ഭാരതം 72-ാം റിപ്പബ്ലിക്ക് ദിനം ആചരിക്കുന്ന വേളയില്‍ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ കര്‍ഷകസമരം എന്ന പേരില്‍ അരങ്ങേറിയ കലാപം രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്തിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികളുടെ പരിപൂര്‍ണ്ണ പിന്തുണ തുടക്കം മുതലേ ആരോപിക്കപ്പെട്ട ഈ സമരകോലാഹലങ്ങളില്‍ ഖാലിസ്ഥാന്‍ വിഘടനവാദികളുടെ സാന്നിധ്യം പ്രകടമായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി കൊടിയുയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍വാദികള്‍ സിഖ് കൊടി ഉയത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഖാലിസ്ഥാന്‍ പതാകയോട് സാമ്യമുള്ള ആ കൊടി ഉയര്‍ത്തിയ ചിത്രങ്ങള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് ട്വിറ്ററില്‍ വലിയ ആഹ്ലാദത്തോടെ പങ്കുവെച്ചിരുന്നു.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന സംഘടന ഇന്ത്യാ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് 2.5 ലക്ഷം അമേരിക്കന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിഖ് തീവ്രവാദ സംഘടനയായ ബബ്ബാര്‍ ഖാല്‍സക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ ദല്‍ഹിയില്‍ കലാപമഴിച്ചുവിടാന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ അഞ്ചുകോടി രൂപ നല്‍കി എന്ന വിവരം ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. തീര്‍ത്തും സമാധാനപരമായി മാത്രമേ ട്രാക്ടര്‍ റാലി ദല്‍ഹിയില്‍ നടത്തൂ എന്ന് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയ കര്‍ഷക യൂണിയന്‍ നേതാക്കന്മാരും ഈ കലാപം തടയാന്‍ ശ്രമിക്കാതെ നോക്കിനിന്നു.
ഈ സമരങ്ങളുടെ സ്വഭാവം എന്താണ് ?
അനേകം സമരങ്ങള്‍ക്ക് ദല്‍ഹി വേദിയായിട്ടുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദല്‍ഹിയില്‍ നടക്കാറുള്ള സമരങ്ങളുടെ സ്വഭാവം പരിശോധിക്കപ്പെടേണ്ടതായുണ്ട്. കഴിഞ്ഞ വര്‍ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങള്‍ക്കായി പണം സമാഹരിക്കുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 120 കോടി രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചതായി ഇ.ഡി കണ്ടെത്തിയത്. ക്യാമ്പസ് ഫ്രണ്ടിന്റെ ദേശീയ സെക്രട്ടറി റൗള്‍ ഷെരീഫിനെ ഇതുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് ദല്‍ഹിയില്‍ പൗരത്വഭേദഗതിക്കെതിരെ ഉള്ള സമരങ്ങള്‍ നടന്നത്. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല സ്ഥിതിചെയ്യുന്ന ഓഖ്‌ല പ്രദേശത്ത് വിദ്യാര്‍ത്ഥികളായ കലാപകാരികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയും പോലീസ് ഇടപെട്ടപ്പോള്‍ സര്‍വ്വകലാശാലയില്‍ കയറി ഒളിച്ചിരിക്കുകയും ചെയ്തു. ഈ പേരില്‍ മാധ്യമങ്ങള്‍ 2-3 വിദ്യാര്‍ഥികളെ ‘മതേതര’ സമര ത്തിന്റെ മുഖമായി പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. എങ്കിലും ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന ‘ഇസ്ലാമിസ്റ്റ്’ ആശയങ്ങളുടെ അതിപ്രസരം ആ ശ്രമങ്ങളെ എല്ലാം മുളയിലേ നുള്ളി.
ഇനി കര്‍ഷക സമരത്തിലേക്ക് വരുന്നതിന് മുന്നേ ‘റഫറണ്ടം 2020’ യെ കുറിച്ച് അറിയേണ്ടതായുണ്ട്. ഭാരതത്തില്‍ നിന്ന് പഞ്ചാബിനെ വിഘടിപ്പിച്ച് ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ‘റഫറണ്ടം 2020’ രൂപപ്പെടുത്തിയത്. ഇതിന് തുടക്കം മുതലേ ഐ.എസ്.ഐയുടെ പിന്തുണയുണ്ടായിരുന്നു. പല മഹാനഗരങ്ങളിലും നടന്ന ഖാലിസ്ഥാന്‍ പ്രതിഷേധ യോഗങ്ങളിലും പാകിസ്ഥാന്റെ കൊടി പ്രത്യക്ഷപ്പെട്ടത് ഇതിനുള്ള തെളിവാണ്. പക്ഷെ പഞ്ചാബില്‍ റഫറണ്ടം 2020-ന് യാതൊരുവിധ പ്രത്യക്ഷ ചലനങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഇത് മറികടക്കാനായാണ് കര്‍ഷക സമരം എന്ന വ്യാജേന ഖാലിസ്ഥാന്‍ അനുകൂലികള്‍ ദല്‍ഹിയെ കലാപഭൂമി ആക്കാന്‍ ശ്രമിച്ചത്.
