എന്നത്തേയും പോലെ രാത്രി വൈകിയാണ് ഹരി വീട്ടില്‍ എത്തിയത്. മുനിഞ്ഞു കത്തുന്ന മഞ്ഞവെളിച്ചം ദൂരെ നിന്നു കണ്ടപ്പോഴേ ഈര്‍ഷ്യ തോന്നി. അമ്മ ഇനിയും ഉറങ്ങിയിട്ടില്ല. താന്‍ വൈകി വരുന്ന വേളയില്‍ അങ്ങനെയാണ്. വരാന്തയില്‍ കാത്തിരിക്കും, കെടാറായ ഒരു വിളക്കു പോലെ…
കാത്തിരിക്കാന്‍ താന്‍ മാത്രമേയുള്ളു.
അതിരാവിലേ ഇറങ്ങിയതാണ്. കുറച്ചു നാളായി അതാണ് പതിവ്. ദൂരെയുള്ള അലൂമിനിയം കമ്പനിയിലെ വലിയ വീട്ടിലെ കുട്ടികള്‍ക്ക് ട്യൂഷന്‍. ഒരുമിച്ച് പഠിക്കാന്‍ പറ്റില്ല അവര്‍ക്ക്. ഓരോ വീട്ടിലും പോയി കുട്ടികളെ വേറെവേറെ പഠിപ്പിക്കണം. അങ്ങനെ പഠിച്ചാലേ അവരുടെ അമ്മമാര്‍ക്ക് തൃപ്തിയാകൂ. ഒറ്റക്ക്കിട്ടുന്ന ശ്രദ്ധയില്‍ കരുതല്‍ പ്രത്യേകം കാണുമത്രേ… അവര്‍ കണ്ടുപിടിച്ച സത്യം! താന്‍ കൊടുത്ത കരുതലിന് മണിക്കൂറുവച്ചു താന്‍ വിലയും ഇടാക്കി.
ഹരി മനസ്സില്‍ ചിരിച്ചു.പേരറിയാത്ത ഒരു നൊമ്പരം കുതിര്‍ന്ന ചിരി.
രാവിലേ നാലുമണിക്ക് എഴുന്നേറ്റിറങ്ങണം. അതാണ് പതിവ്. എന്നാലേ എല്ലാ വീട്ടിലും ഓരോ മണിക്കൂര്‍ കുട്ടികളുമായി പുസ്തകത്തിന്റെ കീഴില്‍ തപസ്സിരിക്കാന്‍ പറ്റൂ. അമ്മ എഴുന്നേല്‍ക്കാന്‍ പിന്നെയും വൈകും. പാതിരിക്കാട്ടു കാവിലെ അമ്മയും എഴുന്നേറ്റിട്ടുണ്ടാവില്ല. രണ്ടുപേര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, അതിരാവിലെ.
തനിക്കങ്ങനെയല്ലല്ലോ. വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെ എത്തുന്നത് വരെ ഒരായിരം കൂട്ടുണ്ട്, കൂട്ടങ്ങളുണ്ട്.
ചീവിടുകളുടെ ശബ്ദം എപ്പോഴും കൂടെയുണ്ടാകും. താന്‍ എഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങും അവര്‍ കഥപറയാന്‍. അത് ഗൗനിക്കാതെ തിരക്കിട്ടു തയ്യാറാകും, വാതിലടച്ചു ഇറങ്ങും. ചീവീടുകള്‍ ആര്‍ത്തലച്ചു കരയും, ‘ഇട്ടേച്ചു പോവല്ലേ, ഇട്ടേച്ചു പോവല്ലേ…’
പോകാതെ വയ്യല്ലോ. ഇരുട്ടില്‍ ആഞ്ഞു നടക്കുമ്പോള്‍ ഒളിച്ചിരിക്കണ ഭൂതങ്ങളുടെ നിഴലുകള്‍ തലനീട്ടി നോക്കും. അതും ഗൗനിക്കാറില്ല. അവരെ കൂട്ടിനു വിളിക്കാറുമില്ല.
