പത്തിയൂര്‍: മനുഷ്യസ്‌നേഹത്തിന്റെ മാനിഫെസ്റ്റോയായി കവിതയെ പരിവര്‍ത്തിപ്പിച്ച എഴുത്തുകാരനാണ് അനില്‍ പനച്ചൂരാനെന്നും ചൊല്‍ക്കവിതകളിലൂടെ സാഹിത്യത്തെ സാധാരണക്കാരിലേക്കെത്തിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹമെന്നും പ്രൊഫ.പ്രയാര്‍ രാധാകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെട്ടു.
കവി അനില്‍ പനച്ചൂരാന്റെ വിയോഗത്തിന്റെ മുപ്പതാം തിഥിയോടനുബന്ധിച്ച് പ്രാദേശിക ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നാട്ടെഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ആറാട്ടുകുളങ്ങര കളിത്തട്ടില്‍ നടന്ന ‘പനച്ചൂരാന്‍ സ്മൃതി’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയവും വിരഹവും ആത്മീയതയും അദ്ദേഹത്തിന്റെ കവിതയില്‍ സമന്വയിച്ചു. മരണത്തെ ഉദാത്തീകരിക്കുന്ന പരികല്പനകള്‍ അദ്ദേഹത്തിന്റെ കവിതകളുടെ പ്രാണനായിരുന്നു- പ്രൊഫ.രാധാകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. അഡ്വ. അമല്‍രാജ് ആധ്യക്ഷം വഹിച്ചു. ഡി. അശ്വനിദേവ്, സ്വാമി സുനില്‍ സിത്താര്‍, മുതലശ്ശേരില്‍ ശശികുമാര്‍, പത്തിയൂര്‍ വിശ്വന്‍, സജ്ജന്‍ മേടയില്‍, അനില്‍കുമാര്‍ ഏ.ആര്‍ എന്നിവര്‍ ശ്രദ്ധാഞ്ജലികളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്നു കവികള്‍ പനച്ചൂരാന്റെ കവിതകള്‍ കോര്‍ത്തിണക്കി കാവ്യാഞ്ജലി അര്‍പ്പിച്ചു.
സമാപനചടങ്ങില്‍ ചിരാതുകള്‍ തെളിച്ച് നാട്ടെഴുത്തുകൂട്ടം അന്തരിച്ച കവി സുഹൃത്തിന് ദീപാഞ്ജലി സമര്‍പ്പിച്ചു. പ്രഭാഷ് എരുവ, ബിനു വടശ്ശേരില്‍, സനല്‍കുമാര്‍, ഹരികുമാര്‍ ഇളയിടത്ത്, ജി. ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.