ബസ്സ്റ്റാന്‍ഡ് വിജനമായിരുന്നു. അവിടവിടെ മുനിഞ്ഞുകത്തുന്ന വൈദ്യുതവിളക്കുകള്‍ ഇരുട്ടിനെ അകറ്റിനിര്‍ത്താന്‍ പാടുപെട്ടു. ഇരുട്ട് ബസ്സ്റ്റാന്‍ഡു കെട്ടിടത്തിന്റെ മൂലകളിലും തൂണുകള്‍ക്കു പിറകിലും പതുങ്ങി നിന്നു. ഒരു നക്ഷത്രം പോലും തെളിയാത്ത ആകാശത്ത് കരിമേഘങ്ങള്‍ കരിമ്പടം നിവര്‍ത്തിയിട്ടിരിക്കുന്നു. ഇടയ്ക്കു വല്ലപ്പോഴും ചന്ദ്രന്‍ മുഖം കാണിക്കുമെന്നും നിലാവുദിക്കുമെന്നും പ്രതീക്ഷയേ വേണ്ട.
നട്ടപ്പാതിര. പേരിനൊരു ബസ്സുപോലും സ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്തിട്ടില്ല. ചിത്രഭാനു വന്ന ബസ്സ് അയാളെ സ്റ്റാന്‍ഡിലിറക്കി, കിതച്ചും മുരണ്ടും പിന്‍വാങ്ങി. ഓടിത്തളര്‍ന്ന ബസ്സ് ക്ഷീണം തീര്‍ക്കാനായിരിക്കണം, സ്റ്റാന്‍ഡിന്റെ അങ്ങേഭാഗത്തുള്ള വര്‍ക്ക് ഷോപ്പിലേക്കു കയറിപ്പോയി.
ഉച്ചകഴിഞ്ഞ് ഒരുമണിക്ക് തിരുവനന്തപുരം സ്റ്റാന്‍ഡുവിട്ട ബസ്സ് തൃശൂരെത്തുമ്പോള്‍ മണി പന്ത്രണ്ട്. പത്തു യാത്രക്കാരുമായി പുറപ്പെട്ട ബസ്സ് കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും ആലുവായിലും ചാലക്കുടിയിലും കാത്തു കിടന്നു. തിരുവനന്തപുരത്തുനിന്നു കയറിയ യാത്രക്കാരില്‍ ചിത്രഭാനു ഒഴികെ ഓരോരുത്തരായി ഓരോ സ്റ്റേഷനിലിറങ്ങിപ്പോയി. കൊല്ലത്തുനിന്ന് രണ്ടുപേരും ആലപ്പുഴയില്‍നിന്ന് ഒരാളും എറണാകുളത്തുനിന്ന് നാലുപേരും കയറുന്നുണ്ടായിരുന്നെങ്കിലും ചാലക്കുടി വിടുമ്പോള്‍ ബസ്സില്‍ യാത്രക്കാരനായി ചിത്രഭാനു മാത്രം.
എത്ര വൈകിയാലും തൃശുരെത്തിക്കൊള്ളാമെന്ന് വാക്കുപറഞ്ഞതുപോലെയാണ് ബസ്സ് തൃശൂര്‍ സ്റ്റാന്‍ഡിലെത്തിയത്. ഈ കൊറോണക്കാലത്ത് തിരുവനന്തപുരം സ്റ്റാന്‍ഡിന്റെ മൂലയ്‌ക്കെവിടെയെങ്കിലും കിടക്കാമായിരുന്നില്ലെ ബസ്സേ എന്ന് ചിത്രഭാനു അകമേ അരിശംകൊണ്ടു.