ചിലപ്പോള്‍ ഇരുട്ടിലെ ചില അനക്കങ്ങള്‍ കാണാം, ദൂരെദൂരെ നിഴലുകള്‍ കൂട്ടിപ്പിണഞ്ഞിഴയുന്നതും കാണാം. വെള്ളച്ചാമിയാണ് സാധാരണ ആ സമയങ്ങളില്‍ നിഴലാടുന്നത് പോലെ നടക്കുക. തലേന്നത്തെ കെട്ടു വിട്ടുകാണില്ല. അയാളെ കണ്ടാലേ പയ്ക്കള്‍ പാലുചുരത്തൂ. പേരുകേട്ട കറവക്കാരന്‍. കുടി കഴിഞ്ഞു വന്നാല്‍ രാത്രി പൊണ്ടാട്ടിക്കാണ് തല്ല്. പൈക്കളെ തൊടില്ല! ഏതു കുട്ടികളെ കണ്ടാലും വാത്സല്യമാണ്. ഹരിയെ കണ്ടാല്‍ ചോദിക്കും, ‘എന്നാ കൊളന്തയ് സൗഖ്യമാ…”
താന്‍ തലയാട്ടും, ചിരിക്കും, നടക്കും. സൗഹൃദം അങ്ങനെയാണ്. അര്‍ദ്ധവിരാമങ്ങള്‍ പോലെ ഒരുപാട് ചിഹ്നങ്ങള്‍ വാക്കുകള്‍ക്കിടയില്‍ പല അര്‍ത്ഥങ്ങളും നിറയ്ക്കും. അത് വളമായി പുതിയ ബന്ധങ്ങള്‍ വളരും.
അരക്കാതം കഴിഞ്ഞാല്‍ പാലം. അക്കരെയിക്കരെയുള്ള തന്റെ നിരന്തരമായ യാത്രയില്‍ നക്ഷത്രങ്ങളും ചന്ദ്രനും കൂടെയുണ്ടാകും. പാലം തുടങ്ങുന്നിടത്തു ഒരു പാലയുമുണ്ട്, യക്ഷിപ്പാല. അവിടെയെത്തുമ്പോഴേക്കും അടുത്ത അമ്പലത്തില്‍ നിന്നും ‘ഭാവയാമി രഘുരാമം…’ കേള്‍ക്കാം. പാല ഉണരും, യക്ഷിയുടെ നരച്ച മുടി അവിടവിടെ ചിതറി കിടപ്പുണ്ടാകും. പാലം മൂരി നിവര്‍ക്കും. ഗ്രാമം ഉണര്‍ന്നുതുടങ്ങി.
പാലത്തിന്റെ അറ്റം നടന്നെത്തുമ്പോഴേക്കും ഒരുമാത്ര നില്‍ക്കും, ഹരി. പാലത്തിന്റെ വരിയില്‍ പിടിച്ച് താഴേക്ക് നോക്കും, കൗതുകത്തോടെ…
പെരിയാറിന്റെ സൗരഭ്യം മത്തുപിടിപ്പിക്കുന്നതാണ്. കുളിര്‍ക്കാറ്റിന്റെ വിരല്‍ത്തുമ്പുകള്‍ അരികെയുള്ള മരച്ചില്ലകളില്‍ നേര്‍ത്ത മൃദംഗധ്വനിയുണര്‍ത്തുമ്പോള്‍ പെരിയാറിന്റെ നെഞ്ചിലെ മിടിപ്പുകൂടും. അവളുടെ ചിലമ്പൊലിയും കേള്‍ക്കാം. ഹരിയെ അത് ആര്‍ദ്രമാക്കും. വല്ലാത്ത വേദന എവിടെയോ കൊളുത്തി വലിക്കും.
