രാമജന്മഭൂമി പ്രക്ഷോഭവും നിയമ വ്യവഹാരങ്ങളും ഒരു ഭൂമി തര്‍ക്കത്തിന് അപ്പുറം ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തിലേക്കും ഭാരതീയമായ ചരിത്രരചനാ രീതിയുടെ ആവശ്യകതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. കോടതിവിധിയിലൂടെ ശ്രീരാമ ജന്മഭൂമിയുടെ ആവകാശം അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു. അതിന് പുരാവസ്തു ശാസ്ത്രവും റവന്യൂ രേഖകളും മറ്റ് ലിഖിത തെളിവുകളും ഉപോല്‍ബലമായിട്ടുണ്ട്. ആ വിധിയുടെ അടിസ്ഥാനം ശ്രീരാമന്‍ എന്ന ദൈവ സങ്കല്പത്തിന്‍ മേല്‍ ഉള്ളതായിരുന്നു. ദേവതയുടെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാനാണ് കോടതിയില്‍ ശ്രമം നടന്നത്. അത് വിജയിക്കുകയും ചെയ്തു. അവിടെ അതിപുരാതനമായ ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നും ജനങ്ങള്‍ ശ്രീരാമനെ വളരെ കാലങ്ങളായി ആരാധിച്ചു പോന്നിരുന്നു എന്നും കോടതിയില്‍ അസന്നിഗ്ധമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ രാമജന്മഭൂമി പ്രക്ഷോഭം ഉയര്‍ത്തിയ മറ്റൊരു മൗലിക പ്രശ്‌നം കൂടി ഉണ്ടായിരുന്നു. അത് ചരിത്രപുരുഷന്‍ എന്ന നിലക്കുള്ള രാമന്റെ അസ്തിത്വം തന്നെ ആയിരുന്നു. രാമന്‍ ജനിച്ചുവോ, രാമന്‍ ജീവിച്ചിരുന്നുവോ എങ്കില്‍ ഏത് കാലത്ത്,ഏത് സ്ഥലത്ത് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടു. രാമന്‍ കേവല വിശ്വാസമോ അതോ തെളിഞ്ഞ യാഥാര്‍ത്ഥ്യമോ എന്നത് കൂടി ഭാരതത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അയോധ്യ നഗരിയുടെ കാലപ്പഴക്കവും ജനവാസത്തിന്റെ ചരിത്രവും എല്ലാം ഉന്നയിക്കപ്പെട്ടു. ശ്രീരാമപക്ഷത്തെ സാധാരണക്കാര്‍ ഇത്തരം ചോദ്യങ്ങളുടെ മുന്നില്‍ പതറിപ്പോയിട്ടുണ്ടായിരുന്നു. ബാലരാമന്‍ (രാംലാല) എന്ന ഈശ്വര സങ്കല്പത്തിന്റെ പൗരാണികതയും നിശ്ചിത ഭൂമിയിലുള്ള അവകാശവും സ്ഥാപിച്ചെടുക്കാന്‍ നടത്തിയ യുദ്ധങ്ങളും പ്രക്ഷോഭങ്ങളും അവയുടെ തുടര്‍ച്ചയായ നിയമപോരാട്ടങ്ങളുമാണ് നാം ഏറെ ശ്രദ്ധിച്ചത്. അതേ സമയത്ത് തന്നെ ചരിത്രപുരുഷനായ രാമന്റെ അസ്തിത്വത്തെയും ജീവിതയാത്രയെയും യുക്തിഭദ്രമായി പഠിക്കാനും ഗവേഷണം നടത്തി വസ്തുതകള്‍ സ്ഥാപിക്കാനും അതിലൂടെ ഭാരതത്തിന്റെ ചരിത്രത്തെ തന്നെ തിരുത്തി എഴുതാനുമുള്ള കഠിന ശ്രമങ്ങളും ഇക്കാലയളവില്‍ നടന്നിട്ടുണ്ട്.
ഭാരതത്തിന് ഒരു ചരിത്രമോ ചരിത്ര രചനാ സിദ്ധാന്തമോ ഇല്ലെന്നാണ് യൂറോകേന്ദ്രിത ചരിത്രകാരന്മാരുടെയും അവരുടെ ഭാരതത്തിലെ പിന്‍മുറക്കാരുടെയും ഉറച്ച വിശ്വാസം. ക്രിസ്തുവിന് 2000 വര്‍ഷങ്ങള്‍ക്കപ്പുറം ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഉള്ളതായി അംഗീകരിക്കാന്‍ പോലും യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതു കൊണ്ട് ഭാരതത്തിന്റെ മാത്രമല്ല പൗരാണിക ഗ്രീസിന്റെയും ജപ്പാന്റേയും ചൈനയുടേയുമെല്ലാം ചരിത്രം അവരുടെ ദൃഷ്ടിയില്‍ സങ്കല്പങ്ങളും സാഹിത്യവുമായി മാറ്റി. ഭാരതീയ ചരിത്രത്തെ തങ്ങളുടെ പരിമിതമായ കാലഘട്ടത്തിലേക്ക് ഒടിച്ചൊതുക്കിയും, വളച്ചൊടിച്ച് വികൃതമാക്കിയും പറ്റാത്തവയെ കെട്ടുകഥയാക്കി പുറം തള്ളുകയും ചെയ്തു.
