വരാന്തയിലെ മങ്ങിയ മഞ്ഞവെളിച്ചത്തില്‍ അസ്വസ്ഥമായ ചിന്തകളോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ, പൊടിമൂടിയ ജനല്‍ച്ചില്ലകള്‍ക്കിടയിലൂടെ ആതിര നോക്കിനിന്നു. തെറ്റിപ്പോയ കണക്കുകളോട് യുദ്ധം ചെയ്ത് അച്ഛന്‍ തളര്‍ന്നുപോയത് പോലെ തോന്നി അവള്‍ക്ക്.
ഈ രാത്രി അച്ഛന് ഉറങ്ങാനാവില്ല, അച്ഛന് മാത്രമല്ല, അകത്ത് ഉറക്കത്തിലാണെന്ന ഭാവത്തില്‍ വെറുതെ കണ്ണടച്ചു കിടക്കുന്ന അമ്മയും ഉറങ്ങിയിട്ടുണ്ടാവില്ല. നാളെ ഈ ബന്ധം ഒഴിയുകയാണെന്ന ഉണ്ണിയേട്ടന്റെ വാക്കുകളോട് ഇനിയും പൊരുത്തപ്പെടാനായിട്ടില്ല ആര്‍ക്കും. വെടിക്കെട്ടപകടം പോലെ പൊട്ടിത്തീര്‍ന്ന വാക്കുകളിലെ തീയും ചൂടും എല്ലാ സ്വപ്‌നങ്ങളെയും ചുട്ടെരിച്ചുകളഞ്ഞു.
രാത്രി വൈകിയായിരുന്നു ഉണ്ണിയേട്ടന്റെ വരവ്. തന്നെ സ്വന്തം വീട്ടില്‍ നിര്‍ത്താന്‍ തുടങ്ങിയ ശേഷം കഴിഞ്ഞ ആറുമാസക്കാലത്തോളമായുള്ള പതിവ് അതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വന്നാല്‍ വന്നു എന്ന് മാത്രം. അതുതന്നെ ഏറെ വൈകി അല്‍പ്പം കുടിച്ചിട്ടൊക്കെയാണ് വരവ്. ഒരു പക്ഷെ എവിടെയോ തെറ്റിപ്പോയ ജീവിതത്തിന്റെ താളം തിരിച്ചുപിടിക്കാനാവില്ല എന്ന തിരിച്ചറിവായിരിക്കാം.
സാധാരണയായി അതേപ്പറ്റിയൊന്നും ആതിര ഉണ്ണിയോട് ചോദിക്കാറില്ല. എത്രയൊക്കെ എരിഞ്ഞാലും ഒരു പുകനാളം പോലും പുറത്തുകാണില്ലെങ്കിലും കലങ്ങിപ്പോയ ഒരു മനസ്സാണ് അതെന്ന് അവള്‍ക്കറിയാം.
അരുതാത്തതായി ഒന്നും സംഭവിച്ചിട്ടില്ലെന്നതുപോലെ ശാന്തമായി കണ്ണടച്ചു കിടക്കുന്ന ഉണ്ണിയുടെ നേരെ നോക്കാന്‍ ആതിരക്ക് ഭയം തോന്നി. ഉണ്ണിയെ ഭയപ്പെടേണ്ടി വന്നിട്ടില്ല, ഇതുവരെ. ഉണ്ണി തന്നെ ഭയപ്പെടുത്തിയിട്ടുമില്ല. നിസ്സാരമല്ലാത്ത തെറ്റുകള്‍ക്ക് പോലും ചിരിച്ചുകൊണ്ടല്ലാതെ വഴക്കു പറഞ്ഞിട്ടില്ലാത്ത ഉണ്ണിയെ നോക്കാന്‍ ഇപ്പോള്‍ ഭയം തോന്നുന്നു.
ഒരിക്കലും ആവര്‍ത്തിക്കാത്ത ഈ രാത്രി അവസാനിച്ചുകഴിഞ്ഞാല്‍, തന്റെ രാപ്പകലുകളില്‍ പിന്നെ ഉണ്ണിയില്ലെന്ന ചിന്ത ആതിരയെ ഭയപ്പെടുത്തി. ഒരിക്കല്‍ക്കൂടി ആ നെഞ്ചില്‍ തലചേര്‍ത്തുവെച്ച് കിടക്കണമെന്ന് തോന്നി. ആ ചൂടേറ്റ് കിടക്കുമ്പോഴുണ്ടാകുന്ന ആനന്ദം ഇനിയുണ്ടാകില്ലെന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ എന്തൊക്കെയോ തകര്‍ന്ന് വീഴുന്നതുപോലെ.