രാവേറെച്ചെന്ന ഈ സമയത്തും തൃശൂര്‍ സ്റ്റാന്‍ഡ് ബസ്സുകളുടെ ഇരമ്പംകൊണ്ട് മുഖരിതമാകേണ്ടതാണ്. രാത്രി വെളുക്കുവോളവും സ്റ്റാന്‍ഡില്‍ ബസ്സുകള്‍ വന്നും പോയിക്കൊണ്ടുമിരിക്കും. യാത്രക്കാര്‍ കൂട്ടമായി ഇറങ്ങുകയും കേറുകയും ചെയ്യും. പാലക്കാട്-കോഴിക്കോട്-ബത്തേരി-കോയമ്പത്തൂര്‍-സേലം പോകുന്ന ബസ്സുകള്‍. ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്, സെമി ലക്ഷ്വറി, ലക്ഷ്വറി വണ്ടികള്‍. രാത്രി പകലാക്കിക്കൊണ്ട് വൈദ്യുതവിളക്കുകള്‍ പ്രകാശിക്കുന്നുണ്ടാവും.
ഇപ്പോഴിതാ ഒരു യാത്രക്കാരന്‍ മാത്രമായി തിരുവനന്തപുരത്തുനിന്ന് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് തൃശൂര്‍ സ്റ്റാന്‍ഡിലെത്തിയിരിക്കുന്നു.
പതിനൊന്നു മണിക്ക് തൃശൂരുനിന്ന് മലപ്പുറത്തേക്ക് ഒരു കണക്ഷന്‍ ബസ്സുണ്ട്. ആ പ്രതീക്ഷയിലാണ് ചിത്രഭാനു തിരുവനന്തപുരത്തുനിന്ന് കയറിയത്. വഴിയിലെത്ര താമസിച്ചാലും പത്തുമണിക്കെങ്കിലും തൃശൂരെത്തുമെന്ന് ചിത്രഭാനുവിനുറപ്പുണ്ടായിരുന്നു.
തൃശൂര്‍ സ്റ്റാന്‍ഡിന്റെ മെയിന്‍ഗേറ്റിനെതിര്‍വശത്ത് തരക്കേടില്ലാത്ത രാത്രിഹോട്ടലുകളുണ്ട്. മലപ്പുറം ബസ്സു വരുന്നതിനു മുമ്പ് പൊറോട്ടയോ ചപ്പാത്തിയോ മുട്ടറോസ്റ്റോ ചിക്കന്‍കറിയോ കഴിക്കാം എന്നാണ് ചിത്രഭാനു കണക്കുകൂട്ടിയത്. ലോക്ഡൗണ്‍ പിന്‍വലിച്ചിട്ടും ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി കൊടുത്തിട്ടില്ലെന്ന് ചിത്രഭാനുവിനോര്‍മ്മ വന്നില്ല.
നീണ്ട നാല്പത്തഞ്ചു ദിവസത്തെ ലോക്ഡൗണിനു ശേഷം എല്ലാം സാധാരണമട്ടിലായല്ലോ എന്ന മൂഢധാരണയിലാണ് ചിത്രഭാനു തിരുവനന്തപുരം സ്റ്റാന്‍ഡിലെത്തിയത്. മുപ്പതോളം ബസ്സുകള്‍ നിരന്നു നില്‍ക്കേണ്ടയിടത്ത് രണ്ടോ മൂന്നോ ബസ്സുകള്‍ മാത്രം.
തൃശൂര്‍ എന്നെഴുതിയ ബോര്‍ഡ് നെറ്റിയിലൊട്ടിച്ച ബസ്സുകണ്ടപ്പോള്‍ ചിത്രഭാനു ആഹ്‌ളാദിച്ചു. പഴയ ഓര്‍മ്മയില്‍, സീറ്റുപിടിക്കാനുള്ള വെപ്രാളത്തില്‍ അയാള്‍ ചാടിക്കയറി. തിക്കിയും തിരക്കിയും ബസ്സില്‍ കയറിയിട്ടാണല്ലോ ശീലം. അതിന്റെ ഒരാവശ്യവുമുണ്ടായിരുന്നില്ല. നാലോ അഞ്ചോ യാത്രക്കാര്‍ മാത്രം അങ്ങിങ്ങ് ഒതുങ്ങിക്കൂടിയിരിപ്പുണ്ട്. പിന്നേയും മണിക്കൂറൊന്നു വേണ്ടിവന്നു, പത്തുപേരുടെ ക്വാറം തികയാന്‍.