1891 ല്‍ ഭാരതപര്യടന മധ്യേ രജപുത്താനയില്‍ വെച്ച് ഒരു സംഘം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി സ്വാമി വിവേകാനന്ദന്‍ നമ്മുടെ ചരിത്രരചനയെ സംബന്ധിച്ച് നടത്തിയ ആശയവിനിമയത്തെ കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇത്തരുണത്തില്‍ ഏറേ പ്രസക്തമാണ്. അതിപ്രകാരമാണ്. ”ഭാരതത്തിന്റെ പുരാവൃത്തം ഇന്ന് കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. കലാനുക്രമമായ സൂക്ഷ്മത അതിനില്ല. ഇംഗ്ലീഷുകാരാണ് നമ്മുടെ രാജ്യ ചരിത്രം എഴുതിയിട്ടുള്ളത്. നമ്മുടെ ധര്‍മ്മനിഷ്ഠയെ കുറിച്ചോ തത്വജ്ഞാനത്തെ പറ്റിയോ അറിവില്ലാത്ത പരദേശികള്‍ക്ക് നമ്മുടെ രാഷ്ട്ര ചരിത്രമെഴുതാന്‍ എങ്ങനെ കഴിയും? പലതരത്തിലുള്ള തെറ്റിദ്ധാരണകളും യുക്തിയാഭാസ വാദങ്ങളും അബദ്ധനിഗമനങ്ങളും അവയില്‍ സ്വാഭാവികമായും കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ നാം ചെയ്യേണ്ടത് ധീരവും സ്വതന്ത്രവുമായ ഒരു വിജ്ഞാനസരണി ആവിഷ്‌കരിക്കുകയാണ്. നമ്മുടെ പുരാവൃത്ത പ്രതിപാദ്യങ്ങളായ ശ്രുതി സ്മൃതി പുരാണ ഇതിഹാസങ്ങള്‍ നാം വഴിപോലെ പഠിക്കണം. ആ അടിസ്ഥാനത്തില്‍ പ്രമാണഭൂതവും പ്രമാദരഹിതവും ആത്മവീര്യോത്തേജകവുമായ ഭാരതചരിത്രം സമബുദ്ധിയോടെ നാം തന്നെ രചിക്കണം. ഭാരതീയര്‍ തന്നെ വേണം ഭാരത ചരിത്രം എഴുതാന്‍. വിസ്മൃതിയിലാണ്ട, നഷ്ടപ്രായമായി കിടക്കുന്ന നമ്മുടെ പ്രാചീന ചരിത്ര സമ്പത്തിനെ സമുദ്ധരിക്കാന്‍ ആകട്ടെ നമ്മുടെ ഇനിയത്തെ പ്രയത്‌നങ്ങള്‍ എല്ലാം.”
ഭാരത ചരിത്രത്തിലെ കാലഗണനയിലെ സങ്കീര്‍ണത തിരിച്ചറിയാന്‍ കഴിയാതിരുന്ന യൂറോപ്യന്‍ ചരിത്രകാരന്മാരും പിന്നീട് വന്ന കൊളോണിയല്‍ ചരിത്രകാരന്മാരും മാര്‍ക്‌സിയന്‍ ചരിത്രകാരന്മാരും ഭാരതത്തിലെ ചരിത്രത്തെ അവരുടെ സൈദ്ധാന്തിക തലങ്ങളില്‍ തളച്ചിടാന്‍ ശ്രമിച്ചു. വളച്ചൊടിച്ചും തെറ്റിദ്ധരിപ്പിച്ചും അപഹസിച്ചും ഭാരതത്തെ ആക്ഷേപിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ അതേ സമയം സ്വാമിയുടെ ആഹ്വാനം ഏറ്റെടുത്തു കൊണ്ട് നിരവധി ദേശസ്‌നേഹികളായ പണ്ഡിതര്‍ വ്യത്യസ്ത രംഗങ്ങളിലുള്ള ഭാരതത്തിന്റെ ചരിത്രവും സംഭാവനകളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ലോകസമക്ഷം അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ പ്രമുഖരായിരുന്നു ഗണിത ചരിത്രമെഴുതിയ ബി.ബി.ദത്തും രസായന ചരിത്രമെഴുതിയ പ്രഫുല്ലചന്ദ്രറായും വൈദിക ചരിത്രമെഴുതിയ ആര്‍.സി മജ്ജുംദാറുമെല്ലാം. ഇവരെ പോലുള്ള ചരിത്രകാരന്മാരെ ‘ഹിന്ദു ചരിത്രകാരന്മാര്‍’ എന്ന് ആക്ഷേപിച്ച് നിരാകരിക്കാനാണ് ഭാരതത്തിലെ സര്‍വകലാശാലകളുടേയും അക്കാദമിക സ്ഥാപനങ്ങളുടെയും തലപ്പത്തു സ്ഥാനം പിടിച്ചിരുന്ന ഇടതു ചരിത്രകാരന്‍മാര്‍ ശ്രമിച്ചത്. ആക്ഷേപങ്ങളും അവഗണനകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് ദേശീയ ബോധത്തോടുകൂടി ഭാരത ചരിത്രരചനയില്‍ ഒരു ഭാരതീയ രീതിശാസ്ത്രം വികസിപ്പിച്ചെടുക്കാന്‍ വീണ്ടും നിരവധി ചരിത്രകാരന്മാര്‍ പരിശ്രമിച്ചിട്ടുണ്ട്. ബി.ബി.ലാല്‍, കല്യാണരാമന്‍, മിഷല്‍ ഡാനിനോ, ഫ്രാങ്കോയ്‌സ് ഗോട്ടിയോര്‍, കോന്റാഡ് ഏല്‍സ്റ്റ്, സുഭാഷ്‌കാക്ക്, പുഷ്‌ക്കര്‍ ഭട്‌നഗര്‍, വേദ് വീര്‍ ആര്യ എന്നിവരെ പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. ഇത് യൂറോപ്യരും മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരും നിര്‍മ്മിച്ചിരിക്കുന്ന ചരിത്രത്തെ തിരുത്തി എഴുതണമെന്നും ഭാരതിയമായ ഒരു ചരിത്രരചനാ രീതിശാസ്ത്രം വികസിപ്പിക്കണം എന്നുമുള്ള ആവശ്യകതക്ക് കൂടുതല്‍ ശക്തിപകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികര്‍ പോലും ഇന്ന് ഭാരത ചരിത്രത്തെ വ്യത്യസ്തമായ ഒരു കോണില്‍ നിന്നും നോക്കി കാണേണ്ടതുണ്ട് എന്നുള്ള വസ്തുത അംഗീകരിച്ചിട്ടുണ്ട്. അതിന്റെ ദൃഷ്ടാന്തമാണ് പ്രമുഖ ഇടതുപക്ഷ ചരിത്രകാരിയായ റോമില ഥാപ്പറിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി പാസ്റ്റ് ബിഫോര്‍ അസ്’ അഥവ ‘നമുക്ക് മുന്നിലുള്ള പഴമ’ എന്ന ഗ്രന്ഥം. ഗ്രന്ഥത്തിന്റെ പ്രസാധകരായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുസ്തകത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് ‘””The claim, often made, that India- uniquely among civilizations – lacks historical writings distracts us from a more pertinent question, according to Romila Thapar: how to recognise the historical sense of societies whose past is recorded in ways very different from European conventions. അങ്ങിനെ ഥാപ്പര്‍ക്കും ഇന്ന് രാമായണവും മഹാഭാരതവും ജൈന-ബുദ്ധ കൃതികളും സംസ്‌കൃത സാഹിത്യവും പാലി, പ്രാദേശിക ഭാഷാരചനകളും ചരിത്ര മൂല്യമുള്ള ഗ്രന്ഥങ്ങള്‍ ആയി മാറിയിരിക്കുന്നു.
ആധുനിക ശാസ്ത്ര ശാഖകളായ ബഹിരാകാശശാസ്ത്രം, പുരാവസ്തുശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, നരവംശശാസ്ത്രം, ആഴക്കടല്‍ശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, വിദൂര സംവേദന സാങ്കേതിക വിദ്യ, പാലിയോബോട്ടണി, പാലിയോസുവോളജി, ജനിതകശാസ്ത്രം തുടങ്ങി നിരവധിശാസ്ത്രശാഖകള്‍ വികസിക്കുകയും ചരിത്ര രചനയില്‍ നിര്‍ണ്ണായക തെളിവുകള്‍ നല്‍കിക്കൊണ്ടുമിരിക്കുന്നു. പൗരാണികമായ ഭാരതീയ ചരിത്രത്തിലേക്കുള്ള ഏറ്റവും വിശ്വസനീയമായ രേഖകളാണ് പൗരാണിക ജ്യോതിശാസ്ത്ര സൂചകങ്ങള്‍. ഭാരതത്തിന്റെ ജ്യോതിശാസ്ത്ര നിരീക്ഷണത്തിലെ പാടവവും സൂക്ഷ്മതയും ഇന്ന് ലോകം അറിയുകയും അംഗീകരിക്കുകയും ചെയ്തതാണ്.
2011 ജൂലായ് മുപ്പതിന് രാമായണത്തിന്റേയും വൈദിക സാഹിത്യങ്ങളുടേയും കാലനിര്‍ണ്ണയം സംബന്ധിച്ച് ഒരു ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം നടത്തിയ പ്രസംഗം ചരിത്രരചന രംഗത്തെ ശാസ്ത്ര സമന്വയത്തിന്റെ അനിവാര്യതയുടെ പ്രഖ്യാപനമായിരുന്നു. അദ്ദേഹം പ്രസംഗത്തിന് നല്‍കിയിരുന്ന പേര് തന്നെ ‘പാസ്റ്റ് മീറ്റ്‌സ് പ്രെസന്റ് ലീഡിങ് ടു എ ബെറ്റര്‍ ഫ്യൂച്ചര്‍’എന്നായിരുന്നു. ഈ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. ‘വൈദികസാഹിത്യം മനുഷ്യരാശിക്ക് ഉപകാരപ്രദമായ വൈജ്ഞാനിക സമ്പത്തിന്റെ കലവറയാണ്. ഈ അടിസ്ഥാന രേഖകളെ സമൂഹം വിശ്വാസത്തിലെടുക്കാന്‍ അവയുടെ കാലപ്പഴക്കം ശാസ്ത്രീയമായി സ്ഥാപിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ഐതിഹ്യങ്ങളും വിശ്വാസകഥകളും ചരിത്രമായി മാറുകയുള്ളൂ.’ ലോകത്തിലെ പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്മാരും പരിസ്ഥിതിശാസ്ത്രജ്ഞന്മാരും പുരാവസ്തുശാസ്ത്രജ്ഞന്മാരും നരവംശ – ബഹിരാകാശ പണ്ഡിതരും ഒത്തുകൂടിയ ആ വിദ്വത് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇതുകൂടി പറഞ്ഞു. ‘രാമായണത്തിന്റെ കാലപ്പഴക്കം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിന് പരിഗണിക്കേണ്ട ഏറ്റവും പ്രധാന വസ്തുത വാത്മീകി നല്‍കുന്ന രാമായണ കാലഘട്ടത്തിലെ വ്യത്യസ്ത ആകാശനിരീക്ഷണ സൂചകങ്ങളും പ്രകൃതിപ്രതിഭാസങ്ങളുമാണ്. രാമായണത്തിലെ ഭൂമിശാസ്ത്ര വര്‍ണ്ണനകള്‍, സ്ഥലനാമ വിവരണങ്ങള്‍, വിവിധ രാജവംശാവലികള്‍ എന്നിവയെല്ലാം അപഗ്രഥിക്കുകയും പരസ്പരം താരതമ്യ പഠനത്തിന് വിധേയമാക്കുകയും വേണം.’ എ പി ജെ അബ്ദുല്‍ കലാമിന്റെ ഈ ഉദ്‌ബോധനങ്ങള്‍ വ്യത്യസ്ത ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പണ്ഡിതരെ ഭാരതത്തിന്റെ ചരിത്ര നിര്‍മ്മാണത്തിന്റെ ആവശ്യകതയും അതില്‍ ആധുനിക ശാസ്ത്രങ്ങളുടെ പ്രാധാന്യവും ബോധ്യപ്പെടുത്താന്‍ ഉപകരിച്ചു. മാത്രമല്ല, അവര്‍ ഈ ദൗത്യം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ ഒരു നൂറ്റാണ്ടു മുമ്പ് പറഞ്ഞ ഭാരത ചരിത്രത്തിലെ സങ്കീര്‍ണ്ണമായ കാലഗണനയുടെ രഹസ്യം അനാവരണം ചെയ്യുന്നതില്‍ ഒട്ടൊക്കെ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു എന്ന് ഈ രംഗത്ത് പ്രസിദ്ധീകൃതമായ ഗവേഷണ പുസ്തകങ്ങളുടെ വൈപുല്യവും ആഴവും വിളിച്ചോതുന്നു. ഇനിയും ആ രംഗത്ത് നിരവധി പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. നടന്നത് സാധാരണ ജനങ്ങളില്‍ എത്തിക്കേണ്ടതുമുണ്ട്.
