മൂന്നുവര്‍ഷം മുമ്പാണ് പുലര്‍ച്ചെ ഭജനകേട്ട് എഴുന്നേറ്റത്. മുറ്റത്ത് ആളുകളുടെ ശബ്ദം. അമ്മ വാതില്‍ തുറന്നു. ഞാന്‍ ഓടിച്ചെന്നു നോക്കി. വരാന്തയില്‍ ഓടക്കുഴലൂതി നില്ക്കുന്ന കൃഷ്ണന്. നിലവിളക്കിന്റെ വെളിച്ചത്തില്‍ കൃഷ്ണനെ തന്നെ നോക്കി കൈകൂപ്പി തൊഴുതു നിന്നു. കൃഷ്ണന്റെ മുമ്പിലെ താലത്തില്‍ വിഷുക്കണി. കണിക്കാഴ്ചയില്‍ ലയിച്ചു നില്‍ക്കവെ എന്റെ കൈവെണ്ണയില് ഒരുനാണയം വെച്ചുതന്നു കൃഷ്ണന്. വിഷുക്കൈനീട്ടം. എന്തൊരു സന്തോഷമായിരുന്നെന്നോ അന്ന് എനിക്ക്. വിഷുക്കണി ഒരുക്കിയ ബാലഗോകുലം പ്രവര്‍ത്തകരില്‍ എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു.
അടുത്തവര്‍ഷം കണിദര്ശനമൊരുക്കാന് ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. ബാലഗോകുലം യൂണിറ്റ് യോഗത്തില്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. കണിവെക്കാനുള്ള സാധനങ്ങള്‍ ഒരുക്കണം. അതിനുള്ള ചുമതല ഓരോരുത്തര്‍ക്കായി നല്കി. കണിവെള്ളരി, മാങ്ങ, ചക്ക, ഉണങ്ങലരി, പുടവ, നവധാന്യങ്ങള്‍ തുടങ്ങി ഓരോ സാധനവും കൊണ്ടുവരാന്‍ ഓരോരുത്തര് തയ്യാറായി. എനിക്കും രണ്ടു കൂട്ടുകാര്‍ക്കും കിട്ടിയ ചുമതല കണിക്കൊന്ന എത്തിക്കാനായിരുന്നു. ഞങ്ങള്‍ ആ പ്രദേശത്തെ കൊന്നമരമുള്ള വീടുകളില്‍ ചെന്നു വിഷുവിനു കൊന്ന ഒടിക്കാന്‍ സമ്മതം വാങ്ങി. തലേന്ന് വൈകുന്നേരം പോയി അവ ഒടിച്ചുകൊണ്ടുവന്നു. വൈകുന്നേരം ഗോകുലം നടക്കുന്ന വീട്ടില്‍ എല്ലാവരും അവരവരുടെ സാധനങ്ങളുമായി ഒത്തുകൂടി.
കണിസാധനങ്ങളെല്ലാം ഒരുക്കിവെച്ചപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി. ബാലമിത്രവും രക്ഷാധികാരിയും ഞങ്ങളുമെല്ലാം രാത്രി ആ വീട്ടില്‍ തന്നെ കിടന്നുറങ്ങി. പുലര്‍ച്ചെ മുതിര്‍ന്ന ചേട്ടന് വിളിച്ചുണര്‍ത്തി. വേഗം കുളികഴിഞ്ഞ് തയ്യാറാകുമ്പോഴേയ്ക്കും താലത്തില്‍ കണി സാധനങ്ങളെല്ലാം ഒരുക്കിവെച്ചിരിക്കുന്നു. അയല്‍ വീട്ടിലെ ഒരു കൊച്ചു കുട്ടിയെയാണ് കൃഷ്ണവേഷം കെട്ടാന്‍ തിരഞ്ഞെടുത്തത്. അവളെ ഉടുത്തൊരുക്കി മെയ്ക്കപ്പ് ചെയ്തു നിര്‍ത്തിയപ്പോള്‍ തനികൃഷ്ണന് തന്നെ. അവള് ഞങ്ങളെ നോക്കി ചിരിച്ചു.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ കണിയുമായി ഓരോ വീട്ടിലും കയറാന്‍ തുടങ്ങി. വരാന്തയില്‍ വാതില്‍ തുറന്നാല്‍ കാണുന്നവിധം കണി ഒരുക്കിവെക്കും. കണിക്കുമുമ്പിലായി ഓടക്കുഴലുമായി കൃഷ്ണന്. അതുവരെ ആരും ശബ്ദിച്ച് വീട്ടുകാരെ ഉണര്ത്തില്ല. ശംഖ് നാദം മുഴക്കി ചെറിയ ശബ്ദത്തില്‍ ഭജനപാടുന്നതുകേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറക്കും. കണികണ്ട് അവര്‍ തൊഴുകയ്യുമായി നില്ക്കും. വീട്ടിലെ ഓരോ അംഗവും കണികണ്ടു കഴിഞ്ഞാല്‍ വീട്ടിലെ ചെറിയ കുട്ടിയ്ക്ക് കൃഷ്ണന് കൈനീട്ടം നല്‍കും. വീട്ടുകാര്‍ സന്തോഷത്തോടെ ഞങ്ങള്‍ക്ക് കൈനീട്ടം തരാന്‍ മുന്നോട്ടുവരും. കൈനീട്ടം വാങ്ങില്ല എന്നതു ബാലഗോകുലത്തിന്റെ തീരുമാനമാണെന്ന് അറിയിച്ച് നമസ്തെ പറയും.
ഇനി അടുത്ത വീട്ടിലേയ്ക്ക്. ചുരുങ്ങിയ സമയം കൊണ്ട് സമീപപ്രദേശത്തെ വീടുകളിലെല്ലാം കണികാണിച്ച് സന്തോഷത്തോടെ എന്റെ വീട്ടില്‍ തിരിച്ചെത്തി പടക്കം പൊട്ടിക്കും. കൊറോണാ കാലമാണെങ്കിലും ഇത്തവണ വിഷുക്കണി ഗംഭീരമാക്കാന്‍ ഞങ്ങളുടെ ബാലഗോകുലം തീരുമാനിച്ചിരിക്കയാണ്. ഞങ്ങള്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.