കൊച്ചി: പ്രമുഖ അഭിഭാഷകനും കേരള ബാര്‍ കൗണ്‍സില്‍ മുന്‍ വൈസ്ചെയര്‍മാനുമായ അഡ്വ.കെ.കെ.ബലറാമിനെ ആര്.എസ്.എസ്. പ്രാന്തസംഘചാലകനായി തിരഞ്ഞെടുത്തു. ഫെബ്രു. 27ന് കൊച്ചിയിലെ ഭാസ്കരീയത്തില്‍ നടന്ന ആര്.എസ്.എസ്. സംസ്ഥാന പ്രതിനിധിസഭയിലാണ് തിരഞ്ഞെടുപ്പു നടന്നത്. അദ്ദേഹം നേരത്തെ പ്രാന്ത സഹസംഘചാലകനായിരുന്നു.
കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന് വരണാധികാരിയായിരുന്നു. പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം അഡ്വ.ബലറാമിന്റെ പേര് നിര്‍ദ്ദേശിക്കുകയും പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന് എന്നിവര്‍ പിന്താങ്ങുകയും ചെയ്തു. ആരോഗ്യകാരണങ്ങളാല്‍ പ്രാന്തസംഘചാലകനായിരുന്ന പി.ഇ.ബി മേനോന് ചുമതല ഒഴിഞ്ഞിരുന്നു.
1971-ല്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബലറാം ആര്.എസ്.എസ്സുമായി ബന്ധപ്പെടുന്നത്. തൃച്ചംബരത്തെ ബാലന് എന്ന സ്വയംസേവകനൊപ്പമാണ് വെള്ളിയാഴ്ചകളില്‍ നടക്കുന്ന കോളേജ് ശാഖയില്‍ പങ്കെടുത്തത്. കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പി.യില്‍ ചുമതല വഹിച്ചു. കോഴിക്കോട് ലോകോളേജ് വിദ്യാഭ്യാസവേളയില്‍ എ.ബി.വി.പിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ കണ്ണൂര്‍ നഗര്‍ കാര്യവാഹായി. പിന്നീട് ജില്ലാ കാര്യവാഹും ജില്ലാ സംഘചാലകനുമായി. 2004ലാണ് പ്രാന്തസഹസംഘചാലകനാവുന്നത്.
ദീര്‍ഘകാലം കേരള ബാര്‍കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം ബാര്‍കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ സുന്ദരേശ്വരക്ഷേത്രം ഭരണസമിതിയായ ശ്രീഭക്തിസംവര്ദ്ധിനി യോഗം ഡയറക്ടര്‍, പള്ളിക്കുളം സേവാട്രസ്റ്റ്, ജനസേവാസമിതി എന്നിവയുടെ മാനേജിങ്ങ് ട്രസ്റ്റി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.