അയോധ്യയേയും രാമായണ കാലഘട്ടത്തെയും കുറിച്ചു മാത്രം പരിഗണിച്ചാല്‍, പൊതു വര്‍ഷാരംഭത്തിന് മുമ്പ് അഥവാ ബിസിഇ 13800 മുതലുള്ള പരാമര്‍ശങ്ങള്‍ അയോദ്ധ്യയെ കുറിച്ച് വേദസാഹിത്യങ്ങളില്‍ കാണാന്‍ സാധിക്കും. ഋഗേ്വദത്തില്‍ സരയൂനദിയെ കുറിച്ച് നാലാം മണ്ഡലത്തിലും പത്താം മണ്ഡലത്തിലും പരാമര്‍ശിക്കുന്നു. ദേവാസുരയുദ്ധം നടന്നിരുന്ന കാലഘട്ടത്തില്‍ അയോധ്യ ദേവന്മാരുടെ രാജധാനി ആയിരുന്നു എന്ന് അഥര്‍വ്വവേദം 10.31 മന്ത്രം പറയുന്നു. വൈദിക കാലത്തെ ആദ്യ രാജാവായ മനുവാണ് അയോധ്യ സ്ഥാപിച്ചത് എന്നും സത്യവ്രതനും ഹരിശ്ചന്ദ്രനും ആ പരമ്പരയിലെ രാജാക്കന്‍മാര്‍ ആയിരുന്നു എന്നും ഋഗ്വേദത്തില്‍ കാണാം. അയോധ്യയിലെ മനുവംശ കാലം ബിസിഇ 13800 -12500 വരെയാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്രയില്‍ 12,500 ബിസിഇക്ക് അടുത്ത് കുശസ്ഥലി എന്ന തലസ്ഥാന പട്ടണം സ്ഥാപിച്ച വൈവസ്വതമനുവും അദ്ദേഹത്തിന്റെ മകന്‍ ഇക്ഷ്വാകുവും തുടര്‍ന്ന് 12 തലമുറകളും ഭരിച്ചതായും പറയപ്പെടുന്നു. ഏകദേശം 11,000 ബിസിഇക്കടുത്ത് വൈദിക സരസ്വതി നദി വഴിമാറി ഒഴുകിയതായും ഈ പ്രദേശത്തെ ജനവാസകേന്ദ്രങ്ങള്‍ മറ്റിടങ്ങളിലേക്ക് സാവകാശം നീങ്ങിയതായും കണക്കാക്കാം. അടുത്ത കാലത്ത് നടന്ന പാലിയോ റിവര്‍ ചാനല്‍ (പൗരാണിക നീര്‍ചാലുകളെ കുറിച്ചുള്ള പഠനം)പഠനങ്ങള്‍ ഇത് ശരിവക്കുന്നു. അങ്ങിനെ 11000 ബിസിഇ മുതല്‍ 4700 വരെ ഭാരതത്തിന്റെ തലസ്ഥാനനഗരിയായി അയോധ്യ വീണ്ടും മാറ്റി. ശ്രീരാമനുമുമ്പ് ഇക്ഷ്വാകുവംശത്തിലെ 60 രാജാക്കന്മാര്‍ 11000 BCE മുതല്‍ 5635 വരെ അയോധ്യ തലസ്ഥാനമാക്കി ഭാരതം ഭരിച്ച. അതിന്റെ വംശാവലി ഇന്ന് ശാസ്ത്രീയമായി അപഗ്രഥിച്ചു കൊണ്ട് പ്രസിദ്ധം ചെയ്തിട്ടുണ്ട്. ആ പരമ്പരയിലെ അറുപത്തി ഒന്നാമത്തെ രാജാവായിരുന്നു ദശരഥ പുത്രനായ ശ്രീരാമചന്ദ്രന്‍. നേരത്തെ സൂചിപ്പിച്ച പൗരാണിക ജ്യോതിശാസ്ത്ര സൂചകങ്ങളുടെ ആധുനിക അപഗ്രഥനത്തിലൂടെ രാമായണത്തില്‍ പ്രതിപാദിക്കുന്ന ശ്രീരാമചന്ദ്രന്റെ ജനനസമയത്തെ ഗ്രഹസ്ഥിതിയുടെ അടിസ്ഥാനത്തില്‍ രാമന്റെ ജനനം BCE- 5674 ഫെബ്രുവരി മൂന്നിനാണ്. രാവണവധം 5635 നവംബറില്‍ ആണെന്നും അയോധ്യയിലെ ശ്രീരാമപട്ടാഭിഷേകം 5635 ഡിസംബര്‍ 21ന് ആണെന്നും ഗ്രഹസ്ഥിതി പുനര്‍സൃഷ്ടിച്ച് നിജപ്പെടുത്താം.

