അടുത്ത വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് ഈയിടെ അവിടത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്നത്. ഈ തിരഞ്ഞെടുപ്പില്‍, കര്‍ഷകസമരത്തിന്റെ പേരില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വെല്ലുവിളി ഉണ്ടായിട്ടും ബഹുഭൂരിപക്ഷം സീറ്റുകളിലും സംസ്ഥാനം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പട്ടുവെന്ന വാര്‍ത്തയ്ക്ക് മലയാളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയില്ലെങ്കിലും ദേശീയതലത്തില്‍ വളരെയധികം ശ്രദ്ധ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെയുള്ള 6 കോര്‍പ്പറേഷനുകളില്‍ 6ലും 31 ജില്ല പഞ്ചായത്തുകളില്‍ 31ലും ബിജെപിയാണ് വിജയിച്ചത്. കൂടാതെ 81 നഗരസഭകളില്‍ 75ലും 231 താലൂക്ക് പഞ്ചായത്തുകളില്‍ 196ലും ബി.ജെ.പി. ഭരണത്തില്‍ വന്നു. ഇവയിലെല്ലാം കൂടി ആകെയുള്ള 8474 സീറ്റുകളില്‍ 6110 സീറ്റും ബി.ജെ.പി.യ്ക്കാണ് ലഭിച്ചത്.
കോണ്‍ഗ്രസ്സിന് ആകെ 1768 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇത്തവണ ഗംഭീര വിജയം നേടി 6 കോര്‍പ്പറേഷനുകളിലും ബി.ജെ.പി. ഭരണം നേടിയപ്പോള്‍ അവയിലെ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിഞ്ഞില്ല. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഭാവ്‌നഗര്‍, ജാംനഗര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 576 സീറ്റുകളില്‍ 483 ലും ബി.ജെ.പിയാണ് ജയിച്ചത്. ആം ആദ്മി പാര്‍ട്ടി 27 സീറ്റില്‍ വിജയിച്ചു. നഗരപ്രദേശങ്ങളെ പൂര്‍ണ്ണമായും കോണ്‍ഗ്രസ്മുക്തമാക്കിയിരിക്കുകയാണ് സമ്മതിദായകര്‍. 2015ലെ തിരഞ്ഞെടുപ്പില്‍ സൗരാഷ്ട്രം – കച്ച് മേഖലയിലെ 10 ജില്ലാ പഞ്ചായത്തുകളില്‍ പോര്‍ബന്ദര്‍, കച്ച് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്കു ലഭിച്ചിരുന്നത്. ഇത്തവണയാകട്ടെ ഇവിടെയും മുഴുവന്‍ ജില്ലാ പഞ്ചായത്തുകളും ബി.ജെ.പിയ്ക്ക് ലഭിച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ ബി.ജെ.പിയ്ക്ക് കരുത്തു പകരുന്നതാണ് ഈ തിരഞ്ഞെടുപ്പുഫലം. ഒപ്പം വികസനത്തിനും സദ്ഭരണത്തിനും ജനങ്ങള്‍ നല്‍കുന്ന പ്രാധാന്യവും ഇതിലൂടെ വ്യക്തമാവുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ബി.ജെ പി. ഭരണം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ഈ തിരഞ്ഞെടുപ്പിലും ഭരണപക്ഷവിരോധം ഉണ്ടായില്ലെന്നു മാത്രമല്ല സംസ്ഥാന ഭരണകൂടത്തിന് ജനങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്തു എന്നാണ് ജനവിധിയിലൂടെ പ്രകടമായത്. വികസനത്തിലും സദ്ഭരണത്തിലും ഊന്നിയുള്ള ബി.ജെ.പിയുടെ നയങ്ങള്‍ക്കൊപ്പമാണ് സംസ്ഥാനമെന്നതിനു തെളിവാണ് തിരഞ്ഞെടുപ്പു ഫലമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത്. ഗുജറാത്തിലെ തദ്ദേശതിരഞ്ഞെടുപ്പു ഫലത്തില്‍ പുതുമയില്ലെങ്കിലും അത് രാജ്യത്തിനു ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കുടുംബവാഴ്ചയും അഴിമതിയും മുഖമുദ്രയായ കോണ്‍ഗ്രസ്സിനെ ഒരിക്കലും അധികാരത്തിലേക്കു തിരിച്ചുവരാന്‍ കഴിയാത്ത തരത്തില്‍ ജനങ്ങള്‍ തള്ളിക്കളയുകയാണ്. സദ്ഭരണവും അവസര സമത്വവും വികസനവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ദീര്‍ഘകാലം കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ഗുജറാത്തില്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി.യാണ് വിജയിച്ചത്. സംസ്ഥാന മുഖ്യമന്ത്രിപദം നരേന്ദ്രമോദിയില്‍നിന്ന് ആനന്ദിബെന്‍ പട്ടേലിലേക്കും തുടര്‍ന്ന് വിജയ് രൂപാണിയിലേക്കും എത്തിയെങ്കിലും പാര്‍ട്ടിയുടെ ശക്തമായ ജനകീയ അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായി ഗുജറാത്തില്‍ അധികാരത്തില്‍ വന്ന സമയത്തു തന്നെ ഇനി ഒരു തിരിച്ചുപോക്ക് ഗുജറാത്തിന് അസാദ്ധ്യമാണെന്ന് ഒരു ഇംഗ്ലീഷ് വാരിക ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയതയ്ക്കനുകൂലമായി ഗുജറാത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ച അടിസ്ഥാനപരമായ പരിവര്‍ത്തനമാണ് ഈ മാറ്റത്തിന്റെ കാരണമായി ആ വാരിക സൂചിപ്പിച്ചത്. ഈ വിലയിരുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായെന്നാണ് രണ്ടു ദശാബ്ദക്കാലമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ തെളിയിച്ചത്.
ഗുജറാത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് അനുദിനം അപ്രസക്തമായി വരികയാണ്. ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ജി-23 എന്നറിയപ്പെടുന്ന പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒരു തുറന്ന യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജമ്മുവില്‍ ഈയിടെ നടന്ന സമ്മേളനത്തില്‍ ഈ നേതാക്കളില്‍ ചിലര്‍ ഒന്നിച്ചു പങ്കെടുക്കുകയും സമ്മേളനത്തില്‍ പ്രസംഗിച്ച ഗുലാംനബി ആസാദ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ട് സംസാരിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ നുണപ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസ്സിനകത്തു നിന്നു തന്നെ നരേന്ദ്രമോദിയ്ക്കനുകുലമായ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് സോണിയയ്ക്ക്കത്തയച്ചതു മുതല്‍ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയവരാണ് കോണ്‍ഗ്രസ്സിന്റെ ഈ 23 പ്രമുഖ നേതാക്കളും. ജമ്മുവിലെ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ഹിമാചല്‍ പ്രദേശിലും സമ്മേളനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ നേതാക്കള്‍. ദക്ഷിണേന്ത്യയിലെ വോട്ടര്‍മാര്‍ കൂടുതല്‍ കാര്യഗൗരവമുള്ളവരാണെന്നു കേരളത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞതില്‍ ജി-23 ല്‍ പെടുന്ന കപില്‍ സിബലടക്കമുള്ളവര്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ വൈരുദ്ധ്യവും അഭിപ്രായഭിന്നതയും പ്രകടമാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടി ഏത് വര്‍ഗ്ഗീയ കക്ഷിയുമായി കൂട്ടുകൂടാമെന്ന തരത്തില്‍ പാര്‍ട്ടി അധഃപതിച്ചിരിക്കുന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സി.പി.എമ്മിനോടും സി.പി.ഐയ്ക്കുമൊപ്പം സീറ്റും വേദിയും പങ്കിടാന്‍ യാതൊരു മടിയുമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ മാത്രം ഇടതുപക്ഷവുമായി സൗഹൃദമത്സരത്തില്‍ ഒതുങ്ങുകയാണ്. ബംഗാളില്‍ ദീര്‍ഘക്കാലം ഭരിച്ച കോണ്‍ഗ്രസ്സും സിപിഎമ്മും ഇപ്പോള്‍ മൂന്നാം സ്ഥാനത്തിനുവേണ്ടി ഒന്നിച്ചുനിന്നു പോരാടുന്ന നാണംകെട്ട കാഴ്ചയാണ് കാണുന്നത്. അതുംപോരാഞ്ഞ് തികഞ്ഞ വര്‍ഗ്ഗീയവാദിയായ പിര്‍സാദ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെയും സഖ്യത്തില്‍ ചേര്‍ത്ത് മുസ്ലിം പ്രീണനത്തിന്റെ ഉസ്താദായ മമതയെയും കവച്ചുവെക്കുന്നതരത്തില്‍ മുസ്ലിം പ്രീണനം നടത്താന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. സഖ്യത്തില്‍ ഈ കക്ഷിയെ ചേര്‍ത്തതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ ആനന്ദ് ശര്‍മ്മയും മറ്റും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ അള്ളാഹു അയച്ചതാണ് കൊറോണയെന്നു പറഞ്ഞയാളാണ് അബ്ബാസ് സിദ്ദിഖി. എത്ര വലിയ വര്‍ഗ്ഗീയവാദിയെ കൂടെ കൂട്ടിയാലും ‘മതേതരസഖ്യം’ എന്നു പേരിടാനുള്ള ഇവരുടെ തൊലിക്കട്ടി അപാരമാണ്. കോണ്‍ഗ്രസ്സിന് വീതംവെച്ച സീറ്റില്‍ നിന്നാണത്രെ സിദ്ദിഖിക്ക് സീറ്റ് നല്‍കിയത്. സഖ്യത്തിന്റെ സമ്മേളനത്തില്‍ സിദ്ദിഖിയുമായും കൈകോര്‍ത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസ്, സി.പി.എം. നേതാക്കള്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. പരസ്പരം മത്സരിക്കുകയാണെങ്കിലും വര്‍ഗ്ഗീയതയെ താലോലിക്കുന്ന കാര്യത്തില്‍ കേരളത്തിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. മുസ്ലിംവോട്ടു കിട്ടാന്‍ ലീഗിന്റെ വര്‍ഗ്ഗീയത മാത്രം പോര എന്നു മനസ്സിലാക്കിയ യുഡിഎഫ് കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പു മുതല്‍ കടുത്ത വര്‍ഗ്ഗീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലാണ്. അതുപോലെ രാജ്യം മുഴുവന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുമായി ഇടതു മുന്നണിയും സഖ്യത്തിലാണ്. വര്‍ഗ്ഗീയതയെയും അവസരവാദത്തെയും തള്ളിക്കളഞ്ഞ് വികസനത്തിന്റെ രാഷ്ട്രീയം സ്വീകരിക്കണമെന്ന സന്ദേശമാണ് ഗുജറാത്തിലെ ജനങ്ങള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ കേരളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്.