കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വ്വകലാശാല ഒന്നാം വര്‍ഷ എം.എ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസിനിടെ ഭാരതത്തെ ഫാസിസ്റ്റ് രാഷ്ട്രമായി ചിത്രീകരിച്ച കേരള കേന്ദ്ര സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സര്‍വ്വകലാശാല സംരക്ഷിക്കുകയാണെന്ന് എ.ബി.വി.പി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് വൈശാഖ് കൊട്ടോടി ആരോപിച്ചു. ഭാരതം ലോകത്തിലെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാഷ്ട്രമാണെന്നിരിക്കെ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ വരുന്ന ഒരു സ്ഥാപനത്തിലെ ഔദ്യോഗിക വേദി ഉപയോഗിച്ച് സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ ആധികാരികമാണെന്നവണ്ണം സ്ഥാപിക്കാന്‍ ശ്രമിച്ചത് വിദ്യാര്‍ത്ഥികളില്‍ ഞെട്ടലുളവാക്കുന്നതും അപഹാസ്യവുമായ ഒരു കൃത്യമാണ്. ഇത് രാജ്യത്തെ അപഹസിക്കുവാനുള്ള ദേശവിരുദ്ധ ശക്തികളുടെ ശ്രമത്തിന് ശക്തി പകരാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇതിനു മുമ്പും ഇത്തരത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ളയാളാണ് ഈ അധ്യാപകന്‍. 2018 ല്‍ മഹാരാഷ്ട്രയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കുകയും രണ്ട് വര്‍ഷം മുമ്പ് പുല്‍വാമ ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്ഥാനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കിയതും ഈ അധ്യാപകനാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍വ്വകലാശാല നിലപാടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് എ.ബി.വി.പി നേതൃത്വം നല്‍കുമെന്നും വൈശാഖ് കൊട്ടോടി പ്രസ്താവനയില്‍ പറഞ്ഞു.