Thursday, April 22, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ

പുഴയൊഴുകുന്ന വഴി

സുനില എ രാജ

Print Edition: 26 March 2021

കാലത്ത് കാക്ക വിരുന്നു വിളിച്ചിരുന്നു. ആരാവും വരികയെന്ന് കൗതുകപൂര്‍വ്വം ആലോചിച്ചു. ഉണ്ണിമാങ്ങകള്‍ ഉപ്പിലിടുന്ന ജോലിത്തിരക്കിനിടയിലും ആര്‍ക്കോവേണ്ടി കാത്തിരുന്നു. സൂര്യനസ്തമിച്ചതും പതിവുപോലെ സന്ധ്യ വന്നു. അവള്‍ വിരുന്നുകാരിയല്ലല്ലോ!

വിളക്കു കൊളുത്തി ജപവും കഴിഞ്ഞ് പൂമുഖത്തു ചെന്നിരുന്നപ്പോഴേക്കും അവസാനത്തെ ബസ്സില്‍ വരുന്ന സ്ഥിരക്കാര് കടന്നുപോകുന്നു. ഇനിയിപ്പോ വരാനുള്ളത് മക്കളുടെ ഫോണ്‍ വിളികളും കൂട്ടുകിടക്കാന്‍ അയലത്തെ വിമലയുടെ അപ്പുവും. അപ്പൂന് പറഞ്ഞുകൊടുക്കാനുള്ള കഥ മെനയുമ്പോഴാണ് ഗേറ്റിലൊരോട്ടോ വന്നുനിന്നത്. സുഭദ്ര ആകാംക്ഷയോടെ മുറ്റത്തിറങ്ങി. നിലാവെളിച്ചത്തിലൊരു സ്ത്രീ നടന്നുവരുന്നു. അറുപത്തഞ്ച് കാണും പ്രായം. ഹെന്ന ചെയ്ത് ചുവപ്പിച്ച മുടി. വിലക്കൂടിയ ഖദര്‍ സാരി വെടിപ്പായി ഉടുത്തിരിക്കുന്നു. നീളമുള്ള പ്രകൃതം. തോളിലെ തുണിസഞ്ചിക്ക് വലിയ ഭാരമില്ലെന്നു തോന്നുന്നു. ചിരിച്ചോണ്ട് അടുത്തുവന്നു.

”സുഭദ്രയല്ലേ? എന്നെ മനസ്സിലായോ കുട്ടിക്ക്? ഇല്ല, അല്ലേ?”
എന്താ പറയ്യാ. എവിടയോ കണ്ടുപരിചയമുള്ള മുഖം. അതിലേറെ അടുപ്പം തോന്നിക്കുന്ന നോട്ടം. ഓര്‍മ്മയിലിങ്ങനെ ചികഞ്ഞുനില്‌ക്കേ, അവര് കയ്യില്‍ പിടിച്ചു.
”കൊറച്ച് ചൂടുവെള്ളം വേണം. വല്ലാത്ത ക്ഷീണം.”
ശരിയാണല്ലോ, താനതാലോചിച്ചില്ല. വേഗം കയ്യിലെ സഞ്ചി വാങ്ങി പൂമുഖത്തു കയറ്റിയിരുത്തി. ചായയോ കാപ്പിയോ എന്താണാവോ എന്നാലോചിക്കുമ്പഴേക്കും മറുപടി വന്നു. ”വേറൊന്നും വേണ്ട, കൊറച്ച് ചൂടുവെള്ളം മതി.”

വെള്ളമെടുക്കാന്‍ അടുക്കളയിലേക്കു പോകുമ്പോഴും മനസ്സ് പരതുകയായിരുന്നു, ഓര്‍മ്മകളില്‍. തന്റേയോ അദ്ദേഹത്തിന്റേയോ സന്തുബന്ധുക്കളായി ഇനി ആരുമില്ല. അച്ഛന്‍പെങ്ങളായിരുന്നു ആകെ ണ്ടായിരുന്നത്. അവരും കടന്നുപോയീന്ന് വിവരം കിട്ടിയിരുന്നു. പിന്നെയിപ്പം, നാട്ടിലാരെങ്കിലും, അമ്മയുടെ കൂട്ടുകാരായി ചില പെണ്ണുങ്ങളൊക്കെ വരാറുണ്ടായിരുന്നു. അവരിലാരെങ്കിലും അന്വേഷിച്ചുപിടിച്ച്…..
വെള്ളം വാങ്ങിക്കുടിക്കുമ്പോള്‍ കൈകള്‍ കുറേശ്ശെ വിറയ്ക്കുന്നുണ്ട്. കുഴിയിലാണ്ട കണ്ണുകളിലും നീണ്ടുവളഞ്ഞ മൂക്കിലും കറുത്തു തടിച്ച ചുണ്ടുകളിലും മാറിമാറി തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പിടിച്ച വലതുകയ്യിലെ ആറു വിരല്‍ ശ്രദ്ധയില്‍ പെട്ടത്. ശാരദടീച്ചര്‍….?! ഗ്ലാസ്സ് തിരികെ തരുമ്പോള്‍ വീണ്ടും വിസ്തരിച്ചു ചിരിച്ചു. അതെ, അക്കരേലെ ശോഭേടെ ശാരദവല്യമ്മതന്നെ. വലത്തെ മേല്‍ച്ചുണ്ടിലെ കറുത്ത മറുക് കുറച്ചൂടി വളര്‍ന്നിട്ടുണ്ടോ?

