വിനോദസഞ്ചാരം വര്‍ദ്ധിച്ചതോടെ ഈ നൂറ്റാണ്ടില്‍ കൂടുതല്‍പേര്‍ക്കും കാണാന്‍ ആഗ്രഹം 153 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഹെനാനിലെ ബുദ്ധന്റെ സ്പ്രിങ് ടെംബിള്‍ ആണ്. അതിനുമുമ്പ് ലോക റിക്കാര്‍ഡ് 93 മീറ്റര്‍ ഉയരമുള്ള അമേരിക്കയില്‍ ന്യൂയോര്‍ക്കിലുള്ള സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടിയായിരുന്നു. എന്നാല്‍ 2018 ഒക്‌ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ – 182 മീറ്റര്‍ – സ്റ്റാറ്റിയൂ ഓഫ് യൂണിറ്റി എന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ പ്രതിമയാണ്.
ഗുജറാത്തിലെ നര്‍മദാ നദിക്കരയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ 2900 കോടി രൂപ ചിലവില്‍ പണിതീര്‍ത്ത ഇന്ത്യയുടെ ഉരുക്കുമനുഷ്യന്റെ പ്രതിമയായിരിക്കും ലോകത്തേറ്റവും വലുപ്പമുള്ളതും ഉയരമേറിയതുമായ പ്രതിമ. സ്വാതന്ത്ര്യസമരഭടന്മാരോടുള്ള ആദരസൂചകമായിട്ടാണീ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. ഒപ്പം സര്‍ദാര്‍ പട്ടേല്‍ മ്യൂസിയവും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കപ്പെടും. ഇന്ത്യയിലെതന്നെ വൈവിധ്യമാര്‍ന്ന കരകൗശലവസ്തുക്കള്‍ അടങ്ങുന്ന ഒരു പൈതൃകകേന്ദ്രമായി സാധുദ്വീപ് മാറും എന്ന് ചുരുക്കം.
ഇത്രയും വലിയ പ്രതിമ ഇത്രയും ഭീമമായ തുക ചിലവഴിച്ച് നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതെന്തുകൊണ്ട്? അവിടെയാണ് ഉരുക്കുമനുഷ്യനായ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയുടെ പ്രസക്തിയും സ്വാധീനവും.
അധികാരകൈമാറ്റം ഒരു യാഥാര്‍ത്ഥ്യമാക്കേണ്ടിവന്ന സാഹചര്യത്തിലാണ് 1946 സപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കിയത്. നെഹ്‌റു ആ സര്‍ക്കാരില്‍ വൈസ് പ്രസിഡന്റ് എന്ന സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. ഇത് പ്രധാനമന്ത്രി പദത്തിന് തത്തുല്യമായ ഒന്നായിരുന്നുതാനും. നെഹ്‌റുവിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വേവല്‍പ്രഭു ക്ഷണിക്കാന്‍ കാരണം അന്ന് സ്വാതന്ത്ര്യസമരം നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ നെഹ്‌റു ആയിരുന്നതിനാലാണ്. മഹാത്മാഗാന്ധിയുടെ ശക്തിയായ ഇടപെടല്‍ മൂലമാണ് നെഹ്‌റുവിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കിയത്. പക്ഷേ കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും സര്‍ദാര്‍ പട്ടേലിനെയാണ് പിന്തുണച്ചിരുന്നത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ.
ഗാന്ധിജിക്ക് എന്നെന്നും നെഹ്‌റുവിനോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. ഈ വാത്സല്യം ജവഹര്‍ലാലിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി മാറ്റി. ഗാന്ധിജിയുടെ ഈ പ്രത്യേക വാത്സല്യം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഭാഗധേയം പട്ടേലിന്റെ കൈവശമാകുമായിരുന്നു എന്ന പച്ചപരമാര്‍ത്ഥം മറച്ചുവയ്ക്കാന്‍ ചരിത്രം അനുവദിക്കുകയില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അണികളിലും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിലും പട്ടേലിന് സുനിശ്ചിതമായി വിജയിക്കുവാന്‍ തക്ക അംഗബലവും പ്രാബല്യവും സ്വാധീനവും ഉണ്ടായിരുന്നു എന്നതിനാലാണത്. ഇത്തരം ഒരു ഗാന്ധിയന്‍ സ്വാധീനംമൂലം ആദ്യംമുതല്‍ക്കേ നെഹ്‌റുവും പട്ടേലും തമ്മിലൊരു നീരസം ഉണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല. 1948 ജനുവരി 30 ന് ഗാന്ധിജി രക്തസാക്ഷി ആയപ്പോള്‍ നെഹ്‌റുവും പട്ടേലും അവരുടെ ശീതസമരം അവസാനിപ്പിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. പക്ഷെ ഇതൊരു താല്‍ക്കാലികമാറ്റം മാത്രമായിരുന്നു.
