തിരുവന്തപുരം: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണം മതപരമായ കാര്യമല്ല, ദേശീയ ആവശ്യമാണെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ഇത്രയും ശ്രേഷ്ഠമായ ഒരു കാര്യത്തിന് ജാതിഭേദെമന്യേ രാജ്യത്തെ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമ ക്ഷേത്ര തീര്‍ത്ഥസ്ഥാന്‍ ട്രസ്റ്റിനു വേണ്ടി ക്ഷേത്ര നിര്‍മാണ നിധിയിലേക്കുള്ള ധന സമര്‍പ്പണം സ്വീകരിക്കുന്നതിനായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ച ശ്രീരാമതീര്‍ത്ഥസ്ഥാന്‍ ട്രസ്റ്റ് ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം രൂപയുടെ ചെക്ക് പത്തനംതിട്ട ശ്രീശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം മഠാധിപതി ദേവിജ്ഞാനാഭനിഷ്ഠയുടെ കൈകളില്‍ ഗവര്‍ണര്‍ സമര്‍പ്പിച്ചു. ഇത് കേവലം ഒരു ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അവസരം മാത്രമല്ലെന്നും ഇന്ത്യയിലെ 137 കോടി ജനതയേയും ഒന്നിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിലൂടെ രാജ്യത്തെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതെയായി സാമാജിക സമരസത കൈവരിക്കാനാകുമെന്നും അതിലൂടെ ഭാരതീയ സംസ്‌കാരത്തിന്റെ ഉജ്ജ്വലമാതൃക ലോകജനതയെ ബോധ്യപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം ഭാരതത്തിന്റെ ഐക്യത്തിന്റെയും യശ്ശസിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി മിലിന്‍ഡ് പരാന്‍ഡെ, രാഷ്ട്രീയ സ്വയം സേവക് സംഘം അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, മാര്‍ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര നിര്‍മാണ ധനസമര്‍പ്പണ സമിതി ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, ഉപാധ്യക്ഷനും കേരള മുന്‍ ഡി.ജി.പിയുമായ ടി.പി.സെന്‍കുമാര്‍, വി.എച്ച്.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍, വി.എച്ച്.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബാബുക്കുട്ടന്‍, സെക്രട്ടറി എസ്.സജി എന്നിവരാണ് ഗവര്‍ണ്ണറെ സന്ദര്‍ശിച്ചത്.