ജ്യോതിശാസ്ത്രം വച്ച് മാത്രം രാമായണത്തില്‍ ഗവേഷണം നടത്തിയ വ്യത്യസ്ത ജ്യോതിശാസ്ത്ര പണ്ഡിതന്മാരുടെ കണ്ടെത്തലുകളില്‍ ചില വ്യത്യാസങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കും. ശ്രീ നിലേഷ് ഓക്ക് 12240 ലും ശ്രീ പി. വി. വര്‍ട്ടക്ക 7323 ലും ശ്രീ പുഷ്‌കര്‍ ഭട്‌നഗര്‍ BCE- 5114ലുമാണ് രാമന്റെ ജനനം കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ രാമായണത്തിലെ മറ്റ് സന്ദര്‍ഭങ്ങളും രാമായണബാഹ്യമായ വൈദിക സാഹിത്യകൃതികളിലെ പരാമര്‍ശങ്ങളും രാമായണവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്ര പഠനങ്ങളും രാമസേതുവിനെ സംബന്ധിച്ച് നടന്ന സമുദ്രപഠനങ്ങളും രാമായണ കാലഘട്ടത്തിന്റെ സൂക്ഷ്മത കൂടുതല്‍ കൂടുതല്‍ വരുത്താന്‍ തുടര്‍ന്നും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഡോ. വേദവീര്‍ ആര്യ തന്റെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അത് ബിസിഇ ആറാം സഹസ്രാബ്ദത്തിലാണെന്ന് ഉറപ്പിച്ചു പറയുന്നു.
ഇത്തരത്തിലൊരു കാലഗണന അവതരിപ്പിക്കുന്ന സമയത്ത് നമ്മില്‍ പതിഞ്ഞുപോയിരിക്കുന്ന കാലഗണനയുമായി പൊരുത്തക്കേട് ഉണ്ടാവുകയും അതുകൊണ്ടുതന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും. അതിനു കാരണം നമ്മുടെ മനസ്സില്‍ രൂഢമൂലമായിരിക്കുന്ന യുഗ, മഹായുഗ, ചതുര്‍യുഗ, മന്വന്തരങ്ങളെ കുറിച്ചുള്ള കാലദൈര്‍ഘ്യ സങ്കല്പമാണ്. കലിയുഗം തുടങ്ങി 5000 വര്‍ഷത്തിന് അപ്പുറം 432000 വര്‍ഷം വരുന്ന ദ്വാപരയുഗത്തിനും അപ്പുറം ത്രേതായുഗത്തിലെ ശ്രീരാമചന്ദ്രനാണ് നമ്മുടെ സാംസ്‌കാരിക മനസ്സില്‍. പാശ്ചാത്യ കാലഗണന പ്രകാരം BC 3000-2500 സിന്ധു നദി തട സംസ്‌കാരത്തെ തകര്‍ത്ത് 1500 നോട് അടുത്ത് നടന്ന ആര്യനധിനിവേശത്തോടെ ഇവിടെ ആധിപത്യം സ്ഥാപിച്ച മധ്യേഷ്യക്കാര്‍ BC1500-1000ല്‍ വേദങ്ങള്‍ രചിക്കുകയും 1000-500ല്‍ ഉപനിഷത്തുകളും തുടര്‍ന്ന് 500-300 കാലത്ത് ഇതിഹാസ കാവ്യങ്ങളും രചിച്ചു. തുടര്‍ന്ന് ബുദ്ധ-ജൈന സമ്പ്രദായങ്ങള്‍ ആധിപത്യം വരുന്നു. ഇത് രണ്ടും തമ്മിലുള്ള അന്തര്‍സംഘര്‍ഷമാണ് ഓരാ ഭാരതീയന്റെ മനസ്സിലും.