1950 ല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ജെ.ബി.കൃപലാനിയും പുരുഷോത്തമദാസ് ഠണ്ഡനും ആയിരുന്നു ഈ രണ്ട് സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ പട്ടേലിന്റെ അനുഗ്രഹമുണ്ടായിരുന്ന ഠണ്ഡനാണ് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ കോണ്‍ഗ്രസ്സിലെ പിന്തുണ വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. പക്ഷേ സര്‍ദാര്‍ പട്ടേല്‍ 1950 ഡിസംബറില്‍ അനാരോഗ്യം മൂലം നിര്യാതനായതുകൊണ്ട് 1951-52 ലെ പൊതു തിരഞ്ഞെടുപ്പില്‍ ജവഹര്‍ലാലിന് വീണ്ടും പ്രധാനമന്ത്രിയാവാന്‍ സാധിച്ചു.
മരണംവരെ നെഹ്‌റു പ്രധാനമന്ത്രിയായി തുടര്‍ന്നു. (1964 മെയ് 27 വരെ). താല്‍ക്കാലിക സര്‍ക്കാരില്‍ ഉണ്ടായിരുന്ന മൗലാനയും ഡോ.രാജേന്ദ്രപ്രസാദും എന്‍.വി.ഗാഡ്ഗിലും, രാജ്കുമാരി അമൃത്കൗറും, ജെയ് രാമദാസ് ദൗലത്രാമും പല സര്‍ക്കാര്‍ പദവികളും വഹിച്ചിരുന്നു. ഡോ. രാജേന്ദ്രപ്രസാദ് 1950 ല്‍ രാഷ്ട്രപതിയായിത്തീര്‍ന്നു. സുഭാഷ്ചന്ദ്രബോസ് 1950 നു മുമ്പേ രംഗത്തുനിന്ന് നിഷ്‌ക്രമിച്ചിരുന്നു. ഇതിനൊരു കാരണം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്കുള്ള തെരഞ്ഞെടപ്പില്‍ സുഭാഷ് ബോസ് വിജയിച്ചുവെങ്കിലും ഗാന്ധിജിയുടെ ഇടപെടല്‍മൂലം ആ സ്ഥാനം രാജിവയ്ക്കുകയും പട്ടാഭിസീതാരാമയ്യ കോണ്‍ഗ്രസ് പ്രസിഡന്റാവുകയും ചെയ്തു. ജയപ്രകാശ് നാരായണന്‍ സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് പ്രഖ്യാപിച്ചതും അബുള്‍കലാം ആസാദ് നെഹ്‌റുവിനെ നേതാവായി അംഗീകരിച്ചതും ജവഹര്‍ലാലിന്റെ നേതൃത്വത്തിന് വഴിയൊരുക്കി.