അപ്പൊഴേ യാത്ര വേണ്ടെന്നു വെക്കാമായിരുന്നു. ആ ബുദ്ധിപോയില്ല. ചിന്ത ആ വഴിക്കു തിരിയാന്‍ ചിത്രഭാനു അനുവദിച്ചില്ല എന്നതായിരിക്കണം പരമാര്‍ത്ഥം.
ബസ്സ്റ്റാന്‍ഡിന്റെ കോറിഡോറില്‍ യാത്രക്കാര്‍ക്കിരിക്കാനായി നിരയായിട്ട, ഇരുമ്പുഫ്രെയിമിലുറപ്പിച്ച പ്ലാസ്റ്റിക് ചെയറുകളിലൊന്നില്‍ ചടഞ്ഞുകൂടിയിരുന്നു, ചിത്രഭാനു. പുറകോട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ പ്ലാസ്റ്റിക് ചെയറുകളുടെ നിരകള്‍ വേറെയുമുണ്ടെന്ന് അയാള്‍ കണ്ടു. അവസാനത്തെ നിരയില്‍ ചിത്രഭാനുവിനെപ്പോലെ ചടഞ്ഞിരിക്കുന്ന മറ്റൊരു ചെറുപ്പക്കാരന്‍. മങ്ങിയ വെളിച്ചത്തില്‍, ചെറുപ്പക്കാരന്‍ പാതിമയക്കത്തിലാണെന്ന് ചിത്രഭാനു തിരിച്ചറിഞ്ഞു. കാലുകള്‍ രണ്ടും നീട്ടി, കൈകള്‍ മടിയില്‍ പിണച്ചുവെച്ച്, നെഞ്ചില്‍ തലചേര്‍ത്ത്. ഇയാളെപ്പോഴാണാവോ സ്റ്റാന്‍ഡിലെത്തിയത്!
ചെറുപ്പക്കാരന്റെ ഇരുപ്പ് ഒട്ടും സുഖമുള്ളതായിരുന്നില്ല. ഇരുപ്പും കിടപ്പുമല്ലാത്ത ഒരു പോസ്. പഴയ മട്ടിലുള്ള നീളന്‍ സിമന്റുബെഞ്ചുകളുണ്ടായിരുന്നെങ്കില്‍ ചുരുണ്ടുകൂടിയെങ്കിലും കിടക്കാമായിരുന്നു.
മലപ്പുറത്തേക്കോ നിലമ്പൂര്‍ക്കോ പോകുന്ന ബസ്സ് നേരം പുലര്‍ന്നാലെങ്കിലും സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുമെന്ന് ചിത്രഭാനു ആഗ്രഹിച്ചു. മരണമോ വിവാഹമോ പോലെ അടിയന്തിരകാര്യങ്ങള്‍ക്കു പോകേണ്ടവരുണ്ടാവാം യാത്രക്കാരായി.
പെരിന്തല്‍മണ്ണ വഴി മലപ്പുറത്തേക്കോ നിലമ്പൂര്‍ക്കോ പോകുന്ന ബസ്സില്‍ പട്ടാമ്പി കഴിഞ്ഞ് കൊപ്പം അങ്ങാടിയിലിറങ്ങി, പഞ്ചായത്തുറോഡിലൂടെ പത്തു മിനിട്ടു നടക്കണം ചിത്രഭാനുവിനു വീട്ടിലെത്തണമെങ്കില്‍. പ്രായം ചെന്ന അമ്മ. സ്‌നേഹം വാരിക്കോരിത്തരുന്ന ഭാര്യ. അച്ഛാ അച്ഛാ വിളിച്ച് എപ്പോഴും പിന്നാലെ നടക്കുന്ന ഒന്നര വയസ്സുള്ള ആദര്‍ശ്.