സുഭദ്ര മുമ്പില്‍ കുനിഞ്ഞിരുന്ന് കൈകള്‍ ചേര്‍ത്തുപിടിച്ചു. ”ശാരദവല്യമ്മ……, എന്നാലും ഈ നേരത്ത് ഒറ്റയ്ക്കിവിടെ….. വിശ്വസിക്കാനേ കഴിയണില്ല.”
പറഞ്ഞുതീരും മുമ്പ് അവര്‍ സുഭദ്രയെ ചേര്‍ത്തുപിടിച്ച് വിങ്ങിക്കരയാന്‍ തുടങ്ങി. ”മോക്കെന്നെ അറിഞ്ഞല്ലോ. അതുമതി.”
”വല്യമ്മയ്ക്ക് കുളിക്കണ്ടേ? ചൂടുവെള്ളം വെക്കാം. എന്താ കഴിക്ക്യാ? കഞ്ഞിണ്ടാക്കട്ടോ?”

”നിങ്ങള് കഴിക്കുന്നതെന്തോ അത്. എനിക്കായിട്ടൊന്നും വെക്കണ്ട. കുളിക്കണെന്തായാലും. ചുടുവെള്ളൊന്നും വേണ്ട. ഞാനിപ്പോം കൊളത്തിലന്യാ കുളിക്കാറ്. ദൈവം സഹായിച്ച്് ഒര് സൂക്കടൂല്ല.”
സുഭദ്രയ്ക്ക് കേട്ടത് തെറ്റിപ്പോയോന്ന് സംശയം. ഇവരെന്നുമുതലാ ദൈവത്തിന്റെ സഹായം വാങ്ങിത്തുടങ്ങിയത്? അതിശയത്തോടെ വീണ്ടും ആ മുഖത്തേക്കു നോക്കിപ്പോയി. അതെ, എന്ന് തലകുലുക്കി ജാള്യതയോടെ അവര് വീണ്ടും പറഞ്ഞു. ദൈവത്തിന്റെ സഹായന്നെ.

”നന്നായി വല്യമ്മേ. ഇത്ര ദൂരം താണ്ടി ഒറ്റയ്ക്ക് വന്നൂലോ, അതാലോചിക്കുമ്പന്നെ നിക്ക് പേട്യാവണു. വല്യമ്മ വരൂ. വടക്കേപ്പൊറത്താ കുളിമുറി. തോര്‍ത്തും സോപ്പും ഒക്കെ അവടേണ്ട്.”

കുത്തരി കഞ്ഞിവെക്കാം. നാളികേരം വറുത്ത് ചമ്മന്തീം അരയ്ക്കാം. കൊണ്ടാട്ടോം പപ്പടോം ഇരിപ്പുണ്ട്. ചെറുപയറ് പുഴുക്കുണ്ടല്ലോ. അതുമതി. അരി കഴുകിക്കൊണ്ടിരുന്നപ്പോ ആ പഴയ സംഭവം ഓര്‍ക്കുകയായിരുന്നു സുഭദ്ര. താനന്ന് പത്താംക്ലാസ് കഴിഞ്ഞ് കോളേജില്‍ ചേര്‍ന്ന കൊല്ലം. അച്ഛന്റെ സ്‌കൂളില് പട്ടാമ്പീന്ന് പുതിയതായി വന്ന ശാരദടീച്ചറും അനിയന്റെ മോള് ശോഭേം ഞായറാഴ്ച ഇവിടെ ഊണുകഴിക്കാന്‍ ണ്ടാവുംന്ന് അമ്മ പറഞ്ഞു. അച്ഛന്‍ ടീ.ടീ.സി. ക്ക് പഠിക്കണകാലത്ത് പരിചയള്ളതാ. അനിയനും ഭാര്യയും ഇളയ മകനും ഗള്‍ഫിലാ. ടീച്ചറൊറ്റയ്ക്കായതോണ്ട് മോളെ കൂടെയാക്കി പോയതാത്രേ. ഏട്ടന്‍ അതു കേട്ടപാടെ പറഞ്ഞു, അതനിയന്റെ മോളൊന്ന്വല്ലാന്നാ കേട്ടത്. ആയമ്മയ്ക്കാരൂല്ല്യ. കല്യാണോം കഴിച്ചിട്ടില്ല. എവടന്നോ കിട്ട്യതാ, അവരെപ്പോല്യന്നെ ആരൂല്ലാത്ത ഒന്ന്. ഞാനെതിര്‍ത്തു, പിന്നെപ്പിന്നെ, ആരൂല്യാണ്ടെ അങ്ങനെ പൊട്ടി മൊളയ്ക്കല്ലേ ആള്‍ക്കാര്. നീ പോടീ, നിനക്കെന്തറിയാ ലോകം? വാസൂട്ടന്‍ പറഞ്ഞതാ അവര്‌ടെ കഥയൊക്കെ. അമ്മ ഇടപെട്ടു. നിങ്ങളോരോന്ന് പറയണ്ട കുട്ട്യോളേ. അവര് അവരെപ്പറ്റി എന്ത് പറയുന്നോ അതങ്ങട്ട് വിശ്വസിയ്ക്ക. കൂടുതലൊന്നും ചെകയാനും മാന്താനും പോണ്ട മറ്റുള്ളോര്‌ടെ കാര്യത്തില്, മനസ്സിലായില്ലേ. നമുക്കെന്തുവേണം. അന്നാ വര്‍ത്തമാനം അവിടെ നിര്‍ത്തി. അമ്മ അങ്ങനെയാ. അച്ഛന്‍, കുട്ടികള്, വീട്, വീട്ടില്‍ വരുന്നവര്, അമ്പലം. കഴിഞ്ഞു. എന്നിട്ടും എത്ര കൂട്ടുകാരികളായിരുന്നു. ചില പെണ്ണുങ്ങളൊക്കെ അമ്മേടടുത്ത് ഉച്ചവര്‍ത്താനത്തിന് വരും. അവര് പറയുന്നതൊക്കെ കേള്‍ക്കും. ഒരിക്കലും അതൊന്നും അമ്മയില്‍നിന്ന് മറ്റാരിലേക്കും പോവില്ല. ആവശ്യമില്ലാതെ ആരുടെ കാര്യത്തിലും ഇടപെട്വേം ഇല്ല.