ഭാഗ്യവാനായ നെഹ്‌റു
ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ പട്ടേല്‍ ഒരു ശക്തികേന്ദ്രമാകുമെന്ന് രാഷ്ട്രീയ നിരൂപകര്‍ക്ക് അറിയാമായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പുരുഷോത്തമദാസ് ഠണ്ഡനേയും മധ്യപ്രദേശില്‍ നിന്നുള്ള ഡി.പി. മിശ്രയേയും – രണ്ടുപേരും പട്ടേലിനോട് വിധേയത്വമുള്ളവരായിരുന്നിട്ടും – തന്റെ സ്വാധീനത്തില്‍ കൊണ്ടുവരുന്നതിന് പട്ടേലിന്റെ കാലശേഷം നെഹ്‌റുവിന് സാധിച്ചു. 1947 ആഗസ്റ്റ് 15 ന് സര്‍ക്കാര്‍ നിലവില്‍വന്നപ്പോള്‍ നെഹ്‌റുവും പട്ടേലും കഴിഞ്ഞാല്‍ ഗോപാലസ്വാമി അയ്യങ്കാര്‍, കെ.എം.മുന്‍ഷി, ശ്രീപ്രകാശ, സി.ഡി.ദേശ്മുഖ്, ഡോ.ബി.ആര്‍.അംബേദ്കര്‍ (1951 സപ്തംബര്‍ വരെ), ഹരേകൃഷ്ണ മെഹത്താബ്, കെ.സന്താനം, ആര്‍.ആര്‍.ദിവാകര്‍, സത്യനാരായണന്‍ സിന്‍ഹ, കെ.സി.നിയോഗി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്നു (1947-1952). ഇവര്‍ കൂടാതെയുള്ള ശ്യാമപ്രസാദ് മുഖര്‍ജി, ജോണ്‍ മത്തായി, ആര്‍.കെ.ഷണ്‍മുഖം ചെട്ടി, സി.എച്ച്. ഭാഭ (പാര്‍സി പ്രാതിനിധ്യം), ദൗലത് റാം എന്നീ ആറുപേര്‍ പല കാരണങ്ങളാല്‍ പല സമയത്ത് നെഹ്‌റു മന്ത്രിസഭയില്‍ നിന്നും രാജിവച്ചവരായിരുന്നു. പട്ടികജാതിവര്‍ഗ്ഗ പ്രാതിനിധ്യം കാരണം ജഗ്ജീവന്‍ റാമിനെ ആരും തൊട്ടുകളിക്കില്ലായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.എം.മുന്‍ഷി, ആര്‍.ആര്‍.ദിവാകര്‍, കെ.സന്താനം, എന്‍.വി.ഗാഡ്ഗില്‍ എന്നീ ദക്ഷിണേന്ത്യന്‍ പട്ടേല്‍ പക്ഷക്കാരെ നെഹ്‌റു അവഗണിച്ചു. ഇതില്‍ ചിലര്‍ക്ക് ഗവര്‍ണര്‍പദവി നല്‍കി നെഹ്‌റു തന്റെ പക്ഷത്തേക്കാനയിച്ചു.
1946-50 കാലത്തെ നാലുവര്‍ഷത്തെ ഉപപ്രധാനമന്ത്രി പദവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നെഹ്‌റുവുമായുള്ള പല വിഷയങ്ങളിലെ അഭിപ്രായവ്യത്യാസം കാരണം നാലുപ്രാവശ്യം തന്റെ രാജിക്കത്ത് നല്‍കിയെന്നാണ് പ്യാരേലാലിന്റെ മഹാത്മാഗാന്ധി (വാല്യം ഒന്ന്) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. 1946 ഒക്‌ടോബര്‍, 1947 ജനുവരി, 1948 ജനുവരി എന്നീ രാജിക്കത്തുകളില്‍ പട്ടേല്‍ അഭിസംബോധന ചെയ്തിരുന്നത് ഗാന്ധിജിയെയായിരുന്നു. 1946 ല്‍ അത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദിന്റെ പേര്‍ക്കായിരുന്നു. നെഹ്‌റുവിനോടുള്ള സമീപനത്തില്‍ വെള്ളംചേര്‍ക്കാന്‍ പട്ടേല്‍ തയ്യാറായിരുന്നില്ല എന്ന് സാരം.