ഭാരതീയ സാഹിത്യ സമ്പത്തിനെ വഴിപോലെ പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഭാരതത്തില്‍ വൈദിക കാലഘട്ടം മുതല്‍ കാലഗണനകള്‍ക്ക് ഒരേ കാല ദൈര്‍ഘ്യമല്ല നല്‍കിയിരുന്നത്. വൈദിക ഗ്രന്ഥങ്ങളും ജ്യോതിര്‍സിദ്ധാന്ത ഗ്രന്ഥങ്ങളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണം. വൈദിക ജ്യോതിഷികള്‍ സൂര്യ, ചന്ദ്ര പരിക്രമണങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ കലണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു പരിഗണിക്കുമ്പോള്‍ ഉണ്ടാകുന്ന ചില ഗണിത പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനുവേണ്ടി അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചാക്രിക കലണ്ടറുകള്‍ സ്വീകരിച്ചിരുന്നു. വൈദിക കാലഘട്ടത്തില്‍ ഇതിനെയാണ് ഒരു യുഗം എന്ന് പറഞ്ഞിരുന്നത്. യുഗം – യോഗം എന്നൊക്കെ പറഞ്ഞാല്‍ യോജിച്ചത്, കൂടിയത് എന്നൊക്കെയാണ് അര്‍ഥം. വൈദിക കാലഘട്ടം മുതല്‍ മഹാഭാരത കാലഘട്ടം വരെയുള്ള നീണ്ട കാലഘട്ടത്തില്‍ ഈ യുഗ- മഹായുഗ പരികല്‍പ്പനകള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതു പരിഗണിക്കാതെയുള്ള ചരിത്രരചന അസംബന്ധവും അപൂര്‍ണവും യുക്തിരഹിതവും ആയിരിക്കും. അഞ്ചു വര്‍ഷത്തെ യുഗ ദൈര്‍ഘ്യത്തെ പിന്നീട് നാലു യുഗങ്ങള്‍ ചേര്‍ന്നുള്ള 20 വര്‍ഷം വരുന്ന ചതുര്‍യുഗസങ്കല്‍പമായി സ്വീകരിച്ചതായും വൈദിക സാഹിത്യങ്ങളില്‍ കണ്ടെത്താന്‍ സാധിക്കും. ഈ കാലചക്രത്തിന്റെ നാല് പാദങ്ങളെ യഥാക്രമം കൃത, ത്രേതാ, ദ്വാപര, കലിയുഗങ്ങള്‍ എന്ന് പേരിട്ടതായി ഐതരേയ ബ്രാഹ്മണത്തില്‍ പറയുന്നു. ഡിസമ്പര്‍ 31 കഴിഞ്ഞാല്‍ ജനവരി 1 എന്ന കലണ്ടര്‍ സങ്കല്പമല്ല അന്ന് ഉണ്ടായിരുന്നത്. അത് മാഘമാസത്തിലെ ശുക്ല പ്രതിപദയെന്നോ, ചൈത്ര ശുക്ല പ്രതിപദയെന്നോ ആയിരിക്കും. അത് കൃത്യമായ 360 ദിവസത്തിലൊ 365 ദിവസത്തിലോ ആവര്‍ത്തിക്കില്ല. ജ്യോതിശാസ്ത്രപരമായ കൃത്യതക്കുവേണ്ടിയാണ് വര്‍ഷങ്ങളെ പല മാതിരി കൂട്ടി എടുത്തത്. ഓരോ 20 വര്‍ഷത്തിന് ഇടയിലും അര്‍ദ്ധമാസം കൂട്ടിച്ചേര്‍ക്കുന്ന പദ്ധതിയും പിന്നീട് ഉണ്ടായി. 40 വര്‍ഷ ചക്രത്തില്‍ 7.5 ദിവസം അധികമായി വരുന്നതായും സൂക്ഷ്മത കൂടുതല്‍ ആക്കാന്‍ കാലദൈര്‍ഘ്യം വര്‍ധിപ്പിച്ച് 8ചക്രങ്ങള്‍ എടുത്ത് 160 വര്‍ഷത്തെ കാലചക്രവും അധികമായി വരുന്ന ദിവസങ്ങളെ ഒഴിവാക്കുന്ന ‘ക്ഷയമാസം’ ‘ക്ഷയതിഥി’ തുടങ്ങിയ സങ്കേതങ്ങളും നമ്മുടെ പൂര്‍വികര്‍ സ്വീകരിച്ചു. ഇത്തരത്തിലുള്ള നിരവധി പരിഷ്‌ക്കരണങ്ങള്‍ ജ്യോതിശാസ്ത്രത്തില്‍ വ്യത്യസ്തമായ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. അങ്ങിനെ വൈദിക വര്‍ഷം 365.25625 ദിവസത്തിന്റെ സൂക്ഷ്മത നേടിയിരുന്നു! ഈ സൂക്ഷ്മ നിരീക്ഷണങ്ങളും പരിഷ്‌ക്കരണങ്ങളും വ്യത്യസ്തമായ ജ്യോതിശാസ്ത്രശാഖകള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനമായും അഞ്ച് ശാഖകള്‍ ആണ് ഉണ്ടായിരുന്നത്. അവ സൂര്യസിദ്ധാന്തം, രോമകസിദ്ധാന്തം, പൗലിയ സിദ്ധാന്തം, വശിഷ്ഠസിദ്ധാന്തം പൈതാമഹ: സിദ്ധാന്തം എന്നിങ്ങനെ അറിയപ്പെടുന്നു. വരാഹമിഹിരന്‍ ഈ വ്യത്യസ്ത ശാഖകളെ ക്രോഡീകരിച്ചാണ് പഞ്ച സിദ്ധാന്തികം രചിച്ചത്. ശതപഥബ്രാഹ്മണത്തിന്റെ ആറാം ഖണ്ഡത്തില്‍ യാജ്ഞവല്‍ക്യന്‍ 95 വര്‍ഷം വരുന്ന അന്നാ ചയനത്തെ കുറിച്ച് പറയുന്നുണ്ട്.