ലക്ഷ്യം കാര്‍ഷിക നിയമമോ മോദിയോ?
രാജ്യത്തെ കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുകയുടെ വലിയൊരു ശതമാനം കവര്‍ന്നെടുക്കുന്ന ഇടനിലക്കാരെ ഇല്ലാതാക്കുക എന്ന ലക്ഷം ഈ നിയമങ്ങളിലൂടെ നേടാന്‍ സാധിക്കും. താങ്ങുവില എടുത്തുകളയും എന്ന് നിയമത്തില്‍ എവിടെയും പരാമര്‍ശിക്കുന്നുമില്ല.
ഇന്ത്യയില്‍ കര്‍ഷകരുള്ളത് പ ഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ യു.പിയിലും മാത്രമല്ലല്ലോ? മറ്റ് പ്രദേശങ്ങളിലെ കര്‍ഷക സംഘടനകള്‍ എന്തുകൊണ്ടാണ് ഈ നിയമത്തെ സ്വീകരിക്കുന്നത്? കാര്‍ഷിക സമരത്തില്‍ എന്തിനാണ് സിഖ് മത പതാകകള്‍ ‘കര്‍ഷകര്‍’ ഉപയോഗിക്കുന്നത്? കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങളാണ് ഈ സമരം മുന്നോട്ട് വയ്ക്കുന്നത്.
ചീറ്റിപ്പോയ പൗരത്വ പ്രതിഷേധങ്ങള്‍ക്ക് പകരമായി കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന ശക്തികള്‍ പുറത്തിറക്കിയ പുതിയ തന്ത്രമാണ് കര്‍ഷക സമരം. ഡല്‍ഹിയിലെ കലാപകാരികളുടെ കയ്യില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണപതാക ഉണ്ടായിരുന്നു. അലിഗഡ് സര്‍വകലാശാലയില്‍ ഇസ്‌ലാമിസ്റ്റ് മുദ്രാവാക്യം മുഴക്കിയവരുടെ കയ്യിലും ത്രിവര്‍ണ്ണപതാകയുണ്ടായിരുന്നു. പോലീസ് നടപടി ഉണ്ടാവുമ്പോള്‍ ആ പേരില്‍ ‘ഇരവാദം’ നടത്താന്‍ വേണ്ടിയാണത്. ജനുവരി 26-ന് നടന്ന സമരത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക വലിച്ചെറിഞ്ഞ് സിഖ് മത പതാക ഉയര്‍ത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
കാര്‍ഷിക നിയമങ്ങളും രാമക്ഷേത്രവും
കാര്‍ഷിക നിയമങ്ങളും അയോദ്ധ്യയില്‍ ഉയരുന്ന രാമക്ഷേത്രവും തമ്മില്‍ എന്താണ് ബന്ധം? ഒരു ബന്ധവും ഇല്ല! പിന്നെന്തിനാണ് റിപ്പബ്ലിക്ക് ദിന പരേഡില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവതരിപ്പിച്ച രാമ ക്ഷേത്രത്തിന്റെ ടാബ്ലോ കലാപകാരികള്‍ ആക്രമിച്ചത്? ഇതിന്റെ തെളിവ് ‘ആജ് തക്’ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിരുന്നു. സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുക എന്നതാണ് ഒറ്റ ലക്ഷ്യം. പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് 1984-ല്‍ കോണ്‍ഗ്രസ് നടത്തിയ സിഖ് വേട്ട പോലെ ഒരു വര്‍ഗീയകലാപമാണ്.
ഹിന്ദുക്കള്‍ വൈകാരികമായി പ്രതികരിക്കാന്‍ സാധ്യത ഉള്ള ഇടങ്ങളില്‍ ഇതുപോലെയുള്ള ആക്രമണങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ഒരുപക്ഷേ, ഇനി പിടിക്കപ്പെടുന്ന ലഷ്‌കര്‍, ഹിസ്ബുള്‍ തീവ്രവാദികളില്‍ സിഖുകാരെയും കാണാന്‍ കഴിഞ്ഞെന്ന് വരാം. ഏതുവിധേനയും ഹിന്ദു-സിഖ് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി പഞ്ചാബിനെയും ഡല്‍ഹിയെയും കലാപകലുഷിതമാക്കുക എന്ന ലക്ഷ്യം ഐ.എസ്.ഐക്ക് ദശാബ്ദങ്ങളായുണ്ട്.
പ്രതിപക്ഷം ആളിക്കത്തിച്ച സമരം
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രയോഗിക്കാവുന്ന ഒരു രാഷ്ട്രീയ ആയുധം എന്ന നിലയില്‍ മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്‍ഷിക നിയമങ്ങളെ ആദ്യം മുതല്‍ക്ക് സമീപിച്ചത്. ഇതിന് ആദ്യ ഘട്ടത്തില്‍ വെള്ളവും വളവും നല്‍കിയ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് ‘കര്‍ഷകര്‍’ ജിയോ ടവറുകളുടെ കേബിളുകള്‍ മുറിക്കാന്‍ തുടങ്ങിയപ്പോളാണ് ഈ സമരങ്ങളുടെ ദിശ മനസ്സിലായിത്തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമരത്തിനെ വെള്ളപൂശി അവര്‍ക്കൊപ്പമുണ്ടായിരുന്നു. സമരത്തെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കന്മാരില്‍ നിന്ന് ഉണ്ടായി.
രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ഇതിത്രയും വഷളാവുന്നതില്‍ മാധ്യമങ്ങള്‍ക്കും കാര്യമായ പങ്കുണ്ട്. ജനുവരി 26ന് ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തി ഒരു യുവാവ് മരിച്ചതില്‍ ഡല്‍ഹി പോലീസിനെ പഴിചാരിയ ഇന്‍ഡ്യാ ടുഡേ ചാനലിലെ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയെ ഇന്ത്യ ടുഡെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇയാള്‍ പങ്കുവെച്ച ഒരു ചിത്രത്തിലെ യുവാവിന്റെ കയ്യില്‍ ‘ഖാലിസ്ഥാന്‍’ എന്ന് എഴുതിയ ബാന്‍ഡും കാണാമായിരുന്നു. ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍വാദികള്‍ അഴിഞ്ഞാടിയപ്പോള്‍ മലയാള വാര്‍ത്താ ചാനലുകള്‍ ആ കലാപത്തെ മഹത്വവല്‍ക്കരിച്ച് സായൂജ്യമടയുകയായിരുന്നു.
പിന്തുണച്ചവര്‍ പിന്മാറുമ്പോള്‍
ദല്‍ഹി ആക്രമണങ്ങള്‍ക്ക് പിന്നാലെ പല കര്‍ഷകസംഘടനകളും സമരത്തില്‍ നിന്ന് പിന്മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റ് വളയും എന്ന് പ്രഖ്യാപിച്ചവര്‍ ആ സമരം ഉപേക്ഷിച്ച മട്ടാണ്. യൂണിയന്‍ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദല്‍ഹി പോലീസും ആഭ്യന്തര മന്ത്രാലയവും മുന്നോട്ടു പോവുന്നുണ്ട്. യോഗേന്ദ്ര യാദവ്, രാകേഷ് തീകായത്ത് മുതലായ 9 കര്‍ഷക നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിയ്ക്കുന്നു.
400 ഓളം പോലീസുകാര്‍ക്കാണ് ജനുവരി 26-ന് ദല്‍ഹിയില്‍ പരിക്കേറ്റത്. 2 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പോലീസുകാരെ കലാപകാരികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദല്‍ഹിയിലെ ജനങ്ങളുടെ ജീവിതം താറുമാറാക്കി തുടരുന്ന ഈ സമര കോലാഹലങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിന് കഴിയും എന്നാണ് സാമാന്യ ജനങ്ങള്‍ വിശ്വസിക്കുന്നത്.
കര്‍ഷക ട്രാക്ടര്‍ റാലി എന്ന പേരില്‍ നടത്തിയ സമരം അക്രമാസക്തമായതോടെ പിന്തുണച്ചവര്‍ ഓരോരുത്തര്‍ ആയി ഈ സമരങ്ങളെ തള്ളിപ്പറയുന്ന കാഴ്ചയും കാണാനായി. ദല്‍ഹിയിലെ സംഭവ വികാസങ്ങള്‍ ഞെട്ടലുളവാക്കി എന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കുറിച്ചു. ഈ കലാപത്തെ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് ബര്‍ഖാ ദത്തും ട്വിറ്ററില്‍ പറഞ്ഞു. ദല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ‘കര്‍ഷകരോട്’ സ്ഥലം വിടാന്‍ ആവശ്യപ്പെടുകയാണ് ഇപ്പോള്‍ അവിടുത്തെ തദ്ദേശവാസികള്‍.
ലോകത്തിന് മുമ്പില്‍ ഭാരതത്തെ ഇകഴ്ത്തുക എന്ന ശ്രമം ചില ക്ഷുദ്രശക്തികളില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. റിപ്പബ്ലിക്ക് ദിനത്തില്‍ തന്നെ അരങ്ങേറിയ ഈ അനിഷ്ടസംഭവങ്ങള്‍ അതിനുള്ള ഉദാഹരണമാണ്. ശക്തമായ അന്വേഷണം ഈ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഉണ്ടാവേണ്ടതായുണ്ട്. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ എന്ന സംഘടനയുടെ കണ്‍വീനര്‍ ആയ വി.എം സിങ് പറഞ്ഞത് ദല്‍ഹി ബോഡറില്‍ തമ്പടിച്ചിരുന്ന ‘കര്‍ഷകരില്‍’ വലിയൊരു ശതമാനം കോണ്‍ഗ്രസില്‍ നിന്നാണെന്നാണ്. ഈ സംഘടന സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ദല്‍ഹി പോലീസ് അംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. കലാപകാരികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നാണ് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സന്ദേശം.