ഗാന്ധിജിയും പട്ടേലും വാസ്തവത്തില്‍ നെഹ്‌റുവിന് പലപ്പോഴും തലവേദന സൃഷ്ടിക്കുകകൂടി ചെയ്തു. അത് നെഹ്‌റുവിന്റ നിസ്സഹായത കാണിക്കുന്നു. തന്റെ എല്ലാമായ ഗാന്ധിജിയുടെ വാക്കുകളേയോ, വലതുപക്ഷത്തെങ്കിലും യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായിരുന്ന പട്ടേലിനേയോ അവഗണിച്ച് പ്രവര്‍ത്തിക്കുവാന്‍ ജവഹര്‍ലാലിന് കഴിയുമായിരുന്നില്ല. പട്ടേല്‍ വലതുപക്ഷത്തെ പ്രതിനിധാനം ചെയ്തപ്പോള്‍ നെഹ്‌റു സ്വയമൊരു ഇടതുപക്ഷ സോഷ്യലിസ്റ്റ് സമീപനമായിരുന്നു കൈക്കൊണ്ടിരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ കാലശേഷം നെഹ്‌റുവിന് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഠണ്ഡനില്‍ നിന്നുതന്നെയായിരുന്നു പ്രധാന ശത്രുതാനടപടികള്‍. നെഹ്‌റു കോണ്‍ഗ്രസ് പ്രസിഡന്റായതോടെ (1951 ഒക്‌ടോബറില്‍) പട്ടേല്‍ പക്ഷക്കാരുടെ മേല്‍ക്കോയ്മ അവസാനിച്ചു. പാര്‍ട്ടിയിലും ഭരണത്തിലും നെഹ്‌റുയുഗം തുടങ്ങുന്നതും 1952 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടിയായിരുന്നു. മദിരാശിയിലും കേരളത്തിലും ഒഴിച്ചുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. ഒരു ഭരണഘടനാ ഭേദഗതിപോലും വരുത്താന്‍ പറ്റുമാറ് 2/3 ഭൂരിപക്ഷം നെഹ്‌റുവിന് സാധ്യമായി. പുതിയ സര്‍ക്കാരില്‍ പട്ടേല്‍ അനുഭാവികളായി അറിയപ്പെട്ടിരുന്ന മുന്‍ഷി, ഗാഡ്ഗില്‍, ദിവാകര്‍, സന്താനം, ബല്‍ദേവ് സിങ് എന്നിവരെ മന്ത്രിസഭയില്‍ എടുത്തതുമില്ല. ജഗ്ജീവന്റാം മാത്രം പിടിച്ചുനിന്നു, ഹരിജന്‍ പ്രാതിനിധ്യത്തിന്റെ മറവില്‍.
അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ കാബിനറ്റ് പോലെയായിരുന്നില്ല ഇന്ത്യയിലെ പ്രൈംമിനിസ്റ്റീരിയല്‍ കാബിനറ്റ്. പട്ടേല്‍വിഭാഗത്തിന്റെ പല നയപരിപാടികളും നെഹ്‌റുവിന് നടപ്പിലാക്കേണ്ടി വന്നു. നെഹ്‌റു-ലിയാക്വത്ത് ആലി ഉടനമ്പടിയിലെ രണ്ട് പ്രധാന കാര്യങ്ങള്‍ പട്ടേലിന്റെ എതിര്‍പ്പുകാരണം നെഹ്‌റുവിന് മാറ്റേണ്ടിവന്നു. 1963 ല്‍ പട്ടേല്‍ പക്ഷക്കാരനായ എസ്.കെ.പട്ടീല്‍ എന്ന ഭക്ഷ്യവകുപ്പ് മന്ത്രിയെ മാറ്റാന്‍ നെഹ്‌റു തീരുമാനിച്ചെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. കാമരാജ് പ്ലാന്‍വഴി മൊറാര്‍ജി ദേശായി, എസ്.കെ.പട്ടീല്‍, സി.ബി.ഗുപ്ത, ജഗ്ജീവന്റാം, ലാല്‍ബഹാദൂര്‍ ശാസ്ത്രി എന്നിവരെ രാജീവയ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ ഉയര്‍ച്ചക്ക് നെഹ്‌റു വഴിയൊരുക്കി എന്ന് കാണാം.
1875 ഒക്‌ടോബര്‍ 31 ന് ഗുജറാത്തിലെ നടിയാട് ഗ്രാമത്തില്‍ ജാവര്‍ഭായി പട്ടേലിന്റെയും, ലഡ്ഭായിയുടേയും മകനായി ജനിച്ച വല്ലഭഭായി പട്ടേല്‍ ലെവാപട്ടിദാര്‍ സമുദായാംഗമായിരുന്നു. കാര്‍ഷികവൃത്തിയില്‍ വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് 1857 ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. നടിയാട് സ്‌ക്കൂളില്‍ നിന്ന് 1897 ല്‍ മെട്രിക്കുലേഷനും തുടര്‍ന്നൊരു നിയമബിരുദവും നേടി വല്ലഭഭായി. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുണ്ടായിരുന്ന ഖേഡ ജില്ലയിലെ ബോര്‍ഡാറില്‍ 1902 ല്‍ സ്ഥിരവാസമായി.