താളപ്പിഴകളുടെ തുടക്കം ആതിര ഓര്‍ത്തെടുത്തു. മാനസികമായി താന്‍ നോര്‍മലല്ലെന്ന് തോന്നുന്നു എന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്ന് പറഞ്ഞ ഉണ്ണിയുടെ മുന്നില്‍ അമ്മ ലോകം സ്തംഭിച്ചുപോയതുപോലെ നിന്നുപോയപ്പോള്‍ താനും അടുത്തുണ്ടായിരുന്നു. അടുത്ത നിമിഷം പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടുമ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും ഉണ്ണി തലയുയര്‍ത്തിയില്ല. അന്ന് രാത്രിയിലെ എന്റെ പൊട്ടിത്തെറിക്കലുകള്‍ക്ക് മനസ്സ് നോര്‍മല്‍ അല്ല എന്നാല്‍ ഭ്രാന്താണ് എന്നല്ല അര്‍ത്ഥമെന്നായിരുന്നു ശാന്തമായ മറുപടി.
പിന്നെ രാപ്പകലുകളെ മൗനത്തില്‍ തളച്ചിട്ട ദിനങ്ങള്‍. കണ്ണീരുണങ്ങാതെ അമ്മ, ഒന്നുമില്ലെന്ന് സ്വയം ആശ്വസക്കുന്നതുപോലെ അഭിനയിക്കുന്ന അച്ഛന്‍, രാത്രി വൈകിമാത്രം കയറിവന്ന് ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ട് സ്‌നേഹം പങ്കിട്ട് കിടക്കയിലേക്കമരുന്ന ഉണ്ണിയേട്ടന്‍. ഒരൊറ്റ രാത്രി കൊണ്ട് ഒറ്റപ്പെട്ടുപോയതു പോലെ തോന്നി ആതിരക്ക്. ആ ഒറ്റപ്പെടലിനിടയിലെ ഏതോ രാത്രികളില്‍ ഒരു മഹാത്ഭുതം പോലെ ആതിരക്ക് മനസ്സിലായി. തെറ്റിയത് ഉണ്ണിയേട്ടനല്ല, മാനസികമായി തനിക്ക് അപാകതകളുണ്ടെന്ന ആ നിഗമനം തെറ്റല്ല.
ഒരു പുസ്തകകത്തിലെന്നപോലെ താളുകള്‍ പിറകോട്ട് മറിച്ചുമറിച്ച് പോകവേ അത്ര നിസ്സാരമല്ലാത്ത ഒരു മനോവിഭ്രാന്തിയുടെ പോറലുകളേറ്റ ദിനങ്ങള്‍ ആതിരയുടെ ഓര്‍മ്മകളിലേക്കിരച്ചു കയറി. നിറം മങ്ങിപ്പോയ ഓര്‍മ്മകളില്‍ മായാതെ ബാക്കിയായിപ്പോയ രാത്രികള്‍. അമ്മയുടെ ചൂടേറ്റ് കിടന്നിട്ടും ഉറക്കമില്ലാതെ നേരം വെളുപ്പിച്ച ശപിക്കപ്പെട്ട കാളരാത്രികള്‍. മരുന്നുകളുടെ രൂക്ഷഗന്ധം തങ്ങിനില്‍ക്കുന്ന ആശുപത്രിമുറികളില്‍ വെയിലും മഴയുമറിയാതെ മയങ്ങിക്കിടന്ന നാളുകള്‍.
