണനും സൂതനും ആകാശവീഥീയിലൂടെ കടന്നു പോകുന്നു. സീതയുടെ രൂപത്തില്‍ വന്ന ശൂര്‍പ്പണഖയെ രാമന്‍ മനസ്സിലാക്കാതെ തന്റെ സഹധര്‍മ്മിണിയാണെന്ന് വിശ്വസിക്കുംവരെ നാടകം നാടകീയമാകുന്നു.

രാമന്‍: ദേവീ, ചെമ്പരത്തിപ്പൂവിന്റെ വര്‍ണ്ണഭംഗിയാര്‍ന്ന ഈ ചുണ്ടുകള്‍ എന്തിനാണ് നീ നെടുവീര്‍പ്പിനാല്‍ വാട്ടുന്നത്.? മാറത്തേക്ക് സദാ കണ്ണുനീര്‍ ചൊരിയുന്നതെന്തിന്?
രൂപമാറ്റങ്ങളും ഭാവമാറ്റങ്ങളും നിരന്തരം സംഭവിക്കുന്നു! സംഭീതയായ സീതയെന്ന കഥാപാത്ര മനസ്സിന്റെ ചുരുള്‍ വികാരതീവ്രമായ സ്വപ്നത്തിലെന്നപോലെയാണ് ആശ്ചര്യം എന്ന വികാരത്തെ ഉള്‍ക്കടമായ അവസ്ഥയായി ആവിഷ്‌ക്കരിക്കുന്നത്. ആശ്ചര്യചൂഢാമണി നാടകത്തിന് ആസ്പദമായ, മായ സംഭവങ്ങളുടെ വ്യക്തവും അവ്യക്തവുമായ സൂചനകള്‍ ലഭിക്കുന്നത്, കഥാപാത്രങ്ങളുടെ ബാഹ്യമായ പ്രകടനങ്ങളിലൂടെയാണ്.
രണ്ട് രാമന്മാര്‍ ഒരേസമയം പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട് നാടകത്തില്‍! യഥാര്‍ത്ഥ രാമനും രാമന്റെ രൂപം ധരിച്ച മാരീചനും! അമ്പു വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന ലക്ഷ്മണനും രാമന്റെ രൂപം ധരിച്ച മാരീചനും രംഗത്തേക്ക് പ്രവേശിക്കുമ്പോഴാണ് യഥാര്‍ത്ഥ രാമന്‍ അവരെ സ്വാഗതം ചെയ്യുന്നത്. എല്ലാം മനസ്സിലാക്കിയ യഥാര്‍ത്ഥ രാമന്‍, പുഞ്ചിരിച്ചുകൊണ്ട് ‘ലക്ഷ്മണാ, മായാ ശരീരം കണ്ടു ദുഃഖിക്കാതിരിക്കൂ ഇതാ നില്‍ക്കുന്നു നിന്റെ ജ്യേഷ്ഠ’നെന്ന് പറയുമ്പോഴാണ് ലക്ഷ്മണന്‍ അടുത്ത് നില്‍ക്കുന്ന മായാവിയായ മാരീചന് നേരെ വാളോ ങ്ങുന്നത്.

