ഭാരതം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തില്‍ ലോകത്തിന്റെ മോടിയായി മാറിക്കൊണ്ടിരിക്കുകയാണ്. ‘അന്തസ്സ്, അഭിമാനം, ആത്മവീര്യം, അഴിമതിരഹിതം’ – ഇവയാണ് മോദി സര്‍ക്കാരിന്റെ പ്രധാന സവിശേഷതകള്‍. ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസ്സിതര സര്‍ക്കാരിന്റെ തുടര്‍ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. കുടുംബാധിപത്യത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിന്റെ ഫലമായാണ് രണ്ടാമതും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 30 വര്‍ഷത്തിനുശേഷം ആദ്യമായാണ് 2014ല്‍ ഒരു കക്ഷി തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നത്. അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ ഭരണപക്ഷവിരുദ്ധ വികാരം ഉണ്ടായില്ലെന്നു മാത്രമല്ല ബി.ജെ.പിയ്ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണവും നരേന്ദ്രമോദിയുടെ പ്രതിച്ഛായയും വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഈ പ്രവണത ഇപ്പോഴും തുടരുന്നു.
2020 മെയ് മാസം ഭാരതത്തിലെ ഏഴ് മെട്രോപോളിറ്റന്‍ നഗരങ്ങളില്‍, പ്രത്യേകിച്ച് കോവിഡ് ദുരന്തത്തിനിടയില്‍ ഇന്ത്യാടുഡെ, ടൈംസ് ന്യൂസ് എന്നീ മാധ്യമങ്ങള്‍ നടത്തിയ രാഷ്ട്രീയ സര്‍വ്വെയില്‍ 2019 മെയ് മാസത്തേക്കാള്‍ പിന്തുണ നരേന്ദ്രമോദിക്ക് വര്‍ദ്ധിച്ചതായാണ് കണ്ടെത്തിയത്. സി വോട്ടര്‍ നടത്തിയ സര്‍വ്വെയില്‍ പ്രതിപക്ഷം ഏഴരികത്ത് പോലുമില്ല. നരേന്ദ്രമോദിക്ക് 65.59% പിന്തുണ ലഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 23% പിന്തുണ മാത്രമാണ് ലഭിച്ചത്.
ലോകത്തിന്റെ മോടി
ഭാരതത്തിന്റെ പ്രധാനമന്ത്രി ലോക ജേതാവായി മാറുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ന് മിക്ക രാജ്യങ്ങളും ഭാരതത്തിന്റെ പക്ഷത്താണ്. ആഭ്യന്തര കാര്യങ്ങളില്‍ ഭാരതം എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നു. ഭാരതത്തിന്റെ ശരിയാണ് ഇന്ന് ലോകത്തിന്റെ ശരി. ഐക്യരാഷ്ട്രസംഘടനയില്‍ പാകിസ്ഥാന്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. യു.എന്‍. സുരക്ഷാ സമിതിയില്‍ പാകിസ്ഥാനുവേണ്ടി കാശ്മീര്‍ വിഷയം ഉയര്‍ത്താന്‍ ചൈന ശ്രമിച്ചപ്പോള്‍ ലോകരാജ്യങ്ങള്‍ അതിനെ തള്ളി.
ലോകരാജ്യങ്ങളുമായി ഹൃദയബന്ധമാണ് നരേന്ദ്രമോദി സര്‍ക്കാരിനുള്ളത്. ഇസ്രയേലും പാലസ്തീനും ഒരേ സമയം ഭാരതത്തിനും നരേന്ദ്രമോദിക്കും ബഹുമതി നല്‍കുന്നു. രണ്ടു രാജ്യങ്ങളും സന്ദര്‍ശിച്ച ആദ്യത്തെ ഭാരത പ്രധാനമന്ത്രിയാണ് മോദി. റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ ലോകരാജ്യങ്ങളെല്ലാം ഒരുപോലെ ഭാരതത്തെ ബഹുമാനിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നരേന്ദ്രമോദിയാണ് നേതൃത്വം വഹിക്കുന്നത്.