അകലെ കമ്പനിയില്‍ സൈറണ്‍ കേള്‍ക്കും. അറിയിപ്പാണ്. ഉറുമ്പു കൂട്ടങ്ങള്‍ക്ക് പടിയിറങ്ങാനും കൂടണയാനും ഇനിയും നാഴിക ഒന്ന്. സൈറണ്‍ ഒടുങ്ങുമ്പോള്‍ അനുനാദമായി സുബഹ് നമസ്‌കാരത്തിന്നുള്ള വാങ്ക് വിളിയും കേള്‍ക്കാം.
ഹരി മുറുകി നടക്കും. ‘സമയമായി’, റിസ്റ്റ് വാച്ച് മുന്നറിയിപ്പ് തരും. ഹവായ് ചെരുപ്പ് പക്ഷെ പിറുപിറുക്കും…. മെല്ലെ…
മെയിന്‍ ഗേറ്റ് കടന്നാല്‍ ആദ്യം അജിത്തിന്റെ വീടാണ്. വാച്ച്മാന് തന്നെ അറിയാം.
അജിത് പാതിയടഞ്ഞ കണ്ണുമായി കാത്തിരിക്കുന്നുണ്ടാകും, സിറ്റിംഗ് റൂമില്‍.
ചെന്നയുടന്‍ അജിത്തിന്റെ മന്നി (ചേട്ടത്തിയമ്മ) ചൂടുള്ള നല്ല കട്ടന്‍ കാപ്പി തരും. അതാണ് തുടക്കം. കൂട്ടിയും കിഴിച്ചും അവന്റെ തലയ്ക്കു കിഴുക്കിയും ട്യൂഷന്‍ തുടങ്ങും. പിന്നെ അടുത്ത വീട്ടിലേക്കു കുതിക്കും.
ഒന്‍പതു മണി വരെ അഞ്ചു കുട്ടികള്‍, വൈകിട്ടും അതേപോലെ അഞ്ചുമണി മുതല്‍ പത്തുമണി വരെ. ട്യൂഷന്‍, ട്യൂഷന്‍… ഇടയ്ക്കുള്ള സമയം വീട്ടില്‍, ചിലപ്പോള്‍ ലൈബ്രറിയിലെ നിശ്ശബ്ദതയില്‍ തപസ്സിരിക്കും.
വൈകിട്ട് കോളാണ്. ഷാനുവിന്റെ ഉമ്മ പത്തിരിയും കോഴിക്കറിയും കൊണ്ടുതരും പലപ്പോഴും. ഒപ്പം ഷാനുവിന്റെ കഥകളും കേള്‍ക്കണം. അവനൊരുപാട് സ്വപ്നങ്ങളുണ്ട്, അതില്‍ താനും ഒരു കഥാപാത്രമാണ്! അങ്ങനെ രാത്രി പത്തുമണിയാകും അവസാനത്തെ കുട്ടിയുമായി യാത്ര പറയാന്‍.
ഓരോവീട്ടിലെയും കുട്ടികളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു. ചിലപ്പോള്‍ പരിഭവിച്ചു. ഇടയ്ക്ക് ഒരു ഞായറാഴ്ച കുട്ടികളെ സിനിമയ്ക്ക് കൊണ്ടു പോയി. അങ്ങനെ ആഘോഷിച്ചു പഠിച്ചു കുട്ടികള്‍.
താനോ…? എന്തായിരുന്നു തന്റെ വിഹ്വലതകള്‍? സ്വപ്നങ്ങള്‍ എന്തെല്ലാമോ കണ്ടിരുന്നു. വ്യഥകള്‍ നിറഞ്ഞ അക്ഷരങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞിരുന്നു മനസ്സില്‍. ഏതു രാസ്വപ്നവും പൂര്‍ണമാവുന്നതിനു മുന്‍പേ ക്ലോക്കിലെ കോഴി മൂന്നു വട്ടം കൂവും. ആരെയും തള്ളിപ്പറയാന്‍ പറ്റാതെ എഴുന്നേല്‍ക്കണം.
ദിവസം തുടങ്ങി.
