ഭാരതവുമായി അതിര്‍ത്തി പങ്കിടുന്ന അസ്വസ്ഥ ബാധിത രാജ്യങ്ങളില്‍ ഒന്നാണ് ഗാന്ധാരം എന്ന് പുരാണ പ്രസിദ്ധമായ അഫ്ഗാനിസ്ഥാന്‍. ഇസ്ലാമിക മതഭീകരവാദത്തിന് ഏറെ വളക്കൂറുള്ള അഫ്ഗാന്‍ അതുകൊണ്ട് തന്നെ എല്ലാക്കാലത്തും ആഭ്യന്തരകലാപങ്ങള്‍കൊണ്ടും രക്തച്ചൊരിച്ചില്‍കൊണ്ടും ലോകഭൂപടത്തിലെ ഗന്ധകമണമുള്ള ഭൂപ്രദേശമായി തുടരുന്നു. നിലയ്ക്കാത്ത വെടിയൊച്ചകളും സ്‌ഫോടന പരമ്പരകളുംകൊണ്ട് നിത്യവും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ഈ രാജ്യം വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. രണ്ട് ദശകങ്ങളായി അഫ്ഗാനിസ്ഥാനില്‍ തുടരുന്ന അമേരിക്കന്‍ സൈന്യം അവിടെനിന്നും പിന്‍മാറാന്‍ തീരുമാനിച്ചിരിക്കുന്നു.
മയക്കുമരുന്ന് കൃഷിയിലൂടെയും വ്യാപാരത്തിലൂടെയും ആഗോള ഇസ്ലാമിക ഭീകരവാദത്തിനുള്ള മൂലധനം പ്രദാനം ചെയ്തിരുന്ന ഈ രാജ്യം എന്നും പ്രാകൃത ഗോത്രങ്ങളുടെ സംഘര്‍ഷഭൂമിയായിരുന്നു. അനേകം ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളുടെ ജന്മഭൂമി കൂടിയാണ് അഫ്ഗാനിസ്ഥാന്‍. ഏതാണ്ട് ഒരു ദശകം ഈ രാജ്യത്തെ അടക്കി ഭരിച്ചത് റഷ്യയായിരുന്നെങ്കില്‍ കഴിഞ്ഞ ദശകങ്ങളില്‍ അത് അമേരിക്കയായിരുന്നു എന്നു മാത്രം. റഷ്യ ആഭ്യന്തരമായ ശക്തിക്ഷയം നേരിട്ടു തുടങ്ങിയപ്പോഴാണ് തങ്ങളുടെ ചെമ്പടയെ ഇവിടുന്ന് പിന്‍വലിച്ചത്. തുടര്‍ന്ന് സര്‍വ്വ ഭീകരപ്രസ്ഥാനങ്ങളും പൂര്‍വ്വാധികം ശക്തമാകുകയും ലോക ജിഹാദികളുടെ കേന്ദ്രമായി അഫ്ഗാനി സ്ഥാന്‍ മാറുകയും ഉണ്ടായി.
2001 സെപ്തംബര്‍ 11-ന് ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായുള്ള അല്‍ഖ്വയ്ദ അമേരിക്കയില്‍ ഭീകരാക്രമണം നടത്തി. ന്യൂയോര്‍ക്ക് നഗര ഹൃദയത്തിലെ ഇരട്ടവ്യാപാര സമുച്ചയം ഭീകരവാദികള്‍ തകര്‍ത്ത് ആയിരങ്ങളെ വകവരുത്തിയതോടെ അമേരിക്ക അങ്ങേയറ്റം പ്രകോപിതമായി. മറ്റ് രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെ വളര്‍ത്തുകയും ഭീകരവാദികളെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്ന അമേരിക്ക തന്നെ ഭീകരാക്രമണത്തിന് വിധേയമായതോടെ ഭീകരവാദികളെ മുച്ചൂടും മുടിക്കുമെന്ന പ്രതിജ്ഞയുമായി അവര്‍ ഇറങ്ങിത്തിരിച്ചു. ഒക്ടോബര്‍ 7-ന് അഫ്ഗാനിസ്ഥാനിലെ ഭീകരക്യാമ്പുകളെ ആക്രമിച്ചുകൊണ്ട് അമേരിക്കയും നാറ്റോ സേനയും സംയുക്തമായി ആരംഭിച്ച യുദ്ധം വലിയ സാമ്പത്തികച്ചിലവും ആള്‍നാശവും ഉണ്ടാക്കി കൊണ്ട് 20 വര്‍ഷങ്ങള്‍ നീണ്ടുനിന്നു. അല്‍ഖ്വയ്ദയുടെ അധികാരശേഷിയും പ്രഹരശേഷിയും തകര്‍ക്കാനായെങ്കിലും അവരെ ഉന്‍മൂലനം ചെയ്യുവാന്‍ അമേരിക്കന്‍ സൈന്യത്തിനായില്ല. 2011 മെയ് മാസം പാകിസ്ഥാനിലെ അബാട്ടാബാദില്‍വച്ച് അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ പിടിക്കാനും കൊന്ന് കടലിലെറിയാനും കഴിഞ്ഞു എന്നതാണ് അമേരിക്കന്‍ സൈനിക നീക്കത്തിന്റെ പ്രധാന ഉപലബ്ധി. ലോക സൈനികശക്തികളില്‍ അമേരിക്കയുടെ മേല്‍കൈ തെളിയിക്കാന്‍ അഫ്ഗാനിസ്ഥാനിലെ പടയോട്ടംകൊണ്ട് കഴിഞ്ഞു എന്നത് ഒരു വസ്തുതയാണ്. ഇന്ന് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഒരു പാവ ഗവണ്‍മെന്റാണ് അഫ്ഗാനിസ്ഥാനിലുള്ളത്. തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി നേടി എന്നുള്ളതുകൊണ്ടല്ല അമേരിക്ക ഇപ്പോള്‍ സൈന്യത്തെ പിന്‍വലിക്കുന്നത്; ഈ സൈനിക സാന്നിദ്ധ്യം ഇനിയും തുടര്‍ന്നാല്‍ അത് അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെവരെ ബാധിച്ചേക്കാം എന്നുള്ളതുകൊണ്ടാണ്.
