വാളയാര്‍ കേസിന്റെ പുനര്‍ നടപടികളുടെ ചുമതല സി.ബി.ഐ ഏറ്റെടുത്തത് ഏറ്റവും സ്വാഗതാര്‍ഹമാണ്. പക്ഷെ തുടര്‍ നടപടികള്‍ ഇതോടെ അവസാനിക്കാന്‍ പാടില്ല. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ഏജന്‍സികളുടെ ഗുരുതരമായപാളിച്ചകള് ഹൈക്കോടതിയുടെ വിധിന്യായം എടുത്തു പറയുന്നുണ്ട്. ഒരു ഡി.വൈ.എസ്.പി. ഉള്‍പ്പെടെ കേസിന്റെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, കേസ് തീര്‍ത്തും അലക്ഷ്യവും ഉദാസീനവുമായി വാദിച്ച സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍, വിചാരണക്കോടതി. ഇവയുടെ ഭാഗത്തുണ്ടായ അക്ഷന്തവ്യമായ വീഴ്ചകള്‍ സത്വരവും സമഗ്രവുമായ അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്; ഉത്തരവാദികള്‍ക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. കേവലമായ നീതിയുടെ പേരില്‍ മാത്രമല്ല, സര്‍ക്കാരിന്റെയും നീതിന്യായ സംവിധാനത്തിന്റെയും വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനും ഈ നടപടി അനുപേക്ഷണീയമാണ്.