കുട്ടികളുടെ അമ്മമാര്‍ കാത്തിരിക്കും മാഷിന്റെ വരവോടെ അവരുടെയും തിരക്കേറിയ ദിവസം തുടങ്ങും…
വീടെത്തി.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ അമ്മയുടെ മുഖത്തൊരാശ്വാസം തെളിഞ്ഞു.
”എന്റെ ഹരീ, എത്ര നേരായി നോക്കുണൂ, ഒരു കത്ത്ണ്ട് ന്റെ മോനെ, അതാ അമ്മ ങ്ങ്‌നെ നോക്കിനിന്നേ. കണ്ടിട്ട് ഏതോ വല്യ കമ്പനീന്നാ തോന്ന്‌ണേ…
ഒന്നു പൊളിച്ചുനോക്കൂ…”
അമ്മയുടെ കണ്ണിലെ തിരികള്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. അവരുടെ മോഹങ്ങള്‍ക്ക് എന്നേ ചിറകുമുളച്ചിരുന്നു. ”ഒരൂട്ടം പഠിപ്പൊക്കെ കഴിഞ്ഞൂലോ, ഇനി ജോലി കൂടി തരാവണേയ്’ അമ്മ അയലോത്തെ ജാന്വേടത്തിയോട് പലപ്പോഴും സങ്കടം പറഞ്ഞു.
ജാന്വേടത്തിക്ക് ഒഴിവില്ലാത്തപ്പോള്‍ പിന്നെ ഗുരുവായൂരപ്പനോടാവും പറയുക. അപ്പോള്‍ കണ്ഠം ഇടറും, കണ്ണുകള്‍ തുളുമ്പും. ”അമ്മേടെ ഒരു കാര്യം…” ഹരി കെറുവ് കാട്ടും.
ഹരി കവറു കയ്യിലെടുത്തു. റബ്ബര്‍ ബോര്‍ഡിന്റെ ഒരു എന്‍ട്രന്‍സ് എക്‌സാം എഴുതിയിരുന്നു. പരീക്ഷ പാസ്സായി. ഇന്റര്‍വ്യൂവിന് ക്ഷണിച്ചിരിക്കുന്നു!
”ഇന്റര്‍വ്യൂ ഉണ്ടമ്മേ വെള്ളിയാഴ്ച രാവിലെ. ഇത്തവണ ഉറപ്പാ”.
അമ്മയുടെ മുഖം ചന്ദ്രബിംബമായി. ഹരിയുടെ മനസ്സിലും നിലാവുലഞ്ഞു.
”എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടൂലോ, നാളെ ഗണപതിയമ്പലത്തില്‍ പോയി തേങ്ങയൊടയ്ക്കാം. പാതിരിക്കാട്ട് കാവില് വെളക്കും വയ്ക്കണം, മേല് കഴുകി വാ, മ്മക്ക് അത്താഴം കഴിക്കാം. എന്നിട്ട് കെടക്കാന്‍ നോക്ക്, ന്റെ മോന്‍”.
പെരിയാറിന്റെ സൗരഭ്യം കാറ്റിലൊഴുകി വന്നു കവിളില്‍ തഴുകിയോ?
കിടന്നു. ഉറക്കം വന്നില്ല. സ്വപ്നത്തില്‍ യക്ഷിപ്പാല പലവട്ടം പൂത്തു തളിര്‍ത്തു. ആറ്റുതീരത്തു നിന്നും കാറ്റു വന്നുമ്മ വച്ചു. എന്റെ സ്വപ്നം, എന്റെ ജീവിതം എല്ലാമെല്ലാം ഒരു തളികയില്‍ വച്ചു തരുന്നുവല്ലോ കാലമേ…
ഈ നിമിഷം എത്ര സുന്ദരം!
ഇന്റര്‍വ്യൂവിന് ഒരുങ്ങാം, അതു കഴിയുന്നത് വരെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും വെള്ളച്ചാമിക്കും അവധി. യക്ഷിപ്പാല അവളുടെ കാമുകനുമായി അഭിരമിക്കട്ടെ…
ഹരി ഉറങ്ങി.
