ഭാരതമഹാരാജ്യത്തിന്റെ നിരവധി സവിശേഷതകളിലൊന്നാണ് ജനാധിപത്യ മൂല്യങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ തങ്ങളുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ചെറിയ കാര്യമല്ല. ഭാരതത്തോടൊപ്പം സ്വാതന്ത്ര്യത്തിലേക്ക് മിഴിതുറന്ന പല അയല്‍ രാജ്യങ്ങളിലും ഇന്ന് മതഏകാധിപത്യമോ പട്ടാള ഭരണമോ ഒക്കെയാണ് നിലനില്‍ക്കുന്നത്. ഭാരതത്തിന്റെ സുദൃഢ ജനാധിപത്യത്തിന് കുറച്ചു കാലത്തേക്കെങ്കിലും ഭീഷണി സൃഷ്ടിക്കാന്‍ അടിയന്തിരാവസ്ഥക്ക് കഴിഞ്ഞു എന്നത് മറക്കാന്‍ കഴിയില്ല. ഇന്ദിരാഗാന്ധിയെപ്പോലൊരു ഏകാധിപതിയെ മുട്ടുകുത്തിക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും ഭാരതത്തിലെ പ്രബുദ്ധ ജനതയ്ക്കായി.
ഭാരതത്തില്‍ കമ്മ്യൂണിസം അധികാരത്തില്‍ വന്നത്രിപുരയിലും പശ്ചിമ ബംഗാളിലും ജനാധിപത്യം ദീര്‍ഘകാലം വെല്ലുവിളി നേരിട്ടെങ്കിലും ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെകുടഞ്ഞെറിയുക തന്നെചെയ്തു. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്നത് തിരഞ്ഞെടുപ്പിനെ തന്നെ പ്രഹസനമാക്കിക്കൊണ്ടായിരുന്നു. കള്ളവോട്ടുകള്‍ ചേര്‍ത്തും പാര്‍ട്ടി ഗുണ്ടകള്‍ ബൂത്തുകള്‍ ശാസ്ത്രീയമായി പിടിച്ചെടുത്തും അധികാര ദുര്‍വിനിയോഗം നടത്തിയുമൊക്കെയായിരുന്നുതുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകള്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തില്‍ തുടര്‍ന്നത്. കേരളവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. അയ്യഞ്ചുവര്‍ഷത്തിന്റെ ഇടവേളകളില്‍ കമ്മ്യൂണിസ്റ്റ് മുന്നണി അധികാരത്തില്‍ വരുമ്പോള്‍ ജനാധിപത്യമൂല്യങ്ങളെ അവര്‍ കാറ്റില്‍പറത്താറുണ്ട്. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചട്ടക്കൂടില്‍ അവര്‍ ഒതുങ്ങി നില്‍ക്കുന്നത് മറ്റ് ഗത്യന്തരമില്ലാത്തതുകൊണ്ട് മാത്രമാണ്. അഥവാ കമ്മ്യൂണിസ്റ്റുകാരന്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നില്‍ക്കുന്നതുപോലും ഒരു അടവുനയത്തിന്റെ ഭാഗമാണ്. ഇത്രയും വിശദീകരിച്ചത് ലക്ഷണമൊത്ത ഒരു സ്റ്റാലിനിസ്റ്റ് ഫാസിസ്റ്റായ മുഖ്യമന്ത്രി വിജയന്റെ കീഴില്‍ നടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നിരവധി വാരിക്കുഴികളാണ് ഒരുക്കിയിരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്. ഉറപ്പാണ് ഇടതുപക്ഷം എന്ന തിരഞ്ഞെടുപ്പ് മുദ്രാവചനത്തില്‍ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട് വിജയന്‍ മുഖ്യമന്ത്രിയുടെ അജണ്ടകള്‍.
കേരളത്തില്‍ മുന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കൊന്നും സാധിക്കാത്തത്രയും അഴിമതിയും സ്വജനപക്ഷപാതവും രാജ്യവിരുദ്ധ പ്രവൃത്തികളും ഒക്കെ നടത്തിയിട്ട് ഉറപ്പാണ് ഇടതുപക്ഷം എന്നു പറയണമെങ്കില്‍ ജനാധിപത്യ അട്ടിമറിക്കു വേണ്ടി അത്രയേറെ ഉടായിപ്പുകള്‍ ചെയ്തുവച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം. നിരവധി തെളിവുകള്‍ ഈ വാദഗതിക്കു പിന്നിലുണ്ട്. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും നിസാര കാരണംപറഞ്ഞ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ തന്നെ ഇടതുപക്ഷ ഗൂഢാലോചന ഉണ്ട്. ദേവികുളത്തെ സ്ഥാനാര്‍ത്ഥി ധനലക്ഷ്മിയുടെ സത്യവാങ്മൂലം പഴയ മാതൃകയാണെന്നു പറഞ്ഞുകൊണ്ടാണ് പത്രിക തള്ളിയത്. എന്നാല്‍ സമാനമായ സത്യവാങ്മൂലം മറ്റ് ചിലയിടങ്ങളില്‍ പരിഗണിക്കുകയും ചെയ്തതില്‍ നിന്നുതന്നെ വരണാധികാരികളുടെ പക്ഷപാതപരമായ സമീപനം മറനീക്കി പുറത്തുവന്നു കഴിഞ്ഞു. പത്രിക സമര്‍പ്പിക്കുമ്പോള്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് റിട്ടേണിംഗ് ഓഫീസറുടെ ഉദാര സമീപനവും മറ്റ് ചിലരോട് കാര്‍ക്കശ്യവും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിയെ തന്നെ ചോദ്യംചെയ്യുന്നതു പോലെയായി. തലശ്ശേരിയിലും ഗുരുവായൂരും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയവര്‍ പിറവത്തും കൊണ്ടോട്ടിയിലും പത്രികയിലെ ന്യൂനതപരിഹരിക്കാന്‍ സമയം അനുവദിച്ചു. എല്‍.ഡി.എഫിനെ ഉറപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം എന്തൊക്കെ നെറികേടുകളാണ് ചെയ്തു വച്ചിരിക്കുന്നതെന്ന് കേരളം കാണാന്‍ പോകുന്നതേയുള്ളൂ.
