കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരള ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടതും സര്‍ക്കാരിന്റെ നയവൈകല്യത്തിന്റെ ഇരയായതും ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ- ഹിന്ദുസമൂഹം. ഏതു രംഗം എടുത്തുനോക്കിയാലും ഇത് പ്രകടമാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെയും ഭൂരിപക്ഷ വിവേചനത്തിന്റെയും തുടര്‍ച്ചയായിരുന്നു യു.ഡി.എഫ്-എല്‍.ഡി.എഫ് ഭരണങ്ങള്‍.
മതവിവേചനം
സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ എല്ലാക്കാലവും ന്യൂനപക്ഷപ്രീണനം മുഖമുദ്രയാക്കി ഭരണനിര്‍വഹണം നടത്തിയവരാണ്. ഇതിനായി ഭൂരിപക്ഷത്തെ പീഡിപ്പിച്ചു. ഭൂരിപക്ഷ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും അവഗണിച്ചു. ഭൂരിപക്ഷസമൂഹത്തിനായി തയ്യാറാക്കിയതും, സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ചതുമായ വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍, കോടതി ഉത്തരവുകള്‍, കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ ഇവയെല്ലാം അട്ടിമറിച്ചു. ദാരിദ്ര്യത്തില്‍പോലും മതത്തെ അടിസ്ഥാനമാക്കി, വിവേചനം കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ ഒരേ ക്ലാസ്സില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കുന്ന കുട്ടികള്‍ക്ക്‌പോലും മതം തിരിച്ച് സ്‌കോളര്‍ഷിപ്പുകളും സ്റ്റൈപ്പന്റുകളും വിതരണം ചെയ്തു. മുസ്ലീം ക്രിസ്ത്യന്‍ സമൂഹത്തില്‍പ്പെട്ട നാദിയയും നാന്‍സിയും ആനുകൂല്യം വാങ്ങുമ്പോള്‍ ഭൂരിപക്ഷ സമൂഹഅംഗമാണ് എന്നതിന്റെ പേരില്‍ നമിത ഒഴിവാക്കപ്പെട്ടു. സ്‌കൂളുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിലും വിധവകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിലും തികഞ്ഞ മതവിവേചനമാണ് ഇരുമുന്നണികളും കാട്ടിയത്. ന്യൂനപക്ഷ വിധവയ്ക്ക് വീട് വയ്ക്കാന്‍ 2.50 ലക്ഷം രൂപ നല്‍കുമ്പോള്‍ ഹിന്ദുവിധവകള്‍ക്ക് ആനുകൂല്യം നിഷേധിച്ചു. എസ്. സി / എസ്.ടി സമൂഹത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് വര്‍ഷത്തില്‍ ഒരിക്കല്‍ തുച്ഛമായ 250, 500, 750 എന്നീ നിരക്കില്‍ നല്‍കിയപ്പോള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ എല്ലാ മാസവും നല്‍കി പ്രീണിപ്പിച്ചു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആയിരത്തിലധികം നിര്‍ദ്ദേശങ്ങള്‍ ന്യൂനപക്ഷ ക്ഷേമത്തിനായി യു.പി.എ സര്‍ക്കാര്‍ നല്‍കിയപ്പോള്‍ തങ്ങളും ന്യൂനപക്ഷ പ്രീണനത്തില്‍ പിന്നിലല്ല എന്ന് തെളിയിച്ച് പാലൊളി സമിതി കമ്മറ്റി ശുപാര്‍ശകള്‍ എന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ച് നടപ്പിലാക്കി. സംഘടിത മതസമൂഹത്തെ പ്രീണിപ്പിക്കാന്‍ ഭരണരംഗത്തും അധികാരസ്ഥാനത്തും മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനായി ഇടതുവലതു മുന്നണികള്‍ മത്സരിച്ചു.
പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍സെന്റീവ് സ്‌കീം 2008 മുതല്‍ നടപ്പിലാക്കിയിരുന്നതാണ്. ഈ സ്‌കീം ആണ് യാതൊരു മുന്നറിയിപ്പും കൂടാതെ നിര്‍ത്തലാക്കിയത്. ഇന്‍സെന്റീവ് സ്‌കീമില്‍ അംഗങ്ങളായ പെണ്‍കുട്ടികള്‍ക്ക് 3000/- രൂപ പലിശസഹിതം ധനസഹായമാണ് നല്‍കിവരുന്നത്. 2010 മുതല്‍ പദ്ധതിയില്‍ കുട്ടികളെ ചേര്‍ക്കാതെ പദ്ധതി അട്ടിമറിച്ചു. ലംപ്‌സംഗ്രാന്റ് തുക മിനിമം 1000/- രൂപയാക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാത്ത വിദ്യാഭ്യാസ വകുപ്പ്, ന്യൂനപക്ഷസമൂഹത്തിന് ഡെസ്‌ക്, കസേര, ടേബിള്‍ ലാംപ് എന്നിവ വിതരണം ചെയ്തു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് നല്‍കിവന്നിരുന്ന സ്‌കോളര്‍ഷിപ്പ് 150 രൂപയില്‍നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. പട്ടികജാതി-വര്‍ഗ്ഗ-പിന്നോക്ക വിഭാഗങ്ങള്‍ക്ക് യാതൊരു സഹായപദ്ധതികളോ, ഗ്രാന്റുകളോ, സ്‌കോളര്‍ഷിപ്പുകളോ പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടി കോടിക്കണക്കിനു രൂപ ചിലവഴിക്കാന്‍ തിരക്കിട്ട് നടത്തുന്ന ശ്രമങ്ങള്‍ ഉത്ക്കണ്ഠാജനകമാണ്.