രണ്ടുമാസവും പത്തുദിവസവും കഴിഞ്ഞൂ വീട്ടില്‍നിന്ന് പോന്നിട്ട്. പ്രിയപ്പെട്ടവരെ എന്നും വാട്ട്‌സാപ്പില്‍ കാണുന്നുണ്ടെങ്കിലും, രാവേറെച്ചെന്നിട്ടും ഉറക്കം വരാതെ കിടക്കുമ്പോള്‍ ഫോണിലൂടെ സൗമിനിയുടെ മധുരം കിനിയുന്ന സ്വരം ഒഴുകിവരാറുണ്ടെങ്കിലും എത്രയും വേഗം വീട്ടിലെത്തണമെന്ന ആധി കൂടിക്കൂടിവന്നു.
ബാങ്കിന്റെ പട്ടാമ്പി ബ്രാഞ്ചില്‍നിന്ന് ഓഫീസര്‍ പ്രൊമോഷന്‍ വാങ്ങി ചിത്രഭാനു തിരുവനന്തപുരത്തെത്തുന്നത് ഒരു വര്‍ഷം മുമ്പാണ്. ശനിയാഴ്ചകളില്‍ മുടങ്ങാതെ നാട്ടിലേക്കു ട്രെയിന്‍ കേറുകയും ഞായറാഴചരാത്രി ഷൊര്‍ണ്ണൂരുനിന്ന് അമൃത എക്‌സ്പ്രസ്സില്‍ കയറി കാലത്ത് തിരുവനന്തപുരത്തെത്തുകയും ചെയ്തു ചിത്രഭാനു. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസത്തെ ലീവും ഒപ്പിച്ചെടുത്തു.
ചൈനയില്‍നിന്നു വന്ന കൊറോണവൈറസ് അറിയാദേശങ്ങളില്‍ തിരനോട്ടം നടത്തുന്നുണ്ടെന്നു കേട്ടപ്പോഴും ചിത്രഭാനു നാട്ടിലേക്കുള്ള യാത്രകള്‍ മുടക്കിയില്ല. ഇതെന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ എന്ന് ചിത്രഭാനു സമാധാനിച്ചു.
ലോക്ഡൗണ്‍ എല്ലാം കീഴ്‌മേല്‍ മറിച്ചു. കാണരുത്. മിണ്ടരുത്. തൊടരുത്. തുമ്മരുത്. വീട്ടിനുപുറത്തിറങ്ങരുത്. റോഡിലിറങ്ങരുത്.
ബാങ്കുകളും പോസ്റ്റോഫീസുകളും ലോക്ഡൗണിന്റെ പരിധിക്കുപുറത്തായിരുന്നു. മുറതെറ്റാതെ ചിത്രഭാനു ബാങ്കില്‍പോയി. എന്നത്തേയുംപോലെ ചത്തുപണിയെടുത്തു. വൈകീട്ട് എട്ടുമണിക്കും ഒമ്പതു മണിക്കും ബാങ്കില്‍നിന്നിറങ്ങി.
2
പുറകിലത്തെ നിരയില്‍ അങ്ങേയറ്റത്തെ ചെയറിലിരിക്കുന്ന ചെറുപ്പക്കാരനെപ്പോലെ ഒന്നു മയങ്ങാനുള്ള പുറപ്പാടിലായിരുന്നു ചിത്രഭാനു. കാലുകള്‍ മുമ്പോട്ടു നീട്ടിവെച്ചു. ചെയറില്‍ ഒന്നുമുമ്പാക്കം ഉരസിയിറങ്ങി ഇരുന്നു. കൈവിരലുകള്‍ കോര്‍ത്ത് മടിയിലൊതുക്കിവെച്ചു.
കണ്ണടയുന്നതിന്നു മുമ്പ്, കോറിഡോറിന്റെ അങ്ങേയറ്റത്ത് ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടതുകണ്ട് ചിത്രഭാനു നിവര്‍ന്നിരുന്നു. അവള്‍ നടന്നടുക്കുകയാണ്. യാത്രക്കാര്‍ക്കു വിശ്രമിക്കാനുള്ള ഈ പ്ലാസ്റ്റിക് ചെയറുകളാവണം അവളുടെ ലക്ഷ്യം.