1910 ല്‍ ഇംഗ്‌ളണ്ടില്‍ പോയി മിഡ്ഡില്‍ ടെംബിളില്‍ ചേര്‍ന്നു. റോമന്‍ നിയമത്തില്‍ മികവിനുള്ള പ്രത്യേക സമ്മാനം നേടിയ ബാരിസ്റ്റര്‍ വല്ലഭഭായിക്ക് മൂന്നുവര്‍ഷത്തിനു പകരം രണ്ടുവര്‍ഷം കൊണ്ട് പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ ബാരിസ്റ്റര്‍ അഹമ്മദാബാദിലായിരുന്നു പ്രാക്ടീസ് ആരംഭിച്ചത്.
മഹാത്മാഗാന്ധിയുടെ ‘തെറ്റിനെതിരെ ശരിക്കു വേണ്ടിയുള്ള പോരാട്ടം’- വല്ലഭഭായിയെ ആകര്‍ഷിച്ചു. 1917 ല്‍ അഹമ്മദാബാദിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1924 മുതല്‍ 28 വരെ മുന്‍സിപ്പല്‍ കമ്മറ്റി അദ്ധ്യക്ഷനുമായിരുന്നു. 1917 ലെ പ്ലേഗിനും 1918 ലെ ക്ഷാമകാലത്തും അദ്ദേഹം ചെയ്ത സേവനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു.
ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചിരുന്ന ഗുജറാത്തി സഭയുടെ സെക്രട്ടറിയായി 1917 ല്‍ തന്നെ പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1918 ലെ ഖേദ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് വിള നശിച്ചവര്‍ക്ക് കരം ഒഴിവാക്കിക്കൊടുത്തു. ഇതിനായി മൂന്നുമാസത്തിലധികം കാലം ജയിലിലും സമരവുമായി നടന്നു. പട്ടേലിനു പകരം മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ ഈ ഖേദസമരം ഉപേക്ഷിക്കപ്പെടുമായിരുന്നുവെന്ന് ആത്മകഥയില്‍ ഗാന്ധിജി പറയുന്നുണ്ട്.
1917-22 കാലഘട്ടം റൗലറ്റ് ആക്ട്, ഖിലാഫത്ത് തുടങ്ങിയവയുടെ കാലമായിരുന്നു. ഇക്കാലത്തെ രാഷ്ട്രീയ സമരങ്ങളില്‍ പട്ടേല്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. 22% മുതല്‍ 60% വരെ നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയ ബര്‍ദ്ദോളി താലൂക്കിലെ നികുതി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയത് പട്ടേലിന്റെ ജീവിതത്തിലെ അവര്‍ണ്ണനീയ കാലത്തായിരുന്നു. എണ്‍പതിനായിരം വരുന്ന കര്‍ഷകരുടെ പ്രശ്‌നമാണ് പട്ടേല്‍ ബര്‍ദ്ദോളിയില്‍ നടത്തിയത് (1928). പൊതുജനസമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്ന അധികാരികള്‍ പട്ടേലിന് അടിയറവ് പറഞ്ഞു. ഈ സമരമാണ് വല്ലഭഭായി പട്ടേലിന് സര്‍ദാര്‍ സ്ഥാനം നേടിക്കൊടുത്തത്. അവശരുടെ മേല്‍ അടിസ്ഥാനമില്ലാതെ അടിച്ചേല്‍പ്പിച്ച നികുതി ഭാരം സര്‍ദാറിന്റെ ശ്രമഫലമായി ക്രമീകരിക്കപ്പെട്ടു.
പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിത ലക്ഷ്യമായി പ്രസ്താവിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌ക്കരിച്ചു. ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹത്തിനു മുമ്പു തന്നെ സര്‍ദാറിനെ തടവിലാക്കി-ദണ്ഡി മാര്‍ച്ചിനു മുമ്പെ തന്നെ-ഗാന്ധിജിയും നെഹ്‌റുവും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ തടവിലായി.