ജനാധിപത്യത്തിലെ പരിപാവനമായ പ്രക്രിയയായി കണക്കാക്കുന്ന തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തെക്കൊണ്ട് വിജയന്‍ മുഖ്യമന്ത്രിചെയ്യിച്ച മറ്റൊരു നെറികെട്ട പണിയാണ് വോട്ടര്‍പട്ടികയിലെ പേരുകളുടെ ഇരട്ടിപ്പ്. ഇടത് സര്‍വ്വീസ് സംഘടനകള്‍ ആസൂത്രണം ചെയ്ത് ചേര്‍ക്കാതെ ഏതാണ്ട് നാലുലക്ഷത്തോളം വോട്ടുകള്‍ ഇരട്ടിപ്പായിവരില്ല. വോട്ടര്‍ പട്ടികയില്‍ കമ്മ്യൂണിസ്റ്റുകള്‍ ആസൂത്രിതമായി നടത്തിയ അട്ടിമറി പിടിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കില്ല എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി തന്നെ ഇറങ്ങിപ്പുറപ്പെട്ടതോടെ കാര്യങ്ങളുടെ നിജസ്ഥിതി സാധാരണക്കാര്‍ക്കു പോലും വ്യക്തമായി. ബി.എല്‍.ഓയുടെ ശുപാര്‍ശയില്ലാതെതന്നെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉദുമയില്‍ ഒരാള്‍ക്ക് അഞ്ചിടത്തുവരെ വോട്ടു ചേര്‍ത്തിരിക്കുന്നു. കള്ളം പുറത്തായതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇയാളെ സസ്പന്റു ചെയ്തിരിക്കുകയാണ്. ഭരണത്തുടര്‍ച്ചക്കു വേണ്ടി വിജയന്‍ മുഖ്യമന്ത്രി ഇതുപോലുള്ള ശകുനിജന്മങ്ങളെ എത്രയെണ്ണം എവിടെയെല്ലാം പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് ആര്‍ക്കറിയാം. ഇരട്ടവോട്ടുകള്‍ കള്ളവോട്ടിനുള്ള കളമൊരുക്കലാണ്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ ചത്ത് മണ്ണടിഞ്ഞവര്‍ പോലും തിരഞ്ഞെടുപ്പുകാലത്ത് കുഴിമാടംവിട്ടു വന്ന് വോട്ടുചെയ്യാറുണ്ട് എന്ന് പറയാറുണ്ട്. കള്ളവോട്ട് കമ്മ്യൂണിസ്റ്റുകാരുടെ അവകാശമാണെന്നു കരുതി ശാസ്ത്രീയമായി ബൂത്തു പിടിക്കുന്നത് ഒരു തെറ്റായി പോലും സി. പി.എം.കരുതാറില്ല. കഴിഞ്ഞ പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ കൈയും കാലും വെട്ടുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയത് ഇടതുപക്ഷ എം.എല്‍.എ ആയിരുന്നുവെന്ന് മാലോകരെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. 140മണ്ഡലങ്ങളിലും വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുതന്നെ ബോധ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കള്ളവോട്ടിനും അതിലൂടെ ജനവിധി തന്നെ അട്ടിമറിക്കപ്പെടാനും സാധ്യത ഉണ്ട്. ഇടതുപക്ഷ യൂണിയനുകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിജയന്‍ മുഖ്യമന്ത്രിയുടെ ഭരണത്തുടര്‍ച്ചക്ക് വേണ്ടി നടത്തിയ കൃത്യമായ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തു വരുന്നത്. പോസ്റ്റല്‍ വോട്ടുകളിലും വ്യാപകമായ കൃത്രിമത്തിന് കമ്മ്യൂണിസ്റ്റ് ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ചുരുക്കിപ്പറഞ്ഞാല്‍ വിജയന്‍ മുഖ്യന്റെ ഭരണത്തുടര്‍ച്ചക്കുവേണ്ടി എന്തു വൃത്തികെട്ട കളിക്കും കമ്മ്യൂണിസ്റ്റ് വേതാളങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഇരുനൂറ് കോടിയോളം ജനങ്ങളുടെ നികൃതിപ്പണം ഖജനാവില്‍ നിന്ന് ദുര്‍വ്യയം ചെയ്ത് ലോക പരാജയനെ വിജയനായി ചിത്രീകരിക്കാന്‍ നടത്തിയ പരസ്യ വിപ്ലവം കണ്ട് കണ്ണ് തള്ളിയിരിക്കുന്ന മലയാളി ഒന്നോര്‍ത്താല്‍ നന്ന്. 34 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് തുടര്‍ഭരണം ചവച്ചു തുപ്പിയ ബംഗാളില്‍ നിന്നും നമുക്ക് ഒരു പാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനകീയ ജനാധിപത്യം കേരളത്തില്‍ മരിക്കുകയും കമ്മ്യൂണിസ്റ്റ് ഫാസിസം നമ്മെ വിഴുങ്ങുകയും ചെയ്യും. വോട്ട് എന്ന ആയുധം സൂക്ഷിച്ചുപയോഗിക്കാന്‍ മലയാളിക്ക് സദ്ബുദ്ധി ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.