ത്രിപുരക്കും ബംഗാളിനും പിന്നാലെ കേരളത്തിലും സിപിഎം അതിന്റെ ചരമശയ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തിന്റെ പേരില്‍ രൂപംകൊണ്ട ഈ വികൃതരൂപം അതിന്റെ ആവനാഴിയിലെ തിന്മയുടെ അവസാനത്തെ അമ്പും പുറത്തെടുത്ത ശേഷമേ രംഗം വിടുകയുള്ളൂവെന്ന സൂചനയാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ ദയനീയ പരാജയത്തിനുശേഷവും ജനദ്രോഹപരമായ അവരുടെ നിലപാടുകളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. തിരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ വിലയിരുത്തലുകള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്ന സമയത്തുതന്നെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ രാജ്യാന്തര പീഡനവാര്‍ത്തകളും പുറത്തുവരുന്നത്. അതോടൊപ്പം കണ്ണൂരിലെ ആന്തൂരില്‍ പ്രവാസിയായ വ്യവസായി 15 കോടിയിലധികം ചെലവുചെയ്ത് നിര്‍മ്മിച്ച കണ്‍വെന്‍ ഷന്‍ സെന്ററിന് നിസ്സാരകാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്തതിനുപിന്നില്‍ സിപിഎമ്മിലെ ഗ്രൂപ്പുവഴക്കുകളാണെന്ന വിവരവും പുറത്തുവന്നു. ഇത്തരം സംഭവങ്ങളെല്ലാമുണ്ടായിട്ടും അവയില്‍ നിന്ന് യാതൊരു പാഠവും പഠിക്കാതെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച്, ആത്മഹത്യ ചെയ്തത് വ്യക്തിയുടെ കുടുംബത്തെപോലും അപമാനിക്കുകയാണ് പാര്‍ട്ടി പത്രവും പാര്‍ട്ടിപ്രവര്‍ത്തകരും ചെയ്തത്. സിപിഎം എല്ലാവരാലും വെറുക്കപ്പെടുന്ന ഒരു പാര്‍ട്ടിയായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.
ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനും ഏകെജി സെന്ററിനും വിളിപ്പാടകലെയുള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കാരായ യൂണിയന്‍ നേതാക്കള്‍ സ്വന്തം സംഘടനയില്‍പെട്ട ഒരു വിദ്യാര്‍ത്ഥിയെ കുത്തിവീഴ്ത്തിയ സംഭവം നടുക്കത്തോടെയാണ് മലയാളികള്‍ കേട്ടത്. നെഞ്ചില്‍ കുത്തേറ്റ് ഹൃദയത്തിന് പരിക്കുപറ്റിയ അഖിലിനെ ഒന്നരലിറ്റര്‍ രക്തം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയതുകൊണ്ടും ദൈവാധീനം കൊണ്ടുമാണ് അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് നടപടികള്‍ മൂലം കോളേജ് ക്യാമ്പസ്സുകള്‍ ഏതവസ്ഥയിലെത്തി എന്നതിന്റെ തെളിവാണ് യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം. ഇവരുടെ ഭീഷണികളും അതിക്രമങ്ങളും സഹിക്കാന്‍ കഴിയാതെ 187 വിദ്യാര്‍ത്ഥികള്‍ ഇതിനകം ഇവിടെ നിന്ന് ടി.സി. വാങ്ങിപ്പോയിട്ടുണ്ട്. എസ്.എഫ്.ഐയ്ക്കു സ്വാധീനമുള്ള മിക്ക കോളേജുകളിലും അവരുടെ ഗുണ്ടായിസമാണ് നടപ്പാക്കി വരുന്നത്. പ്രിന്‍സിപ്പാള്‍മാര്‍ പോലും അവരുടെ ഏറാന്‍മൂളികളായി മാറിയ ദയനീയ അവസ്ഥയാണ് മിക്കയിടത്തും. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ ഓഫീസായി ഉപയോഗിക്കുന്ന മുറിയില്‍ നിന്ന് മദ്യക്കുപ്പികളും മറ്റും കണ്ടെത്തിയതും ഇവര്‍ ഏതുതരം സംഘടനാപ്രവര്‍ത്തനമാണ് നടത്തുന്നതെന്നതിന്റെ സൂചനയാണ്. പ്രശ്‌നം കൈവിട്ടുപോയപ്പോള്‍ എസ്.എഫ്.ഐ സ്വതന്ത്ര സംഘടനയാണെന്നു പറഞ്ഞ് കൈകഴുകുന്ന സിപിഎം നേതൃത്വം മുമ്പ് എസ്.എഫ്.ഐ ചെയ്ത എല്ലാ തെമ്മാടിത്തങ്ങളും ന്യായീകരിച്ചത് എന്തിനാണ് എന്നുകൂടി വ്യക്തമാക്കണം. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐയുടെ അധീനത്തിലുള്ള മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചപ്പോള്‍ അവ പണിയായുധങ്ങളാണെന്നു പറഞ്ഞ് ന്യായീകരിച്ച മുഖ്യമന്ത്രി അഖിലിനെ കുത്തിയ കത്തിയും പണിയായുധമാണോ എന്നു വ്യക്തമാക്കേണ്ടതുണ്ട്.
യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തു കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാത്ത ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡുക്കേഷന്‍ ഡയരക്ടരുടെ സീലും കണ്ടെടുത്തതോടെ കോളേജും സര്‍വ്വകലാശാലയുമെല്ലാം എസ്.എഫ്.ഐയുടെ താന്തോന്നിത്തത്തിനു കൂട്ടുനില്‍ക്കുന്ന കേന്ദ്രങ്ങളായി മാറി എന്ന സൂചനയാണു ലഭിക്കുന്നത്. മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം സിപിഎം നോമിനികളായതിനാല്‍ അന്വേഷണത്തിന്റെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സര്‍വ്വകലാശാലയുടെയും കോളേജിന്റെയും വിശ്വാസ്യത തകര്‍ക്കുന്ന എസ്.എഫ്.ഐയുടെ നടപടി അത്യന്തം അപലപനീയമാണ്. അതോടൊപ്പം കുത്തുകേസിലെ പ്രതികള്‍ പിഎസ്.സിയുടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതിനു പിന്നിലും വലിയ അട്ടിമറി നടന്നിട്ടുണ്ട്. ആര്‍ച്ചറിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാം പ്രതിക്ക് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം കിട്ടാന്‍ സര്‍വ്വകലാശാലയുടെയും പിഎസ്.സിയുടെയും വഴിവിട്ട സഹായം ഉണ്ടായെന്നു വ്യക്തമായിരിക്കുകയാണ്. ഒരു ജില്ലാ മത്സരത്തിലും പങ്കെടുക്കാത്തയാള്‍ക്ക് സം സ്ഥാന മത്സരത്തില്‍ പങ്കെടുത്ത്161 പേര്‍ പങ്കെടുത്ത ഇനത്തില്‍ 158-ാം സ്ഥാനം മാത്രം നേടിയിട്ടും പി.എസ്.സി ഗ്രേസ് മാര്‍ക്ക് നല്‍കി റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നല്‍കിയത് എങ്ങനെയാണെന്നതു സംബന്ധിച്ച് വിശദവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് പി.എസ്.സി. പരീക്ഷകള്‍ എഴുതി സര്‍ക്കാര്‍ ജോലികള്‍ നേടുന്നത്. അധികാരത്തിന്റെ മറവില്‍ അനര്‍ഹരായവര്‍ക്ക് ഗ്രേസ് മാര്‍ക്ക് കൊടുത്ത സംഭവം പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്തിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകരും സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിലെ കാമ്പസുകളെ എസ്.എഫ്.ഐയുടെ ഫാസിസത്തില്‍ നിന്ന് മോചിപ്പിക്കാനും സര്‍വ്വകലാശാലയുടെയും പി.എസ്.സിയുടെയും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനും ശക്തമായ നടപടികള്‍ ആവശ്യമാണ്.
സിപിഎം നേതൃത്വത്തിലുള്ള ഭരണത്തില്‍ ജനപ്രതിനിധികള്‍ പോലും കുറ്റവാളികളായി മാറുന്ന അവസ്ഥയാണുള്ളത്. ഒറ്റപ്പാലം നഗരസഭയില്‍ നടന്ന മോഷണത്തില്‍ വിദ്യാഭ്യാസം – കലാകായിക സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ ചുമതല വഹിക്കുന്ന സിപിഎം വനിതാ അംഗമാണ് പ്രതിയായത്. സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. നഗരസഭാ കാര്യാലയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന ഇരുപത്തൊന്നാമത്തെ മോഷണമായിരുന്നു ഇത്. പരാതിക്കാരിയും പ്രതിയും സിപിഎം വനിതാ അംഗങ്ങളായതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാനുളള ശ്രമവും പാര്‍ട്ടി തലത്തില്‍ നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കുന്നതോടൊപ്പം എല്ലാ തിന്മകളെയും ഉച്ചാടനം ചെയ്യാനും ശ്രമിക്കുന്നവരാണ് മലയാളികള്‍. സിപിഎമ്മെന്ന ഈ വലിയ സാമൂഹ്യ വിപത്തിനെയും കേരളത്തിന്റെ മണ്ണില്‍ നിന്ന് ഉച്ചാടനം ചെയ്യാന്‍ മലയാളികള്‍ക്കു കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.