പിറ്റേ ദിവസം പതിവ് പോലെയിറങ്ങി, പാഠപുസ്തകങ്ങളുടെ ഉറക്കച്ചടവ് മാറ്റി, മന്നിയുടെ കാപ്പി ആവിയോടൊപ്പം കുടിച്ചുതീര്‍ത്തു. വിവരം പറഞ്ഞപ്പോള്‍ സന്തോഷമായി എല്ലാവര്‍ക്കും. പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞും.
”ഒരാഴ്ചത്തേക്കുള്ള ഹോംവര്‍ക്ക് കൊടുക്കണേ സാറേ, അല്ലെങ്കില്‍ എല്ലാം മറക്കും”.
മീനൂട്ടിക്ക് സങ്കടമായിരുന്നു, ‘ഒരാഴ്ച സാറിനെ കാണൂല്ലല്ലോ…’
അവള്‍ക്കുറപ്പു കൊടുത്തു, വെള്ളിയാഴ്ചക്കു മുന്‍പ് കാണാം. പോകുമ്പോള്‍ അവള്‍ ബാഗില്‍ കരുതിവെച്ചിരുന്നു ചോക്കലെറ്റ് കൈവെള്ളയില്‍ വച്ചു തന്നപ്പോള്‍, എന്നും രാവിലെ കാണുന്ന കാറ്റിന്റെ കൈവിരല്‍ത്തുമ്പുകളെ ഓര്‍ത്തുപോയി. മനസ്സ് കരഞ്ഞു, ഈശ്വരാ, ഇതു ശരിയാവണേ…
പിന്നെ, ഒരുക്കം തുടങ്ങി. വായന, വായന മാത്രം…
റബ്ബര്‍ മരത്തിന്റെ ശാസ്ത്രം, ചരിത്രം, സാമ്പത്തികം എല്ലാം വായിച്ച് പഠിച്ചു.
തൈകള്‍ നടേണ്ടതെങ്ങനെയെന്നും ടാപ്പിങ്ങും പട്ടയുണ്ടാക്കലും, ഷീറ്റിന്റെ രാഷ്ട്രീയവും കച്ചവടവും പഠിച്ചെടുത്തു. ജോലി കിട്ടട്ടെ, ഒരു റബ്ബര്‍ തോട്ടം വാങ്ങിക്കളയാം.
എല്ലാം തയ്യാറായി. സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം എടുത്തു വച്ചു. വെളുത്ത ഷര്‍ട്ട് ഇസ്തിരിയിട്ട് വച്ചു. അരങ്ങൊരുങ്ങി.
വെള്ളിയാഴ്ച. അമ്മ രാവിലേ എഴുന്നേറ്റ് കാവില്‍ പോയി തൊഴുതു പ്രസാദവുമായി വന്നു, നെറ്റിയില്‍ തൊട്ടു തന്നു. വാത്സല്യത്തോടെ നോക്കിച്ചിരിച്ചു. അമ്മയുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ ഉത്സാഹം ഇരട്ടിച്ചു. നെഞ്ചിലെ പെരിയാര്‍ കൂലം കുത്തിയൊഴുകി.
പ്രാതല്‍ കഴിച്ചു. ഇറങ്ങാറായി.
അമ്മ വാതില്‍ക്കല്‍ തന്നെ നോക്കി നിന്നു. മറയുന്നത് വരെ അവിടെ കാണും.
ഹരി തിരക്കിട്ട് നടന്നു.
വളവു കഴിഞ്ഞപ്പോള്‍ ചില പരിചയക്കാരെ കണ്ടു. ചിരിച്ചേയുള്ളു. നടന്നു.
