മാര്‍ച്ച് 8 അന്തര്‍ദ്ദേശീയ വനിതാദിനം
അബലയെന്നും അശരണയെന്നും ആലംബഹീനയെന്നും മുദ്രചാര്‍ത്തി അടുക്കളയുടെ അകത്തളങ്ങളില്‍ തളച്ചിട്ടിരുന്ന സ്ത്രീ സമൂഹം ബഹിരാകാശ പേടകങ്ങളിലും ആകാശത്തെ പോര്‍വിമാനങ്ങളിലും സമുദ്രാന്തരത്തിലെ അന്തര്‍വാഹിനികളിലും അതിര്‍ത്തി സേനകളിലും വരെ തങ്ങളുടെ സ്വാധീനം സൃഷ്ടിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീക്ക് അസാധ്യമായിട്ട് ഒന്നുമില്ലെന്ന് കാലം തെളിയിച്ച് കഴിഞ്ഞു. സ്ത്രീസമൂഹം ആര്‍ജിച്ചെടുത്ത സാമൂഹ്യപുരോഗതിയും തികച്ചും സാധാരണക്കാരായ സ്ത്രീകള്‍ അസാധാരണമായ പ്രവൃത്തികളിലൂടെ വെട്ടിപ്പിടിച്ച ജീവിതവിജയങ്ങളുമൊക്കെ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.
2021 വനിതാ ദിനം മുന്നോട്ടു വെക്കുന്ന പ്രമേയം കോവിഡ് കാല ലോകത്ത് സ്ത്രീനേതൃത്വത്തിന്റെ തുല്യപങ്കാളിത്തം എന്നതാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മാനവരാശിയെ ബാധിച്ച കോവിഡ് മഹാമാരിയെ തുല്യതയുടെ രോഗമായാണ് വിലയിരുത്തുന്നത്. ലോകം അവനവനിലേക്ക് ചുരുങ്ങിയ കോവിഡ് കാലത്ത് സ്ത്രീകള്‍ ധാരാളമായി നേതൃതലങ്ങളിലേക്ക് വളര്‍ന്നു. എന്നാല്‍ പോലും ലോകത്ത് സ്ത്രീകള്‍ക്കെതിരായ അനീതിയും മാറ്റിനിര്‍ത്തലുകളും ഒറ്റപ്പെടുത്തലുകളും അതിക്രമങ്ങളും തുടരുകയാണ്.
കോവിഡ് കാലത്ത് ലോകം പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ സ്ത്രീകളുടെ നേതൃത്വം പലയിടത്തും ശ്ലാഘിക്കപ്പെട്ടു. ന്യൂസിലന്റ് പ്രധാനമന്ത്രി ജക്കിന്റെ അര്‍ദേന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മാര്‍ക്കല്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ടു. സ്ത്രീകള്‍ പൊതുവേ പുലര്‍ത്തുന്ന സഹാനുഭൂതി, ക്ഷമ, ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, വിവിധ ജോലികള്‍ ഒരേ സമയത്ത് ചെയ്തുതീര്‍ക്കാനുള്ള കഴിവ് എന്നീ ഗുണങ്ങള്‍ കോവിഡിനെതിരായ പോരാട്ടങ്ങളില്‍ മുന്നിലെത്താന്‍ സ്ത്രീകളെ സഹായിച്ചിട്ടുണ്ടാവാം. കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ കോവിഡ് പോരാളികളായി ഏറ്റവും മുന്നിലുണ്ടായിരുന്നതും സ്ത്രീകളായിരുന്നല്ലോ.