ഞായറാഴ്ച പതിനൊന്നു മണിയായപ്പോഴേക്കും ടീച്ചറും ശോഭേം വന്നു. ആരും നോക്കിപ്പോവുന്ന സൗന്ദര്യം, അതെടുത്തുകാട്ടും വിധം ഭംഗിയായി ഒരുങ്ങിയ ടീച്ചര്‍. തോളറ്റം വെട്ടിയിട്ട ചുരുണ്ട മുടീം വട്ടമുഖോം ഉള്ള ശോഭ. നല്ല ഭംഗീള്ള ഫ്രില്ലുവെച്ച പച്ച ഉടുപ്പ്. അമ്മ അവളെ ചേര്‍ത്തു പിടിച്ച് നല്ല ശോഭണ്ടല്ലോ മോക്ക്, സുന്ദരിക്കുട്ടി എത്രേലാന്ന് ചോദിച്ചു. അവള് നന്നായി ചിരിച്ചോണ്ട് നാലിലാന്ന് പറഞ്ഞ്, മെല്ലെ എന്റെ നേരെ നോക്കി. ചേച്ചി എത്രേലാ? ഞാന്‍ വല്യ ഗമേല് പറഞ്ഞു, കോളേജിലാ. അമ്മേം ടീച്ചറും ഓരോന്ന് പറഞ്ഞുതൊടങ്ങ്യപ്പോ ശോഭേംകൂട്ടി ഏട്ടനും ഞാനും തൊടീലെറങ്ങി. ഊഹാപോഹങ്ങളും കഥകളും ഒക്കെ കേട്ടതോണ്ട് അമ്മ നേരത്തേ പറഞ്ഞിരുന്നു, നമ്മളായിട്ട് കുടുമ്പക്കാര്യങ്ങളൊന്നും അങ്ങോട്ട് ചോദിക്കണ്ട. അവര് പറയണതങ്ങട്ട് കേട്ടാമതീന്ന്. അതുകൊണ്ട് അനിയനെക്കുറിച്ചും അച്ഛനമ്മമാരെക്കുറിച്ചും ഒന്നും ചോദിച്ചില്ല. വെയിലും ഒപ്പം ചിന്നിപ്പാറുന്ന മഴേം കൊണ്ട് കൊറനേരം ഊഞ്ഞാലാടീതോര്‍ക്കുന്നു. ഊണ് കഴിഞ്ഞ് അമ്മ അവളെക്കൊണ്ട് പാട്ട് പാടിച്ചു. ”പൂക്കൈതയാറ്, അവളൊരായിരം കഥപറഞ്ഞൂ….” അങ്ങനെ ഏതാണ്ടൊരുപാട്ട്. അലങ്കരിച്ച കൃഷ്ണവിഗ്രഹവും ഗണപതീടേം ദേവീടേം ശ്രീരാമന്റേം ഒക്കെ ചിത്രങ്ങളും ഉള്ള ഞങ്ങള്‌ടെ പൂജാമുറി അവള്‍ക്ക് വല്യ ഇഷ്ടായി. ഓണക്കാലായതോണ്ട് പൂക്കളവും. അവള്‍ടെ വീട്ടില് ഒരു ഭഗവാന്റെ ഫോട്ടോ പോലും ഇല്ലാത്രേ. ഓണപ്പൂവൊന്നും ഇടാറില്ല, ഓണം ഒരു തട്ടിപ്പാന്നാ വല്യമ്മ പറഞ്ഞുകൊടുത്തത്ന്ന്. പിന്നെപ്പിന്ന്യാ അറിഞ്ഞത്, ശാരദടീച്ചറ് യുക്തിവാദിയാണെന്നും സംഘടനാപ്രവര്‍ത്തനങ്ങളും മറ്റുമായി യാത്ര പോകാറുണ്ടെന്നും മറ്റും. ടീച്ചറുമായിട്ടുള്ള സഹവാസം കൂടിവന്നതും അമ്പലത്തില്‍പോക്കും സന്ധ്യാജപം പോലും നിര്‍ത്തിയതും ഒക്കെ ഓര്‍ക്കുന്നു. വീട്ടീന്നെറങ്ങ്യാ ചന്ദനക്കുറീം മായ്ക്കും. ഏതാണ്ട് ഒരുവര്‍ഷത്തോളം. ആയിടെ വീടിനടുത്ത് ജീര്‍ണ്ണിച്ച് അനാഥായിക്കെടന്ന കുന്നത്തപ്പന്റെ പുരാതനക്ഷേത്രം പുനരുദ്ധാരണോം ഏഴുദിവസത്തെ പ്രഭാഷണപരമ്പരേം. അമ്മേടെ നിര്‍ബന്ധത്തിനാ പോയത് ആദ്യദിവസം. പിന്നീടങ്ങോട്ട് ഒരാകര്‍ഷണം. പൂര്‍വ്വജന്മ സുകൃതം. ഒരുപാടൊരുപാട് സംശയങ്ങള്‍ നീങ്ങി, ദുഃസ്വാധീനങ്ങളില്‍നിന്ന് വിടുതലായി. ടീച്ചറുടെ സ്വാധീനത്തില്‍ പെട്ടുപോയ കുറേ ചെറുപ്പക്കാര്‍ രക്ഷപെട്ടു. ശോഭ ആറിലേക്കു ജയിച്ച കൊല്ലം ടീച്ചറ് സ്ഥലമാറ്റം വാങ്ങി കുറേ വടക്ക് ഒരുള്‍പ്രദേശത്തേക്ക് പോയി. പിന്നെ ഇതാ ഇന്നാ കാണണത്. എന്റെ കല്യാണം തീരുമാനായപ്പോ അവരുടെ അഡ്രസ്സ് അന്വേഷിച്ചതാ. എവട്യാന്ന് ആര്‍ക്കും ഒരു പിടീംല്യാര്‍ന്നു. കൊല്ലങ്ങള്, മുപ്പത് കഴിഞ്ഞില്ലേ?!