1931 മാര്‍ച്ചില്‍ നടന്ന 46-ാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷന്‍ സര്‍ദാര്‍ പട്ടേലായിരുന്നു. കോണ്‍ഗ്രസ് സമ്മേളനം ആരംഭിച്ച ദിവസം തന്നെയായിരുന്നു ഭഗത്‌സിംഗ് അടക്കമുള്ളവരെ ഇംഗ്ലീഷ് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. ഗാന്ധി-ഇര്‍വിന്‍ സന്ധി അംഗീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇര്‍വിനുമായുളള സന്ധിയെ നെഹ്‌റുവും സുഭാഷ്‌ബോസും അടക്കമുള്ള യുവതുര്‍ക്കികള്‍ എതിര്‍ത്തു. ഗാന്ധിജി ഉണ്ടാക്കിയതായിരുന്നതിനാല്‍ എല്ലാവരുമത് അംഗീകരിക്കുകയും സിവില്‍ ആജ്ഞാലംഘനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. വട്ടമേശ സമ്മേളനങ്ങള്‍ വിളിക്കാനും അതില്‍ പങ്കെടുക്കുന്നതിനുവേണ്ടി എല്ലാ നേതാക്കളേയും ജയില്‍ വിമുക്തരാക്കുന്നതിനും ബ്രീട്ടീഷുകാര്‍ സമ്മതിച്ചിരുന്നു.
വട്ടമേശ സമ്മേളനം പരാജയപ്പെടുമെന്നല്ലാവര്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നു. ഇതിനെ തുടര്‍ന്ന് ഗാന്ധിജിയടക്കമുള്ള അഖിലേന്ത്യാ നേതാക്കളെല്ലാം വീണ്ടും ജയിലിലായി. ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും യെര്‍വാദ ജയിലിലായിരുന്നു പതിനാറുമാസക്കാലം (ജനുവരി 1932 മുതല്‍ മേയ് 1933 വരെ). ഗാന്ധിജിയെ അടുത്തറിയുന്നതിന് വല്ലഭഭായി പട്ടേലിനു ലഭിച്ച പതിനാറു മാസങ്ങളായിരുന്നു അത്. പട്ടേല്‍ വീണ്ടും ഒരു വര്‍ഷം നാസിക് ജയിലിലും കിടന്നു ദേശത്തിനു വേണ്ടി.
1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യക്ക് സ്വയം ഭരണാവകാശം ലഭിക്കുമെന്നായി. പതിനൊന്നില്‍ ഏഴ് പ്രാവിശ്യകളില്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് വിജയിക്കുകയും മന്ത്രിസഭകള്‍ ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സബ്കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഈ പ്രവിശ്യഭരണത്തെ പട്ടേല്‍ നേര്‍വഴിക്ക് നയിച്ചു എന്ന് പറയാതെ വയ്യാ.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും 1939 സപ്തംബര്‍ മൂന്നിന് ബ്രിട്ടണ്‍ ജര്‍മ്മനിയോട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തപ്പോള്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിസഭകളും രാജിവച്ചു. കോണ്‍ഗ്രസ്സിനോടാലോചിക്കാതെ ഇന്ത്യ യുദ്ധത്തില്‍ ബ്രിട്ടന്റെ ഭാഗത്താണ് എന്നുള്ള വൈസ്രോയിയുടെ പ്രഖ്യാപനമായിരുന്നു ഇതിന് ഹേതുവായത്. ഇത്തരം ഒരു സമീപനം ഗാന്ധിജിയെ സമരത്തിലേക്ക് വീണ്ടും തള്ളിവിട്ടു. കോണ്‍ഗ്രസ് നേതാക്കളെല്ലാം തടവിലുമായി. 1940 നവംബറില്‍ സര്‍ദാര്‍ പട്ടേല്‍ തടവിലായെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാല്‍ 1941 ആഗസ്റ്റില്‍ ജയില്‍ മോചിതനായി. 1942 ആഗസ്റ്റില്‍ അദ്ദേഹത്തെ വീണ്ടും തടവിലാക്കി, ഇന്ത്യ വിടുക പ്രക്ഷോഭണത്തിന്റെ ഭാഗമായി. അഹമ്മദ്‌നഗര്‍ കോട്ടയില്‍ പട്ടേല്‍ മൂന്നുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു.
