കമ്മ്യൂണിസ്റ്റ് കാല്‍പ്പനികര്‍ എന്നും മുന്നോട്ടുവച്ചിട്ടുള്ള ആശയങ്ങളില്‍ ഒന്നാണ് സമത്വം. സ്ഥിതിസമത്വം എന്ന വ്യാമോഹം ഉയര്‍ത്തി കമ്മ്യൂണിസം അധികാരത്തില്‍ വന്നയിടങ്ങളിലൊന്നും സമത്വമോ സ്വാതന്ത്ര്യമോ മനുഷ്യനീതിയോ പുലര്‍ന്നില്ല എന്നത് ചരിത്രം. നേരം പുലരാത്ത മലയാളികള്‍ ഇപ്പോഴും കമ്മ്യൂണിസം ജപിക്കുകയും ഒന്നിടവിട്ട അഞ്ചുവര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ അധികാരത്തിലേറ്റുകയും ചെയ്യും. തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തെ വാചാലമായവതരിപ്പിച്ച് രാഷ്ട്രീയ മാര്‍ക്കറ്റില്‍ സമര്‍ത്ഥമായി വിറ്റുപോരുന്ന കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചിട്ടേയുള്ളൂ. വിജയന്‍ സര്‍ക്കാരും ഇതിനൊരപവാദമല്ല എന്ന് തെളിയിച്ചു കഴിഞ്ഞു.
അധികാരത്തില്‍ നിന്നും പടിയിറങ്ങാന്‍ വെറും മൂന്നുമാസം ബാക്കിയുള്ളപ്പോള്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് പിന്‍വാതില്‍ നിയമനം പൊടിപൊടിക്കുകയാണ്. മറ്റ് പല കുറ്റകൃത്യങ്ങള്‍ക്കുമെന്നപോലെ ഇതിനും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നേതൃത്വം വഹിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി വിജയിച്ച് ഉന്നത ബിരുദങ്ങള്‍ നേടി യവര്‍ക്ക് സര്‍ക്കാറുദ്യോഗം എന്നത് കിട്ടാക്കനിയായി മാറുകയാണ്. വിവിധ ഒഴിവുകളിലേക്കായി പി.എസ്.സി. നടത്തുന്ന പരീക്ഷകള്‍ പാസായി റാങ്ക്പട്ടികയില്‍ കടന്നുകൂടിയിട്ടൊന്നും ഒരു കാര്യവുമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കല്ലെറിഞ്ഞും കത്തിക്കുത്തുനടത്തിയും മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയായും വളര്‍ന്നുവരുന്ന എസ്. എഫ്. ഐ, ഡി. വൈ. എഫ്.ഐ നേതാക്കള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സംവരണം ചെയ്തിരിക്കുകയാണ്.
പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവര്‍ നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മന്ദിരത്തിനു പുറത്ത് സമരം ചെയ്യുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ അധികാരത്തില്‍ വരുന്ന സിഡിറ്റില്‍ കരാര്‍ ജോലിക്കാരായി നിയമിച്ച 114 പേരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഈ വഴിവിട്ട നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. കോടതികളെ അല്ലെങ്കില്‍ തന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പരമ പുഛ്മായിരുന്നല്ലോ. ‘ബൂര്‍ഷ്വാ കോടതി തുലയട്ടെ’ എന്ന് മുദാവാക്യം വിളിച്ച പാരമ്പര്യമാണല്ലോ ഉദ്യോഗസ്ഥ നിയമനത്തിന്റെ അടിസ്ഥാനയോഗ്യതയായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കെല്‍ട്രോണിലും കിലയിലുമൊക്കെ അനധികൃത നിയമനങ്ങള്‍ക്ക് കഴിഞ്ഞ മാസത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. അഞ്ചു വര്‍ഷം പോലും പൂര്‍ത്തിയാകാത്ത മുഖ്യമന്ത്രിയുടെ സാമൂഹ്യ മാധ്യമ സംഘത്തെയും സ്ഥിരപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നുവരുന്നു. കേരള ഹെല്‍ത്ത് റിസര്‍ച്ച്ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 180പേരെയും കെപ്‌കോയില്‍ 60പേരെയും സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ധനവകുപ്പിന്റെ മുന്നില്‍ എത്തിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പല തസ്തികകളിലേക്കും വേണ്ട അടിസ്ഥാന യോഗ്യത പോലുമില്ലാത്തവരെയാണ് പണം വാങ്ങിയും രാഷ്ട്രീയ ബന്ധത്തിന്റെ പേരിലും നിയമിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുമ്പ് പരമാവധി താല്‍ക്കാലിക കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് കമ്മ്യൂണിസ്റ്റ് ഗൂഢാലോചന. പാര്‍ട്ടിക്കാരെ അനധികൃതമായി നിയമിക്കുന്നതിലൂടെ പി.