പപ്പടംകാച്ചിക്കൊണ്ടുനിക്കുമ്പോ അപ്പു, ”അമ്മമ്മേ ഇവിടാരോ വന്ന്ണ്ട്, മ്മമ്മേനെ ബുദ്ധിമുട്ടിക്കണ്ടാ, ഇന്ന് വേം ഇങ്ങോട്ടന്നെ വന്നോളുണ്ടൂന്നമ്മ പറഞ്ഞു. ഞാന്നിക്കണോ അമ്മമ്മേ?”
അമ്മമ്മയ്ക്ക് ബുദ്ധിമുട്ടൊന്നൂല്ല്യ കുട്ടാ, കഥ പറയാന്‍ നേരണ്ടാവില്ല്യ, അപ്പൂന് ബോറടിക്ക്വോ, ഞങ്ങടെ വര്‍ത്താനം പറച്ചില്ണ്ടാവും.

”അമ്മമ്മേടാരാ വന്നേ?”
ദാ വരണൂ, ഈ വല്യമ്മൂമ്മയന്നെ. ”ഇതേതാ കുട്ടി സുഭദ്രേ, പേരക്കുട്ട്യാ? നിന്റെ കുടുംബവര്‍ത്താനങ്ങളൊന്നും എനിക്കറീല്ലല്ലോ”
”ഒക്കെ പറയാ വല്യമ്മേ, ഈറനൊക്കെ ദാ ആ പടിഞ്ഞാറേ വരാന്തേല് തോരിട്ടോളൂ. ന്നിട്ട് വിശേഷങ്ങള്‍ പറഞ്ഞോണ്ട് കഞ്ഞി കഴിക്കാ നമുക്ക്.”
”മ്മമ്മേ ഞാമ്പോയിട്ടോ, നാളെ വരാം….”
”ദാ അവനോടിപ്പോയി. ചെക്കന് രാത്രീന്നും പകല്ന്നും ഒന്നൂല്യാ. തെക്കേലെ വിമലേടെ ഉണ്ണ്യാ. അവനാ എനിക്ക് കൂട്ട്.”
ഭക്ഷണം കഴിക്കുമ്പോ ടീച്ചറ് ചോദിച്ചു, ”മോളൊറ്റയ്ക്കാ ഇവിടെ?”
”കുട്ട്യോള് രണ്ടാളും തിരൂന്തോരത്താ. മൂത്താള് സുദേവന്‍. ആയുര്‍വേദ ഡോക്ടര്‍. ചിത്രകാരനാണ്. അവന്റച്ഛന്റെ പാരമ്പര്യാ. രണ്ടാമത്തവള് സുജയ. മ്യൂസിക്കില് പി.ജി.യുണ്ട്. അവന്റെ കൂട്ടുകാരനാ അവളെ കല്യാണം കഴിച്ചത്. അയാളും ആയുര്‍വേദ ഡോക്ടറന്നെ. ദിനേശന്‍. മൃദംഗവിദ്വാന്‍. അയാള്‍ടെ അനിയത്തി ദേവികേനെ സുദേവനിങ്ങോട്ടും കൊണ്ടന്നു. എല്ലാരുംകൂടി ജയേട്ടന്റെ അമ്മേടെ വക പഴയ തറവാട് നന്നാക്കി അവിടത്തന്യാ താമസം. അവിടാരൂല്യേ, അനാഥാക്കര്തല്ലോ. ഞാന്‍ കൊറച്ചീസം പോയി നിന്നിരുന്നു. പെങ്കുട്ട്യോളു രണ്ടാളും ദേവികേടെ അമ്മേം ചേര്‍ന്ന് ഒരു പബ്ലിക്കേഷന്‍ നടത്തുന്നു. അമ്മ ഒരെഴുത്തുകാരിയാണേ. അച്ഛന്‍ റിട്ടയേര്‍ഡ് പ്രഫസറും. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ട്.”
”അവര്‌ടെ അച്ഛന്‍….?”
”ജയദേവന്‍, ആര്‍ട്‌സ് കോളേജില് ടീച്ചറാരുന്നു. മോന് എട്ട് വയസ്സായപ്പോ പോയി. മോള്‍ക്ക് മൂന്നും. കാരണംന്ന് പറയാന്‍ ഒരു പനി. അത്ര്യന്നേണ്ടായിള്ളു. പിന്നെ ഞാനെന്റെ സര്‍ട്ടിഫിക്കറ്റുകളൊക്കെ പൊടിതട്ടിയെടുത്തു, എത്രനാള് കരഞ്ഞോണ്ടിരിക്കും? അതേ കോളേജില്‍ ലക്ചററായി കിട്ടി. അദ്ദേഹത്തിന്റെ അമ്മയുണ്ടാര്ന്നു താങ്ങും തണലുമായി കൂടെ. ഡിഗ്രി എഴുതിയപ്പഴാ കല്യാണണ്ടായത്. ഇവിടെവന്ന് റിസള്‍ട്ട് അറിഞ്ഞപ്പോ, നല്ല മാര്‍ക്ക്. അമ്മേടെ നിര്‍ബന്ധംകൊണ്ട് പി.ജി. ക്ക് ചേര്‍ന്നു. അതിനമ്മയോട് തീര്‍ത്താ തീരാത്ത കടപ്പാടുണ്ട്. കുട്ടനെ പ്രസവിച്ചതും അതിനിടേലന്നെ. അച്ഛമ്മേടെ കയ്യിലാ മക്കള് രണ്ടാളും വളര്‍ന്നത്. അതോണ്ട് അവരിന്നും സ്‌നേഹത്തോടെ ഒരുവീട്ടില്‍ കഴിയുന്നു. അമ്മേം പോയി കഴിഞ്ഞാണ്ടില്. കുറച്ച് കിടപ്പിലായിരുന്നു. അപ്പോ ഞാന്‍ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി. ഇപ്പം ഒറ്റയ്ക്കായി. കുട്ട്യോള് വരും ഇടയ്ക്ക്. അങ്ങട്ട് പോവാന്‍ തത്ക്കാലം താത്പര്വില്ല. എനിക്കും ചെറിയ ചില പരിപാടികളൊക്കെണ്ടേ. ഇവിടന്ന് കൊറച്ച് ദൂരത്താണ്, ഒരു മഠണ്ട്. വിധവകളും ഭര്‍ത്താവുപേക്ഷിച്ചവരും ഒക്കെയായിട്ട്ള്ള പത്തിരുപത്തിമൂന്ന് സ്ത്രീകളുടെ കൂട്ടായ്മ. അതിന്റെ നടത്തിപ്പ് ഒരു മാതാജിയാണ്. മൂന്ന് ബ്രഹ്മചാരിണിമാരും ഉണ്ട് സഹായത്തിന്. അവര്‍ക്കവിടെ തൊഴില്‍ സംരംഭങ്ങളുണ്ട്. തുന്നല്‍, കരകൗശലവസ്തു നിര്‍മ്മാണം തുടങ്ങി പലതും. ഒപ്പം ശാസ്ത്രപഠനവും ഭജനയും. കളികളും യാത്രകളും. മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് കുട്ടനും ദിനേശനും വരാറുണ്ട്. അവര്‍ക്ക് നല്ലൊരു കലാസംഘമുണ്ട്. ദേവൂനും സംഗീതണ്ട്. അവരുടെ കച്ചേരികളും കലാവിരുന്നുകളും ഇടയ്ക്കുണ്ടാവും. ഞാനും മഠവുമായി ബന്ധപ്പെട്ട് ആവുന്നതൊക്കെ ചെയ്യും. അതൊരു സുഖാണ്. കുട്ടന്റെകൂടക്കൂടി ഇത്തിരി പെയിന്റിംഗും വശാക്കീട്ട്ണ്ട്. മഠത്തിലെ സ്ത്രീകളേം അവര്‌ടെ കുട്ടികളേം പഠിപ്പിക്കുന്നുണ്ട്. സത്സംഗങ്ങള്‍ക്ക് പങ്കെടുക്കാം. സത്ഗ്രന്ഥ പാരായണം പരിശീലിക്കാം. പിന്നെന്താ അച്ഛന്‍ റിട്ടേഡായപ്പോ ഇങ്ങ് പോന്നു. ഈ മഠത്തിനട്ത്ത് ചെറിയൊരു വീട്. ഇടയ്ക്ക് ഞാനങ്ങട് പൂവൂം. ഇവിടേം അവിടേം ആയിട്ടങ്ങനെ കഴിയണു.”