ആവശ്യത്തിന് കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ വിദ്യാലയങ്ങള്‍ ലാഭകരമല്ല എന്നകാരണം പറഞ്ഞ് അടച്ചുപൂട്ടുകയും 2500 ഓളം അധ്യാപകര്‍ പുറത്താക്കപ്പെടുകയും ചെയ്ത വിദ്യാലയങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദു മാനേജ്‌മെന്റ് സ്‌കൂളുകളാണ്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്രസാ വിദ്യാഭ്യാസത്തെ സി.ബി.എസ്.ഇ ക്ക് തുല്യമാക്കിയ നടപടിയും വിദ്യാഭ്യാസ രംഗത്തിനെ ദോഷകരമായി ബാധിച്ചു. മദ്രസയില്‍ പഠിച്ചാലും ജോലിക്കും ഉപരിപഠനത്തിനും അവസരം ലഭിക്കും എന്ന സ്ഥിതി സംജാതമാകാന്‍ ഇത് കാരണമായി. മറ്റെങ്ങുമില്ലാത്ത രണ്ട് വിദ്യാഭ്യാസ കലണ്ടര്‍ ആണ് കേരളത്തിലുള്ളത്. ഒരു സാദാകലണ്ടറും ഒരു മുസ്ലീം കലണ്ടറും. മുസ്ലീം സ്‌കൂളിന് വെള്ളി, ഞായര്‍ അവധി. സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാകലണ്ടറും മുസ്ലീം കലണ്ടര്‍ അനുസരിച്ചാക്കി മാറ്റി. നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടര്‍ മുസ്ലീം കലണ്ടര്‍ ആക്കിമാറ്റുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. ഇരുമുന്നണികളും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് നവീകരണത്തിന് 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ ഹിന്ദു സ്‌കൂളുകള്‍ക്ക് ലഭിക്കുന്നത് നാമമാത്ര തുക മാത്രമാണ്. ഇത് അറ്റകുറ്റപ്പണികള്‍ക്ക് പോലും തികയാതെ പാപ്പരായി സ്‌കൂളുകള്‍ വിറ്റൊഴിയുന്ന സ്ഥിതിയിലായി ഹിന്ദു മാനേജ്‌മെന്റ് സ്‌കൂളുകള്‍.
മതപരിവര്‍ത്തനശക്തികള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടുകള്‍ അന്വേഷിക്കണമെന്ന ആവശ്യം നിരാകരിക്കുന്ന ഇടതു വലതു മുന്നണി സര്‍ക്കാരുകള്‍ സേവനത്തിന്റെ മറവില്‍ സംസ്ഥാനത്തേക്കൊഴുകുന്ന ഫണ്ടുകളിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷണം നടത്തേണ്ട ഏജന്‍സികളെ നിഷ്‌ക്രിയരാക്കി അന്വേഷണത്തെ അട്ടിമറിച്ചു. ഹിന്ദുദേവീദേവന്മാരെ അവഹേളിക്കുന്ന മതപ്രചാരകര്‍ക്കെതിരെയും പ്രഭാഷകര്‍ക്കെതിരെയും നടപടിയില്ല എന്ന് മാത്രമല്ല ഹിന്ദുദേവീദേവന്മാരെ അധിക്ഷേപിക്കുന്ന മിഷനറി സാഹിത്യങ്ങള്‍ നിരോധിക്കാനും നടപടിയില്ല.
ന്യൂനപക്ഷ സംവരണം,സംവരണേതര സമൂഹത്തിന് ഒബിസി സംവരണം
ന്യൂനപക്ഷ സംവരണവും സംവരണേതര സമൂഹത്തിന് അനുവദിച്ച ഒ.ബി.സി സംവരണവും കടുത്ത അനീതിയാണ്. ദേശീയതലത്തില്‍ സംവരണം ലഭ്യമല്ലാത്തവരും ജനസംഖ്യാപരമായും സാമൂഹ്യസാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വിരുദ്ധമായ ന്യൂനപക്ഷ മതത്തില്‍പ്പെട്ടവര്‍ക്ക് ന്യൂനപക്ഷ സംവരണവും ഒ.ബി.സി സംവരണവും ഒരുപോലെ അനുവദിച്ചിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ പിന്നോക്ക സമുദായ ലിസ്റ്റില്‍ ആകെ 89 സമുദായങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം 40% സംവരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 8 സമുദായങ്ങള്‍ക്ക് 37% വും, ബാക്കിയുള്ള 81 സമുദായങ്ങള്‍ക്ക് എല്ലാം കൂടി ഒരുമിച്ച് വെറും 3% സംവരണവുമാണ് നിലവിലുള്ളത്. ഈ ഉത്തരവിലൂടെ ഇതുവരെ സംവരണത്തിന് അര്‍ഹതയില്ലാതിരുന്ന തങ്ങളുടെ സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിന് വേണ്ടി നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ മുതലേ 41 മുന്നാക്ക ക്രിസ്ത്യന്‍ സഭകളിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഒ.ബി.സി സമൂഹങ്ങളിലുള്ള 81 സമുദായങ്ങളേക്കേള്‍ എല്ലാ തലങ്ങളിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ചുലക്ഷത്തില്‍ അധികം വരുന്ന നാടാര്‍ സമുദായങ്ങളെ കൂടി പിന്നാക്ക സമുദായ പട്ടികയില്‍ കേരള സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അദര്‍ ബാക്ക് വേഡ് ഹിന്ദു ഗ്രൂപ്പില്‍ ഇപ്പോള്‍ 81+41=122 സമുദായങ്ങളായി. ഇവര്‍ക്കെല്ലാം കൂടിയാണ് ഉദ്യോഗ-വിദ്യാഭ്യാസ രംഗത്ത് 3% സംവരണം ലഭ്യമാക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തന്നെ ഹിന്ദുനാടാര്‍ക്കും, ക്രിസ്ത്യന്‍ നാടാര്‍ക്കും കണ്‍വേര്‍ട്ടഡ് ക്രിസ്ത്യനും പ്രത്യേകം പ്രത്യേകം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടതു വലതു സര്‍ക്കാരുകള്‍, സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ ന്യൂനപക്ഷ സമൂഹം പിന്നോക്കമാണ് എന്ന് വരുത്തിതീര്‍ത്താണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സംവരണേതര നാടാര്‍ സമൂഹത്തിന് ഒ.ബി.സി യില്‍ നിന്ന് സംവരണം നല്‍കാനുള്ള തീരുമാനം കടുത്ത അനീതിയാണ്.
