റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടത്തിയ അക്രമങ്ങളോടെ കര്‍ഷക സമരമെന്ന പേരിലുള്ള സമരാഭാസങ്ങളുടെ ദിശ മാറിയെങ്കിലും മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രവിരുദ്ധ പ്രചരണം തുടര്‍ന്നുവരികയാണ്. സമരത്തിന്റെ ധാര്‍മ്മിക അടിത്തറ (അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍) നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ക്കു തന്നെ സമ്മതിക്കേണ്ടിവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസംഗങ്ങളില്‍ കാര്‍ഷിക നിയമങ്ങളുടെ പരിഷ്‌ക്കരണം അനിവാര്യമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കി. കര്‍ഷകരെ ഇളക്കുന്നത് ‘സമരജീവി’കളാണെന്നു പറഞ്ഞ അദ്ദേഹം ‘വിനാശകരമായ വിദേശ ആശയശാസ്ത്രം’ (ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജി) എന്ന ഒരു പുതിയ എഫ് ഡി ഐ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇതിന്റെ ഒരു പ്രതിഫലനമാണ് നവമാധ്യമങ്ങളിലൂടെയുള്ള ഭാരതവിരുദ്ധ പ്രചരണങ്ങളില്‍ കണ്ടത്. ഭാരതത്തിന്റെ അന്തസ്സിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന തരത്തില്‍ വിദേശത്തുനിന്നു വന്ന പ്രചരണങ്ങള്‍ക്ക് ഭാരതത്തിനകത്തെ പ്രമുഖ വ്യക്തികള്‍ തന്നെ മറുപടിയുമായി എത്തി എന്നത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണ്. അതേ സമയം വ്യാജപ്രചരണങ്ങള്‍ക്ക് വേദിയൊരുക്കിയ ട്വിറ്ററിനെ പോലുള്ള നവമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ക്കു മുന്നില്‍ മുട്ടുമടക്കേണ്ടിവരികയും ചെയ്തു. രാഷ്ട്രവിരുദ്ധ ശക്തികളാണ് ഇത്തരം സമരങ്ങള്‍ക്കു പിന്നിലെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുകയാണ്.
ഭാരതത്തിന്റെ കാര്‍ഷികരംഗം ദീര്‍ഘകാലമായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് പുതിയ കാര്‍ഷിക നിയമങ്ങളിലൂടെ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരുടെ കൂട്ട ആത്മഹത്യ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകരക്ഷയ്ക്കുവേണ്ടി യാതൊന്നും ചെയ്യാത്ത കോണ്‍ഗ്രസ്സും ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ അവരുടെ സഖ്യകക്ഷിയായി മാറിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും നരേന്ദ്രമോദി സര്‍ക്കാരിനോടുള്ള വിരോധം പ്രകടിപ്പിക്കാനുള്ള ഒരവസരമായാണ് ഈ സമരത്തെ കാണുന്നത്. അതുകൊണ്ടാണ് സ്വന്തമായി ഒരു സമരം സംഘടിപ്പിക്കാന്‍ പോലും ശേഷിയില്ലാതായ ഇക്കൂട്ടര്‍ പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദികളെയും കേരളത്തിലെ അരാജകവാദികളെയും കൂട്ടുപിടിച്ച് സമരം സംഘടിപ്പിക്കുന്നത്. സമരരംഗത്തുള്ള സംഘടനകളുമായി പലതവണ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. സുപ്രീംകോടതി നാല് വിദഗ്ദ്ധരടങ്ങിയ സമിതിയെ പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ചു. ഇത്തരം ജനാധിപത്യ രീതികളോടൊന്നും സഹകരിക്കാനോ കാര്‍ഷിക നിയമങ്ങളില്‍ അപാകതകളുണ്ടെങ്കില്‍ അത് കൃത്യമായി ചൂണ്ടിക്കാണിക്കാനോ തയ്യാറാകാതെ നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത് ഇവരുടെ ലക്ഷ്യം കര്‍ഷകക്ഷേമമല്ല, മറ്റെന്തൊക്കെയോ ആണെന്നാണ് സൂചിപ്പിക്കുന്നത്. എന്തുവന്നാലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും കാര്‍ഷികരംഗത്തെ അനിവാര്യമായ പരിഷ്‌ക്കരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാന നഗരിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ വിശ്വാസ്യതയും