ഈ പാതിരനേരത്ത് ഇവളെവിടുന്നു വരുന്നു! ഏതെങ്കിലും ബസ്സില്‍ വന്നിറങ്ങിയ യാത്രക്കാരിയാണെന്നു തോന്നുന്നില്ല. രണ്ടുമണിക്കൂറിനകം ഒരു ബസ്സുപോലും സ്റ്റാന്‍ഡിലേക്കു കയറിയിട്ടില്ല.
ആറുമണിക്കുശേഷമേ എങ്ങോട്ടായാലും ഈ സ്റ്റാന്‍ഡില്‍നിന്നു ബസ്സു പുറപ്പെടാന്‍ സാധ്യതയുള്ളു എന്ന് ഇവള്‍ക്ക് അറിവില്ലായിരിക്കും. പെണ്ണൊരുത്തി അസമയത്ത്, ഒറ്റയ്ക്ക്, ടൗണിലെ ആളൊഴിഞ്ഞ റോഡുകളിലൂടെ നടന്നുവരിക. അസ്വാഭാവികമായിത്തോന്നി ചിത്രഭാനുവിന്.
ഇവളൊരു നേപ്പാളിയാവാമെന്ന് ചിത്രഭാനുവിനു തോന്നലുണ്ടായി. അല്ലെങ്കില്‍ ബര്‍മ്മക്കാരി. അതുമല്ലെങ്കില്‍ സാക്ഷാല്‍ ചൈനക്കാരി. ചൈനക്കാരിതന്നെയെന്ന് അയാളുറപ്പിച്ചു. തൃശൂര്‍ ടൗണില്‍തന്നെ ചൈനീസ് ഹോട്ടലുകളുണ്ട,് രണ്ടോ മൂന്നോ. ഏതെങ്കിലുമൊരു ഹോട്ടലിലെ ജോലിക്കാരിയാവാം ഈ പെണ്‍കൊടി.
എന്തിനാണിവള്‍ നട്ടപ്പാതിരയ്ക്ക് ബസ്സ്റ്റാന്‍ഡില്‍ വരുന്നത്?ചിലപ്പോള്‍ എറണാകുളത്തുനിന്നോ കോഴിക്കോട്ടുനിന്നോ അവളുടെ കാമുകന്‍ വരുമെന്നറിയിച്ചിട്ടുണ്ടാവും.
ഇപ്പോള്‍ അവളുടെ ശരീരവടിവും മുഖാകൃതിയും വ്യക്തമായിക്കാണാം. വട്ടമുഖം. ഇടുങ്ങിയ കണ്ണുകള്‍. ചപ്പിയ മൂക്ക്. വിശാലമായ നെറ്റി. ഉയരം കുറഞ്ഞ്, അല്‍പ്പം തടിച്ച്. ഭാരതീയ സ്ത്രീസങ്കല്‍പ്പത്തോടൊത്തുപോകുന്നില്ലെങ്കിലും മംഗോളിയന്‍ വര്‍ഗ്ഗക്കാരികളായ പെണ്‍കുട്ടികള്‍ സുന്ദരിമാരാണ്.
വിജനമായ ഈ കോറിഡോറില്‍ അസമയത്തൊരു പെണ്‍കുട്ടി മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ചോരയും നീരുമുള്ള ഒരു ചെറുപ്പക്കാരനു തോന്നേണ്ട ദുശ്ചിന്തകളൊന്നും ചിത്രഭാനുവിന്റെ ഉള്ളിലുദിച്ചില്ല. സൗമിനിയും ആദര്‍ശും മനസ്സില്‍നിന്നിറങ്ങിയിട്ടുവേണ്ടെ മറ്റു ചിന്തകള്‍ കയറിപ്പറ്റാന്‍.
ശീലംകൊണ്ട് ചിത്രഭാനു ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് സാനിറ്റൈസറിന്റെ ചെറിയ ബോട്ടിലെടുത്തു. ഇരുകൈപ്പടങ്ങളിലുമുറ്റിച്ച് കൈമുട്ടുകള്‍ക്കു താഴെ, കണങ്കൈകളിലും കൈപ്പടങ്ങളിലും വിരലുകളിലും സമൃദ്ധമായിത്തടവി. താടിക്കുതാഴെ വിശ്രമിക്കുകയായിരുന്ന എന്‍95 മാസ്‌ക് മുഖത്തേക്കു വലിച്ചിട്ടു. വായും മുഖവും മറച്ചു.
വിരാമമില്ലാതെ ഇടപാടുകാര്‍ ബാങ്കില്‍ കയറിവരികയും കൗണ്ടറുകളില്‍ തിക്കിത്തിരക്കുകയും ചെയ്യും. സാമൂഹ്യ അകലം പാലിക്കാന്‍ കൗണ്ടറില്‍നിന്നല്‍പ്പം അകറ്റി നീട്ടിക്കെട്ടിയ പ്ലാസ്റ്റിക് കയര്‍ പൊക്കിപ്പിടിച്ച് കൗണ്ടറിന്നടുത്തെത്താന്‍ ശ്രമിക്കുന്നവരും കുറവല്ല.
കൗണ്ടറിലിരിക്കുന്ന സ്റ്റാഫിനും പുറകിലാണ് ഓഫീസറുടെ ഇരിപ്പിടമെങ്കിലും വേണ്ടപ്പെട്ട കസ്റ്റമേഴ്‌സ് പലരും അകത്തു കേറിവന്ന് ഓഫീസറുടെ മുമ്പിലിരിക്കുന്നു. അവരെ കുറ്റപ്പെടുത്താന്‍ വയ്യ. അടിയന്തിരമായി ചെയ്തുകിട്ടേണ്ട ആവശ്യങ്ങളുണ്ട് അവര്‍ക്ക്.
ഒന്നേ ചെയ്യാനുള്ളു. സാനിറ്റൈസര്‍ ലോഭമില്ലാതെ ഉപയോഗിക്കുക. ചെയറില്‍ ഇരിക്കുന്നതിനുമുമ്പ് കസ്റ്റമര്‍ക്കും സാനിറ്റൈസര്‍ ഒഴിച്ചുകൊടുക്കുക. മാസ്‌ക്കുകൊണ്ടു മുഖം മറയ്ക്കണമെന്ന് സ്‌നേഹപൂര്‍വം നിര്‍ബന്ധിക്കുക. ചിത്രഭാനുവിന്റെ മേശയ്ക്ക് വീതിയും നീളവും കൂടുതലുള്ളതുകൊണ്ട് സാമൂഹ്യ അകലം താനേ പാലിക്കപ്പെടുന്നു. പോരെങ്കില്‍, മേശയില്‍നിന്ന് ഒരടി വിട്ടാണ് ചെയറുകളിട്ടിരിക്കുന്നത്.
സുന്ദരിയായ ചൈനക്കാരിപ്പെണ്‍കുട്ടി തൊട്ടുമുന്നിലെത്തിക്കഴിഞ്ഞു. അവളുടെ പിശകിയ നോട്ടംകൊണ്ട്, തന്റെ തൊട്ടടുത്ത ചെയറിലിരിക്കാനാണ് അവളുടെ ഉന്നമെന്ന് ചിത്രഭാനു സംശയിച്ചു. നാലുചെയറുകള്‍ക്കപ്പുറത്തെ അഞ്ചാമത്തെ ചെയര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിത്രഭാനു പറഞ്ഞു:
“യൂ ക്യാന്‍ സിറ്റ് ഇന്‍ദാറ്റ് ചെയര്‍. പ്ലീസ് ”
അവള്‍ വശ്യമായിച്ചിരിച്ചു. ആ ചിരിക്കൊരു മാദകത്വമുണ്ടായിരുന്നു. ചുവന്ന റോസാപ്പുവിന്റെ ദലംപോലെ അവളുടെ ലിപ്സ്റ്റിക്കിട്ട അധരങ്ങള്‍.
മൃദുലവും മനോഹരവുമായ വലത്തേ കൈത്തലം അവള്‍ ചിത്രഭാനുവിനു നേരെ നീട്ടി. അയാള്‍ അപ്പോഴും പോക്കറ്റില്‍നിന്ന് സാനിറ്റൈസറിന്റെ ബോട്ടിലെടുത്തു. ചൈനക്കാരിയുടെ നീട്ടിയ കയ്യിലേക്ക് സാനിറ്റൈസറുറ്റിക്കാന്‍ ശ്രമിച്ചു.
തീക്കട്ടയില്‍ തൊട്ടപോലെ അവള്‍ കൈ പിന്‍വലിച്ചു. കറുത്ത കണ്‍പീലികള്‍ വിടരുന്നു. കണ്ണുകളില്‍ കനലെരിയുന്നു. അവളുടെ കടവായില്‍ ചോര കിനിയുന്നോ. ഉളിപ്പല്ലുകള്‍ക്കു നീളം വെക്കുന്നോ. ബോബുചെയ്ത മുടി ഇപ്പോള്‍ പനങ്കുലപോലെ അഴിഞ്ഞുകിടക്കുന്നോ!
ഒരു നിമിഷത്തെ വിഭ്രാന്തി. അവള്‍ ചിത്രഭാനുവിനെ രൂക്ഷമായി നോക്കിക്കൊണ്ട് ചെയറുകളുടെ നിരകള്‍ക്കു പിറകിലേക്കു നടന്നുപോയി.
പിറകിലെ നിരയിലൊരറ്റത്ത് മയങ്ങുന്ന ചെറുപ്പക്കാരന്റെ നേര്‍ക്കാണ് അവള്‍ നീങ്ങുന്നത്. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷയോടെ ചിത്രഭാനു.
അവള്‍ ചെറുപ്പക്കാരന്റെ തൊട്ടടുത്ത ചെയറില്‍ ചെന്നിരുന്നു. മയക്കത്തില്‍നിന്നുണര്‍ന്ന ചെറുപ്പക്കാരന്‍ നിവര്‍ന്നിരിക്കുന്നതും അവളുടെ കൈപിടിക്കുന്നതും ചിത്രഭാനു കണ്ടു. ചൈനക്കാരി ചെറുപ്പക്കാരനോടു ചേര്‍ന്നിരുന്ന് അവന്റെ ചുണ്ടില്‍ ചുണ്ടുചേര്‍ത്തു. അവനവളെ വരിഞ്ഞുപിടിച്ചു.
അപ്പോള്‍ അപൂര്‍വവും അവിശ്വസനീയവുമായ കാഴ്ച ചിത്രഭാനു കണ്ടു. ചൈനക്കാരി കാണെക്കാണെ ചെറുതായി വരികയും ഒരു ചെറുവണ്ടായി ചെറുപ്പക്കാരന്റെ മൂക്കിനകത്തേക്കു കേറിപ്പോവുകയും ചെറുപ്പക്കാരന്‍ ശക്തിയായി തുമ്മുകയും ചെയ്തു. ഇടത്തൊണ്ട കടന്ന് വണ്ട് ശ്വാസനാളത്തില്‍ പ്രവേശിച്ചതിനാലാവണം, ചെറുപ്പക്കാരന്റെ കണ്ണുരണ്ടും പുറത്തേക്കു തള്ളിവന്നു.
എന്താണു സംഭവിക്കുന്നതെന്ന് ചിത്രഭാനുവിനു തിരിച്ചറിവുണ്ടായി. അയാള്‍ ഇരിപ്പിടത്തില്‍നിന്ന് ചാടിയെണീറ്റു. താഴെ വെച്ചിരുന്ന ബാഗെടുത്തു ചുമലില്‍ തൂക്കി. അതിവേഗം സ്റ്റാന്‍ഡിനു പുറത്തുകടന്ന് അപ്പോഴും വിജനമായിക്കിടക്കുന്ന റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നുപോയി.