കമ്പപ്പുരയില്‍ കളിതമാശകള്‍ക്ക് കാര്യമില്ലെന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. അഥവാ അവിടെ കളിതമാശകള്‍ ആണ് നടക്കുന്നതെങ്കില്‍ കമ്പപ്പുര കത്തിയമരാന്‍ കാലതാമസമില്ലെന്ന് സാരം. ദുരന്തങ്ങള്‍ പലതും മനുഷ്യന്റെ കുറ്റകരമായ അശ്രദ്ധയും അലംഭാവവും കൊണ്ട് ഉണ്ടാകുന്നതാണ്. കേരളത്തിലെ വര്‍ത്തമാന കാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാണുമ്പോള്‍ കളിതമാശകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കമ്പപ്പുരയെ ആണ് അത് അനുസ്മരിപ്പിക്കുന്നത്. പ്രബുദ്ധമലയാളിയുടെ അശ്രദ്ധകള്‍ക്ക് എത്ര തലമുറകള്‍ വിലകൊടുക്കേണ്ടിവരുമെന്നുമാത്രമേ ഇനി അറിയാനുള്ളൂ.
ഒരുകാലത്ത് പഞ്ചാബിലും ത്രിപുരയിലും നാഗാലാന്റിലും കാശ്മീരിലും നടന്നിരുന്ന ബോംബുസ്‌ഫോടനങ്ങളും നരഹത്യകളും മതഭീകരവാദികളുടെ അഴിഞ്ഞാട്ടവുമൊക്കെ ദൂരെ പശ്ചിമഘട്ടത്തിന്റെ ഇപ്പുറത്തിരുന്ന് കണ്ട് കേരളത്തിന്റെ ശാന്ത സുന്ദര സാമൂഹ്യാന്തരീക്ഷത്തില്‍ അഭിമാനംകൊണ്ടിരുന്ന മലയാളിക്ക് ഇനി അതൊക്കെ മധുരമുള്ള ഭൂതകാല ഓര്‍മ്മകള്‍ മാത്രമാകാന്‍ പോവുകയാണ്. ഇന്ന് ഭാരത മഹാരാജ്യത്തില്‍ എവിടെ നടക്കുന്ന രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളിലും ഒരു മലയാളിയെങ്കിലും പ്രതിയായി ഉണ്ടാകും എന്നതാണവസ്ഥ. കാലങ്ങളായി കേരളത്തിലെ ഇടതുവലതു മുന്നണികള്‍ നടത്തിയ വര്‍ഗ്ഗീയ പ്രീണനവും വിഘടനവാദങ്ങള്‍ക്കു നല്കിയ കുറ്റകരമായ മാധ്യമ പിന്‍തുണയുമാണ് ഈ അവസ്ഥയില്‍ നമ്മെക്കൊണ്ടെത്തിച്ചത്. വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളെ ദേശീയ, മാനവിക, സദാചാര മൂല്യങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റുവാന്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്അച്ചുതണ്ട് നടത്തുന്ന ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ദേശവിരുദ്ധതയ്ക്ക് ഇത്രയേറെ മാന്യ സ്ഥാനം നല്‍കുന്ന മറ്റൊരു സംസ്ഥാനം വേറെയില്ല എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ചില തത്പരകക്ഷികള്‍ പ്രചരിപ്പിച്ച മോദിവിരോധം ബി.ജെ.പി.വിരോധമായി, ഹിന്ദുവിരോധമായി, രാഷ്ട്രവിരോധമായി മാറുന്നതെങ്ങനെ എന്ന് കര്‍ഷക സമരത്തിന്റെ മറവില്‍ നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്ന മലയാളികളുടെ എണ്ണം പരിശോധിച്ചാല്‍ മനസ്സിലാകും.
ഏതാനും മാസങ്ങളായി ദില്ലിയുടെ അതിര്‍ത്തിയില്‍ തമ്പടിച്ച് നടന്നുവരുന്ന ചന്തമുതലാളിമാരുടെയും ഭൂ ഉടമകളുടെയും സമരം റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്തെ ആക്രമിക്കാനും ചെങ്കോട്ടയില്‍ ലോക സമക്ഷം ത്രിവര്‍ണ്ണപതാകയെ അപമാനിക്കാനും സന്നദ്ധമായി. ലോകത്തിന്റെ മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നുവരുന്ന ഭാരതത്തെ ഏതു വിധേനയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടന്ന ട്രാക്ടര്‍ റാലിയുടെ തിരക്കഥ ചിട്ടപ്പെടുത്തുന്നതില്‍ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്കൊപ്പം മലയാളികളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. പരിസ്ഥിതി പ്രവര്‍ത്തക എന്നവകാശപ്പെടുന്ന ദിശരവി എന്ന ഇരുപത്തി ഒന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ദില്ലിപ്പോലീസ് ബാംഗ്ലൂരിലെത്തി അറസ്റ്റ്‌ചെയ്തത് ദില്ലിയില്‍ കൊത്തംകല്ല് കളിച്ചതിനല്ല. ജനാധിപത്യമാര്‍ഗ്ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശത്തുള്ള ഖാലിസ്ഥാന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ‘ടൂള്‍ കിറ്റ്’നിര്‍മ്മിച്ചതിനാണ്. കര്‍ഷകസമരത്തിന്റെ മറവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തേണ്ട കലാപങ്ങളുടെ രൂപരേഖയായിരുന്നു ‘ടൂള്‍കിറ്റി’ല്‍ ഉണ്ടായിരുന്നത്. ഈ കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികത ജേക്കബ് ആണ് മറ്റൊരു പ്രതി. 2006 മുതല്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തിരയുന്ന യു.എസ്.ആക്ടിവിസ്റ്റ് പീറ്റര്‍ ഫ്രെഡറിക്കുമായി ചേര്‍ന്നാണ് റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടത്തേണ്ട കലാപത്തിന്റെ വ്യാപന രൂപരേഖ ദിശരവി, നിഖിതജേക്കബ് തുടങ്ങിയവര്‍ തയ്യാറാക്കിയത്.