കൊറോണയുടെ വരവോടെ ലോകരാജ്യങ്ങള്‍ മോദിയുടെ വാക്കുകളും തീരുമാനങ്ങളും സശ്രദ്ധം വീക്ഷിക്കുന്നു. കൊറോണ ലോകരാജ്യങ്ങളെ വിഴുങ്ങുമ്പോള്‍ മോദി സര്‍ക്കാര്‍ ലോകത്തിന് താങ്ങും തണലുമായി. ലോകം ഭാരതത്തെ പുകഴ്ത്തി. കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി പട്രീഷ സ്‌കോട്ട്‌ലണ്ട് പറഞ്ഞത് ‘ഇന്ത്യ ലോകത്തിനു നല്‍കുന്ന സംഭാവന അനുകരണീയം’ എന്നാണ്. പട്രീഷയുടെ പ്രഖ്യാപനം ലോകം ശരിവെച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ എ. ഗുട്ടറസ് ‘ഇന്ത്യയുടെ സംഭാവനയെ സല്യൂട്ട് ചെയ്യുന്നു’ എന്നു പറഞ്ഞു.
ചൈനയിലെ വുഹാനില്‍ കോവിഡ് ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ മാലി, അമേരിക്ക, ബംഗ്ലാദേശ്, പെറു എന്നീ രാജ്യങ്ങളിലെ പൗരന്മാരുടെ രക്ഷകയായി ഭാരതം മാറി. ഇവരെ രക്ഷപ്പെടുത്തി അവരവരുടെ രാജ്യങ്ങളില്‍ എത്തിച്ചത് ഭാരതമാണ്. കൊറോണ ബാധ തീവ്രമായ സമയത്ത് ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം മാറി. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് ലോകത്തിലെ 134 രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് ഭാരതം കൊറോണ പ്രതിരോധത്തില്‍ ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.
കോവിഡ് ഫണ്ട് ഉണ്ടാക്കണമെന്ന മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സാര്‍ക്ക് രാജ്യങ്ങള്‍ കോവിഡ് സാര്‍ക്ക് ഫണ്ട് രൂപീകരിച്ചു. ഭാരതം 10 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കി. കൂടാതെ ‘ജി 20’ രാജ്യങ്ങള്‍ യോഗം വിളിച്ച് മോദിയുടെ ആഹ്വാന പ്രകാരം കോവിഡ് ഫണ്ട് രൂപീകരിച്ചു. ആല്‍പ്‌സ് മലനിരകളുടെ മുകളില്‍ ഭാരതത്തിന്റെ ദേശീയ പതാക ദൃശ്യാലങ്കാരമായി പാറിപ്പിച്ച് കൊറോണ പ്രതിരോധത്തില്‍ ഭാരതത്തോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുമുള്ള നന്ദിയും കടപ്പാടും ലോകജനത അറിയിച്ചു.
ഭാരതത്തിലെ വിധ്വംസക അധമശക്തികളുമായി ചേര്‍ന്ന് പാകിസ്ഥാന്‍ സൃഷ്ടിച്ച ‘ഇസ്ലാമോഫോബിയ’ എന്ന മതവെറുപ്പിന്റെ ഹാഷ്ടാഗിനെ ലോകത്തെ ഇസ്ലാമിക രാജ്യങ്ങള്‍, പ്രത്യേകിച്ച് അറബ് രാജ്യങ്ങള്‍ തള്ളിക്കളഞ്ഞു. മാലിദ്വീപ് പരസ്യമായി ഇന്ത്യക്ക് അനുകൂലമായി രംഗത്തുവന്നു. ഇന്ത്യയില്‍ ഇസ്ലാമിന് യാതൊരു പീഡനവും ഇല്ല എന്ന് ലോകത്തോടു പ്രഖ്യാപിച്ചു.
