കേരളത്തില്‍ എളുപ്പം ചിലവാകുന്ന കള്ളനോട്ടാണ് മതേതരത്വം. എന്തിനും ഏതിനും രാഷ്ട്രീയക്കാരും മാധ്യമങ്ങളും സാംസ്‌കാരിക നായക യൂണിയന്‍കാരും എല്ലാം ആവര്‍ത്തിച്ച് പറയുന്ന ഈ വാക്ക് പ്രവൃത്തിയില്‍ എവിടെയും കണ്ടുകിട്ടാനില്ല. തിരഞ്ഞെടുപ്പുകള്‍ എല്ലാം മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണത്രേ! എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതുവരെ മതവര്‍ഗ്ഗീയശക്തികളുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്. കേരളത്തില്‍ മതേതരത്വത്തിന്റെ കുത്തകവ്യാപാരികളായ ഇടതു-വലതുമുന്നണികള്‍ മതഭീകരവാദികള്‍ക്ക് ദാസ്യപ്പണി ചെയ്യുന്നതില്‍വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഏതു മുന്നണിയാണോ മതഭീകരസംഘടനകള്‍ക്ക് കൂടുതല്‍ വഴങ്ങിക്കൊടുക്കുന്നത് അവരായിരിക്കും ഇനി കേരളം ഭരിക്കുക എന്നതായിരിക്കുന്നു അവസ്ഥ.
ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ ഭരണത്തുടര്‍ച്ച ഇസ്ലാമികഭീകര സംഘടനകളുടെ ഔദാര്യമാണെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു. അതുകൊണ്ട് കോണ്‍ഗ്രസ് മുന്നണി ഇപ്പോള്‍ ഭീകരവാദികളെ പ്രീണിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് മുന്നണിയോട് മത്സരിക്കുകയാണ്. ഇനിയങ്ങോട്ട് അങ്ങനെ തന്നെയായിരിക്കുമെന്ന് മതേതരവാദികളെല്ലാം മനസ്സിലാക്കിയാല്‍ അംഗഭംഗംകൂടാതെ അഞ്ചുവര്‍ഷം കഴിയാം. ഇതു പറയാന്‍കാരണം ഇസ്രായേലിനും പാലസ്തീനുമിടയില്‍ രൂപംകൊണ്ട് സംഘര്‍ഷം കാതങ്ങള്‍ക്കിപ്പുറത്ത് കേരളക്കരയിലുണ്ടാക്കുന്ന അനുരണനങ്ങള്‍ ദേശീയ താത്പര്യത്തിന് അനുയോജ്യമായിട്ടല്ല എന്നുള്ളതുകൊണ്ടാണ്. ഇസ്രായേലില്‍ നഴ്‌സാ യി ജോലി നോക്കിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷ് പാലസ്തീനില്‍നിന്നും ഇസ്ലാമികഭീകര വാദികളായ ഹമാസ് അയച്ച റോക്കറ്റ് വീണ് കൊല്ലപ്പെടുകയുണ്ടായി. ഈ സംഭവത്തോട് കേരളത്തിലെ കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ് നേതാക്കളുടെയും ഭൂരിപക്ഷം അച്ചടി ദൃശ്യമാധ്യമങ്ങളുടെയും പ്രതികരണം ദേശസ്‌നേഹികളെ ഞെട്ടിക്കാന്‍ പോന്നവിധത്തിലായിരുന്നു. ഇസ്രായേലിന്റെ മിസൈലേറ്റ് സൗമ്യ മരിച്ചു എന്നു തോന്നും വിധം അച്ചു നിരത്താന്‍ മത്സരിച്ച ചില മാധ്യമങ്ങള്‍ വ്യാപാര താത്പര്യമല്ലാതെ മാധ്യമധര്‍മ്മം പരിഗണിച്ചില്ല എന്നു കാണാം. അവര്‍ കാലങ്ങളായി തൂലിക ഇസ്ലാമികഭീകരവാദികള്‍ക്ക് പണയപ്പെടുത്തി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ മത്സരിക്കുകയാണ്. ഉത്തരഭാരതത്തിലെ ഉള്‍ഗ്രാമങ്ങളില്‍ എവിടെയെങ്കിലും വണ്ടിതട്ടി പട്ടിചത്താല്‍പോലും അന്തിച്ചര്‍ച്ചചെയ്യുന്ന ചാനല്‍ മഹാമല്ലന്മാരൊന്നും ഒരു മലയാളി പെണ്‍കുട്ടി ഹമാസിന്റെ റോക്കറ്റേറ്റ് മരിച്ചതറിഞ്ഞില്ല. പല മാധ്യമസ്ഥാപനങ്ങളുടെയും മൂലധനദാതാക്കളായി ഭീകരവാദികള്‍ഉണ്ടെന്ന് പറയുമ്പോഴും ഹമാസിനെപ്പോലൊരു ഭീകര സംഘടനക്ക് ഇത്രയും സ്വാധീനം കേരളത്തിലുണ്ടന്ന് മനസ്സിലാക്കാന്‍ ഒരു സൗമ്യ കൊല്ലപ്പെടേണ്ടി വന്നു.