ലോകമഹായുദ്ധം അവസാനിച്ചതോടെ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബ്രിട്ടണ്‍ ബാദ്ധ്യസ്ഥരായി എന്ന് പറയുന്നതില്‍ തെറ്റില്ല. ചര്‍ച്ചില്‍ തോറ്റതും അധികാര കൈമാറ്റത്തിന് വേഗതകൂട്ടി. അധികാര കൈമാറ്റ ചര്‍ച്ചകളില്‍ അനിഷേധ്യമായ സ്ഥാനമായിരുന്നു പട്ടേലിന്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പട്ടേലിന്റെ സ്ഥാനം അദ്വിതീയമായിരുന്നുതാനും.
ആഭ്യന്തരവകുപ്പ് മന്ത്രിയെന്ന നിലയിലും പ്രഥമ ഉപപ്രധാനമന്ത്രിയെന്ന നിലയിലും സര്‍ദാര്‍ 562 നാട്ടുരാജ്യങ്ങളെ സംസ്ഥാനങ്ങളാക്കി മാറ്റിയെന്നുള്ളത് ആധുനിക ചരിത്രത്തിലെ ഒരു രക്തരഹിതവിപ്ലവമാണ്. ജനാധിപത്യം സാക്ഷാത്ക്കരിക്കുന്നതിലും നാട്ടുരാജ്യങ്ങളെയെല്ലാം യോജിപ്പിക്കുന്നതിലും സഹായിയായി വി.പി.മേനോന്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍ദാര്‍ പട്ടേലിന്റെ നിര്‍ണ്ണായക പങ്ക് നിസ്തുലമാണ്. കാശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചത് നെഹ്‌റുവായിരുന്നു. ജുനഗഢിലും ഹൈദരാബാദിലും പട്ടേല്‍ പട്ടാളത്തെ അയച്ചു അനുനയിപ്പിച്ചു. മറ്റാരായിരുന്നുവെങ്കിലും സുസാധ്യമായ ഒരു കാര്യം സംഭവമാക്കുമായിരുന്നില്ല. ജനാധിപത്യത്തിന്റെ കാവല്‍ടഭന്മാരായി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉണ്ടാക്കിയതും ഈ ഉരുക്കു ചട്ടക്കൂട് വാര്‍ത്തെടുത്തതും സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകളില്‍പെടും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പുനര്‍നിര്‍മാണ പദ്ധതി ഗാന്ധിജി നല്‍കിയത് പ്രാവര്‍ത്തികമാക്കാനുള്ള ദൗത്യം സര്‍ദാര്‍ വല്ലഭഭായി പട്ടേലിനായിരുന്നു. ഇതുതന്നെയാണ് മോദിസര്‍ക്കാര്‍ പടുകൂറ്റന്‍ പ്രതിമ പടുത്തുയര്‍ത്താന്‍ മുന്നോട്ടു വന്നതിനും കാരണം.
പട്ടേലും കേരളവും
ഉത്തരവാദിത്വ പ്രക്ഷോഭണത്തിന്റെ ഭാഗമായിട്ടായിരുന്നു തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയിലെ പ്രജാമണ്ഡലവും സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തത് എന്നു പറയാം. നാട്ടുരാജ്യങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശാഖകള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കാരണം നാട്ടുരാജ്യങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരം ഉണ്ടായിരുന്നില്ല എന്നതുതന്നെ. അവിടെ രാജാധിപത്യത്തിനും ദിവാന്‍ ഭരണത്തിനുമെതിരായുള്ള സമരങ്ങളാണ് നടന്നിരുന്നത്. കൂട്ടുത്തരവാദിത്തമുള്ള നിയമസഭകളുടെ സൃഷ്ടിയായിരുന്നു ലക്ഷ്യം. നിയമസഭകളുടെ ഉത്തരവാദിത്തം രാജാവിനോടായിരുന്നു. അത് മാറ്റി ജനങ്ങളാട് ആക്കണമെന്ന ലക്ഷ്യമാണുണ്ടായിരുന്നത്. ഇതിനെ തകിടംമറിക്കാന്‍വേണ്ടി ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ (1931-47) അമേരിക്കന്‍ മോഡല്‍ ഭരണഘടന കൊണ്ടുവന്നു. അത് അറബിക്കടലില്‍ എന്ന പ്രത്യാക്രമണത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.
ഇതിനിടയിലും ദിവാന്‍ സ്വതന്ത്ര തിരുവിതാംകൂര്‍ ആശയം കൊണ്ടുനടന്നിരുന്നു. അതിനുവേണ്ടിയുള്ള ചര്‍ച്ചകളും പട്ടേലുമായും നെഹ്‌റുവുമായും നടത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരം സംഗീത കോളേജില്‍ നടന്ന വധശ്രമം – കെ.സി.എസ്. മണിയുടെ – ദിവാനെ തിരുവനന്തപുരത്തുനിന്ന് കെട്ടുകെട്ടിച്ചു (1947 ജൂലൈ 25). ഇതോടെ പട്ടേലിന്റെ സംസ്ഥാന സംയോജനം എളുപ്പമായി. സ്റ്റേറ്റ്‌സ് മന്ത്രി വി.പി.മേനോന്‍ തിരുവനന്തപുരത്തെത്തി. ചിത്തിരതിരുനാള്‍ മഹാരാജാവിനെ രാജപ്രമുഖന്‍ (ഗവര്‍ണര്‍) ആക്കുകയും കൊച്ചി-തിരുവിതാംകൂര്‍ ലയനം സുസാധ്യമാക്കുകയും ചെയ്തു. കൊച്ചിയിലെ പരീക്ഷിത്ത് തമ്പുരാന്‍ തനിക്ക് ഒരു പഞ്ചാംഗം വര്‍ഷംതോറും തന്നാല്‍ മതിയെന്ന് പറഞ്ഞ് വി.പി.മേനോന്റെ മുമ്പില്‍ തന്റെ താമസസ്ഥലമായ തൃപ്പൂണിത്തുറയിലെ ഹില്‍പാലസുപോലും സമര്‍പ്പിച്ചു. തിരു-കൊച്ചി സംസ്ഥാനം അനായാസം നിലവില്‍വന്നു (1949 ജൂലൈ 1). ഭാഷാ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ മലബാറും കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1956 നവംബര്‍ ഒന്നിന്. ഹൈദരാബാദിലും കാശ്മീരിലും ഉണ്ടായതുപോലുള്ള കടുംപിടുത്തങ്ങള്‍ കേരളത്തില്‍ ഉണ്ടായില്ല. സംയോജനപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പട്ടേല്‍, വി.പി.മേനോനെയാണ് ചുമതലപ്പെടുത്തി കേരളത്തിലേക്ക് അയച്ചത്.
പാര്‍ട്ടിയുടെ മേലുള്ള സര്‍ദാറിന്റെ സ്വാധീനം അലംഘനീയമായിരുന്നു. ജവഹര്‍ലാല്‍ പ്രധാനമന്ത്രി ആയിരുന്നുവെങ്കിലും 1946 മുതല്‍ 1952 വരെയെങ്കിലും പട്ടേല്‍ ഉയര്‍ത്തിപ്പിടിച്ച അന്തഃസത്ത നെഹ്‌റുവിന് കാത്തുസൂക്ഷിക്കേണ്ടിവന്നു. അനാരോഗ്യം പട്ടേലിനെ തളര്‍ത്തി.
ആ ഉരുക്കു മനുഷ്യന്‍ 1950 ഡിസംബര്‍ 15ന് നമ്മെവിട്ടുപോയി. 1909 ല്‍ ഭാര്യ സാവേര്‍ബായി മരിച്ചതിനുശേഷമുള്ള പട്ടേലിന്റെ കാലം ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദന കാലവും രാഷ്ട്ര പുനഃനിര്‍മ്മാണ കാലവുമായിരുന്നു. ദഹ്യഭായി പട്ടേല്‍ എന്ന മകനും മണിബെന്‍ പട്ടേല്‍ എന്ന മകളും സര്‍ദാര്‍ മരിച്ചപ്പോള്‍ അരികിലുണ്ടായിരുന്നു. 143-ാം ജന്മദിനാശംസകള്‍ നേരാന്‍ സര്‍ദാര്‍ജി നമ്മോടൊപ്പമില്ല. അദ്ദേഹം വെട്ടിത്തുറന്ന പന്ഥാവ്-സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമായി മുന്നോട്ടു കൊണ്ടു പോകുക ഓരോ ഭാരതീയന്റേയും കടമയാണ്.