മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പ് സൂര്യനേയും ചന്ദ്രനേയും ആശ്രയിച്ചാണിരിക്കുന്നത്. സൂര്യന്‍ ആത്മാവിനേയും ചന്ദ്രന്‍ ശരീരത്തേയും പ്രതിനിധാനം ചെയ്യുന്നു. ചന്ദ്രനെ ശരീരത്തിന്റേയും മനസ്സിന്റേയും, മാതാവിന്റേയും കാരകനായി ജ്യോതിഷം കണക്കാക്കുന്നു. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണല്ലോ. ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു. ഈ കാലദൈര്‍ഘ്യത്തെ തിഥിയായാണ് കണക്കാക്കുന്നത്.
ജലഗ്രഹമായ ചന്ദ്രന്റെ ആകര്‍ഷണ-വികര്‍ഷണങ്ങള്‍ വേലിയേറ്റയിറക്കങ്ങള്‍ക്കും കാരണമാകുന്നു. തിഥിയെ 15 ദിവസം കൂടുന്ന രണ്ടു പക്ഷമായി കണക്കാക്കുന്നു. കൃഷ്ണപക്ഷവും ശുക്ലപക്ഷവും അഥവാ കറുത്തപക്ഷവും വെളുത്തപക്ഷവും എന്നറിയപ്പെടുന്നു. രണ്ടുപക്ഷവും ചേര്‍ന്നാല്‍ ചന്ദ്രമാസവും 12 ചന്ദ്രമാസങ്ങള്‍ ചേര്‍ന്നാല്‍ ചന്ദ്രവര്‍ഷവുമാകും. വടക്കേ ഇന്ത്യയില്‍ ജന്മദിനങ്ങള്‍ കണക്കാക്കുന്നത് തിഥിയെ ആശ്രയിച്ചാണ്. യഥാര്‍ത്ഥത്തില്‍ ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുവാന്‍ 27.3 ദിവസമാണാവശ്യം. അമാവാസി സമയം എന്നാല്‍ ചന്ദ്രന്‍ സൂര്യനോടടുത്തു നില്‍ക്കുന്ന സമയമാണ്. ഈ സമയം ചന്ദ്രന്റെ ശക്തി ക്ഷയിക്കുന്നു. പൗര്‍ണ്ണമിയില്‍ ചന്ദ്രന്‍ സൂര്യനില്‍ നിന്നകലുന്നു. ഈ സമയം ചന്ദ്രന് ബലം വര്‍ദ്ധി ക്കുന്നു. ചന്ദ്രന്റെ ഗതിവിഗതികള്‍ നിരന്തരം മനുഷ്യനെ ബാധിച്ചു കൊണ്ടിരിക്കും.
വൈശാഖമാസമെന്നത് മലയാള മാസമായ മേടം, ഇടവം മാസം ചേര്‍ന്നുവരുന്ന സമയമാണ്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ തിഥിയാണ് അക്ഷയതൃതീയ. സൂര്യയുഗത്തിലെ പ്രഥമ ദിനമായി കണക്കാക്കുന്നു. കാര്‍ത്തികയോ, രോഹിണിയോ ആയ നക്ഷത്രത്തിലാണ് അക്ഷയതൃതീയ വരുന്നത്. അന്ന് ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കുകയില്ലെന്ന് പൗരാണിക കാലം മുതല്‍ കരുതുന്നു. പരശുരാമനും, ബലരാമനും ജനിച്ചത് ഈ തിഥിയിലാണ്. പുണ്യം ക്ഷയിക്കാത്ത ദിനം ആയതിനാലാണ് ക്ഷയമില്ലാത്ത എന്നര്‍ത്ഥത്തില്‍ അക്ഷയതൃതീയ എന്ന നാമം ഈ തിഥിയ്ക്ക് ഉണ്ടായത്.