ആഭ്യന്തരമായി ശക്തി നേടല്‍
സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടു പിന്നിട്ട ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെടേണ്ട ചരിത്ര മുഹൂര്‍ത്തങ്ങളുടെ സാക്ഷാത്കാരമാണ് മോദി സര്‍ക്കാരിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചത്. ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞു. ശ്രീരാമജന്മഭൂമി ക്ഷേത്രസ്ഥലവുമായി ബന്ധപ്പെട്ട് അഞ്ച് നൂറ്റാണ്ടോളമായി പരിഹരിക്കാതെ കിടന്ന പ്രശ്‌നം കോടതിവിധിയിലൂടെ പരിഹരിക്കപ്പെട്ടുവെന്നു മാത്രമല്ല യാതൊരു സംഘര്‍ഷവും ഉണ്ടാകാതെ അയോദ്ധ്യയിലെ പവിത്രമായ ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാനും കഴിഞ്ഞു.
ഇന്ത്യയ്ക്ക് എന്നും തലവേദനയായിരുന്ന കാശ്മീര്‍ പ്രശ്‌നം 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് പരിഹരിച്ചു. അനേകം ജവാന്മാരുടെയും സാധാരണ പൗരന്മാരുടെയും ജീവന്‍ രക്ഷിക്കാനും ഭീകരരെ അടിച്ചമര്‍ത്താനും ഇതിലൂടെ കഴിഞ്ഞു. മുത്തലാക്ക് നിരോധിച്ചതിലൂടെ മുസ്ലിം വനിതകള്‍ കാലാകാലങ്ങളായി അഭിമുഖീകരിച്ചുവന്ന ഒരു വലിയ പ്രശ്‌നത്തിനാണ് പരിഹാരമുണ്ടായത്. പൗരത്വനിയമഭേദഗതി കൊണ്ടുവന്നതിലൂടെ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെട്ട് ഭാരതത്തിലേക്കു വരുന്ന വിവിധ മതവിഭാഗങ്ങളുടെ പൗരത്വപ്രശ്‌നത്തിനും പരിഹാരമുണ്ടാക്കി. ഇത്തരം നടപടികളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ശക്തമാക്കി. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്ന കരുത്തുറ്റ ഒരു സര്‍ക്കാര്‍ ഭാരതത്തിലുണ്ടെന്ന് ലോകത്തിനുതന്നെ ബോദ്ധ്യപ്പെട്ടു.
ഏത് രാജ്യവും സുരക്ഷിതമെന്ന് കരുതുന്നത് ആഭ്യന്തരരംഗം ശാന്തമാകുകയും വിഘടനവാദികളെ നിലക്ക്‌നിര്‍ത്തി അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ചെയ്യുമ്പോഴാണെന്ന് പുരാതന ഭാരതത്തില്‍ ചാണക്യനും ആധുനികരാഷ്ട്രമീമാംസകരും ഒരുപോലെ വ്യക്തമാക്കിയിട്ടുള്ളതാണ്. സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യ സൂചിപ്പിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ”ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈനയും പാകിസ്ഥാനും എന്നും ഇന്ത്യക്ക് തലവേദന ഉണ്ടാക്കും. തിബത്തിന്റെ കാര്യത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ലഡാക്ക് കൈമോശം വന്നുകൂടാ. അതിര്‍ത്തി സംരക്ഷിക്കുന്ന ശാന്തമായ നേതൃത്വം ഇന്ത്യക്ക് ആവശ്യമാണ്.” ലോഹ്യയുടെ വാക്കുകള്‍ നരേന്ദ്രമോദി സാക്ഷാത്കരിച്ചിരിക്കുകയാണ്.