അല്‍ഖ്വയ്ദക്കെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷം കോടിയിലേറെ ഡോളറും 2500-ല്‍ പരം സൈനികരെയും അമേരിക്കക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. അഫ്ഗാനിസ്ഥാനില്‍ സൈന്യത്തെ നിലനിര്‍ത്താന്‍ പ്രതിവര്‍ഷം നൂറ് കോടി ഡോളറാണ് അമേരിക്കക്ക് ചിലവായിക്കൊണ്ടിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തന്നെ അമേരിക്കയുടെ സൈനിക പരിരക്ഷയില്‍ കഴിയുന്ന ആജ്ഞാനുവര്‍ത്തികളായ ഭരണകൂടങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഇവിടെയുള്ള സൈനിക താവളങ്ങള്‍കൊണ്ട് മേഖലയെ നിയന്ത്രിക്കാമെന്നിരിക്കെ ഭാരിച്ച പണം മുടക്കി അഫ്ഗാനിസ്ഥാനില്‍ സേനയെ നിര്‍ത്തേണ്ട എന്ന് അമേരിക്ക തീരുമാനിച്ചു എന്നുവേണം അനുമാനിക്കാന്‍. അതുകൊണ്ടാണ് ഖത്തറില്‍ വച്ച് 2020 ഫെബ്രുവരിയില്‍ അല്‍ഖ്വയ്ദയുമായി സമാധാന കരാറില്‍ ഒപ്പുവച്ച് സമ്പൂര്‍ണ്ണമായ സൈനിക പിന്‍വലിക്കലിലേക്ക് അമേരിക്ക എത്തിച്ചേര്‍ന്നത്. മേഖലയിലെ സമാധാനം റഷ്യയുടെയും ചൈനയുടെയും ഭാരതത്തിന്റെയും ഒക്കെ ബാധ്യതയാണ് എന്നുകൂടി പരാമര്‍ശിച്ചാണ് അമേരിക്ക പിന്‍മാറുന്നത്. ഇറാഖിലെ സൈനിക നടപടിക്ക് ശേഷം അമേരിക്ക പിന്‍മാറിയപ്പോഴുണ്ടായ ആരാജകാവസ്ഥ ലോകം മറന്നിരിക്കാന്‍ ഇടയില്ല.
അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള ദുര്‍ബല സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ മുന്നോട്ടു വന്നുകൂടായ്കയില്ല. ഇത് ഭാരതത്തിനും ചൈനക്കും റഷ്യക്കും വരെ ഭീഷണിയാകും എന്ന കാര്യത്തില്‍ സംശയംവേണ്ട. പാകിസ്ഥാനെപ്പോലെ ആഭ്യന്തര കുഴപ്പങ്ങളില്‍ നട്ടംതിരിയുന്ന ഒരയല്‍രാജ്യവും കൂടി ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ തീയും വെടിമരുന്നും പോലെയാകാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ പല ദൗത്യങ്ങളുമായി ഭാരതത്തിന്റെ സൈന്യം അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ കാറ്റ് മാറി വീശിത്തുടങ്ങിയാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ ഭാരതത്തിനായേക്കാം. എന്തായാലും അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ അസ്വസ്ഥതകളുടെ നാളെകള്‍ ഉണ്ടാകാനുള്ള സാധ്യതകളാണ് രൂപപ്പെട്ടുവരുന്നത്. സൈനികമായും നയതന്ത്രപരമായും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇന്ന് ഇന്ദ്രപ്രസ്ഥത്തിനു കഴിയും എന്നതാണ് ഒരാശ്വാസം.