മാരീചന്‍ ഓടി മറയാന്‍ ശ്രമിക്കുമ്പോള്‍, രാമന്‍ ലക്ഷ്മണന്റെടുത്ത് ചെന്ന് അങ്ഗുലീയം കാണിക്കുന്നു. രാമന്‍ ‘ലക്ഷ്മണാ , അംഗുലിയത്തിന്റെ ഫലം കണ്ടുകൊള്ളൂ’യെന്നു പറഞ്ഞ് മാരീചനെ കാല്‍ കൊണ്ട് പൊക്കി എറിയുമ്പോള്‍, അയാള്‍ സ്വന്തം രൂപത്തിലായി നിലത്തുവീണ് കൊല്ലപ്പെടുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ശൂര്‍പ്പണ ഖയുടെ കണ്ണീര്‍ രാമന്‍ തുടയ്ക്കുന്നതോടുകൂടി, അവളും സ്വന്തം രൂപം പ്രാപിച്ച് രക്ഷപ്പെടുകയാണ്. ആശ്ചര്യം ഒന്നിനു പുറകെ ഒന്നായി സൃഷ്ടിച്ച്, നാടകം ക്ലൈമാക്‌സിലേക്കെടുക്കുകയാണ്.
രാവണന്‍, രാമനായും സൂതന്‍ ലക്ഷ്മണനായും വേഷ പ്രച്ഛന്നനായി സീതയേയും കൂട്ടി തേരില്‍ യാത്രയായി. യാത്രമദ്ധ്യേ’ഇതാര്യപുത്ര’നല്ലെന്നു സീത തിരിച്ചറിയുന്നു. തേരു തെളിക്കുന്ന സൂതന്‍, ലക്ഷ്മണനല്ലെന്നും അറിയുന്ന സീത എന്താണെന്റെ ഗതി?ആരുണ്ടെനിക്ക് ആശ്രയമെന്നു നിലവിളിക്കുമ്പോള്‍ പക്ഷി രാജാവായ ജഡായൂ രാവണനെ നേരിടാനെത്തുന്നു. രാവണനുമായുള്ള ഏറ്റുമുട്ടലില്‍ ജഡായൂ വധിക്കപ്പെടുകയാണ്. അശോകവനികാങ്കത്തിലെ സീതയെ, രാവണന് സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ഹനുമാന്‍ അങ്ഗുണീയവും കൊണ്ട് പ്രവേശിക്കുന്നത് അങ്ഗുലീയാങ്കത്തിലാണ്. മോതിരം സീതയുടെ കൈയ്യില്‍ ഏല്‍പ്പിക്കുമ്പോഴാണ് ഹനുമാനില്‍ വിശ്വസ്തത കൈവരുന്നത്. വിശ്വസ്തതയുടെ അങ്കമാകുകയാണ് അങ്ഗുലീയം . അഗ്നിശുദ്ധ്യങ്കത്തിലാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
ഭ്രമാത്മാകമായ ഒരു രംഗമാണ് അഗ്നിശുദ്ധ്യങ്കം. നാരദന്‍, വിഭീഷണന്‍, ജാംബവാന്‍, സുഗ്രീവന്‍, തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുകയും വിശ്വസ്തരായിരുന്നവര്‍ സീതയുടെ പാതിവ്രത്യത്തെ സംശയിക്കുകയും വിചാരണ ചെയ്യുകയും സ്വന്തം ഭര്‍ത്താവ് പോലും ‘ജാരന്മാരായ രാക്ഷസന്മാര്‍ക്ക് ദിവസവും സങ്കേതമൊരുക്കിയ നീ ദണ്ഡകാരുണ്യത്തില്‍ വച്ച് ഋജുബുദ്ധികളായ ഈ വിഡ്ഢികളെ വഞ്ചിച്ചു! തേവിടിശ്ശി!യെന്നു ശാസിച്ച് അവഗണിച്ചശേഷം അഗ്നിശുദ്ധി തേടി പാതിവൃത്യം തെളിയിച്ച് സ്വീകാര്യമാക്കുന്നതാണ് നാടകത്തിലെ ആശ്ചര്യം കൊണ്ടെത്തിക്കുന്നത്……..!

ഭൂമിയും ആകാശവുമൊക്കെ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസാന അങ്കത്തില്‍ വസുക്കളും, അശ്വനീദേവകളും മനുവും മരിച്ചുപോയ പിതാവ് ദശരഥനും പിതൃക്കളുമൊക്കെ സാക്ഷിയാവുകയാണ്. ശ്രീരാമ ലക്ഷ്മണന്മാരുടെ മുമ്പാകെ ആശ്ചര്യത്തോടെ … നൂറ്റാണ്ടുകള്‍ക്കു മുമ്പെഴുതിയ നാടകം ആദ്യന്തം ആധുനികതയുടെ മുഖം അവതരിപ്പിക്കുന്നു. ബോധാബോധ മനസ്സുകളെയും ഭൂത വര്‍ത്തമാന ഭാവികളെയും കൂട്ടിക്കുഴച്ച്, ആത്മവിസ്മൃതി നേടാനുള്ള വിരാമമില്ലാത്ത ആശ്ചര്യങ്ങളെ നാടകീയവല്‍ക്കുന്ന നാടകമാണ് ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഢാമണി’.

ഒരൊറ്റ നാടകം കൊണ്ടാണ് ശക്തിഭദ്രന്‍ ലോകനാടകവേദിയുടെ നെറുകയിലെത്തുന്നത്. ആശ്ചര്യം, തന്നെ! ആശ്ചര്യം, അത്ഭുതം തുടങ്ങിയ മാനുഷിക വികാരങ്ങള്‍ക്ക് അര്‍ത്ഥവത്തായ നിരവധി നാടകങ്ങള്‍ ലോകനാടകവേദിക്ക് സമ്മാനിച്ച വില്യം ഷേക്‌സ്പീയറെ അതിശയിപ്പിക്കുകയാണ് ഒറ്റ നാടകം കൊണ്ട് ഒരു മലയാളി ! നാടകം ആശ്ചര്യചൂഢാമണി.നാടകകൃത്ത് : ശക്തിഭദ്രന്‍. അഥവാ ഭുവനഭൂതി!

sudheerparameswaran.nandi@gmail.com

Share7TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies