പാടത്ത് വിത്ത് വിതച്ചു കഴിഞ്ഞാല്‍ അത് കൊയ്യുന്നതുവരെ, മുടങ്ങാതെ രാവിലെ എഴുന്നേറ്റ് പാടത്തേയ്ക്കു അച്ഛന്‍ പോകും. വീട്ടില്‍നിന്നും അല്പം അകലെയാണ് പാടം. സൂര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ പിന്നീട് ഉറങ്ങാന്‍ പാടില്ലെന്നാണ് അച്ഛന്റെ നിയമം. സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പു തന്നെ അച്ഛന്‍ എഴുന്നേല്‍ക്കും. മുളച്ചുവരുന്ന നെല്ലിന് ആവശ്യത്തിന് വെള്ളം തുറന്നുവിട്ടും അതിനെ ശുശ്രൂഷിച്ചും അച്ഛന്‍ പാടത്തു നിന്നുവരാന്‍ ചിലപ്പോള്‍ ഏറെ വൈകാറുണ്ട്.
അച്ഛനാണ് കണ്ണനെ രാവിലെ വിളിച്ചുണര്‍ത്തുന്നത്. എല്ലാദിവസവും രാവിലെ കൃത്യമായി അച്ഛന് എഴുന്നേല്‍ക്കാന്‍ എങ്ങനെയാണ് കഴിയുന്നതെന്ന് കണ്ണന്‍ അത്ഭുത പ്പെടാറുണ്ട്. കൃത്യസമയത്തടി ക്കുന്ന അലാറംപോലെ അച്ഛന്റെ ശബ്ദമാണ് രാവിലെ കണ്ണനെ ഉണര്‍ത്തുന്നത്.
പുലര്‍ച്ചെ എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ മേശപ്പുറത്തു വച്ചിട്ടുള്ള ടൈംപീസില്‍ കിടക്കുന്നതിന് മുമ്പേ അച്ഛന്‍ അലാറം കൊടുക്കുന്നത് കണ്ണന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ ടൈംപീസിന്റെ പേര് ‘ഫേബര്‍ലൂബ’ എന്നാണെന്ന് ചേച്ചിയാണ് അവന് പറഞ്ഞു കൊടുത്തത്. ആ പേര് അവന് ഇഷ്ടമായില്ല. എങ്കിലും രാത്രിയില്‍ വിളക്കില്ലാതെ ഒന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള അക്കങ്ങളും വലിയ സൂചിയും ചെറിയ സൂചിയും കാണാന്‍ കഴിയുന്ന, രാത്രിയിലും സമയം നോക്കാന്‍ കഴിയുന്ന ആ ടൈംപീസ് ഒരു അത്ഭുതമായിട്ടാണ് അവന് തോന്നിയത്.
ചില ദിവസങ്ങളില്‍ കണ്ണന്‍ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങുമ്പോള്‍ ത്തന്നെ അച്ഛന്‍ പറമ്പിലെ പണി ആരംഭിച്ചിട്ടുണ്ടാവും. എല്ലാദിവസ വും രാവിലെതന്നെ അച്ഛന്‍ ഓരോരോ പണിയില്‍ ഏര്‍പ്പെടു മ്പോള്‍ വീട്ടിലെ പണികള്‍ക്ക് ഒരിക്കലും അവസാനമില്ലെന്ന് അവന് തോന്നിയിട്ടുണ്ട്. സ്‌കൂള്‍ ഇല്ലാത്ത ദിവസം മാത്രമാണ് രാവിലെ എഴുന്നേല്‍ക്കുന്നതിന് ചെറിയ ഇളവ് അച്ഛന്‍ അനുവദിച്ചത്.
സ്‌കൂളില്ലാത്ത ദിവസം അടുത്തുള്ള പാടത്താണ് അച്ഛന്‍ നിലം ഉഴുന്നതെങ്കില്‍ അമ്മയുടെ അനുവാദം വാങ്ങി കണ്ണനും പാടത്തേയ്ക്കു പോകും. കാള കളുടെ കഴുത്തില്‍ നുകം വെച്ചു കെട്ടി, ആ നുകത്തിന്റെ മദ്ധ്യത്ത് കലപ്പകെട്ടി, കലപ്പയുടെ പിടിയില്‍ പിടിച്ചുകൊണ്ട് പൂട്ടുകമ്പും പിടിച്ച് ചളിവെള്ളത്തിലൂടെ കാളകളുടെ പിന്നാലെ നടക്കുന്നത് രസമുള്ള കാര്യമായിട്ടാണ് കണ്ണന് തോന്നിയത്.
പാടത്തെ ചളി വെള്ളത്തി ലിറങ്ങി നടക്കുന്നത് കണ്ണന് ഏറെ ഇഷ്ടമാണ്. ചളിയിലിറങ്ങി അച്ഛന്റെ പിന്നാലെ നടക്കുമ്പോള്‍ അച്ഛന്‍ ദേഷ്യപ്പെടും. പൂട്ടുമ്പോള്‍ പാടത്തിറങ്ങാന്‍ അച്ഛന്‍ അനുവദിക്കില്ല.
”അച്ഛാ.. ഞാന്‍ ആ കലപ്പയി ലൊന്നു പിടിക്കട്ടെ..” ഒരു ദിവസം അവന്‍ കെഞ്ചി അച്ഛനോട് ചോദിച്ചു.
കണ്ണന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി കലപ്പയില്‍ പിടിക്കാന്‍ അച്ഛന്‍ അനുവദിച്ചു. കണ്ണന്റെ കൈ കലപ്പയില്‍ തൊട്ടതും കാളകള്‍ അത് തിരിച്ചറിഞ്ഞ് തലയിളക്കി പ്രതിഷേധിച്ചു. അതു കണ്ടപ്പോള്‍ കണ്ണന് പേടിയായി.
”ഞാന്‍ പറഞ്ഞാല് കാളകള് അനുസരിക്കാതെ തോന്നിയതു പോലാ പോകുന്നത്. അതെന്താ അച്ഛാ.?” കണ്ണന്‍ ചോദിച്ചു.
”വലുതായാല്‍ കാളകള്‍ കണ്ണനെയും അനുസരിക്കും.” അച്ഛന്‍ കണ്ണനെ ആശ്വസിപ്പിച്ച് കലപ്പ കണ്ണന്റെ കയ്യില്‍നിന്ന് വാങ്ങി.
അച്ഛന്‍ നിലം ഉഴുതു കഴിയുന്നതുവരെ പാടത്തും, പാടത്തിനോടു ചേര്‍ന്നുള്ള ചെറു തോട്ടിലും ഇറങ്ങി പരല്‍മീനുകളെ പിടിച്ചു. പാടവരമ്പത്തെ മാളത്തില്‍ ഒളിഞ്ഞിരിക്കുന്ന ഞണ്ടുകളെ പിടിക്കാന്‍ ശ്രമിച്ചും അവന്‍ സമയം കളയും.
നിലം ഉഴുതു കഴിഞ്ഞാല്‍ കാളകളെ കുളിപ്പിക്കാനായി അല്പം അകലെയുള്ള വലിയ തോട്ടിലാണ് അച്ഛന്‍ ചിലപ്പോള്‍ കൊണ്ടു പോകുന്നത്. മഴക്കാലത്ത് വലിയ തോട് എരച്ചു പാഞ്ഞുപോകുന്നത് പുഴപോലെയാണ്. വേനല്‍ ക്കാലത്തും അരയോളം വെള്ളം ആ തോട്ടിലുണ്ടാവും.
(തുടരും)