തകര്‍ത്തിരിക്കുകയാണ്. സമരത്തിനെത്തിയ കര്‍ഷകന്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചപ്പോള്‍, പോലീസ് വെടിവെയ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. ട്രാക്ടര്‍ മറിയുന്നതിന്റെ സിസിടിവി ദൃശ്യവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ദില്ലി പോലീസ് പുറത്തുവിട്ടതോടെയാണ് സത്യം ജനങ്ങള്‍ക്കു മനസ്സിലായത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യാടുഡെ ചാനല്‍ അതിന്റെ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയെ രണ്ടാഴ്ചത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ഒരു മാസത്തെ ശമ്പളം നിഷേധിക്കുകയും ചെയ്തു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ നവമാധ്യമമായ ട്വിറ്ററിനെതിരെയും കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കാനൊരുങ്ങി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തീവ്രവികാരമുണര്‍ത്തുന്ന 1178 അക്കൗണ്ടുകളിലെ ട്വിറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ വരെ അറസ്റ്റിലാവുമെന്ന ശക്തമായ താക്കീത് നല്‍കിയതോടെയാണ് ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ തയ്യാറായത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു പ്രാധാന്യമുണ്ടെങ്കിലും അതിന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും രാഷ്ട്രസുരക്ഷയെ അപകടത്തിലാക്കാനും ആരെയും അനുവദിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിനു ബദലായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പുതിയ നെറ്റ് വര്‍ക്കിങ്ങ് പ്ലാറ്റ്‌ഫോമായ ‘കൂ’വില്‍ (KOO) ദിവസങ്ങള്‍ക്കകം 30 ലക്ഷത്തിലധികം പേര്‍ അംഗങ്ങളായി എന്നതും ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തെ അപമാനിക്കാനുള്ള ശ്രമവും ട്വിറ്ററിലൂടെയാണു നടന്നത്. അമേരിക്കയിലെ പോപ്പ് ഗായികയ്ക്ക് കര്‍ഷകസമരത്തിനെതിരെ പോസ്റ്റിടുന്നതിന് ഖാലിസ്ഥാന്‍ വാദിയുടെ അക്കൗണ്ടില്‍ നിന്ന് 18 കോടി രൂപ ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അതോടൊപ്പം സ്വീഡനിലെ യുവപരിസ്ഥിതി പ്രവര്‍ത്തകയും ഭാരതത്തിനെതിരെ രംഗത്തുവന്നു. ഈ സന്ദര്‍ഭത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്നുകൊണ്ട് സച്ചിന്‍ മുതല്‍ പി.ടി. ഉഷവരെയുള്ള കായിക താരങ്ങളും അനേകം സിനിമാതാരങ്ങളും ഭാരതത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്ന വിദേശ ശക്തികള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി. എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടുതന്നെ സമഗ്രമായ കാര്‍ഷിക പരിഷ്‌ക്കരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് കാര്‍ഷിക രംഗത്തെ വിദഗ്ദ്ധരുടെ പിന്തുണ സര്‍ക്കാരിനു കിട്ടിയിട്ടുമുണ്ട്. കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം 90,000 കോടി രൂപയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിതരണം ചെയ്തത്. കിസാന്‍ സമ്മാന്‍ നിധി വഴി 1.15 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പതിനായിരം കാര്‍ഷികോല്പാദന സംഘടനകളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനുമായി 6865 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. വേഷപ്രച്ഛന്നരായ ‘സമരജീവി’കളുടെ സാഹസങ്ങള്‍ എന്തൊക്കെയായാലും തികച്ചും ജനാധിപത്യരീതിയില്‍ കര്‍ഷകക്ഷേമം ലക്ഷ്യമാക്കി മുന്നോട്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ശുഭപ്രതീക്ഷ നല്‍കുന്നതാണ്.