പാലം പഴയതു പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു അലസയായ്, ഒരു മധ്യവയസ്‌ക്കയെ പോലെ. കാറ്റ് കിന്നാരം ചോദിച്ചു. പെരിയാറിനു പക്ഷെ തിരക്കായിപ്പോയി. അവളോട് മനസ്സില്‍ പറഞ്ഞു. ഇന്ന് നിന്റെ ഹരിക്ക് ജോലി കിട്ടും, എന്നിട്ട് വരും നിന്നെ കെട്ടിപ്പുണരാന്‍. നിന്റെ ചിലമ്പൊലി എനിക്കു മാത്രമായി കേള്‍ക്കണം. ഞാന്‍ വരും.അവള്‍ ലജ്ജയോടെ, ഒഴുകിയൊഴുകി വഴിമാറിപ്പോയി.
ഹരി പട്ടണത്തിലേക്കുള്ള ബസ്സ്‌കാത്തു നിന്നു. യാത്ര തുടങ്ങി. സ്വപ്നത്തിലേക്കുള്ള യാത്ര, കാത്തിരുന്ന യാത്ര! പട്ടണമേ, ഹരി വരുന്നു. എന്നെയും സ്വീകരിക്കൂ…
റബ്ബര്‍ ബോര്‍ഡിന്റെ ഹെഡ് ഓഫീസില്‍ എത്തി. ആളുകള്‍ കൂടുന്നേയുള്ളു.
ഓര്‍മയില്‍ എല്ലാമുണ്ട്, ഒന്നും മറന്നിട്ടില്ലല്ലോ ഈശ്വരന്മാരേ…
ഒന്നും മറന്നിട്ടില്ല, മീനൂട്ടിയുടെ മിട്ടായിയുടെ മധുരം, മന്നിയുടെ കാപ്പിയുടെ ചൂട്, വെള്ളച്ചാമിയുടെ നിഴലിന്റെ വലുപ്പം എല്ലാം, എല്ലാം…
ഓര്‍മ്മകളുടെ തുടക്കം മാത്രമേ അറിയൂ. ഒടുക്കം? അത് അനന്തമായി, ഒരു മരിചിക പോലെ ഒഴുകും… അടുത്ത് വരുമ്പോള്‍ എല്ലാം നേരെയാകും.
പേരു വിളിച്ചപ്പോള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. അടുത്തുള്ളവരെ നോക്കി മന്ദഹസിച്ചു, ചെറുതായി തല കുനിച്ചു. തൂവാലയെടുത്തു നെറ്റി തുടച്ചു.
ആത്മവിശ്വാസത്തോടെ ഇന്റര്‍വ്യൂ നടക്കുന്ന മുറിയിലേക്ക് കടന്നു. എയര്‍കണ്ടീഷന്റെ പരുപരുത്ത തണുത്ത കാറ്റു മുഖത്തേക്കടിച്ചു.
പുഞ്ചിരിച്ചു, എല്ലാവരെയും നോക്കി. ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഇരുന്നു. മൂന്നുപേരുണ്ട്, ഒരാള്‍ തടിച്ചുരുണ്ട് ഇരുനിറം. എവിടെയോ കണ്ടിട്ടുണ്ട്. ഓ, ഓര്‍മ്മ വന്നു. ബോര്‍ഡ് മെമ്പര്‍, രാഷ്ട്രീയചാരി. നേതാവ്.മറ്റുരണ്ടുപേര്‍ സുമുഖര്‍, ഗൗരവം മാത്രം മുഖത്ത്.
പരസ്പരം മുഖത്ത് നോക്കി, തുടങ്ങാം അല്ലേ എന്ന ഭാവം. ഹരി കാത്തിരുന്നു, ഞാന്‍ തയ്യാര്‍!
പേര്, നാട്, ബിരുദം എല്ലാം സുമുഖര്‍ വ്യക്തമായി ചോദിച്ചുറപ്പു വരുത്തി. ഉദ്ദേശിച്ച ആളു തന്നെ. ഇനി നേതാവിന്റെ ഊഴം.
നമ്മുടെ രാഷ്ട്രപിതാവിന്റെ പേരെന്താ…
നേതാവ് ഒരു വിജയിയുടെ ഭാവത്തില്‍ കൂടെയുള്ളവരെ നോക്കി കണ്ണിറുക്കി.