തീര്‍ത്ഥസ്‌നാനം, ദാനം, ജപം, ഹോമം, സ്വാദ്ധ്യായം, പിതൃതര്‍പ്പണം, കൃഷി എന്നീ കര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഈ ദിവസത്തെ സ്വര്‍ണ്ണക്കടക്കാര്‍ പാവപ്പെട്ടവരുടെ പണം കവരുന്ന ദിനമാക്കി മാറ്റി. പ്രചാരവേലകളിലൂടെ വിലകൂട്ടി സ്വര്‍ണ്ണ കച്ചവടം തകൃതിയായി നടത്തുന്ന ദിവസമായി ഇതറിയുവാനിടയായി. പിതൃപ്രീതി കര്‍മ്മങ്ങള്‍ക്ക് പറ്റിയ ദിവസമാണ് ഇത്. ഭാരതത്തില്‍ പലയിടത്തും സ്‌നാനഘട്ടങ്ങളില്‍ ബലികര്‍മ്മം നടന്നു വരുന്നു. വര്‍ഷത്തിലെ ഏറ്റവും ആദരണീയമായ തിഥികളില്‍ അക്ഷയതൃതീയ ഉള്‍പ്പെടുന്നു. ദേവന്മാര്‍ക്കുപോലും ഈ ദിനം വന്ദനീയമാണ്. അഞ്ച് യവംകൊണ്ട് ഹോമം നടത്തി വിഷ്ണുവിന് അര്‍പ്പിക്കുകയും പണ്ഡിതന്മാര്‍ക്ക് ദാനം നല്‍കുകയും വേണം. ദാനധര്‍മ്മാദികള്‍ ചെയ്ത് അന്നേദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും.
മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭുകാര്യവും ആരംഭിക്കാവുന്ന പുണ്യദിനം. വിവാഹം, ഗൃഹപ്രവേശം എന്നീ മംഗള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഭഗീരഥന്റെ കൊടും തപസ്സിന്റെ ഫലമായി സ്വര്‍ഗ്ഗഗംഗയെ ഭൂമിയിലേക്ക് പതിപ്പിച്ച സുദിനമാണ്. ഭാരതം ജലസമൃദ്ധമായ ദിനം. ശ്രീപരമേശ്വരന്റെ ജടാമകുടത്തിലേക്ക് ഗംഗയെ ഈ ദിവസത്തിലാണ് സ്വീകരിച്ചത്. കലിയ്ക്ക്
ശക്തി കുറയുന്ന ദിനമാണിത്. ആയതിനാല്‍ കലിദോഷ പരിഹാരത്തിനായി ഈ ദിനം വിശ്വാസികള്‍ തെരഞ്ഞെടുക്കുന്നു.
ഹലായുധനായി മണ്ണിനെ മരുപ്പച്ചയാക്കുവാന്‍ യമുനാ നദിയെ തിരിച്ചുവിട്ട ബലരാമദേവന്റെ ജന്മദിനമെന്ന നിലയ്ക്ക് കര്‍ഷകര്‍ ഈ ദിനത്തെ കര്‍ഷകന്റെ ദിനമായി ആചരിക്കുന്നു. മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയായ കൃഷിയ്ക്കായി ജീവിതത്തെ മുഴുവന്‍ സമര്‍പ്പിച്ച ഹലായുധന്റെ ഓര്‍മ്മകള്‍ കാര്‍ഷിക ലോകത്തിന്റെ നെടുവീര്‍പ്പുകളേയും നൊമ്പരങ്ങളേയും പ്രത്യാശാപൂര്‍ണ്ണമാക്കുന്നു. ഗോ ആധാരിത കൃഷി ആധാരിത സമ്പദ് വ്യവസ്ഥയുടെ പ്രയോക്താക്കളായിരുന്നല്ലോ ബലരാമനും, ശ്രീകൃഷ്ണനും. പ്രകൃതിയേയും മണ്ണിനേയും സ്‌നേഹിക്കുന്ന മനുഷ്യരില്‍ ഉത്സാഹം ഉണര്‍ത്തുന്ന സുദിനം കൂടിയാണിത്. വിളവിറക്കുവാന്‍ പറ്റിയ കാലമാണ് അക്ഷയതൃതീയാ കാലം.
പത്താമുദയവുമായി അടുത്തു വരുന്ന വൈശാഖമാസ തൃതീയ വിളവിറക്കലിന്റേയും കൃഷിക്കാരുടെ അദ്ധ്വാന സമര്‍പ്പണത്തിന്റേയും സമയമാണ്. രാത്രിയും പകലും
സമമായിവരുന്ന സമരാത്രങ്ങളുടെ ദിനങ്ങളാണിത്. സൂര്യന്‍ ഉച്ചാവസ്ഥയിലെത്തുന്നു. സൂര്യദേവന്റെ അനുഗ്രഹമാണല്ലോ ചരാചരങ്ങളുടെ നിലനില്‍പ്. സൂര്യചന്ദ്രന്മാരുടെ അനുഗ്രഹം ഒരുപോലെ ലഭിക്കുന്നതിനാല്‍ അക്ഷയതൃതീയ ശരീരത്തേയും ആത്മാവിനേയും ഒരേപോലെ ശക്തിപ്പെടുത്തുന്നു.