എസ്. സി. എന്ന സംവിധാനത്തെ തന്നെയാണ് തകര്‍ക്കുന്നത്. റാങ്ക് പട്ടികയില്‍ പേരു വന്നിട്ടും നിയമനം ലഭിക്കാത്തതിന്റെ മനോദുഃഖത്തില്‍ ചെറുപ്പക്കാര്‍ ആത്മഹത്യചെയ്യുന്ന നാട്ടിലാണ് ഈ കമ്മ്യൂണിസ്റ്റ് കൊള്ളരുതായ്മ അരങ്ങേറുന്നത്. സുപ്രീം കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയനും സംഘവും നടത്തുന്ന ഈ അനധികൃത സ്ഥിരപ്പെടുത്തലുകള്‍ ഭരണഘടനാ ലംഘനമാണ്. ഭരണഘടനയേയും കോടതികളേയും ഒക്കെ തൃണവല്‍ഗണിച്ചുകൊണ്ട് ഉദ്യോഗാര്‍ത്ഥികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിനെ ബാലറ്റിലൂടെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനു കീഴില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത യൂണിവേഴ്‌സിറ്റികളില്‍ എസ്.എഫ്.ഐ.വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷപോലും എഴുതാതെ മാര്‍ക്കു നല്‍കി വിജയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തു കേസ് പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ്‌വരെ പിടിച്ചെടുത്തിട്ട് എന്തായെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ കേരളായൂണിവേഴ്‌സിറ്റിയിലെ ഇടത്പക്ഷയൂണിയന്‍കാര്‍ എസ്.എഫ്. ഐ.കാര്‍ക്ക് മാത്രമല്ല പണം വാങ്ങി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് തിരുത്തി നല്‍കിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ മാര്‍ക്ക് തിരുത്തി സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെയാണ് രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി നിയമിക്കുന്നതും പിന്നീട് പി.എസ്.സി.പരീക്ഷ എന്ന കടമ്പ തന്നെ ഇല്ലാതെ സ്ഥിരപ്പെടുത്തുന്നതും. വ്യവസ്ഥാപിത സംവിധാനങ്ങളെ മുഴുവന്‍ തകര്‍ത്ത് രാജ്യത്ത് അരാജകാവസ്ഥ ഉണ്ടാക്കുകയാണ് കമ്മ്യൂണിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യം. പാര്‍ട്ടി നേതാക്കള്‍ അവരുടെ ഭാര്യമാരെയും ബന്ധുക്കളെയും എല്ലാ ചട്ടങ്ങളും മറികടന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതിന്റെയും വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. കെ.കെ.രാഗേഷ് എം.പി., എ.എന്‍.ഷംസീര്‍ എം.എല്‍.എ., എം.ബി.രാജേഷ്, പി.രാജീവ്, പി.കെ.ബിജു തുടങ്ങിയ മുന്‍ എം.പി.മാര്‍, ഡി.വൈ. എഫ്.ഐ.സംസ്ഥാനസെക്രട്ടറി എ.എ.റഹിം എന്നിവരുടെയെല്ലാം ഭാര്യമാരുടെ നിയമനം വിവാദമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാന്‍ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് കൂടാതെ ഏ.കെ.ജി.സെന്ററിന്റെ സമ്മതപത്രം കൂടി വേണമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നീതി നിഷേധിക്കപ്പെടുന്ന പരശതം ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം പോരാടാന്‍ കേരളം തയ്യാറായേ മതിയാകൂ.