ഹരി ഒന്നു പതറി. എന്താണ് സംഭവിക്കുന്നത്, താനൊരു പ്രൈമറി സ്‌കൂളിലെ അധ്യാപകന്റെ മുന്നിലോ? ഉള്ളിലെ എട്ടു വയസ്സുകാരന്റെ വിഭ്രാന്തിയോടെ മറുപടി പറഞ്ഞു. നേതാവ് ചിരിച്ചു. അധ്യാപകന്റെ അടുത്ത ചോദ്യം പിന്നാലെ വന്നു…
”അച്ചുതണ്ടിന്റെ നിര്‍വചനം?”
എട്ടുവയസ്സ്‌കാരന്‍ പതറി, മേലാകെ വിയര്‍ത്തു. ഉത്തരം കിട്ടാത്ത കുട്ടി കണ്ണു താഴ്ത്തി. സുമുഖര്‍ വല്ലാതെ നോക്കി, അച്ചുതണ്ടിന്റെ ഉപജ്ഞാതാവിനെ. അവരും ഉത്തരമില്ലാതെ വിയര്‍ത്തു. മൂന്ന് കുട്ടികള്‍ ഉത്തരം തേടി മാനം നോക്കി.
ഹരിയുടെ കണ്ണുകളിലൂടെ പെരിയാര്‍ ദിശതെറ്റി ഒഴുകിയോ…
എയര്‍കണ്ടീഷനില്‍ നിന്നും ഇറങ്ങിവന്ന തണുത്ത കാറ്റ് അവന്റെ കവിളത്തടിച്ചു, ശക്തിയായി. അദ്ധ്യാപകന്‍ വിരല്‍ ചൂണ്ടി അലറി, ”കടക്കു പുറത്ത്”.
ഹരി ഫയലുമായി എഴുന്നേറ്റു. മേലാകെ വിയര്‍ത്തിരുന്നു. സന്ധികളില്‍ സൂചി കുത്തുന്ന വേദന.
മുറിക്കു പുറത്തിറങ്ങിയപ്പോള്‍ കുളിര്‍കാറ്റ് അവനെ മെല്ലെത്തഴുകി. അവന്‍ ചുറ്റും നോക്കി. ഊഴം കാത്ത് എട്ടുവയസ്സുകാര്‍ ഇനിയും ബാക്കി. അവര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഹാജര്‍ വിളിക്കായി.
ഹരി കെട്ടിടത്തിന് പുറത്തേക്കിറങ്ങി. അടുത്താണ് ബസ് സ്റ്റോപ്പ്. ആദ്യംകണ്ട ബസ്സില്‍ കയറി, വാതിലിനടുത്തുള്ള ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.
”എവിടേയ്ക്കാ”, തടിച്ചുരുണ്ട, കണ്ണിറുക്കി കാണിക്കുന്ന, നേതാവിന്റെ മുഖമുള്ള കണ്ടക്ടര്‍ അക്ഷമയോടെ ചോദിച്ചു.
ഹരി കണ്ണുകള്‍ താഴ്ത്തി വിഹ്വലമായ സ്വരത്തില്‍ പിറുപിറുത്തു, ”അച്ചുതണ്ടിന്റെ അരികിലേക്ക്”.
പിന്നെ ഹരി കണ്ണടച്ചു ചാരിക്കിടന്നു. ഊഴവും കാത്ത് കിടന്ന ബസ്സ്, അച്ചുതണ്ടിന്റെ അരികിലെത്താനുള്ള തിടുക്കത്തില്‍ ഉരുണ്ടു തുടങ്ങി.
ഏതോ കൈവിരല്‍ത്തുമ്പുകള്‍ ഹരിയുടെ കവിളില്‍ തലോടിയോ? മലമടക്കുകള്‍ കയറിയിറങ്ങി വന്ന കാറ്റ് അവനോടൊപ്പം ഉണ്ടായിരുന്നു, അച്ചുതണ്ടിന്റെ അരികിലെത്താന്‍…
Comments