ഒരു നെരിപ്പോടിലെന്ന പോലെ എരിയുന്ന ഓര്‍മ്മകള്‍ പുകഞ്ഞുപുകഞ്ഞുയരവേ അവ്യക്തമായിക്കിടന്ന ചിത്രങ്ങള്‍ക്ക് തെളിച്ചം വരികയാണെന്ന് തോന്നി ആതിരക്ക്. ഓര്‍മ്മകളുടെ നൂലിഴകള്‍ പൊട്ടിപ്പോയ ആ ഇരുണ്ട രാത്രികള്‍ ഓര്‍മ്മകളുടെ ഏതോ അറകളില്‍ അടയിരിക്കുന്നുണ്ട്. നിറമാര്‍ന്ന സന്ധ്യകള്‍ക്കും കറുപ്പേറിപ്പോയ രാത്രികള്‍ക്കും അലസമായി എരിഞ്ഞടങ്ങിത്തീര്‍ന്ന നീണ്ട പകലുകള്‍ക്കും ഇടയില്‍ വിധിയുടെ കൈപ്പിഴയില്‍ ഉരുകിത്തീര്‍ന്ന ബാല്യകാലം ആതിരയുടെ ഓര്‍മ്മയിലേക്കോടിയെത്തി. വടിവില്ലാത്ത കയ്യക്ഷരത്തില്‍ കോറിയിട്ട ജാതകക്കുറി പോലെ ജീവിതം വഴിപിരിഞ്ഞുപോയിരിക്കുന്നു. തെളിഞ്ഞ ചിത്രങ്ങള്‍ ഒന്നുമില്ല ഓര്‍മ്മകളിലെവിടെയും.
ആതിര പുറത്തേക്ക് നോക്കി. നടത്തം നിര്‍ത്തി, പൊളിഞ്ഞു വീഴാറായ പഴയ ചാരുകസേരയില്‍ അച്ഛന്‍ അഭയം തേടിയിരിക്കുന്നു. ഇനിയൊരു യുദ്ധത്തിനുള്ള ബാല്യമില്ല അച്ഛന്. അല്ലെങ്കില്‍ത്തന്നെ ഉണ്ണിയേട്ടനോട് ഒരു നിയമയുദ്ധത്തിനോ തര്‍ക്കത്തിനോ അച്ഛന്‍ മുതിരുമോ? ഇല്ല. അച്ഛന്റെ രീതി അതായിരുന്നില്ല, ഒരിക്കലും.
ഈ രാത്രി ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ആതിരക്കായില്ല. എത്ര നൊന്തു പ്രാര്‍ത്ഥിച്ചാലും നേരം വെളുക്കാതിരിക്കില്ല. ഓരോ കുഞ്ഞുതെറ്റുകള്‍ക്കും അമ്മ ദേഷ്യപ്പെടുമ്പോള്‍ ചെറുചിരിയോടെ കൂടെ നില്‍ക്കാന്‍, അമ്പല നടകളിലെ പ്രാര്‍ത്ഥനകള്‍ മനസ്സറിയാതെ അനന്തമായി നീണ്ടുപോകുമ്പോള്‍ ആരും കാണാതെ സാരിത്തുമ്പില്‍ വലിച്ച് മതിയെന്ന് നിശബ്ദമായി ആജ്ഞാപിക്കാന്‍ ഇനി ഉണ്ണിയേട്ടനുണ്ടാകില്ല.
പുറത്തെ ചാരുകസേരയില്‍ അച്ഛന്‍ തളര്‍ന്നുറങ്ങിപ്പോയോ?. ഒരു നിഴല്‍രൂപം എന്നതിലുപരി മങ്ങിയ വെളിച്ചത്തില്‍ അച്ഛനെ വ്യക്തമായി കാണാനാവുന്നില്ല. ചാരിവെച്ച മുന്‍വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി അച്ഛന്റെ അരികിലേക്ക് പോകണമെന്ന് തോന്നി ആതിരക്ക്. മുതിര്‍ന്ന ശേഷം അച്ഛനോട് ചേര്‍ന്നുനിന്ന നിമിഷങ്ങള്‍ അപൂര്‍വ്വമാണ്.
ഓയില്‍ കമ്പനിയിലെ ഉന്നത ഉദ്യോഗത്തിന്റെ തിരിക്കിനിടയില്‍ അച്ഛന്‍ തന്നെ മറന്നുപോയതുപോലെ തോന്നിയിട്ടുണ്ട്. കാലത്ത് സ്‌കൂള്‍ തിരക്കുകള്‍ക്കിടയില്‍ ഓരോരോ ചെറിയ കാര്യങ്ങളും അമ്മ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുമ്പോഴും നടുത്തളത്തിലെ ഇളംനീല നിറത്തിലുള്ള വലിയ സോഫാസെറ്റില്‍ ചാരിയിരുന്ന് പത്രം വായിക്കുന്ന അച്ഛന്‍ ഒരു തവണപോലും മുഖമുയര്‍ത്തില്ല. വൈകുന്നേരങ്ങളില്‍ അച്ഛന്‍ ഓഫീസില്‍ നിന്നും തിരിച്ചുവരുന്ന സമയം അമ്മക്കൊപ്പം ഒരു ചടങ്ങിനെന്ന പോലെ വരാന്തയില്‍ വന്നു നില്‍ക്കാറുണ്ടായിരുന്നു. അകത്തേക്ക് കയറിക്കഴിഞ്ഞാലുടന്‍ ചായയോ വെള്ളമോ എടുക്കാനായി അമ്മ അടുക്കളയിലേക്ക് നീങ്ങുമ്പോള്‍ ഏതാനും നിമിഷം മാത്രം അച്ഛനെ തനിച്ചുകിട്ടുന്നു. സോഫാസെറ്റിലിരുന്ന് ഷര്‍ട്ടിന്റെ ബട്ടനുകള്‍ അഴിക്കുന്ന അച്ഛനോട് അപ്പോഴും ഒന്നും ചോദിച്ചിട്ടില്ല, ഇന്നുവരെ. അച്ഛനോട് പേടി തോന്നിയിട്ടില്ല, അകല്‍ച്ച എന്നു പറയാന്‍ കാരണങ്ങളൊന്നുമില്ല. എന്നിട്ടും തെളിയാത്ത എന്തോ ഒന്ന് തനിക്കും അച്ഛനും ഇടയില്‍ മറകെട്ടിനിന്നു. തിരിച്ചറിവ് വന്ന കാലം മുതല്‍ അങ്ങനെയാണ്.
പിന്നീടെപ്പോഴോ ചെറിയ ചെറിയ അസ്വസ്ഥതകള്‍ വിഭ്രാന്തിയായി പുറത്തുവന്നപ്പോള്‍ പരിഭ്രമത്തോടെ, സ്‌നേഹത്തോടെ അച്ഛന്‍ തന്നെ ചേര്‍ത്തുപിടിച്ചിട്ടുണ്ടാകണം. മനസ്സ് പതറിപ്പോയ മകളുടെ തിരിച്ചുവരവ് കാത്ത് രാപ്പകലുകള്‍ ഉറക്കമൊഴിച്ച് കാവല്‍ കിടന്നിട്ടുണ്ടാകണം. വാത്സല്യത്തോടെ നെറ്റിയില്‍ പലകുറി ചുംബിച്ചിട്ടുണ്ടാകണം. താളപ്പിഴകളുടെ ആ ഭൂതകാലം തന്റെ ഓര്‍മ്മയിലില്ല. ഉയര്‍ന്ന ഉദ്യോഗം രാജിവെച്ച്, സ്വസ്ഥത തേടി തറവാട്ടിലേക്ക് തിരിച്ചുവന്ന ദിവസങ്ങളില്‍ മുനിഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നില്‍ കുനിഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ രാമനാമം ചൊല്ലുന്ന അമ്മമ്മയുടെ ഒരു തെളിയാത്ത ചിത്രം മാത്രമുണ്ട് ഓര്‍മ്മയില്‍. ഇപ്പോഴും ചില നേരങ്ങളില്‍ ‘നിനക്കോര്‍മ്മയുണ്ടോ അമ്മമ്മയെ’ എന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഭയമാണ്. അമ്മമ്മ ഒരു നേര്‍ത്ത ചിത്രം മാത്രമാണ് ഓര്‍മ്മയില്‍. മനസ്സിന്റെ ഉള്ളറകളിലെവിടെയോ അങ്ങനെ പകിട്ടില്ലാത്ത ഒരായിരം വരക്കൂട്ടുകളുണ്ട്. ചിലപ്പോള്‍ ഭയപ്പെടുത്തുന്ന, ചിലപ്പോള്‍ ശ്വാസം മുട്ടിക്കുന്ന നിറക്കൂട്ടുകള്‍.
വാതില്‍ തുറന്ന് പുറത്ത് തണുപ്പിലേക്കിറങ്ങിയപ്പോള്‍ മനസ്സ് വിറകൊണ്ടു. അച്ഛനോട് ഒന്നും പറയാനില്ല. അച്ഛനെ ഒന്നു ചേര്‍ത്തുപിടിച്ചാല്‍ ഒരുപക്ഷെ, വേദനകള്‍ അണപൊട്ടിപ്പോയേക്കാം.