ജനുവരി 11 ന് ‘സൂംആപ്പ്’ വഴി നടന്ന മീറ്റിംഗിന്റെ എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് ലഭിച്ചു കഴിഞ്ഞു. പ്രതികള്‍ ഓരോന്നായി പിടിയിലാകുമ്പോള്‍ അവരെ ന്യായീകരിക്കാന്‍ പതിവുപോലെ എത്തുന്നവരും ഉന്നതന്മാരായ കൂലി എഴുത്തുകാരാണ്എന്ന് കാണാം. മലയാളത്തിലെ ഒരു ദിനപ്പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഒരു മുന്‍ വൈസ്ചാന്‍സിലര്‍ തന്നെ അറസ്റ്റു ചെയ്യപ്പെട്ട പ്രതികള്‍ക്കുവേണ്ടി വാദിക്കാന്‍ എത്തി എന്നു പറയുമ്പോള്‍ കേരളം വിഘടന തീവ്രവാദത്തിന്റെ വഴിയില്‍ എത്ര മാത്രം മുന്നേറിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാം. അറസ്റ്റു ചെയ്യപ്പെട്ട ദിശരവിക്ക് ഇരുപത്തൊന്നു വയസേ ആയിട്ടുള്ളൂ എന്നതാണ് മുന്‍ വൈസ് ചാന്‍സലറുടെ സങ്കടം. ഇത്തരം അറസ്റ്റുകളൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണത്രെ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹമാകുമോ എന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ ചോദ്യമുയര്‍ത്തുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ ദില്ലിയില്‍ നടന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിനെ വിദേശ ശക്തികളുമായി ചേര്‍ന്ന് അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു എന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാകും. രാജ്യദ്രോഹികള്‍ക്ക് പ്രായത്തിന്റെ പരിഗണന വേണമെന്നും അട്ടിമറി പ്രവര്‍ത്തനം ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ് എന്നുമൊക്കെ വാദിക്കുന്ന ഇത്തരക്കാരാണ് കേരളത്തെ മതഭീകരവാദികളുടെ സുരക്ഷിത കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.
കമ്മ്യൂണിസം ചവച്ചുതുപ്പിയ കേരളത്തില്‍ ജീവിക്കാന്‍ ഗതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന മലയാളികളെ അന്നാട്ടുകാര്‍ സംശയത്തോടെ നോക്കിത്തുടങ്ങിയിട്ടുണ്ട്. എല്ലാ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറുന്ന കേരളത്തില്‍ നിന്നുമെത്തുന്നവര്‍ക്ക് ജോലിയും താമസിക്കാനുള്ള ഇടവും വരെ കിട്ടാത്ത അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നത്.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഒരു ദളിത്‌പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ പേരില്‍ കലാപം ആസൂത്രണം ചെയ്യാന്‍ അവിടെ പറന്നെത്തിയ മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും പോലീസ്പിടിയിലായപ്പോള്‍ ഐക്യദാര്‍ഢ്യവുമായെത്താന്‍ ഇവിടെ ആളുണ്ടായി എന്നത് കാണാതിരുന്നുകൂടാ. രാജ്യദ്രോഹകേസ്സില്‍ അറസ്റ്റിലായ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും വെള്ളപൂശാന്‍ മലയാള മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ കലാപം ആസൂത്രണം ചെയ്യാന്‍ ഒന്നരക്കോടിരൂപയിലേറെയാണ് ചിലവഴിച്ചതെങ്കില്‍ പ്രതികളെ വെള്ളപൂശുന്നവര്‍ക്കും അതിന്റെ ഒരു പങ്ക് കിട്ടിയിട്ടുണ്ടാവണം. കഴിഞ്ഞ ദിവസം വീണ്ടും മലയാളികളായ ഭീകരപ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പോലീസ് പിടിയിലായ വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ്‌കേട്ടത്. ഉത്തര്‍പ്രദേശില്‍ ലഖ്‌നൗ നഗരപ്രാന്തത്തിലുള്ള ഇന്ദിരാനഗറില്‍ നിന്നും പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ്ബദറുദ്ദീന്‍, വടകര കുഴിച്ചാലില്‍ ഫിറോസ് എന്നീ പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ പിടിയിലായിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുക്കുകയുണ്ടായി. ഉത്തര്‍പ്രദേശില്‍ ദീപാവലിക്കുള്ള പടക്കം വില്‍ക്കാന്‍ പോയ നിരപരാധികളായ രണ്ടു ചെറുപ്പക്കാരെ ഫാസിസ്റ്റ് യോഗിസര്‍ക്കാര്‍ അറസ്റ്റുചെയ്‌തെന്ന ന്യായീകരണ ലേഖനം ഉടന്‍തന്നെ മലയാള മാധ്യമങ്ങളില്‍ വന്നുതുടങ്ങും. അതെഴുതാന്‍ മതേതര പുരോഗമനസാംസ്‌കാരിക നായകനും വൈസ് ചാന്‍സലറും ഒക്കെ മത്സരിക്കുന്നിടത്താണ് കമ്പപ്പുരയിലെ കളിതമാശകള്‍ ആരംഭിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവത്തിനുപോലും രക്ഷിക്കാനാവാത്ത അവസ്ഥയിലേക്കാണ് ഇവരെല്ലാം കൊണ്ടെത്തിക്കുന്നത് എന്ന് മലയാളി തിരിച്ചറിഞ്ഞില്ലെങ്കില്‍ കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.