മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന മഹാസൗധങ്ങള്‍ ചിതല്‍പ്പുറ്റിന്റെ വാസ്തുകലയില്‍ നിന്നും ഒട്ടും മേലെയല്ല എന്ന് ബോധ്യംവരുന്നത് ചക്രവാളങ്ങള്‍ക്കപ്പുറത്ത് പ്രപഞ്ചം പിടിതരാതെ അനന്തമായി പരന്നുകിടക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ആ അനന്തതയെ എത്തിപ്പിടിക്കാനും അതിന്റെ നിഗൂഢതകളുടെ കുരുക്കഴിക്കാനുമുള്ള മനുഷ്യന്റെ പരിശ്രമത്തില്‍ നിന്നാണ് ശൂന്യാകാശഗവേഷണങ്ങളുടെ പ്രാരംഭം കുറിക്കുന്നത്. ഒരു കാലത്ത് അമേരിക്കയും റഷ്യയും പോലുള്ള ഏതാനും രാഷ്ട്രങ്ങള്‍ക്കുമാത്രം നടത്താന്‍ കഴിഞ്ഞിരുന്ന ശൂന്യാകാശ ഗവേഷണമേഖലയില്‍ ഇന്ന് ഭാരതം തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. സമ്പന്നരാഷ്ട്രങ്ങള്‍ അവരുടെ ശേഷി കാട്ടാന്‍ നടത്തുന്ന കമ്പക്കെട്ടുമാത്രമാണ് റോക്കറ്റ് വിക്ഷേപണമെന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് ശീതസമരകാലത്ത് അമേരിക്കയും റഷ്യയും നടത്തിയിരുന്ന ബഹിരാകാശ പരീക്ഷണങ്ങള്‍ രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരപ്പൊയ്ത്തുമാത്രമാണെന്ന് മൂന്നാം ലോകരാഷ്ട്രങ്ങളെങ്കിലും കരുതിയിരുന്നു. റഷ്യ ആദ്യമായി ശൂന്യാകാശത്തിലേക്ക് മനുഷ്യരെ എത്തിച്ചപ്പോള്‍ അമേരിക്ക ചന്ദ്രനില്‍ ഇറങ്ങി തങ്ങളുടെ സാങ്കേതിക മികവുകാട്ടി. മത്സരങ്ങള്‍ക്കൊക്കെ അപ്പുറത്ത് ഭാവിലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പോന്ന ശാസ്ത്രമേഖലയാണ് ബഹിരാകാശഗവേഷണമെന്ന് മനസ്സിലാക്കിയ മറ്റ് വന്‍ശക്തി രാഷ്ട്രങ്ങളും ഈ വഴിയില്‍ പിച്ചവച്ചുതുടങ്ങി.
വികസ്വരരാഷ്ട്രം എന്ന പരാധീനതയില്‍ കുടുങ്ങിക്കിടന്നിരുന്ന ഭാരതത്തിന് കോടികള്‍ മുടക്കുവരുന്ന ശൂന്യാകാശഗവേഷണത്തെക്കുറിച്ച് ഒരുകാലത്ത് സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ല. എങ്കിലും 1960 കളോടെ വിദേശസഹായത്തോടെയാണെങ്കിലും ഭാരതവും ഈ രംഗത്തേയ്ക്ക് കടന്നുവന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയായ ഇസ്രോയിലെ സമര്‍ത്ഥരും സമര്‍പ്പിതരുമായ ശാസ്ത്രജ്ഞന്മാര്‍ ഏതാനും ദശകങ്ങള്‍കൊണ്ട് ഭാരതത്തെ ഈ മേഖലയിലെ എണ്ണപ്പെട്ട ശക്തികളിലൊന്നാക്കി മാറ്റി. നിരവധി വിക്ഷേപണ പരാജയങ്ങളുടെ പാഠങ്ങളില്‍ നിന്നും നാം ആര്‍ജ്ജിച്ച അനുഭവസമ്പത്ത് ഈ മേഖലയില്‍ ഇന്ന് ഏത് വന്‍ശക്തിരാഷ്ട്രങ്ങള്‍ക്കുമൊപ്പം നമ്മെ എത്തിച്ചിരിക്കുന്നു. പട്ടിണി മാറ്റിയിട്ട് ശൂന്യകാശ ഗവേഷണവും വിക്ഷേപണങ്ങളും മതിയെന്ന പക്ഷക്കാര്‍ ഒരുകാലത്ത് ഏറെ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് പട്ടിണിമാറ്റാന്‍ ഉപഗ്രഹവിന്യാസം കൊണ്ട് സാധിക്കുമെന്ന തലത്തിലേക്ക് ഭാരതം വളര്‍ന്നിരിക്കുന്നു. ചന്ദ്രയാന്‍ – 2 ഭാരതത്തെപ്പോലൊരു രാഷ്ട്രം കൃത്രിമ ദേശാഭിമാനം ഉയര്‍ത്താന്‍ വേണ്ടി നടത്തുന്ന പൊങ്ങച്ച വിക്ഷേപണമാണെന്ന് അടക്കം പറയുന്ന ചില ഇടതുപക്ഷ കുബുദ്ധിജീവികളെങ്കിലും നമ്മുടെ നാട്ടില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 1999ല്‍ പൊഖ്‌റാനില്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് നാം ആണവ പരീക്ഷണം നടത്തിയപ്പോള്‍ അതിനെതിരെ കോലാഹലമുണ്ടാക്കിയവര്‍ 1960-ല്‍ ചൈന അണുബോംബുണ്ടാക്കിയതില്‍ ആനന്ദം കൊണ്ടവരായിരുന്നു എന്നറിയുമ്പോഴാണ് ഇക്കൂട്ടരുടെ മനസ്സിലിരുപ്പ് മറനീക്കി പുറത്തുവരുന്നത്. എന്തായാലും പാശ്ചാത്യരാജ്യങ്ങള്‍ ഭാരതത്തിനു നിഷേധിച്ച ക്രയോജനിക് സാങ്കേതികവിദ്യ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതിന്റെ വിജയക്കുതിപ്പാണ് ചന്ദ്രയാന്‍-2ല്‍ കണ്ടത്. 