കോവിഡ് കാല ഇന്ത്യയില്‍ സ്ത്രീകളുടെ നേതൃത്വം കുടുംബങ്ങളിലും ഭരണസംവിധാനങ്ങളിലും ഗുണപരമായ നേട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ആശ്രയിച്ചത് സ്ത്രീകളുടെ സ്വതസിദ്ധമായ ഗാര്‍ഹിക ഭരണ മികവായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഓരോ പ്രഖ്യാപനങ്ങളും സഹായവും സ്ത്രീ കേന്ദ്രീകൃതമായത് സര്‍ക്കാര്‍ മുടക്കുന്ന ഓരോ പൈസയും അര്‍ഹിക്കുന്ന കൈകളില്‍ എത്തണമെന്ന നിര്‍ബന്ധ ബുദ്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായതുകൊണ്ടാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി മൂന്നുമാസക്കാലത്തേക്ക് ആയിരത്തി അഞ്ഞൂറ് രൂപ ഇരുപതു കോടി സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കാണ് നല്‍കിയത്. സ്ത്രീകളുടെ കയ്യില്‍ നല്‍കുന്ന പണം കൃത്യമായി കുടുംബത്തില്‍ ചിലവഴിക്കപ്പെടും എന്നതുകൊണ്ടു തന്നെയാണ് ഡിബിടി വഴി ധനസഹായം നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീകളെ പരിഗണിച്ചത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ഒപ്പം
ഉജ്ജ്വല യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ച മുഴുവന്‍ പേര്‍ക്കും മൂന്നു ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കിയതും നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്ത്രീപക്ഷ തീരുമാനമായിരുന്നു. ഭാരതത്തിലെ സ്ത്രീകളെ അടുക്കളയിലെ പുകയില്‍ നിന്നും മോചിപ്പിച്ച് അവരുടെ ആരോഗ്യവും ജീവിതാന്തരീക്ഷവും മോദി സര്‍ക്കാര്‍ മെച്ചപ്പെടുത്തി. ഇതൊരു സാമൂഹിക വിപ്ലവം തന്നെയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പുകവമിക്കുന്ന അടുക്കളയില്‍ ജോലി ചെയ്ത് ആസ്തമാരോഗിയായി തീര്‍ന്ന ഒരമ്മയുടെ മകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയപ്പോള്‍ തന്റെ അമ്മയെപ്പോലെയുള്ള കോടിക്കണക്കിനു സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിപ്ലവാത്മകമായ ഒരു തീരുമാനം കൈക്കൊണ്ടതില്‍ അത്ഭുതമില്ല.
ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ വായ്പാപരിധി ഉയര്‍ത്തിയതോടെ അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ദ്ധിച്ചു. സ്വയംസഹായ സംഘങ്ങള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കന്‍ കഴിഞ്ഞു.സ്ത്രീകള്‍ക്ക് വീടിനുള്ളില്‍ ഇരുന്നു തന്നെ കോവിഡ് കാലത്ത് സമ്പാദിക്കാനുള്ള അവസരവും സൃഷ്ടിക്കപ്പെട്ടു.
കോവിഡിനു മുമ്പും മോദി സര്‍ക്കാരിന്റെ കൊടിയടയാള പദ്ധതികളില്‍ പലതും സ്ത്രീ കേന്ദ്രീകൃതമായിരുന്നല്ലോ. സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണം വാസ്തവത്തില്‍ ഒരു സ്ത്രീശാക്തീകരണ പദ്ധതി തന്നെയായിരുന്നു. വെളിയിട വിസര്‍ജ്ജനമെന്ന മാനക്കേടില്‍ നിന്ന്, ടോയ്‌ലെറ്റ് ആധുനിക ഇന്ത്യന്‍ കുടുംബത്തിന്റെ അന്തസ്സിന്റെ പ്രതീകമായി മാറി. ബോളിവുഡില്‍ സിനിമകള്‍ വരെ ഈ പ്രമേയത്തില്‍ പുറത്തിറങ്ങി.
കേവലം സാമൂഹിക സുരക്ഷാ പദ്ധതികളിലെ പങ്കാളിത്തം മാത്രമല്ല നയപരമായ തീരുമാനങ്ങളെടുക്കാനും രാജ്യത്തിന് നേതൃത്വം നല്‍കാനും സ്ത്രീകള്‍ക്കു കഴിയുമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ തെളിയിച്ചു. തന്റെ ആദ്യ മന്ത്രിസഭ മുതല്‍ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല വനിതാ നേതാക്കള്‍ക്ക് നല്‍കി നരേന്ദ്രമോദി ലോകത്തിനു തന്നെ വലിയ സന്ദേശമാണ് നല്‍കിയത്.