ദാ ഫോണടിക്കുന്നു, കുട്ട്യോളാണ്. എടുത്തിട്ട് വരാട്ടോ. വല്യമ്മ കഴിക്കൂ.
സുമിത്രേച്ചീടെ അതേ മട്ടന്നെ ഇവള്‍ക്കും. ആ മറയില്ലാത്ത സംസാരോം, തുറന്ന ചിരീം. വല്യമ്മേന്ന്ള്ള ആ വിളി എന്തൊരു സുഖം. താനിവരുടെ കുടുംബം കലക്കാന്‍ കച്ചകെട്ടി ഇറങ്ങിയതായിരുന്നല്ലോ, ശൂര്‍പ്പണഖയെപ്പോലെ. നിരസിക്കപ്പെട്ട പ്രേമം പകയാക്കി ആയുസ്സിന്റെ നല്ലപാതി തൊലച്ചു. ദുരൂഹത തോന്നിപ്പിക്കാന്‍ ശോഭയെ കരുവാക്കി. പലരെക്കൊണ്ടും മാഷേം തന്നേം ചേര്‍ത്ത് പല കഥകളും ചേച്ചീട കാതിലെത്തിച്ചു. ശോഭ മാഷ്‌ടെ കുട്ടിയാണെന്നുവരെ. എല്ലാം കേട്ടിട്ടും ചേച്ചിയോ മാഷോ തന്നോടൊന്നും ചോദിച്ചില്ല. മക്കളെപ്പോലും അറിയിക്കാതെ എത്ര ഭംഗിയായിട്ടാ കൈകാര്യം ചെയ്തത്. പരസ്പരവിശ്വാസവും സ്‌നേഹവും കൊണ്ട് അത്രയ്ക്ക് ദൃഢമായിരുന്നു അവരുടെ ബന്ധം. അരുതാത്തതൊന്നും അവര് തന്നോട് പറഞ്ഞില്ല, പ്രവര്‍ത്തിച്ചില്ല. എത്രതവണ അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അപ്പോഴൊക്കെ മാന്യമായിട്ടേ തന്നോട് പെരുമാറീട്ടുള്ളു. ഒരു ബന്ധുവിനോടെന്നപോലെ. തന്റെ കള്ളത്തരം അറിഞ്ഞിരുന്നോ ആവോ? സഹജമായ ആ സ്‌നേഹത്തിന്റെ മുന്നില്‍ തന്റെ കുടിലതന്ത്രം പൊളിഞ്ഞു പാളീസായിപ്പോയി. തോറ്റ് നാടുവിടണ്ടിവന്നു. യാത്രയയയ്ക്കാന്‍ രണ്ടാളുംകൂടി വന്നു, ഒന്നും അറിയാത്തപോലെ!! അന്നവരെ ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല.

