തിരുവനന്തപുരം: ഹലാലിന്റെ മറവില്‍ നടക്കുന്നത് വന്ഭീകരവാദമാണെന്ന് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ‘ഹലാല്‍ രാഷ്ട്രീയം – സാമ്പത്തികം – ഭീകരത’ സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സെമിനാര്‍ മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഹലാല്‍ സര്ട്ടിഫിക്കേഷന് നടത്തുന്ന സംഘടനകള്‍ സാമ്പത്തിക സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇത് മുസ്ലിം ഭീകരപ്രവര്‍ത്തനത്തെ സഹായിക്കാനാണ്. ഇന്ത്യയിലെ നിയമമനുസരിച്ച് ഹലാല്‍ ഉല്പന്നങ്ങള് എന്ന വാദം അനുവദനീയമല്ല. ഹലാല്‍ സാധനങ്ങള്‍ വില്ക്കുകയാണെങ്കില് നോണ്‍ ഹലാലും വില്‍ക്കേണ്ടിവരും. ഇതൊരു നിയമപരമായ പ്രശ്നമായി ഉന്നയിക്കേണ്ടിയിരിക്കുന്നു; ഉദ്ഘാടന പ്രസംഗത്തില്‍ ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ഹലാലിന്റെ പേരില്‍ പ്രത്യേകതരം ജീവിതശൈലി രൂപപ്പെടുത്താന്‍ ശ്രമം നടക്കുകയാണ് അധ്യക്ഷത വഹിച്ച ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. വ്യാപാര രംഗത്തെ മതവല്ക്കരിക്കാനും മതശാസനങ്ങള്കൊണ്ട് സമൂഹത്തില്‍ ഛിദ്രത വളര്‍ത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഹലാലിന്റെ പിറകിലെന്നും ബിജു പറഞ്ഞു.
മാംസഭക്ഷണവുമായി മാത്രം ബന്ധപ്പെട്ട ഒരാചാരത്തെ മതധ്രുവീകരണ പ്രശ്നമുണ്ടാക്കി വിവിധ രൂപങ്ങളിലൂടെ ഭീകരവാദം എത്തിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനായ മുഹമ്മദ് ഫക്രുദ്ദീന്‍ അലി പറഞ്ഞു. മതപരിവേഷം ചാര്‍ത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് സംവിധായകന് വിജി തമ്പി പറഞ്ഞു. ഹലാലിലൂടെ ലോകത്തെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനം ടി.വി. സിഇഒ ജി.കെ. സുരേഷ്ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാന്നൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു അറപ്പുര എന്നിവര്‍ സംസാരിച്ചു.