മെല്ലമെല്ലെ ചാരുകസേരയുടെ അടുത്തേക്ക് നീങ്ങി കൈ ചേര്‍ത്തുപിടിച്ചപ്പോള്‍, മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അച്ഛന്‍ ഒരുനിമിഷം പതറിപ്പോയോ? തടയിണകള്‍ ഭേദിച്ച് കവിള്‍ത്തടങ്ങളെ പൊള്ളിച്ചുകൊണ്ട് കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് ആതിര അറിയുന്നുണ്ടായിരുന്നു. ഒടുവില്‍ എങ്ങനെയോ ഊറിക്കൂടിയ ധൈര്യമെല്ലാം സംഭരിച്ച് ‘മെച്ചപ്പെട്ട മറ്റൊരു ജീവിതം കിട്ടുമെങ്കില്‍ ഉണ്ണിയേട്ടന്‍ പോയ്‌ക്കോട്ടെ അച്ഛാ’ എന്ന് പറയുമ്പോഴേക്കും അച്ചന്‍ കസേരയില്‍ നിന്നും എഴുന്നേറ്റിരുന്നു. മറ്റെന്തൊക്കെയോ പറയാന്‍ തുടങ്ങിയെങ്കിലും തേങ്ങലുകള്‍ക്കിടയില്‍ തുടര്‍വാക്കുകള്‍ പുറത്തുവന്നില്ല. ആശ്വസിപ്പിക്കാനാവാം, അച്ഛന്റെ കൈകള്‍ തന്റെ മുടിയിഴകള്‍ തഴുകിയപ്പോള്‍ സ്‌കൂള്‍ കൂട്ടിയെപ്പോലെ അച്ഛനോട് ചേര്‍ന്നുനിന്നു.
ഓര്‍മ്മയിലെവിടെയോ ഏതോ പുഴക്കരയില്‍ വെള്ളാരംകല്ലുകള്‍ പെറുക്കി നടക്കുമ്പോള്‍ തൊട്ടുപിറകില്‍ നിന്നും വേണ്ടെന്ന് ശാസിക്കുന്ന അച്ഛന്റെ മുഖം. സ്റ്റോര്‍ മുറിയിലെ മരപ്പെട്ടിയില്‍ ഇപ്പോഴുമുണ്ട് ഒരു കുഞ്ഞുസഞ്ചിയില്‍ നിറയെ മഞ്ചാടിക്കുരുവും വെള്ളാരംകല്ലുകളും. നേരം വെളുക്കട്ടെ, അതെടുത്ത് അച്ഛന് കാട്ടിക്കൊടുക്കണമെന്ന് ഓര്‍മ്മിച്ചു. വെള്ളാരംകല്ലുകള്‍ അച്ഛന് കാട്ടിക്കൊടുക്കുന്നതോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു നറുചിരി പടര്‍ന്നു. മഞ്ഞുതുള്ളി പോലെ ആ ചിരി ചുണ്ടുകളിലേക്ക് പടര്‍ന്നിറങ്ങി. മുഖത്ത് മുല്ലമൊട്ട് വിരിഞ്ഞാലെന്ന പോലെ ആ ചിരി മായാതെ നിന്നു.
ഉറക്കെയുള്ള അച്ഛന്റെ വിളികേട്ട് അമ്മ ഓടിവന്നതും തന്നെ കെട്ടിപ്പിടിച്ച് ആര്‍ത്തലച്ച് കരയുന്നതും ആതിര കണ്ടില്ല. മോള്‍ക്ക് ഒന്നുമില്ലെന്ന് അച്ഛന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അമ്മയെ ആശ്വസിപ്പിക്കുമ്പോള്‍ പടിവാതില്‍ കടന്ന് നേര്‍ത്ത ഒരു നിഴല്‍ പോലെ ഉണ്ണിയേട്ടന്‍ പുറത്തേക്ക് വരുന്നത് അവള്‍ നോക്കിനിന്നു. ചിരി മാഞ്ഞിട്ടില്ലാത്ത കണ്ണുകളില്‍ അപ്പോഴും വെള്ളാരംകല്ലുകള്‍ മിന്നിമറയുന്നുണ്ടായിരുന്നു.