”ആ…. വല്യമ്മേ, കുട്ടനാണ്. പറഞ്ഞൂട്ടോ, കുട്ട്യോള്‍ക്കറീല്യ. എന്നാലും അന്വേഷണം പറയാന്‍ പറഞ്ഞു. എന്താ വല്യമ്മേ, കഴിക്കാണ്ടിരിക്കണേ. എന്താ വെളമ്പണ്ടേ? ഒന്നും ഇഷ്ടായില്ലാ?”
”അയ്യോ അതൊന്ന്വല്ല, ഒന്നാന്തരായി. ഒന്നിച്ച് കഴിക്കാന്‍ മെല്ലെ ഇരുന്നു.” സുഭദ്രയുടെ മുഖത്തു നോക്കാനാവുന്നില്ല. ”ഞാന്‍ സ്‌കൂളില് ഫോണ്‍ ചെയ്ത് നിന്റെ അഡ്രസ്സ് കിട്ടി. എച്ച്.എം. ഒരു രാജേഷ്. പുതിയാളാണ്. അയാക്ക് നിങ്ങളയൊന്നും അറയില്ല. ആപ്പീസ്ന്ന് ആരോ പറഞ്ഞ്‌കൊടുത്ത വിവരത്തിന് ഇവിടത്തെ അഡ്രസ്സ് കിട്ടി. അമ്മ……”
”നേരത്തേ പോയി. ജയേട്ടന്റെ വേര്‍പാട് കഴിഞ്ഞ് മുറിവുണങ്ങുംമുമ്പേ. അച്ഛനും അമ്മേം തന്ന കരുത്ത്, സ്‌നേഹം. അവരുടെ കെട്ടുറപ്പുള്ള ബന്ധത്തിന്റെ അടിത്തറയാണ് അവര് ഞങ്ങക്ക് തന്ന വലിയ സ്വത്ത്………
അതൊക്കെ പോട്ടെ, വല്യമ്മ എവിടുന്നാ വരണത്? ശോഭേടെകൂടെത്തന്നെയല്ലേ താമസം? അവള്‍ടെ വിശേഷൊന്നും പറഞ്ഞില്ല.”
”എന്തുപറയണം? ഭവദാസന്‍നമ്പൂതിരി, നമ്പൂരിയായതുകൊണ്ടല്ല തന്റെ പ്രണയം നിരസിച്ചത്. അതറിയാന്‍ വൈകിപ്പോയി. അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചില്ല. അതല്ലേ നേരെ പ്രസ്ഥാനത്തില്‍ കൊണ്ടെത്തിച്ചത്. ബ്രാഹ്മണവിരോധം. ഉള്ളുപൊള്ളയായ യുക്തിയില്ലാത്ത യുക്തിവാദം. സമത്വവാദം. എന്നിട്ടെന്തു നേടി? നഷ്ടബോധവും നിരാശയുമല്ലാതെ, നല്ലതെന്തെങ്കിലും ചിന്തിക്കാനും പറയാനും ഉണ്ടോ? എത്രകാലം പ്രസംഗങ്ങളും സ്റ്റഡിക്ലാസ്സുകളും ഒക്കെയായി നടന്നിട്ടും ആഴമുള്ള ഒരു സുഹൃത്ബന്ധമെങ്കിലും ബാക്കിയുണ്ടോ ഇന്ന്? സംഘത്തിലുണ്ടായിരുന്നവര്‍ പലവഴി പിരിഞ്ഞു. പലരും രഹസ്യമായി ദൂരത്തുള്ള അമ്പലങ്ങളെ ആശ്രയിച്ചു. ഒടുങ്ങാത്ത ഈ ആയുസ്സും ആരോഗ്യവും വെച്ച് സാരമായതെന്തെങ്കിലും ചെയ്യാനുണ്ടോ തനിക്ക്? ഇനിയെങ്കിലും. ഒപ്പക്കാരെല്ലാം പോയി. ഈ കുരിശ് ഇനിയെത്രനാള്‍ ചുമക്കണം? ഒടുവില്‍ മനുഷ്യന് കാതലായ എന്തെങ്കിലും വിശ്വാസത്തിന്റെ പിടിവള്ളി വേണമെന്നു മനസ്സിലായപ്പോഴേക്കും അസ്തമിക്കാറായി.”

ഭക്ഷണം കഴിഞ്ഞ് എണീക്കുമ്പോ സുഭദ്ര പ്ലേറ്റ് പിടിച്ചു വാങ്ങി. ”വല്യമ്മ കൈകഴുകി പൂമുഖത്തിരുന്നോളൂ. ദാ ഞാനിപ്പോ വരാം.” പാത്രങ്ങളൊക്കെ എടുത്ത് കൊട്ടത്തളത്തിലിട്ട് വെള്ളമൊഴിച്ച്‌വെച്ച്, മേശ തുടച്ചു വൃത്തിയാക്കി. ഓടിവരുമ്പോ തെക്കേ മുറീടെ ചുവരിലെ മ്യൂറല്‍ചിത്രം നോക്കിനില്‍ക്കാണ് ടീച്ചര്‍.
” അത് കുട്ടന്റ വര്‍ക്കാ. ഈ മുറീല് നെറയെ അവനും അവന്റച്ഛനും ചെയ്ത പെയിന്റിംഗുകളാ. ഒക്കെ നാളെ കാണാം. ഒമ്പതര ആവണേള്ളൂ. കെടക്കാന്‍ തെരക്കില്ലല്ലോ വല്യമ്മേ, പറയൂ…. വിശേഷങ്ങള്‍.”
നിലാവ് പരന്നൊഴുകുന്ന വലിയ മുറ്റവും തൊടിയും. ഈ പൂമുഖത്തിന് അമ്മയുടെ മടിത്തട്ടിന്റെ കുളിര്‍മ. ഇവിടിരുന്ന് ഈ കുട്ടിയോട് ഇനിയും കളവ് പറയണോ? നിശ്ശബ്ദയായിരിക്കുന്ന ശാരദടീച്ചര്‍. സുഭദ്ര ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തൊക്കയോ മനസ്സിലിട്ട് പെരുക്കുന്നപ്പോലെ. കുഴിയിലാണ്ട കണ്ണുകളില്‍ നനവ്. മെല്ലെ അടുത്തേക്കിരുന്ന് ചുളിവീണുതുടങ്ങിയ കൈകള്‍ മടിയിലാക്കി. ”എന്തുപറ്റി വല്യമ്മേ, കരയ്യാണോ?” ചേര്‍ത്തുപിടിച്ചപ്പോഴേക്കും അണപൊട്ടി. സുഭദ്ര മടിയില്‍ ചാച്ചു കിടത്തി. വേണ്ട, ഒന്നും ചോദിക്കണ്ട. കരഞ്ഞുതെളിയട്ടെ.