മതഭീകരവാദം
ലോകത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരവാദ പ്രസ്ഥാനങ്ങളുടെയും ഒരു ശാഖയെങ്കിലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ദേശീയ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നുവെങ്കിലും സംസ്ഥാനത്തെ ഇടതു വലതു സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഭീകരവാദ പ്രസ്ഥാനങ്ങളുടെ സുരക്ഷിതതാവളമായി മാറി ദൈവത്തിന്റെ സ്വന്തം നാടായ കേരളം.
വാഗമണ്‍ പരിശീലനക്യാമ്പ്, സിമി ക്യാമ്പ്, സംസ്ഥാനത്ത് നടത്തിയ ബോംബ് സ്‌ഫോടന കേസുകള്‍, കലാപശ്രമങ്ങള്‍, പെരുമ്പാവൂര്‍, ആലുവ, കോഴിക്കോട് പ്രദേശത്തുനിന്ന് അറസ്റ്റ് ചെയ്ത ഭീകരവാദികളുടെ അന്തര്‍സംസ്ഥാന ബന്ധം, സാമ്പത്തിക ക്രയവിക്രയം, സക്കീര്‍ നായിക് നടത്തുന്ന പീസ് സ്‌കൂളുകളുടെ ഭീകരവാദ സംഘടനാ ബന്ധം ഇവ ഒന്നും അന്വേഷണവിധേയമാകുന്നില്ല. ഹിന്ദു സംഘടനാ നേതാക്കളെ വധിച്ച കേസുകളിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാതെ കേസുകള്‍ ദുര്‍ബ്ബലപ്പെടുത്തുന്നു. മതഭീകരവാദ പ്രവര്‍ത്തനസഹായത്തിന് ധനം ശേഖരിക്കാന്‍ നടത്തിയ ജ്വല്ലറി കവര്‍ച്ചാ കേസുകള്‍, ബാങ്ക് കവര്‍ച്ചകള്‍, സ്വര്‍ണ്ണ ബിസ്‌കറ്റ്, കള്ളക്കടത്ത്, പാകിസ്ഥാന്‍ പ്രസ്സില്‍ പ്രിന്റു ചെയ്ത കള്ളനോട്ട് ഇറക്കുമതി, തീരദേശങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ച് രഹസ്യതാവളത്തില്‍ എത്തിച്ചു എന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് എന്നിവയെല്ലാം അട്ടിമറിക്കാന്‍ ഇടതുവലതു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും മാധ്യമപ്രതിനിധികളുടെയും രാഷ്ട്രീയ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പങ്ക് അന്വേഷണവിധേയമാകുന്നില്ല. തടിയന്റവിട നസീര്‍ രാജ്യം വിടാന്‍ സാഹചര്യം ഒരുക്കിയതും ഇമെയില്‍ വിവാദത്തിലൂടെ കേരള പോലീസിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബിജു സലീം വിഷയം കൈകാര്യം ചെയ്തതും, തുടര്‍ന്ന് പങ്ക് വ്യക്തമായിട്ടും മാധ്യമം പത്രത്തിനെതിരെ കേസെടുക്കാതെ പത്രത്തെ രക്ഷിച്ചതും കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഭരണത്തെ സ്വാധീനിക്കാനും ഇടതുവലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കാനും മതതീവ്രവാദ സംഘടനകള്‍ക്ക് പോലീസിലും മാധ്യമങ്ങളിലും ഉന്നതരുണ്ടെന്ന് തെളിയിക്കപ്പെടുകയാണ്. തീരദേശസുരക്ഷ ഉറപ്പുവരുത്തുന്നതിലും ഗുരുതരവീഴ്ചയാണ് ഇടതുവലതു സര്‍ക്കാരുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കേസുകളുടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സഹായിക്കാന്‍ കേരള പോലീസ് വിമുഖത കാട്ടുകയാണ്. തീവ്രവാദ പ്രസ്ഥാനത്തെ കേരളത്തില്‍നിന്നും തുടച്ചുനീക്കുന്നതിന് യാതൊരു ശ്രമവും നടക്കുന്നില്ല എന്നുമാത്രമല്ല തീവ്രവാദ സംഘടനകളെയും നേതാക്കളെയും മാന്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇടതുവലതു സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്നത്. പ്രണയം നടിച്ച് മതം മാറ്റി രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തിന് സിറിയയിലേക്ക് അയച്ച സംഭവത്തിന് കാരണമായ ലൗജിഹാദ് കേസുകള്‍ അന്വേഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു അന്വേഷണ ഏജന്‍സികള്‍. ഭീകരസംഘടനകളുമായി മതനേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ബന്ധം അന്വേഷണവിധേയമാക്കാന്‍ തയ്യാറാകാത്ത യു.ഡി.എഫ് – എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ വോട്ടുബാങ്ക് സംരക്ഷിക്കുന്നതിനായി മതശക്തികളെ പ്രീണിപ്പിക്കുകയാണ്.
മതഭീകരവാദസംഘടനകളുടെ ഒളിത്താവളമായി കേരളം മാറുമ്പോള്‍ അന്വേഷണം സജീവമാകുന്നില്ല. ഡിപ്ലോമാറ്റിക് ബാഗ് വഴിയും ഖുറാന്‍, ഈന്തപ്പഴം ഇറക്കുമതി തുടങ്ങിയവയുടെ മറവിലും വിദേശത്തുനിന്ന് സ്വര്‍ണ്ണം ഇറക്കുമതി ചെയ്ത് കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണ്.
ഹലാല്‍ മുദ്രണത്തിന്റെ പേരിലുള്ള ഇസ്ലാമികവത്കരണവും, വ്യാപാരരംഗത്തേക്കുള്ള മതഭീകരവാദസംഘടന അജണ്ടകളുടെ സന്നിവേശവും അന്വേഷണവിധേയമാക്കുന്നില്ല. വ്യാപാരരംഗത്തെ മതവത്ക്കരിക്കാനുള്ള ശ്രമമാണ് തീവ്രവാദസ്വഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ നടപ്പിലാക്കുന്നത്. തങ്ങള്‍ക്ക് ഹറാമായതൊന്നും വിറ്റഴിക്കേണ്ടതില്ല എന്നും, തങ്ങള്‍ക്ക് ഹലാലായത് (അനുവദനീയമായത്) മാത്രമേ മുസ്ലീം സ്ഥാപനങ്ങളില്‍ പാടുള്ളു എന്നുമുള്ള അലിഖിത നിയമമാണ് അവര്‍ സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ആഗോള ഭക്ഷണശൃംഖലയിലെ 20% വും നിയന്ത്രിക്കുന്നത് ഇസ്ലാമിക മതഭീകരവാദ പ്രസ്ഥാനങ്ങളാണ്. ഇവര്‍ ഹലാല്‍ മുദ്രണത്തിനായി ഒരു സ്ഥാപനത്തില്‍ നിന്ന് 50000/- ത്തില്‍ അധികം രൂപയാണ് ഈടാക്കുന്നത്. ചിട്ടി മുതല്‍ സ്‌കൂള്‍ വരെയും, ടൂറിസം മുതല്‍ ഫ്‌ളാറ്റ് വരെയും, നെയ്യ് മുതല്‍ പപ്പടം വരെയും ഹലാല്‍ മുദ്രണത്തിന്റെ കീഴിലാക്കുന്നു. ഗര്‍ഭനിരോധന ഉറയിലും ഹലാല്‍ മുദ്രണം വേണമെന്ന ശാഠ്യം ഉയര്‍ത്തുന്നു ചില സംഘടനകള്‍. ഇത്തരത്തില്‍ സമസ്ത മേഖലയിലും ഇസ്ലാമികവത്ക്കരണം കൊണ്ടുവന്ന് ആഗോള മുസ്ലീം അജണ്ട നടപ്പിലാക്കാനുള്ള മതഭീകരവാദ സംഘടനകളുടെ ഫണ്ടിംഗ് ഏജന്‍സിയാകുകയാണ് ഇതിന്റെ പിന്നിലെ ജിഹാദി കോര്‍പ്പറേറ്റുകള്‍.
ക്ഷേത്രഭരണത്തില്‍ ഭക്തജനപങ്കാളിത്തം
സംസ്ഥാനത്തെ ദേവസ്വം ഭരണത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ദേവസ്വം നിയമത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി ജനാധിപത്യവല്‍ക്കരണവും വികേന്ദ്രീകരണവും കൊണ്ടുവരണമെന്ന ഭക്തജനസമൂഹത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാരുകള്‍ നിരാകരിക്കുകയാണ്.
സ്വന്തം ഇഷ്ടമനുസരിച്ച് ആരാധന നടത്തുവാനും ക്ഷേത്രഭരണം നടത്തുവാനുമുള്ള ഹിന്ദുക്കളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നത് സാമൂഹ്യനീതിയുടെ നിഷേധമാണ്. ഹിന്ദു ആരാധനാലയങ്ങള്‍ മാത്രം സര്‍ക്കാരില്‍ നിക്ഷിപ്തമായി നിലനിര്‍ത്തുന്നത് സംസ്ഥാനത്തിന്റെ മതേതര സങ്കല്‍പ്പത്തിന് എതിരാണ്. ഇതര മത സമൂഹങ്ങളുടെ ആരാധനാലയങ്ങളിലെ വരുമാനം ഭക്തജനക്ഷേമത്തിന് വിനിയോഗിക്കാന്‍ കഴിയാത്തത് വിവേചനവും നീതി നിഷേധവുമാണ്.
ദേവസ്വം നിയമം രൂപീകരിച്ച് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നനാള്‍ മുതല്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ക്ഷേത്രം ഭരിക്കുന്നത്. ഹിന്ദുനാമധാരികളായ രാഷ്ട്രീയക്കാരെ ദേവസ്വം ബോര്‍ഡില്‍ നിയോഗിച്ച് ദേവസ്വം ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാരുകളും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെയും കെ.പി.സി.സി യുടെയും ആജ്ഞകളാണ് അനുസരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്രബോഡിയാണെങ്കിലും. ദേവസ്വം ഭരണാധികാരികളായി വരുന്നവര്‍ സ്വതന്ത്രരല്ല. രാഷ്ട്രീയ വിമുക്തമായ, ഭക്തജന പ്രാതിനിധ്യമുള്ള ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച ജസ്റ്റീസ് ശങ്കരന്‍നായര്‍ കമ്മീഷന്‍, ജസ്റ്റീസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ച വിധികളും, കമ്മീഷന്‍ ശുപാര്‍ശകളും സര്‍ക്കാരുകള്‍ പരിഗണനയ്‌ക്കെടുത്തില്ല.
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നു എന്നാണ് അവകാശവാദം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലവില്‍ നല്‍കിവരുന്ന തുക 1 കോടിയാണ്. 80 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും, 20 ലക്ഷം രൂപ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമാണ് ടി തുക നല്‍കിവരുന്നത്. 1816 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭീമമായ ദേവസ്വം സ്വത്തുവകകള്‍ക്ക് നല്‍കിവരുന്ന അത്യന്തം തുച്ഛമായ പ്രതിഫലമാണെന്ന് അംഗീകരിച്ചുകൊണ്ട് നല്‍കിവരുന്നത് നഷ്ടപരിഹാര തുകയാണ് ആന്വിറ്റിയായി (വാര്‍ഷികാശനം) നല്‍കുന്നത്. ഈ തുക ഔദാര്യമോ, സൗജന്യമോ അല്ല. ദേവസ്വം ഭൂമിയും സ്വത്തുവകകളും ഏറ്റെടുത്ത വകയില്‍ ലഭിക്കേണ്ട വര്‍ഷാശനം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകണമെന്ന ആവശ്യം സര്‍ക്കാരുകള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. നീതിക്കും ന്യായത്തിനുമനുസരിച്ച് ക്ഷേത്രങ്ങള്‍ക്ക് തരുവാന്‍ 1948 ല്‍ നിശ്ചയിച്ച സംഖ്യ ഇന്നത്തെ നാണയ മൂല്യമനുസരിച്ച് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന ഒരു കോടി രൂപ നിസ്സാരമായ തുകയാണ്. ക്ഷേത്രഭൂമികളെ അന്യായമായി കയ്യടക്കിയതിന് ബദലായി അറ്റാദായത്തിന്റെ പലിശ മാത്രമാണ്. സാധനങ്ങളുടെ വില, ജീവിതനിലവാരം, രൂപയുടെ മൂല്യം ഇതനുസരിച്ച് ആ സംഖ്യ ഓരോ കൊല്ലത്തേക്കും പ്രത്യേകം പ്രത്യേകം തീരുമാനിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമികളുടെ കാര്യത്തില്‍ ഒരു തീരുമാനത്തിന് തയ്യാറാകണമെന്ന ഭക്തജന സംഘടനകളുടെ ആവശ്യവും സര്‍ക്കാര്‍ നിരാകരിച്ചു.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ മറ്റാരും അറിയാതെയാണ് നാളിതുവരെ അന്യാധീനപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് അന്യാധീനപ്പെടുത്തുകയാണ്. സെന്റിന് കോടികള്‍ വിലമതിക്കുന്ന ഭൂമി 30 സെന്റ് വീതം എണ്ണ കമ്പനികള്‍ക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പൊതുധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ വണ്ടാനം, എറണാകുളം ജില്ലയില്‍ കീഴില്ലം എന്നീ സ്ഥലങ്ങളിലെ ഹൈവേകളുടെ ഓരത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് പെട്രോള്‍ ബാങ്കിനായി നല്‍കുന്നത്. മലബാര്‍ പ്രദേശത്തെ പ്രസിദ്ധമായ തൃക്കളയൂര്‍ ക്ഷേത്രഭൂമിയും 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി. 99 വര്‍ഷത്തെ പാട്ട വ്യവസ്ഥ പ്രകാരം ഏറ്റെടുത്ത ഭൂമി ലക്ഷക്കണക്കിന് ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞത് തിരിച്ചെടുക്കാന്‍ ശ്രമിച്ചതിന് സുപ്രീം കോടതിയില്‍ വരെ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ ക്രയവിക്രയം എന്നതാണ് വിരോധാഭാസം.
ആചാര്യ അവഹേളനവും ആചാര ലംഘനവും
കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെയും ആചാരത്തെയും അവഹേളിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ ആചാര ലംഘനം നടത്തിയത്. ഭക്തജനസമൂഹത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച സര്‍ക്കാര്‍ നടപടികള്‍ പൊറുക്കുവാന്‍ ഹൈന്ദവസമൂഹത്തിനാവില്ല എന്നതാണ് വാസ്തവം. അയ്യപ്പന്മാര്‍ നടത്തുന്നത് ആഭാസസമരമാണെന്നും ശരണമന്ത്രം തെറിജപമാണെന്നും ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ചു.
പുന:പരിശോധനാ ഹര്‍ജി പരിഗണിക്കപ്പെടുമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലം സമാധാനമായി നടക്കുമെന്ന പ്രത്യാശയെ തകിടം മറിച്ച് മുഖ്യമന്ത്രി ചര്‍ച്ചക്കെന്നുപറഞ്ഞ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എത്തിയ ആചാര്യന്മാരെയും സമുദായ നേതാക്കളെയും അപമാനിച്ച് മടക്കിയയച്ചു.
നടതുറന്നപ്പോഴെല്ലാം സന്നിധാനത്തുള്‍പ്പെടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാലയിട്ട് വ്രതം നോറ്റ് എത്തുന്ന ഭക്തര്‍ക്കുമേല്‍ പോലീസ് രാജായിരുന്നു പിന്നീട് നടന്നത്. ശബരിമലയ്ക്ക് പോകണമെങ്കില്‍ പാസ്സ് എടുക്കണം, ശരണം വിളിക്കരുത്, സന്നിധാനത്ത് തങ്ങരുത് തുടങ്ങി നൂറ് കൂട്ടം നിബന്ധനകള്‍ ഓരോ ദിവസവും പ്രഖ്യാപിച്ചു. അയ്യപ്പഭക്തര്‍ക്ക് അന്നദാനം നിരോധിച്ചു. അന്നദാനപ്പുരകള്‍ പൂട്ടി. കുഞ്ഞുങ്ങള്‍ അടക്കമുള്ള തീര്‍ത്ഥാടകരെ നരകിപ്പിച്ചു. സന്നിധാനത്ത് ഒത്തുചേര്‍ന്ന് ശരണം വിളിച്ചവരെ തുറുങ്കിലടച്ചു. അയ്യപ്പഭക്തര്‍ക്ക് മേല്‍ കരിനിയമം ചുമത്തി. സന്നിധാനത്ത് ബൂട്ടിട്ട സായുധ പോലീസ് അണിനിരന്നു. ചരിത്രത്തില്‍പ്പോലും കേട്ടുകേള്‍വി ഇല്ലാത്തത്ര സന്നാഹങ്ങളുമായി കേരളാ പോലീസ് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി നിരായുധരായ അയ്യപ്പഭക്തരെ നേരിടാനായി സായുധരായി നിലയുറപ്പിച്ചു.
യുവതികളെ പമ്പയിലെ വിജിലന്‍സ് ഐ.ജിയുടെ ഗസ്റ്റ്ഹൗസില്‍ എത്തിച്ച് വി.ഐ.പി മാര്‍ഗത്തിലൂടെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ വാഹനത്തില്‍ ബെയ്‌ലി പാലത്തിനടുത്ത് എത്തിച്ച് 18 ഓളം പുരുഷ ഉദ്യോഗസ്ഥരുടെ വലയത്തില്‍ സന്നിധാനത്ത് എത്തിച്ചു. കേവലം രണ്ട് മിനിട്ട് പോലും ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുകയോ, ഭഗവാനെ തൊഴുകയോ ചെയ്യാതെ ഇരുമുടിക്കെട്ട് മൊബൈല്‍ ക്യാമറയ്ക്ക് പോസ്റ്റ് ചെയ്തപ്പോള്‍ മാത്രം തലയില്‍വച്ച് തിരിച്ചിറങ്ങി. ശബരിമല ദര്‍ശനം ലക്ഷ്യമല്ലാത്തവര്‍ക്ക് ആചാരലംഘനം നടത്തി പ്രസിദ്ധി നേടുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഇതിലൂടെ തെളിഞ്ഞു.
നിയമനിര്‍മ്മാണ സഭകളിലും അധികാരസ്ഥാനങ്ങളിലും പൊതുവേദികളിലും ഇതിനെയെല്ലാം എതിര്‍ക്കേണ്ട യു.ഡി.എഫും അതിന്റെ നേതാക്കളും കുറ്റകരമായ അനാസ്ഥ കാട്ടി. കേരളനിയമസഭയില്‍ ശക്തമായ ഒരു പ്രതിരോധം തീര്‍ക്കുന്നതില്‍ യു.ഡി.എഫ് ആത്മാര്‍ത്ഥത കാട്ടിയില്ല. നിലയ്ക്കലില്‍ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ സമരം 1 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രഹസന സമരമായി അധ:പതിച്ചു. ആചാരലംഘനത്തെ ഹൈന്ദവവേദികളില്‍ എതിര്‍ത്ത മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്ക് പിന്തുണ നല്‍കിയില്ല. ഫെമിനിസ്റ്റുകളും നിരീശ്വരവാദികളും ആചാരലംഘനത്തിന് നിരവധിതവണ ശ്രമിച്ചപ്പോഴും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും വെറും കാഴ്ചക്കാരായി നോക്കിനിന്നു. ഭൂരിപക്ഷ ജനസമൂഹം വേദനയോടെ തള്ളിനീക്കിയ ദിനങ്ങള്‍ യു.ഡി.എഫ് നിസ്സംഗതയോടെയാണ് നോക്കിക്കണ്ടത്. ഉത്തരവാദപ്പെട്ട മുഖ്യപ്രതിപക്ഷം എന്ന സ്ഥാനത്തേക്ക് യു.ഡി.എഫ് ഇന്നേവരെ ഉയര്‍ന്നിട്ടില്ല എന്നതാണ് വിരോധാഭാസം.
ദേവസ്വം കരാര്‍ നിയമനം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി നടത്തുന്ന കരാര്‍ നിയമനത്തിലെ അഴിമതിയും രാഷ്ട്രീയ സ്വജനപക്ഷപാതവും വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ചു. 2017 ല്‍ ദേവസ്വം ബോര്‍ഡ് നടത്തിയ എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും 437 ഉദ്യോഗാര്‍ത്ഥികളെ സെലക്ട് ചെയ്തു. ഇക്കാലയളവില്‍ 62 ഒഴിവുകള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടുചെയ്തത്. നാളിതുവരെ 292 തസ്തികകള്‍ മാത്രമാണ് നിയമനം നടത്തിയത്. വാച്ചര്‍, കഴകം, അടിച്ചുതളി, ഓഫീസ് പ്യൂണ്‍ തസ്തികകളില്‍ നിരവധി ഒഴിവുകള്‍ വന്നതില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയാതെ പിന്‍വാതില്‍ നിയമനം ആണ് നടത്തിയത്. പിരിഞ്ഞുപോകല്‍, ഉദ്യോഗക്കയറ്റം, ജോലി ഉപേക്ഷിക്കല്‍ തുടങ്ങിയവയിലൂടെ നിരവധി തസ്തികകള്‍ ഒഴിവ് വരുന്നെങ്കില്‍ ഇതൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ മാത്രം ലിസ്റ്റില്‍ വരുന്നതും, അന്വേഷണ വിധേയമാകുന്നില്ല.
മുന്നാക്ക പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍
മുന്നാക്ക പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഇടതു വലതു സര്‍ക്കാരുകള്‍ വരുത്തിയത്.
ഹിന്ദു മുന്നാക്ക പിന്നാക്ക സമുദായങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്നും വിദ്യാഭ്യാസ വ്യവസായ ഉദ്യോഗതലങ്ങളില്‍ വളരെ പിന്നാക്കം പോകുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാത്ത അനേകം ജനങ്ങള്‍ സര്‍ക്കാര്‍ കനിവിനായി കാത്തിരുന്നിട്ടും യാതൊരു പരിഗണനയും അവര്‍ക്ക് ലഭിക്കുന്നില്ല. ഭൂരിപക്ഷ ഹിന്ദു വിഭാഗങ്ങളില്‍പെട്ടവരാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും അവര്‍ പിന്‍തള്ളപ്പെട്ടു. പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ട ഹിന്ദു സമുദായങ്ങളില്‍ സ്വയം തൊഴില്‍ കണ്ടെത്തിയ പിന്നാക്ക സമൂഹങ്ങള്‍ പരമ്പരാഗത തൊഴില്‍ വ്യവസായ മേഖലയില്‍ രൂപീകരിച്ച ക്ഷേമകോര്‍പ്പറേഷനുകളും ബോര്‍ഡുകളും നിഷ്‌ക്രിയമായതിനാല്‍ അതിന്റെ പരിരക്ഷ പോലും ലഭിക്കാത്തവരായി.
വനവാസി സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍
വനവാസി സമൂഹങ്ങളെ അവരുടെ ഗോത്രതനിമയില്‍നിന്നും, സംസ്‌കാരത്തിന്റ വേരുകളില്‍ നിന്നും അടര്‍ത്തിമാറ്റുന്ന ആഗോളശക്തികളുടെ പദ്ധതികള്‍ക്ക് പിന്തുണയേകുന്ന പാര്‍ട്ടികള്‍ക്കാണ് സംസ്ഥാനത്തെ ഭരണനേതൃത്വം എക്കാലത്തും പിന്തുണ നല്‍കിവരുന്നത്. ഇതിനെല്ലാം സഹായമൊരുക്കി സ്വയം പ്രഖ്യാപിത ഗോത്രസംഘടനകളും അതിവിപ്ലവസംഘടനകളും കര്‍ഷകസംഘടനകളും സജീവമായി രംഗത്തുണ്ട്.
ആസൂത്രിതമായ വനംകയ്യേറ്റത്തിലൂടെയും വ്യാപകമായ മതപരിവര്‍ത്തനത്തിലൂടെയും ഇവര്‍ കാടിന്റെ മക്കളുടെ സ്വസ്ഥ ജീവിതവും നിലനില്‍പ്പ് തന്നെയും ചോദ്യം ചെയ്യുന്നു. വനഭൂമി കൃത്രിമ രേഖയുണ്ടാക്കി അനര്‍ഹര്‍ക്ക് വീതിച്ച് കൊടുക്കുന്ന മാഫിയയില്‍ വനപാലകരും റവന്യൂ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സഖ്യം ചേര്‍ന്നിരിക്കുന്നു.
സര്‍ക്കാര്‍ പദ്ധതികളിലെ അവഗണനയും ഫണ്ട് ലാപ്‌സാക്കലും
ഹിന്ദു സമൂഹത്തിലെ ദരിദ്രജനസമൂഹത്തെ പഞ്ചവത്സര പദ്ധതികളിലും സര്‍ക്കാര്‍ ബഡ്ജറ്റുകളിലും ഇടതുവലതു സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. പരമ്പരാഗത തൊഴില്‍ സമൂഹത്തിന് പ്രത്യേക സാമ്പത്തിക പായ്‌ക്കേജ് എന്ന ആവശ്യം നിരാകരിക്കപ്പെട്ടു.
പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴില്‍ നവീകരണ ഗ്രാന്റ്, വിശ്വകര്‍മ്മ വിഭാഗത്തിന് ടൂള്‍സ് കിറ്റ് പദ്ധതി എന്നിവ അട്ടിമറിക്കപ്പെട്ടു. (നാമമാത്ര ആളുകള്‍ക്ക് മാത്രമാണ് ലഭിച്ചത്)
വിവിധ സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കാനുള്ള പരിശീലന പദ്ധതി എംപ്ലോയബിലിറ്റി എന്‍ഗാന്‍സ്‌മെന്റ് പ്രോഗ്രാം 2015 – 2016 എന്ന പദ്ധതി കാര്യക്ഷമമാക്കിയില്ല. മെഡിക്കല്‍ എഞ്ചിനീയറിംഗ് പരിശീലനം 30000/-, സിവില്‍ സര്‍വ്വീസ് 50000/-, ബാങ്കിംഗ് പരീക്ഷാ 20000/-, പി.എസ്.സി/ യു.പി.എസ്.സി പരിശീലനം 5000/-എന്നീ ക്രമത്തില്‍ പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ് പലവിധ കാരണങ്ങള്‍ പറഞ്ഞ് നിഷേധിച്ചു.
50% കേന്ദ്രസഹായത്തോടെയുള്ള ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഒ.ഇ.സി യ്ക്കും അനുവദിച്ചിരുന്നെങ്കിലും, പുതിയ ഒ.ഇ.സി സംവരണം അനുവദിച്ച സമുദായങ്ങള്‍ക്ക് ഇത് നിഷേധിച്ചു. ഫലത്തില്‍ ഒ.ബി.സി, ഒ.ഇ.സി ആനുകൂല്യങ്ങള്‍ ഇത് രണ്ടും ഇല്ലാതാക്കി.
ഒ.ബി.സി സമൂഹത്തില്‍പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകള്‍, ഗ്രാമങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ 2013-14 വര്‍ഷം 10 കോടിരൂപ അനുവദിച്ചു. പദ്ധതി നടപ്പിലാക്കിയില്ല.
വിവിധ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു എങ്കിലും വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തി. സ്വയംതൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, മൈക്രോ ക്രെഡിറ്റ്/ മഹിളാ സമൃദ്ധി യോജന, വിവാഹ വായ്പ, വിദേശ ജോലിക്ക് വായ്പ, സുവര്‍ണശ്രീ, വിദ്യാശ്രീ പ്രവര്‍ത്തനമൂലധനം, ബിസിനസ്സ് ഡെവലപ്‌മെന്റ് വായ്പ, വ്യക്തിഗത വായ്പ, കണ്‍സ്യൂമര്‍ വായ്പ, വാഹനവായ്പ, ഗൃഹപുനരുദ്ധാരണവായ്പ എന്നിവയെല്ലാം പ്രഖ്യാപനത്തില്‍ മാത്രമായി ചുരുങ്ങി. വായ്പാ ഏജന്‍സികള്‍ പലവിധ കാരണങ്ങള്‍ നിരത്തി നിഷേധിക്കുന്നത് പതിവാകുന്നു.
ഹിന്ദു പിന്നാക്ക സമുദായ വികസന നയം എന്ന ആവശ്യം ബോധപൂര്‍വ്വം വിസ്മരിച്ച സര്‍ക്കാര്‍ ഹിന്ദു പിന്നാക്ക സമുദായ ട്രസ്റ്റുകള്‍, സംഘടനകള്‍, കോളേജുകള്‍, സ്ഥാപനങ്ങള്‍, ഗുരുമന്ദിരങ്ങള്‍, സേവാകേന്ദ്രം എന്നിവ വിവിധോദ്ദേശ്യപദ്ധതിക്കായി അനുവദിച്ച ഉത്തരവുകള്‍ നടപ്പിലാക്കിയില്ല, നടപടിക്രമം പാലിച്ചില്ല എന്ന കാരണം പറഞ്ഞ് ഇതെല്ലാം റദ്ദാക്കി.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 25,000 കോടിയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1500 കോടിയും ചേര്‍ത്ത് 2016 മുതല്‍ 4 വര്‍ഷക്കാലം കൊണ്ട് ഫണ്ട് വിനിയോഗിക്കാതെ 4000 കോടി രൂപയാണ് 2020 മാര്‍ച്ചില്‍ ലാപ്‌സായത്. 2019 ല്‍ 900 കോടിയും, 2020 ല്‍ 435 കോടിയും വിനിയോഗിക്കാതെ നഷ്ടപ്പെടുത്തി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 2016-17 വര്‍ഷം മാത്രം രണ്ട് ഘട്ടങ്ങളിലായി 2354.4 കോടിയും 682.80 കോടിയും മൊത്തം 30,372 കോടിയുമാണ് എസ്.സി.എസ്.പി. ടി.എസ്.പി സ്‌കീം വഴിയുള്ള ഫണ്ടുകള്‍ എസ്.സി/എസ്.ടി വകുപ്പ് വഴി എത്തിയത്. എസ്.സി/എസ്.ടി സമൂഹ വികസനത്തിനായി ചിലവഴിക്കുന്നതില്‍ 75% കേന്ദ്രഫണ്ടാണ്. ദീര്‍ഘ വീക്ഷണമില്ലാത്ത പദ്ധതി നടത്തിപ്പും, ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും മൂലം ഇത് ശരിയായി വിനിയോഗിക്കപ്പെടുന്നില്ല.
മതപരിവര്‍ത്തനം
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവര്‍ത്തനം സംസ്ഥാനത്ത് സാധാരണമാകുന്നു. സേവനത്തിന്റെ പേരില്‍ വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്. മതപരിവര്‍ത്തന ശക്തികള്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി നടത്തുന്ന അനധികൃത സുവിശേഷ കേന്ദ്രങ്ങള്‍, മദ്യപാന ചികിത്സാ കേന്ദ്രങ്ങള്‍, രോഗശാന്തി ശുശ്രൂഷാ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍, പിന്നാക്ക പ്രദേശങ്ങള്‍, കോളനികള്‍, വനവാസ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നിവ അന്വേഷണവിധേയമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ല. മാത്രമല്ല ഇതിനെയെല്ലാം മാന്യവത്ക്കരിക്കാനും, ന്യായവത്ക്കരിക്കാനും ശ്രമിക്കുന്നു. സര്‍വ്വധര്‍മ്മ സമഭാവനയെന്ന ഭാരതീയ പാരമ്പര്യത്തിലൂന്നി ഒരു സാമൂഹ്യജീവിതം കാഴ്ചവച്ച് സംസ്ഥാനത്ത് മതസഹിഷ്ണുതയും മതസൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കുന്ന ഹൈന്ദവവീക്ഷണത്തിന് തീര്‍ത്തും വിപരീതമായി തങ്ങളുടെ മതം മാത്രമാണ് ശരിയെന്ന് പ്രചരിപ്പിക്കുന്ന ക്രൈസ്തവ ഇസ്ലാമിക മതങ്ങള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുമ്പോള്‍ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുകയാണ് ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.
ന്യൂനപക്ഷമാകുന്ന ഹിന്ദുസമൂഹം
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ സര്‍ക്കാരിനെ ഒട്ടും അലട്ടുന്നില്ല. ഈ വസ്തുത തുറന്നുപറയുന്നവരെ വര്‍ഗ്ഗീയവാദികളായി മുദ്രകുത്തുന്നു. 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഹിന്ദു 54.9%, മുസ്ലീം 26.6%, ക്രിസ്ത്യന്‍ 18.4% എന്നതായിരുന്നു. 2001-2011 കാലഘട്ടത്തില്‍ 15,65,000 ജനസംഖ്യാവര്‍ദ്ധനവ് ഉണ്ടായി. അതില്‍ 3,62,000 പേര്‍ ഹിന്ദുക്കളും 10,10,000 പേര്‍ മുസ്ലീങ്ങളും, 84,000 പേര്‍ ക്രിസ്ത്യാനികളും ആണ്. 6,58,000 പേരുടെ വ്യത്യാസമാണ് ഹിന്ദുജനസംഖ്യയില്‍ ഉണ്ടായത്. ജനസംഖ്യാ വളര്‍ച്ചകളുടെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്തുത തിരു-കൊച്ചി ഭാഗത്ത് ക്രിസ്ത്യാനികളും മലബാറില്‍ മുസ്ലീങ്ങളുമാണ് വമ്പിച്ച വളര്‍ച്ചാ നിരക്ക് നേടിയത് എന്നതാണ്.
സര്‍ക്കാര്‍ പുറത്തുവിട്ട 2015 സ്റ്റാറ്റിറ്റിക്‌സ് റിപ്പോര്‍ട്ടനുസരിച്ച് 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42.87% ഹിന്ദുക്കളും 41.45% മുസ്ലീങ്ങളും 15.42% ക്രിസ്ത്യാനികളുമാണ്. 5,16,013 കുട്ടികളില്‍ 2,21,220 ഹിന്ദുക്കളും, 2,13,865 മുസ്ലീങ്ങളും, 79,565 ക്രിസ്ത്യാനികളുമാണ്. ഹിന്ദുജനസംഖ്യ മുസ്ലീംജനസംഖ്യയില്‍ നിന്ന് 28.30 % കൂടുതല്‍ ഉണ്ടെങ്കിലും ജനനനിരക്കിലുള്ള വ്യത്യാസം കേവലം 1.42% മാത്രമാണ്. ഇത് ആശങ്കയുണര്‍ത്തുന്ന കണക്കാണ്. 2015 ലെ സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് 2051-ാം ആണ്ടോടെ സംസ്ഥാനത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ജനസംഖ്യയില്‍ സംഭവിക്കുന്ന അസ്വാഭാവിക അസന്തുലിതാവസ്ഥ സംസ്ഥാനത്തെ ഇസ്ലാമികവല്‍ക്കരിക്കും എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം നീതിനിഷേധത്തിന്റെ ചരിത്രം മുന്നില്‍വെച്ച് അവകാശങ്ങള്‍ക്കും നീതിയ്ക്കും വേണ്ടി ഹിന്ദുഐക്യവേദി സര്‍ക്കാറുകള്‍ക്കുമുമ്പില്‍ നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അവയ്‌ക്കെല്ലാം പുല്ലുവിലയാണ് കല്‍പ്പിച്ചത്. സംഘടിത മതസമൂഹത്തിനു മാത്രമേ പരിഗണനയുള്ളൂ എന്ന അവസ്ഥ ഹിന്ദുസമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. രാഷ്ട്രീയക്കാര്‍ക്ക് ബോധം വരാന്‍ തിരഞ്ഞെടുപ്പിലൂടെ അവര്‍ക്ക് ശിക്ഷ കിട്ടണം. ശബരിമല ആചാരലംഘനത്തിലെ മുന്‍ നിലപാട് തെറ്റായിപ്പോയി എന്ന് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രി ഖേദം പ്രകടിപ്പിച്ചത് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പൊള്ളുന്ന അനുഭവംകൊണ്ടാണ്. ഹിന്ദുസമൂഹത്തിന് നീതി നിഷേധിക്കുന്ന ഇടതു-വലതുമുന്നണികളെ പാഠംപഠിപ്പിക്കാന്‍ പറ്റിയ അവസരമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്.