പാകിസ്ഥാന്റെ സ്വപ്‌നഭൂമിയാണ് കാശ്മീര്‍. കാശ്മീരിലൂടെ ഇന്ത്യയെ ക്രമേണ കീഴടക്കാനുള്ള പദ്ധതി സിയാഉള്‍ ഹക്ക് ആവിഷ്‌കരിച്ചതാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാന്റെ മുന്നില്‍ പതറിയപ്പോള്‍ കശ്യപ മഹര്‍ഷിയുടെ തപോഭൂമിയായ കാശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന്റെ കൈവശഭൂമിയായി മാറി. ഇന്ത്യാവിരുദ്ധ ഭീകരവാദികളുടെ താവളമായി മാറിയ ഇവിടെ നിന്നുമാണ് ഇന്ത്യക്കെതിരെ ഭീകരവാദികളുടെ പരിശീലനം നടക്കുന്നത്. കാശ്മീരിനെ സംരക്ഷിക്കുകയും മറ്റ് സംസ്ഥാനങ്ങളെ പോലെ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാക്കി നിലനിര്‍ത്തുകയും ചെയ്യുക എന്നത് ചരിത്രപരമായി ബി.ജെ.പിയുടെ അഭിലാഷമായിരുന്നു. ആ അഭിലാഷം പൂര്‍ത്തീകരിച്ച് ചരിത്രമുഹൂര്‍ത്തം സൃഷ്ടിച്ച് കാശ്മീരിന്റെ 370-ാം വകുപ്പും 35 എ വകുപ്പും ഇല്ലാതാക്കി. കാശ്മീരിനെ വിഭജിച്ച് ലഡാക്കിനെ സ്വതന്ത്രമാക്കി. കാശ്മീരിലെ വിധ്വംസക ശക്തികളുടെ വേരു പിഴുതുകൊണ്ട് ശക്തമായ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി.
ലഡാക്കില്‍ ചൈനയുടെ കണ്ണും ആഗ്രഹവും എന്നുമുണ്ടായിരുന്നു. ലഡാക്കില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമത്തിനായി നേപ്പാള്‍ സര്‍ക്കാരുമായി അവര്‍ ഉണ്ടാക്കിയ ധാരണ ഇന്ത്യ പൊളിച്ചു. ടിബറ്റിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ലിംപിയാധുര, ലിയുലേഖ്, കാലാപാനി എന്നീ പ്രദേശങ്ങളിലുള്ള സൈനിക സുരക്ഷ ഇന്ത്യ നേര്‍ക്കുനേര്‍ ഉറപ്പാക്കി. മാനസസരോവരത്തിലേക്കുള്ള യാത്ര സുഗമമാക്കന്‍ ഉത്തരാഖണ്ഡുമായി ഈ പ്രദേശങ്ങളെ ബന്ധിക്കുന്ന 80 കി.മീ. റോഡ് നിര്‍മ്മിക്കാന്‍ നൂറു കണക്കിനു തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടു വന്ന് റോഡ് പണി ആരംഭിച്ചു. ചൈനയോട് 1962 അല്ല 2020 എന്ന് മറുപടി പറയുന്ന സമൂര്‍ത്തസന്ദേശം ഇന്ത്യ പരസ്യമായി നല്‍കി.
കാശ്മീരിലെ ഭീകരവാദികള്‍ക്കും ഇന്ത്യയില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മാവോവാദികള്‍ക്കും എതിരെ ശക്തമായ ആഭ്യന്തര നടപടികള്‍ ആരംഭിച്ചു. 60% മാവോയിസ്റ്റ് അക്രമവും ഇല്ലാതാക്കി. അര്‍ബന്‍ മാവോയിസ്റ്റുകളെ തുറുങ്കിലടച്ചു. യുഎപിഎ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ മാത്രമല്ല വ്യക്തികളെയും ഉള്‍പ്പെടുത്തി കേസ് എടുക്കാനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമാണ് ഭേദഗതി കൊണ്ടുവന്നത്. എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയിലും ഭേദഗതി വന്നു. എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യക്ക് പുറത്തും കേസന്വേഷിക്കാന്‍ അനുവാദം കൊടുത്തു.