ജ്യോതിശാസ്ത്രത്തിലെ സൈദ്ധാന്തിക ഗണിത ഫലവും ജ്യോതിശാസ്ത്ര നിരീക്ഷണ ഫലവും ഒത്തുനോക്കുന്നതും കൃത്യത വരുത്തുന്നതും ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. ഈ സൂക്ഷ്മത വരുത്തല്‍ പ്രക്രിയയാണ് യുഗ സങ്കല്‍പത്തെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ പരിഷ്‌കരണത്തിന് വിധേയമാക്കിയത്. പരമാവധി പൂര്‍ണ്ണ സംഖ്യകള്‍ കൊണ്ടുള്ള ഗണിതത്തിനു വേണ്ടിയാണ് പരിഷ്‌ക്കാരങ്ങള്‍ സ്വീകരിച്ചിരുന്നത്. സൂര്യചന്ദ്രന്മാരെ പോലെ തന്നെ ആകാശത്ത് ഏറ്റവും പ്രമുഖ ജ്യോതിര്‍ഗോളമായ വ്യാഴത്തെ പരിഗണിച്ച് പന്ത്രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന യുഗങ്ങളും ചില ജ്യോതിശാസ്ത്ര ശാഖകള്‍ പിന്തുടര്‍ന്നു വന്നു. അങ്ങനെ 12 വര്‍ഷത്തെ യുഗവും 60 വര്‍ഷത്തെ മഹായുഗവും നിലവില്‍ വന്നു. പിന്നീട് അത് 100 വ്യാഴവട്ടങ്ങള്‍ ചേര്‍ന്ന 1200 വര്‍ഷങ്ങളുടെ യുഗമായി മാറി. സൂര്യ സിദ്ധാന്തത്തിലും പൈതാമഹ സിദ്ധാന്തത്തിലും ഇത്തരം കാലഗണനകളാണ് സ്വീകരിച്ചു കാണുന്നത്. ഭാരതീയ ജ്യോതിശാസ്ത്ര സൈദ്ധാന്തിക പക്ഷം കൂടുതല്‍ രൂഢമൂലം ആകുന്നത് ലാടദേവന്റെ സൂര്യസിദ്ധാന്തത്തിലൂടെയാണ്. ലാടദേവന്‍ പറയുന്നത് സൂര്യസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മായാസുരനാണെന്നാണ്. അദ്ദേഹം ഈ സിദ്ധാന്തം ആവിഷ്‌കരിക്കുന്നത് വൈവസ്വത മന്വന്തരത്തിലെ ഇരുപത്തിയെട്ടാം ചതുര്‍യുഗത്തിലെ കൃതയുഗാന്ത്യത്തിലാണത്രേ. ആ സമയത്ത് പഞ്ച ഗ്രഹങ്ങളും സൂര്യചന്ദ്രന്മാരും മേടരാശിയിലായിരുന്നു എന്നും പ്രസ്താവിച്ചു കാണുന്നു. ഇതുപ്രകാരം കൃതയുഗം അന്ത്യം BCE- 6777 ആയിരിക്കുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇവിടെ വെച്ച് യുഗങ്ങള്‍ 5 വര്‍ഷത്തില്‍ നിന്ന് 1200 വര്‍ഷത്തിലേക്കും ചതുര്‍യുഗം ഇരുപതില്‍ നിന്ന് 4800 വര്‍ഷത്തിലേക്കും വളരുന്നു. തുടര്‍ന്ന് BCE- 5500-5000 കാലത്ത് യുഗ ചക്ര കാലാവധി വര്‍ദ്ധിപ്പിച്ച് 12000 വര്‍ഷത്തേക്കും മാറുന്നതായി കാണാം. 4000 BCE- യോടടുത്ത് ഈ യുഗപരികല്‍പ്പന 1200ല്‍ നിന്നും അതിന്റെ 360 ഇരട്ടിയായ 4,32,000 വര്‍ഷത്തിലേക്കും മഹായുഗം 12000ല്‍ നിന്നും അതിന്റെ 360 ഇരട്ടിയായി 43,20,000 വര്‍ഷത്തിലേക്കും ഉയര്‍ത്തി. ഈ യുഗ, മഹായുഗ സങ്കല്പമാണ് നമ്മുടെ മനസ്സില്‍ ഇേപ്പാഴുള്ളത്. ഇതു വെച്ചാണ് ഈ കാലഗണന പ്രാബല്യത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിലെ സംഭവങ്ങളെ നാം പറയാന്‍ ശ്രമിക്കുന്നത്. അപ്പോഴാണ് നമ്മുടെ ചരിത്ര സംഭവങ്ങള്‍ മിക്കതും സാങ്കല്പികങ്ങളായി മാറുന്നത്. ഇവിടെയാണ് സ്വാമി വിവേകാനന്ദന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം ‘യുക്തിഭദ്രവും പ്രമാണപൂര്‍വ്വവും പ്രമാദ രഹിതവുമായ ചരിത്രരചനയുടെ രീതിശാസ്ത്രം’ നാം സ്വയം വികസിപ്പിച്ച് നമ്മുടെ ചരിത്രരചന നടത്തണം എന്ന ഉദ്‌ബോധനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നത്.