ഇതിലും ഭീതിതമായ കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ എടുത്ത നിലപാടാണ്. കേരളത്തിലെ ഇസ്ലാമിക ഭീകരവാദികളെ പ്രീണിപ്പിക്കാന്‍ ഇട്ട പോസ്റ്റുകള്‍ മുക്കിയവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി മുന്നിട്ടുനിന്നു എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ ഏതാണ്ട് കിടപ്പ് മനസ്സിലാകും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹമാസിനെ പിണക്കാതിരിക്കാന്‍ ഫേസ് ബുക്ക് പോസ്റ്റ് തിരുത്തുക ഉണ്ടായി എന്നു കാണാം. വട്ടിയൂര്‍ക്കാവിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ വീണാനായര്‍ ഹമാസ്ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാഞ്ജലികള്‍ എന്ന പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞു. മതേതരകേരളത്തില്‍ ഇസ്ലാമിക ഭീകരവാദികളെ രാഷ്ട്രീയക്കാരും മാധ്യമശിങ്കങ്ങളും എത്രത്തോളം ഭയപ്പെടുന്നു എന്നതിന് ഇനി വേറെ ഉദാഹരണങ്ങള്‍ വേണ്ട.
ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യാസന്തോഷിന്റെ മൃതദദേഹം നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങാന്‍ ബി.ജെ. പിക്കാരല്ലാതെ വേറൊരു രാഷ്ട്രീയപാര്‍ട്ടിക്കാരും വന്നില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസുകാരുടെയും കമ്മ്യൂണിസ്റ്റു കാരുടെയും ഭയം മനസ്സിലാക്കാം. പക്ഷെ കേരളാ സര്‍ക്കാരിന്റെ ഒരു പ്രതിനിധിപോലും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിച്ചേര്‍ന്നില്ല എന്നത് മൃതദേഹത്തോടുള്ള അനാദരവ് എന്നതിനപ്പുറം മനുഷ്യത്വത്തോടുള്ള അവഹേളനമായി എന്നു പറയാതെ വയ്യ. സമാന സംഭവങ്ങള്‍ ഇതിനുമുമ്പൊക്കെ ഉണ്ടായപ്പോള്‍ പ്രവാസികളുടെ മൃതദേഹം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ എത്തുക എന്നത് ദേശീയബോധത്തിന്റെ പ്രകടനം കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദേശസ്‌നേഹത്തെക്കാള്‍ വലുതാണ് ഹമാസിനോടും പാലസ്തീനോടുമുള്ള സ്‌നേഹം എന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. എന്നു മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പാലസ്തീന്‍ ഐകൃദാര്‍ഢ്യപരിപാടികളും പോസ്റ്ററുകളുമായി ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വിടുപണിചെയ്യുകയാണ്.