ക്ലോക്കില്‍ പത്തടിക്കുന്നു. ടീച്ചറെണീറ്റ് സ്വസ്ഥയായി. മടിച്ചുമടിച്ചു പറഞ്ഞുതുടങ്ങി. ”എങ്ങനെ പറയണം എന്തുപറയണം എന്നൊന്നും അറിയില്ല, ഒന്നുമാത്രം പറയാം. അഭയംതേടിയാണ് ഈ വരവ്. ഒരഞ്ചാറ്‌കൊല്ലം മുമ്പ് വണ്ടീല് വെച്ച് ഒരു ശ്രീരാമദാസ സ്വാമികളെ പരിചയപ്പെട്ടു. ഞങ്ങളൊരേ കംപാര്‍ട്ട്‌മെന്റിലായിരുന്നു. കല്‍ക്കത്തേലൊരു മഠത്തിലാണ്ന്ന് പറഞ്ഞു. എന്തെന്നില്ലാത്ത ഒരു സൗമ്യത. ആകര്‍ഷണം. വാക്ചാതുരി. ഞങ്ങള്‍ കുറേ സംസാരിച്ചു. ആദ്ധ്യാത്മികതയില്‍ എനിക്ക് വിശ്വാസമില്ല, ഞാനൊരു കമ്മ്യൂണിസ്റ്റ് വിശ്വാസിയാണ്. സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആ വഴിക്ക് ചെയ്യുന്നതിലാണ് താത്പര്യം എന്നു ഞാന്‍. അദ്ദേഹത്തിന്റെ മറുപടി എന്റെ പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നു. പ്രസ്ഥാനം ഏതായാലും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം അനുകമ്പയാവണം. മറ്റൊന്ന്, ആദ്ധ്യാത്മികതയുടെ ലക്ഷ്യം സാമൂഹ്യപരിഷ്‌കരണമല്ല, സേവനത്തിലൂടെ അഹംബ്രഹ്മാസ്മി എന്നറിഞ്ഞടങ്ങലാണ്. അവനവനിലേക്കുള്ള യാത്ര ബോധപൂര്‍വ്വമായാല്‍ ചെയ്യുന്നതെല്ലാം സേവനമാവും. യുക്തിയുക്തം അത് മനസ്സിലാക്കിത്തന്നു. ഞാനെന്റെ എല്ലാ തെറ്റുകളും അദ്ദേഹത്തോട് അറിയാതെ പറഞ്ഞുപോയി. എല്ലാം പ്രസന്നനായി കേട്ടിരുന്നു, വെല്യൊരു ഭാരം ഇറക്കിവെച്ചപോലെ തോന്നി. പോകുമ്പോ രണ്ട് പുസ്തകങ്ങള്‍ തന്നു. ഭഗവദ്ഗീത, മറ്റേത് അദ്ദേഹത്തിന്റെ കുറേ പ്രഭാഷണങ്ങളുടേയും ലേഖനങ്ങളുടേയും സമാഹാരവും. അന്നുമുതലാണ് എനിക്ക് മാറ്റം വന്നുതുടങ്ങിയത്. തന്ന പുസ്തകങ്ങള്‍ പലതവണ വായിച്ചു. അതൊരാലംബമാണിപ്പോള്‍.
ശോഭ….. അവള്‍, അതുപിന്നെ അങ്ങനേ വരൂ. അവള്‍ക്ക് കുടുംബമായി. എവിടെയാണെന്നേ അറിയില്ല. ആദ്യമൊക്കെ വല്ലപ്പോഴും എഴുത്തു വന്നിരുന്നു. പിന്നെപ്പിന്നെ തീരെ ഇല്ല്യാണ്ടായി. ഒരിക്കല്‍ ആ അഡ്രസ്സ് വെച്ച് അന്വേഷിച്ചു പോയി, ഒന്നു കാണാന്‍. അവരവിടുന്നൊക്കെ പോയിട്ട് കുറേക്കാലായി. ആര്‍ക്കും ഒരു വിവരോം ഇല്യ. രണ്ടാള്‌ടേം ജോലിയെക്കുറിച്ചൊന്നും അറിയാത്തതോണ്ട് ആ വഴിക്കും അന്വേഷിക്കാന്‍ കഴിഞ്ഞില്ല. അവളവള്‌ടെ വഴിക്ക് പോയി.”
ഒഴുകിവന്ന കണ്ണീര് തുടച്ച് ക്ഷമാപണം പോലെ വീണ്ടും തുടങ്ങി, ”അവളെന്റെ അനിയന്റെ കുട്ടിയല്ല, ഞാന്‍…… എന്റെ തുലച്ചുകളഞ്ഞ യൗവ്വനത്തിന്റെ അടയാളം. അതുവെച്ച് നിങ്ങളെ…..”
സുഭദ്ര തടഞ്ഞു, വേണ്ട, വല്യമ്മേ. നിങ്ങള്‍ടെ മോളെപ്പോലല്ലേ ഞാന്‍. ആ എന്നോട് ഇങ്ങനെ ഏറ്റുപറയുന്നത്, വേണ്ട എനിക്കത് സങ്കടാണ്. അതൊക്കെ കഴിഞ്ഞ കഥകളല്ലേ? വിട്ടുകള. ഞങ്ങള്‍ക്കതിലൊന്നും ഒരു പരാതീം പരിഭവോം ഇല്ല. ഒരുപാടന്വേഷിച്ചിരുന്നു കല്യാണത്തിന് വിളിക്കാന്‍. എവിട്യാന്നൊരൂഹവും കിട്ടീല്ല. അതോണ്ടാ. പിന്നെ ആരും തെറ്റ് ചെയ്തു എന്നു പറയാനില്ല, എല്ലാരും ചെയ്യണത് അവനവന്റെ സ്റ്റാന്റ് പോയിന്റില്‍ നിന്നു നോക്കുമ്പോ ശരിയാണ്. ചെറിയ ശരിയില്‍നിന്ന് വലിയ ശരിയിലേക്കുള്ള യാത്രയല്ലേ ജീവിതം. അങ്ങനെ ചിന്തിക്കുമ്പോ ആര്‍ക്ക് ആരെ വെറുക്കാന്‍ കഴിയും? ആരാരോട് മാപ്പ് പറയും? കുറ്റബോധം പേറിയുള്ള ജീവിതം ഒഴുക്ക് തടയപ്പെട്ട നീര്‍ച്ചാല്‌പോലെയാണ്. അതിന് സ്വച്ഛന്ദം നിറഞ്ഞൊഴുകാനാവില്ല.