ശ്രീരാമനു ശേഷമുള്ള അയോധ്യയുടെ ചരിത്രം ഇപ്രകാരം വീണ്ടും തുടര്‍ന്നാല്‍ ബിസിഇ 4750 നടുത്ത് അഗ്‌നിവര്‍ണ്ണന്റെ കാലമായപ്പോഴേക്കും അയോധ്യയിലെ ഇക്ഷ്വാകുവംശം അഥവാ സൂര്യവംശം ക്ഷയിക്കുന്നതും ഹസ്തിനപുരത്തെ കുരുവംശം അഥവാ ചന്ദ്രവംശം ശക്തി പ്രാപിക്കുന്നതും കാണാം. മഹാഭാരത യുദ്ധം നടക്കുമ്പോള്‍ അയോദ്ധ്യയിലെ രാജാവായിരുന്ന ബ്രഹദ്ബല യുദ്ധത്തില്‍ പങ്കെടുത്തതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. ബിസിഇ 1662 വരെ നിരവധി രാജാക്കന്മാര്‍ അയോധ്യ ഭരിച്ചു. ഈ കാലത്ത് അയോധ്യ സാകേതം എന്നും അറിയപ്പെട്ടു. BCE- 1944 ഇക്ഷ്വാകു വംശത്തിലെ ശുദ്ധോധന മഹാരാജാവിന്റെ പുത്രനായാണ് സിദ്ധാര്‍ത്ഥന്‍ ജനിക്കുന്നത്. 1864ല്‍ അദ്ദേഹം ശ്രീബുദ്ധഭഗവാനായി നിര്‍വാണം പ്രാപിക്കുകയും ചെയ്തു. ബുദ്ധഭഗവാന്റെ ആദ്യ ധര്‍മ്മ പ്രഭാഷണം നടന്നത് അയോധ്യയിലാണ്. സുമിത്ര എന്ന രാജാവിന്റെ കാലത്ത് ശക്തമായ മഗധ ചക്രവര്‍ത്തി മഹാപത്മനന്ദന്‍ (1662-1608) അയോധ്യ കീഴടക്കുകയും തന്റെ സാമ്രാജ്യത്തോട് ചേര്‍ക്കുകയും ചെയ്തു. മൗര്യ രാജാവായിരുന്ന ശാലിശുകന്റെ കാലത്ത് (1494-1481) യവനന്മാര്‍ അയോധ്യ ആക്രമിച്ചു നശിപ്പിച്ചു. പിന്നീട് ചന്ദ്രവംശ രാജാവായിരുന്ന വിക്രമാദിത്യ ചക്രവര്‍ത്തി (984-925) അയോധ്യ വീണ്ടെടുക്കുകയും ശ്രീരാമചന്ദ്രന് ഭവ്യമായ ഒരു ക്ഷേത്രം – ‘വിഷ്ണു ഹരി ക്ഷേത്രം’ സ്ഥാപിക്കുകയും ചെയ്തു. ഇത് ‘ജന്മസ്ഥാന ക്ഷേത്രം’ എന്ന് പ്രസിദ്ധമായി. കനൗജ്ജിലെ ഗഹദ്വാല രാജാവിന്റ കാലത്തെ വിഷ്ണുഹരി ശിലാഫലകമാണ് അയോദ്ധ്യയില്‍ നടന്ന ഉദ്ഖനന സമയത്ത് കിട്ടിയ ഏറ്റവും പഴക്കം ചെന്ന ലിഖിതരേഖ.
ബുദ്ധമതാനുയായികള്‍ക്കെന്നപോലെ ജൈന സമുദായക്കാര്‍ക്കും അയോധ്യ പുണ്യനഗരിയാണ്. ശ്രീരാമനെ തിര്‍ഥങ്കരനായാണ് ജൈനസമ്പ്രദായം കണക്കാക്കുന്നത്. സിക്ക് സമ്പ്രദായ സ്ഥാപകനായ ഗുരുനാനാക്ക് അയോദ്ധ്യ സന്ദര്‍ശിക്കുകയും ശ്രീരാമാരാധന നടത്തുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയര്‍ക്കെല്ലാം അഭിമാനവും ആശാകേന്ദ്രവും ആദ്ധ്യാത്മകേന്ദ്രവുമായ അയോധ്യയില്‍ അധിനിവേശശക്തികള്‍ പിടിമുറുക്കുന്നത് ബാബറിന്റെ മുഗള്‍ സൈന്യാധിപനായിരുന്ന മീര്‍ബക്കിയുടെ നേതൃത്വത്തില്‍ 1528 – ല്‍ അയോദ്ധ്യ ആക്രമിച്ചു തകര്‍ക്കുമ്പോഴാണ്. വൈദേശിക ഭരണത്തിന്റെ അപമാനമുദ്രയായി ക്ഷേത്രാവശിഷ്ടങ്ങള്‍ തന്നെ ഉപയോഗിച്ച് മുഗള്‍ ഭരണം അവിടെ ഒരു സൗധം പണിതു. ഇതാണ് ബാബറി മസ്ജിദ് എന്ന പേരില്‍ അറിയപ്പെട്ടത്. തുടര്‍ന്ന് അയോധ്യാ വിമോചന സമരത്തിന്റെ ചരിത്രം 2019 നവംബര്‍ 9 ന്റെ സുപ്രീം കോടതി വിധിയോടെ പരിസമാപിച്ചിരിക്കയാണ്. 2020 ആഗസ്റ്റ് 5 ന് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരകമലങ്ങളാല്‍ ആരംഭിച്ചിരിക്കുന്ന ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനം ക്ഷേത്ര നിര്‍മ്മാണത്തിലും അയോധ്യ നഗരിയുടെ പുനര്‍നിര്‍മാണത്തിലും മാത്രം അവസാനിക്കുന്നതായിരിക്കുകയില്ല. അത് ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രവും പൈതൃകവും വീണ്ടെടുക്കുന്ന, എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളായി വ്യാപിപ്പിക്കേണ്ടതുണ്ട്. ഭാരതത്തിലെ ചിരപുരാതനമായ നഗരികളുടെ കൂട്ടത്തിലും (അയോദ്ധ്യ മഥുര മായ…. അമൃതസരപ്രിയം) മോക്ഷദായിനികളായ സപ്ത തീര്‍ഥനഗരികളുടെ കൂട്ടത്തിലും (അയോദ്ധ്യ മഥുര….. മോക്ഷദായിനി) അയോദ്ധ്യയെയാണ് ആദ്യം പരാമര്‍ശിക്കുന്നത്. പൗരാണിക ഭാരതത്തിലെ അയോദ്ധ്യയുടെ പ്രാധാന്യത്തിന് വേറേ തെളിവുകള്‍ വേണ്ട. വര്‍ത്തമാന ചരിത്രത്തില്‍ അയോധ്യയുടെ പ്രാധാന്യം നാം കണ്ടതാണ്. ഭാവിയിലും അയോധ്യയുടെ ചരിത്ര പുനര്‍രചനയിലൂടെ ഭാരതത്തിന്റെ ചരിത്രവും ചരിത്ര വീക്ഷണവും വീണ്ടെടുക്കുകയും ലോകത്തിലെ തന്നെ ചരിത്ര രചനയ്ക്ക് പുതിയ മാനം നല്‍കുകയും വേണം.
(മാധവഗണിതകേന്ദ്രം സെക്രട്ടറിയാണ് ലേഖകന്‍)