ഭീകരവാദികള്‍ അടിയറവു പറഞ്ഞ വര്‍ഷമാണ് കടന്നുപോയത്. അതുപോലെ അസം വിഘടനവാദികളായ ബോഡോ കലാപകാരികളുമായി ചര്‍ച്ച നടത്തി രമ്യമായ പരിഹാരം ഉണ്ടാക്കി. 1500 ബോഡോ കലാപകാരികള്‍ ഭാരത സര്‍ക്കാരിന്റെ മുന്നില്‍ ആയുധം വെച്ചു കീഴടങ്ങി. കാശ്മീരിലെ 370, 35എ വകുപ്പുകള്‍ എടുത്തു കളഞ്ഞതോടെ പി.എസ്.എ (പീപ്പിള്‍സ് സെക്യൂരിറ്റി ആക്ട്) ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമം തുടങ്ങി. കാശ്മീരില്‍ സ്ഥലം വാങ്ങാനോ താമസിക്കാനോ അന്യസംസ്ഥാനക്കാര്‍ക്കുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും നീക്കി. കാശ്മീരിനു പുറത്തുള്ളവരെ വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങള്‍ തിരിച്ചുകിട്ടി. പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സംവരണ ആനുകൂല്യങ്ങള്‍ അനുവദിച്ചു.
വിഘടനവാദ പ്രവര്‍ത്തനങ്ങളെ നേരിടാനും മുഖം നോക്കാതെ കര്‍ശന നടപടികള്‍ നടപ്പാക്കാനും പ്രത്യേകം ആഭ്യന്തര സുരക്ഷാ സംവിധാനം ഉണ്ടാക്കി. റാഫേല്‍ യുദ്ധവിമാന ഇടപാട് പൂര്‍ത്തീകരിച്ചു. ആദ്യ റാഫേല്‍ യുദ്ധവിമാനം 2020 സപ്തംബറില്‍ ഇന്ത്യയിലെത്തി. മൂന്ന് സേനകളുടെയും പ്രവര്‍ത്തന ഏകോപനത്തിന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സത്യപ്രതിജ്ഞാവേളയില്‍ തന്നെ പത്ത് അയല്‍ രാജ്യങ്ങളുടെ ഭരണത്തലവന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിച്ച ഊഷ്മളമായ നയതന്ത്രബന്ധം ദൃഢമായി എന്നതും മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പെടുന്നു.
പാവപ്പെട്ടവരുടെ ഉന്നതി
പാവപ്പെട്ടവരുടെ ഉന്നമനത്തിനും ഗ്രാമങ്ങളുടെ വികസനത്തിനും മോദി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഗാന്ധിജിയുടെ സ്വപ്‌നമാണ് ഗ്രാമസ്വരാജ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. രാജ്യത്തിന്റെ പുനരുത്ഥാനം ഗ്രാമങ്ങളിലെ സ്ത്രീകള്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിലൂടെ മാത്രമേ നടപ്പാക്കാനാവൂ എന്ന് ഗാന്ധിജി വിശ്വസിച്ചു. ഗാന്ധിജിയുടെ സ്വപ്‌നമാണ് വിവിധ പദ്ധതികളിലൂടെ നരേന്ദ്രമോദി നടപ്പാക്കിയത്. ഗ്രാമീണ ജനതയുടെ ഉദ്ധാരണത്തിന് വിവിധ പദ്ധതികള്‍ കൊണ്ടുവന്നു.
ഉജ്ജ്വല്‍ യോജനയിലൂടെ എട്ടര കോടി വീട്ടമ്മമാര്‍ക്കാണ് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കിയത്. വിറകിന്റെ പുകയില്‍ നിന്നും പാവപ്പെട്ട സ്ത്രീകളെ രക്ഷിച്ചു. പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കുന്നതിനായി എല്ലാ വീടുകളിലും ശൗചാലയം പണിയുക എന്ന പദ്ധതി തുടര്‍ച്ചയായി നടപ്പാക്കി. കോടിക്കണക്കിനു ശൗചാലയങ്ങള്‍ പണിതു. 33% മാത്രമായിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ന് 92% എന്ന നിലയിലേക്ക് ശൗചാലയങ്ങളുടെ പണി പുരോഗമിച്ചു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന മഹത്തായ കര്‍മ്മം നടപ്പാക്കിയതോടെ അനേകം പാവപ്പെട്ടവരുടെ വീടുകളില്‍ വൈദ്യുതി എത്തി. ഗ്രാമങ്ങളിലെ റോഡും ഗതാഗതവും മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. ഇതിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഗ്രാമവികസനവും നടപ്പാക്കിവരുന്നു.
മഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു. തൊഴില്‍ ദിനങ്ങളുടെ എണ്ണവും തൊഴിലാളികളുടെ പ്രതിദിന വരുമാനവും വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതി നടപ്പാക്കാന്‍ തുടങ്ങി. വീടില്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. നഗരങ്ങളില്‍ 1.2 കോടി വീടുകളും ഗ്രാമങ്ങളില്‍ 2.95 കോടി വീടുകളും നിര്‍മ്മിച്ചു. കൊറോണ പ്രതിസന്ധിയുടെ കാലത്ത് 2019-20 വര്‍ഷത്തില്‍ ജനങ്ങള്‍ക്ക് നേരിട്ട് 2,04,394 കോടി രൂപ കൈമാറി. 2020-21 വര്‍ഷത്തില്‍ ആദ്യ രണ്ടു മാസത്തില്‍ 52,606 കോടി രൂപയാണ് ഇങ്ങനെ കൈമാറിയത്. ലോക് ഡൗണ്‍ കാലത്ത് 80 കോടി ജനങ്ങള്‍ക്കായി 80 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളും 3.15 ലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങളും വിതരണം ചെയ്തു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ചോദിക്കുന്ന അളവില്‍ ഭക്ഷ്യധാന്യങ്ങള്‍, പണം ഉടന്‍ ചോദിക്കാതെ റേഷന്‍ വിതരണത്തിനുവേണ്ടി അനുവദിച്ചു. നിരവധി കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ അനുവദിച്ചു. കൊറോണ പാക്കേജിലൂടെ കാര്‍ഷിക അനുബന്ധ മേഖലകളില്‍ പ്രത്യേകിച്ച് ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി.
സാമ്പത്തിക മുന്നേറ്റം
വിദേശനിക്ഷേപം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13% വര്‍ദ്ധിച്ചു. 2019-20 വര്‍ഷത്തില്‍ കൊറോണ ബാധിച്ച സമയത്തു പോലും 4997 കോടി ഡോളര്‍ വിദേശനാണ്യം നേരിട്ട് ഇന്ത്യയിലെത്തി. 2018-19ല്‍ വന്ന 4436 കോടി ഡോളര്‍ തന്നെ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശനിക്ഷേപമാണ്.
സ്വകാര്യമേഖലക്ക് പങ്കാളിത്തം നല്‍കുന്ന ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതോടുകൂടി ചൈനയില്‍ നിന്നു മാറാന്‍ ആഗ്രഹിക്കുന്ന 300 യൂറോപ്യന്‍ കമ്പനികളുമായി ഇന്ത്യ വ്യവസായ ചര്‍ച്ചകള്‍ നടത്തുകയും പല കമ്പനികളും ഇവിടേക്കു വരികയും ചെയ്തു. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയെ ഇലക്‌ട്രോണിക് ഹബ്ബാക്കാന്‍ 48,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കൊറിയ, ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളെ പോലെ ഇലക്‌ട്രോണിക് വ്യവസായങ്ങളുടെ ഹബ്ബ് ആക്കി ഇന്ത്യയെ മാറ്റുക എന്നതാണ് ലക്ഷ്യം. മൊബൈല്‍, ടാബ്‌ലറ്റ്, ഇലക്‌ട്രോണിക് ഘടക വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന.
കൊറോണ മൂലം തളര്‍ച്ച നേരിട്ട വ്യവസായരംഗത്ത് വളര്‍ച്ച തിരിച്ചുപിടിക്കാന്‍ നൂതനശ്രമങ്ങള്‍ തുടങ്ങി. കൊറോണ പാക്കേജിലെ സമ്പദ് രംഗത്തെ ഭരണപരിഷ്‌ക്കാരങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. സ്വന്തമായി ഉല്പന്നങ്ങള്‍ ഉണ്ടാക്കുകയും വില്പനയ്ക്ക് മാര്‍ക്കറ്റ് വളര്‍ത്തുകയും ചെയ്യുന്നതിലൂടെ സ്വദേശി ഉത്തേജനത്തിന് വഴി ഒരുക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
(തുടരും)