ടീച്ചറൊന്നും മിണ്ടിയില്ല. പിന്നെ ആലോചിച്ച് പറഞ്ഞുതുടങ്ങി, അതെ, തടസ്സങ്ങളെ വകഞ്ഞൊതുക്കി ഒഴുകിയ പുഴയായിരുന്നു മോളേ നിങ്ങളുടെ കുടുംബം. അതിപ്പൊഴും നിന്നിലൂടെ ഒഴുകുന്നു. നിത്യനിര്‍മ്മലമായി, തീരങ്ങളെ തഴുകിക്കൊണ്ട്. വളരെ ചെറുപ്പത്തിലേ നീ വലിയ പാഠങ്ങള്‍ പഠിച്ചു അല്ലേ?
സുഭദ്ര അഭിമാനത്തോടെ ചിരിച്ചു.
”ആ സന്ന്യാസി പറഞ്ഞ് കേട്ടത് മോള് നേരത്തേ പറഞ്ഞ മഠം തന്ന്യാവണം. അവിടെ അഭയം കിട്ട്വോന്നറിയാനാ ഈ വരവ്. സഹായിക്കണംന്ന് പറയാന്‍.”
”അതെ. കല്‍ക്കത്തേലാണ് ഹെഡ്ഡ്. വല്യമ്മ കണ്ട സ്വാമികള് ഏട്ടനാണ്.”
”ആര്? സുഭാഷോ? എനിക്ക് മനസ്സിലായില്ലല്ലോ.” ടീച്ചറുടെ ആശ്ചര്യത്തിന് അതിരില്ലായിരുന്നു.
”അതേന്നേ, ഏട്ടന്‍ കല്‍ക്കത്തേലാണിപ്പോ. ഇടയ്ക്ക് മഠത്തില്‍ വരും. ഇരുപത്തഞ്ചുകൊല്ലായി സന്ന്യാസിയായിട്ട്. നാട്ടിലുണ്ടായിരുന്ന ഞങ്ങളുടെ വീടും പറമ്പും മിഷന് കൈമാറി. അവിടെ ഒരു ബാലികാസദനവും ചെറിയൊരു പൂങ്കാവനവും ഉണ്ടാക്കാനുള്ള പരിപാടിയുണ്ടെന്ന് കേട്ടു.”

”അങ്ങനെങ്കില്‍ ഞാന്‍ പറഞ്ഞുവന്നപ്പോ ആള്‍ക്കെന്നെ മനസ്സിലായിക്കാണില്ലേ? ഒരു സൂചനപോലും തന്നില്ല. മഠത്തിന്റെ വിലാസം കുറിച്ചുതന്നു. ആവശ്യം തോന്നുമ്പോള്‍ ധൈര്യായിട്ട് ചെന്നോളൂന്ന് പറഞ്ഞു.”
”ഉം, മനസ്സിലായിക്കാണും. അതോണ്ടാണ് ധൈര്യായിട്ട് മഠത്തിലേക്ക് വന്നോളാന്‍ പറഞ്ഞത്. പിന്നെ സൂചനതന്നാല്‍ പൂര്‍വ്വാശ്രമം പറയേണ്ടിവരും. അതവര് പതിവില്ല. കാലത്ത് നമുക്കങ്ങോട്ട് പോകാം. വല്യമ്മ വരൂ, എത്തേണ്ടിടത്തെത്തീന്ന് വിചാരിച്ച് സമാധാനായി ഉറങ്ങാം”
***************
”ദേവിസുരേശ്വരി ഭഗവതി ഗംഗേ ത്രിഭുവനതാരിണി തരളതരംഗേ….” പതിഞ്ഞ ശബ്ദത്തിലൊഴുകുന്ന ഗംഗാസ്‌തോത്രത്തില്‍ ലയിച്ച് സുഭദ്ര കാറോടിച്ചു. ഉദയകിരണമേറ്റ് വെട്ടിത്തിളങ്ങുന്ന കണ്ണാടിപ്പുഴപോലെ……….. ശാരദടീച്ചറും പതുക്കെപ്പതുക്കെ അതിലേക്കൊഴുകിച്ചേര്‍ന്നു.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കര്‍ത്താര്‍പൂര്‍ കോറിഡോര്‍

ഒരു മംഗോളിയന്‍ യക്ഷി

ചിത്രശലഭം

ടോള്‍സ്റ്റോയി

യാത്ര

അവളും ഞാനും ഒരു താത്വിക അവലോകനത്തിലൂടെ

അച്ചുതണ്ട്

Kesari Shop

  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി വാരിക ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹850.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00

Latest

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

ഉറപ്പാണ് കൊലക്കത്തി

ദൈവത്തിന് മരണമില്ല, ഗുരുവിനും

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly