2021 ഫെബ്രു. 12ലെ കേസരി വാരികയിലെ ‘ഇതുകേട്ടില്ലേ’ എന്ന പംക്തിയില്‍ ‘കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ’ എന്ന ആക്ഷേപഹാസ്യപരമായ ലഘു കുറിപ്പ് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നു കാട്ടുന്നതായി. ആത്മാര്‍ത്ഥതയുടെ തരിമ്പുപോലും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ഇല്ലെന്ന് മാത്രമല്ല അഴിമതി നടത്താനുള്ള അവസരമായിപ്പോലും ഇത്തരം സംഭവങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം. കേരളത്തില്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായ പീഢനത്തിന് ഇരയായി കെട്ടിത്തൂക്കിയത് ഇവരാരും കണ്ടതായി നടിക്കുന്നില്ല. വളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്ത് കേരളം മുഴുവന്‍ നടക്കുകയാണ്.
അനേകം നവോത്ഥാന നായകരുടെ ജന്മംകൊണ്ടും ആദിശങ്കരന്റെ നാടെന്ന പെരുമകൊണ്ടും തിളങ്ങിയ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഇത് സംഭവിച്ചത്. പ്രബുദ്ധരായ കേരളജനതയ്ക്ക് തീരാകളങ്കമല്ലേ ഇത്! കേരളമെന്ന പേര് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നു പാടിയ കവി ഇന്നുണ്ടായിരുന്നെങ്കില്‍ ഇത് മാറ്റി പാടിയേനെ. അത്രയ്ക്ക് നെറികേടാണ് ഈ അമ്മയോടും രണ്ട് പിഞ്ചുകുട്ടികളോടും കേരളത്തിലെ സര്‍ക്കാര്‍ മുതല്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ ചെയ്തത്. കേരള ഹൈക്കോടതി കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരേയും അട്ടിമറിക്കാന്‍ ശ്രമിച്ചവരേയും രൂക്ഷമായി വിമര്‍ശിച്ചപ്പോഴും ബന്ധപ്പെട്ട സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥരുടെ മേല്‍ എന്തു നടപടിയാണ് എടുത്തത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഈ കേസില്‍ ഉള്‍പ്പെട്ടു എന്നു പറയുന്ന ഒരാള്‍ മനസ്സാക്ഷി കൂത്തുകൊണ്ട് ആത്മഹത്യവരെ ചെയ്തു. എന്നിട്ടും നമ്മുടെ സര്‍ക്കാരിന്റെ കണ്ണുമാത്രം തുറന്നില്ല.
തലശ്ശേരിയിലെ ഒരു സ്‌കൂള്‍ അധ്യാപകനെ ബിജെപിക്കാരനായി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ‘സാങ്കല്‍പ്പിക പോക്‌സോ’ കേസില്‍ കുടുക്കിയ സര്‍ക്കാര്‍ എന്തേ ഇതുപോലുള്ള അമ്മമാരുടെ രോദനം കേള്‍ക്കുന്നില്ല? അറബിക്കടലില്‍ വല വിരിക്കാന്‍ നോക്കിയ വയനാടിന്റെ മാനസപുത്രനും ഇത് കണ്ടില്ല! കേരള നിയമസഭ നടക്കുമ്പോള്‍ ഇരുന്നുറങ്ങുകയും ഇടയ്ക്കിടയ്ക്ക് ഞെട്ടിയുണരുമ്പോള്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നുമാത്രം പറയുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവും ഇതൊന്നും അറിഞ്ഞതായി നടിക്കുന്നില്ല. ഈ മുറിവുകള്‍ ഉണങ്ങാന്‍ ഇനി ഒരേ ഒരു മരുന്നേ ഉള്ളൂ. അത് ഈ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രബുദ്ധരായ കേരള ജനത ബാലറ്റിലൂടെ കാണിച്ചു കൊടുക്കണം.