ഈ കോവിഡ് കാലത്തും പല തവണ അവതരിപ്പിക്കപ്പെട്ട മിനി ബജറ്റുകളായി മാറിയ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രഖ്യാപനങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചു സുരക്ഷിതമായി നടത്തിയത് നിര്‍മ്മല സീതാരാമന്‍ എന്ന വനിതാ ധനകാര്യ മന്ത്രിയായിരുന്നു എന്നത് അഭിമാനകരമാണ്. അതുകൊണ്ടു തന്നെ കോവിഡ് കാലത്തെ സ്ത്രീ നേതൃത്വങ്ങളെക്കുറിച്ചു പറയുമ്പോള്‍ നിര്‍മ്മല സീതാരാമനെക്കുറിച്ച് പറയാതിരിക്കാനാവില്ല.

സ്ത്രീശാക്തീകരണമെന്നത് മുദ്രാവാക്യത്തിനപ്പുറം പ്രായോഗിക തലത്തില്‍ എങ്ങനെ നടപ്പാക്കാനാവുമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തുല്യത മുദ്രാവാക്യമായി ഉയര്‍ത്തുമ്പോഴും രാഷ്ട്രീയ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നു വരുന്നതിനെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ നിന്നും ഒരു സ്ത്രീ പൊതുരംഗത്ത് ഉയര്‍ന്നുവരുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും അതിഭീകരമാണ്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിസ്പറിംഗ് ക്യാമ്പയിനുകള്‍ അവള്‍ക്കെതിരായി നടക്കുന്നു. ഒരു പുരുഷന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കേള്‍ക്കുന്ന ആരോപണങ്ങള്‍ പലപ്പോഴും ഒരു ദിവസത്തെ വാര്‍ത്ത മാത്രമാണെങ്കില്‍ സ്ത്രീക്കത് വ്യക്തിജീവിതത്തെ എന്നെന്നേക്കുമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ പ്രതിസന്ധിയാണ്. പൊതുരംഗത്ത് വരാന്‍ സ്ത്രീകള്‍ മടിക്കുന്നത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്.
സാമ്പത്തിക ശാക്തീകരണം നടത്തിയാല്‍ മാത്രം തുല്യത കൈവരിക്കാന്‍ സ്ത്രീസമൂഹത്തിന് കഴിയുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സാമ്പത്തിക ശാക്തീകരണത്തിനൊപ്പം രാഷ്ട്രീയശാക്തീകരണവും നടക്കണം. കേരളത്തിനു ഇന്നേവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. എന്തിനേറെ കേരളത്തിലെ ഏത് മുഖ്യധാര രാഷ്ട്രീയപ്രസ്ഥാനങ്ങളിലാണ് ഒരു സ്ത്രീ പ്രധാനനേതൃസ്ഥാനത്ത് ഇന്നേവരെ വന്നിട്ടുള്ളത് ? മുസ്ലിം ലീഗ് മത്സരിക്കുന്ന ഇരുപതിലധികം നിയമസഭാ സീറ്റുകളില്‍ ഒന്നു പോലും സ്ത്രീക്ക് നല്‍കുന്നില്ല.
സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഔന്നത്യത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്കു പോലും പൊതുരംഗത്ത് നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ് ? എന്തുകൊണ്ടാണ് സ്ത്രീകള്‍ അകറ്റിനിര്‍ത്തപ്പെടുന്നത് ? മലയാളി സമൂഹം ഈ അന്താരാഷ്ട്രവനിതാ ദിനത്തില്‍ ചിന്തിക്കേണ്ടത് ഇതൊക്കെ തന്നെയാണ്.
(തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പൂങ്കുന്നം ഡിവിഷന്‍ കൗണ്‍സിലറും ബിജെപി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും ശ്രീകേരളവര്‍മ്മ കോളേജിലെ ഹിന്ദി വിഭാഗം അസി. പ്രൊഫസറുമാണ് ലേഖിക)