ഭാരതത്തിന് എല്ലാകാലത്തും സഹായകരമായ നിലപാട് മാത്രമെടുത്തിട്ടുള്ളതാണ് ഇസ്രായേലിന്റെ പാരമ്പര്യമെങ്കില്‍ ഭാരതത്തെ എല്ലാകാലത്തും നന്ദിയില്ലാതെ പിന്നില്‍ നിന്നും കുത്തിയ പാരമ്പര്യമാണ് പാലസ്തീനുള്ളത്. ആ ഒറ്റക്കാരണം കൊണ്ടു തന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എല്ലാക്കാലത്തും പാലസ്തീന് ഐക്യദാര്‍ഢ്യം നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് കൊച്ചിയിലും പറവൂരിലും മാളയിലും ഒക്കെജീവിച്ചിരുന്ന യഹൂദര്‍ ഈ നാടിനെ എന്നും നന്ദിയോടെ സ്മരിക്കുന്ന സമൂഹമാണ്. 1948 മെയ് 14ന് അവരുടെ പിതൃരാഷ്ട്രമായ ഇസ്രയേല്‍ പുനഃസ്ഥാപിതമായതു മുതല്‍ ഇസ്ലാമികമതമൗലിക ഭീകരപ്രസ്ഥാനങ്ങളോടും 27ല്‍ പരം ഇസ്ലാമിക രാജ്യങ്ങളോടും പൊരുതിക്കൊണ്ടിരിക്കുകയാണ് യഹൂദര്‍. യഹൂദരുടെ വംശഹത്യയില്‍ കുറഞ്ഞൊന്നുമല്ല ഇസ്ലാമിക രാഷ്ടങ്ങളുടെ ലക്ഷ്യം. ദീര്‍ഘകാലമായി ഭാരതത്തിലെ ഹിന്ദുസമൂഹം നേരിട്ടു പോരുന്ന പീഢനങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും സമാനമാണ് യഹൂദരുടെ അവസ്ഥയും. ഗാസ ആഗോള ഇസ്ലാമിക മതഭീകരവാദികള്‍ക്ക് ഇരവാദമുയര്‍ത്തി ഭീകര പ്രവര്‍ത്തനത്തിനുള്ള മൂലധനമുണ്ടാക്കാനുള്ള പരീക്ഷണശാല മാത്രമാണ്. നോമ്പുകാലങ്ങളില്‍ ഇസ്രായേലിനെ പ്രകോപിപ്പിച്ച് അടി ഇരന്നു വാങ്ങി ഇരകളുടെ കണ്ണീരു കാട്ടി സക്കാത്ത് വാങ്ങി ഭീകരവാദത്തിനുള്ള പണം സ്വരൂപിക്കുന്ന പ്രവര്‍ത്തനമാണ് പശ്ചിമേഷ്യയില്‍ നടക്കുന്നത്. അറബ് രാഷ്ട്രങ്ങള്‍ പോലും ഇപ്പോള്‍ പാലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടാത്തതിനു കാരണമിതാണ്. മാത്രമല്ല അറബ് രാജ്യങ്ങള്‍ പലതും ഹമാസിനെപ്പോലുള്ള മതമൗലികവാദ പ്രസ്ഥാനങ്ങളുടെ അപകടം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അറബികള്‍ പോലും തള്ളിക്കളഞ്ഞു തുടങ്ങിയ ഹമാസിനെ നെഞ്ചിലേറ്റുന്ന കേരളത്തിലെ ജിഹാദി ഗ്രൂപ്പുകളും അവരുടെ മുന്നില്‍ നാല് വോട്ടിനുവേണ്ടി മുട്ടിലിഴയുന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളും ചേര്‍ന്ന് കേരളത്തിന്റെ ഭാവി അപകടത്തിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇസ്രായേലില്‍ കൊല്ലപ്പെട്ടത് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയായതുകൊണ്ടും ഹമാസിന്റെ ആക്രമണത്തില്‍ ആയതുകൊണ്ടും മൃതദേഹത്തിന് താരമൂല്യമില്ലാതെപോയി. മറിച്ച് കൊല്ലപ്പെട്ടത് മുസ്ലീം പെണ്‍കുട്ടി ആയിരിക്കുകയും പാലസ്തീനില്‍ ഇസ്രായേല്‍ മിസൈലേറ്റ് മരണം സംഭവിക്കുകയും ചെയ്തിരുന്നെങ്കില്‍ ചാനലുകളില്‍ ഒരാഴ്ചത്തേക്കുള്ള ചര്‍ച്ചാ വിഷയമായേനെ. മുഖ്യമന്ത്രി ലക്ഷങ്ങളുടെ പണക്കിഴിയുമായി ഇടുക്കിയിലെ മലമുകളില്‍ സൗമ്യയുടെ വീട്ടുമുറ്റത്ത് ഓടിയെത്തിയേനെ… ഇതൊക്കെയാണ് കേരളത്തിലെ മതേതരത്വത്തിന്റെ രീതിമര്യാദകള്‍. പൊറുക്കുക സഹോദരി…!