3877 കിലോഗ്രാം വഹിച്ചുകൊണ്ട് ചന്ദ്രോപരിതലത്തിലേക്ക് കുതിക്കാന്‍ മാത്രം കരുത്തുള്ള വിശ്വസ്ത വാഹനമായി ജിഎസ്എല്‍യു മാര്‍ക്ക് 3 റോക്കറ്റ് മാറിയിരിക്കുന്നു. അമേരിക്കയുടേതടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് ഇന്ന് നമ്മുടെ റോക്കറ്റ് ശൂന്യാകാശത്ത് പറക്കുന്നത്. കോടികളുടെ മുതല്‍മുടക്കി നാം നടത്തിയ ഗവേഷണങ്ങള്‍ ഇന്ന് ലാഭകരമായ ബിസിനസ്സായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ചന്ദ്രയാന്‍-2 ദൗത്യം ഏറെ ശ്രദ്ധേയമാകുന്നത് ചന്ദ്രന്റെ ഉപരിതലത്തില്‍ പറന്നിറങ്ങുന്ന സാങ്കേതികവിദ്യയുള്ള 4-ാമത്തെ രാജ്യമായി ഭാരതം മാറുന്നു എന്നതിലാണ്. എന്നുമാത്രമല്ല ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി പേടകമിറക്കുന്ന രാജ്യമായി ഭാരതം മാറാന്‍ പോകുക കൂടിയാണ്. ചന്ദ്രോപരിതലത്തിലെ ഹീലിയം 3 നിക്ഷേപത്തിന്റെ സാന്നിദ്ധ്യവും അളവും പഠിക്കുക എന്ന ദൗത്യവും ഇതിനു പിന്നിലുണ്ട്. ഹീലിയം 3, ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറുകളില്‍ ആണവ ഇന്ധനമായി ഉപയോഗിക്കാനായാല്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകും. ഇവിടെയാണ് ശൂന്യാകാശ കോളനികളുടെ ഭാവി സാധ്യതകള്‍ തെളിയുന്നത്.
ഏതാണ്ട് 11 വര്‍ഷം നീണ്ട ഗവേഷണത്തിന്റെ വിജയമാണ് ചന്ദ്രയാന്‍-2ല്‍ നാം കണ്ടത്. ശൂന്യാകാശഗവേഷണത്തിലും വിക്ഷേപണങ്ങളിലും ഏറ്റവും ചിലവുകുറഞ്ഞ രാജ്യമാണ് ഭാരതം ഇന്ന്. ഇത് മറ്റു രാഷ്ട്രങ്ങളുടെ ദൗത്യങ്ങള്‍ നമ്മെ ഏല്‍പ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഭാവിയില്‍ ഭാരതത്തിനുണ്ടാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്ന് ഏതാണ്ട് 50 ഓളം ഉപഗ്രഹങ്ങള്‍ നമ്മുടേതായി ശൂന്യാകാശത്ത് നില ഉറപ്പിച്ചിട്ടുണ്ട്. വിവര വിനിമയരംഗത്തും കാലാവസ്ഥാ പ്രവചനത്തിലും ധാതുനിക്ഷേപങ്ങളുടെ കണ്ടെത്തലിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതക്കുമെല്ലാം ഇന്ന് നാം ഏറെ മുന്നില്‍ നില്‍ ക്കുന്നത് ശൂന്യാകാശരംഗത്തെ നമ്മുടെ മേല്‍ ക്കൈ ഒന്നുകൊണ്ടുമാത്രമാണ്. ചുഴലിക്കൊടുങ്കാറ്റുകളെയും പേമാരിയേയും മുന്‍കുട്ടി പ്രവചിക്കാനും വേണ്ട മുന്‍കരുതല്‍ എടുക്കാ നും നമുക്കിന്ന് കഴിയുന്നത് ഇസ്രോയുടെ ഗവേഷണവിജയങ്ങളുടെ ഫലമായാണ്. പ്രതിനിമിഷം ശക്തിയിലേക്ക് കുതികൊള്ളുന്ന ഭാരതത്തിന്റെ അഭിമാനം നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നു. വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കുപോലും അസൂയ ഉളവാക്കുന്ന വിജയവാര്‍ത്തകളാണ് നമ്മുടെ വിക്ഷേപണത്തറകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. 2021 ഡിസംബറില്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. 2030നു മുമ്പ് ഭാരതം സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കുക എന്ന ലക്ഷ്യം വച്ചാണ് ഇസ്രോ മുന്നേറിക്കൊണ്ടിരിക്കുന്നത്. അതെ, അക്ഷരാര്‍ത്ഥത്തില്‍ ഭാരതം ഇന്നൊരു വന്‍ ശക്തി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശം ഭേദിക്കുന്ന അഭിമാനമാണ് ഇന്ന് ഓരോ ഭാരതീയനിലും ഉയര്‍ന്നു പൊങ്ങുന്നത്.