”ഭാരതീയതത്ത്വചിന്തയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ആധുനികശാസ്ത്രത്തിന്റെ പരികല്‍പ്പനകളോട് നന്നായി പൊരുത്തപ്പെടാന്‍ അതിന് സാധ്യമാണ്. എല്ലാ യൂറോപ്യന്‍തത്ത്വചിന്തകളെക്കാളും വലുതാണ് അത്. അതിനാല്‍ അതിനോട് എനിക്ക് പരിമിതികളില്ലാത്ത ഇഷ്ടം തോന്നുന്നു.”
പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനായ റൊമൈന്‍ റോളണ്ടിന്റെ (റൊമൈന്‍ റോളാങ്) വാക്കുകളാണിത്. നോബല്‍ സമ്മാനം നേടിയ എഴുത്തുകാരന്‍. നോവല്‍, ഉപന്യാസങ്ങള്‍, നാടകം, കലാചരിത്രം തുടങ്ങിയ സാഹിത്യമേഖലകളിലേക്ക് കടന്നുചെന്ന മഹാപ്രതിഭ. മഹാനായ സംഗീതജ്ഞന്‍, തത്ത്വചിന്തകന്‍.
ശ്രീരാമകൃഷ്ണപരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ആരാധകനായ അദ്ദേഹം അവരെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. മഹാകവി രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി എന്നിവരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുകയും അവരുമായി അടുത്ത് ഇടപെടുകയും ചെയ്തിരുന്നു.
1866 ജനുവരി 29 ന് ഫ്രാന്‍സിലെ ക്ലാമസിയിലാണ് ജനിച്ചത്. 1895 ല്‍ ബിരുദം നേടിയശേഷം ലോകപ്രസിദ്ധമായ എക്കോള്‍ നോര്‍മാല്‍ സുപ്പീരിയറില്‍ അധ്യാപകനായി. 1903 ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ സംഗീത പ്രഫസറായി. 1912 ല്‍ വിരമിച്ചു.
സംഗീതകല പകര്‍ന്നുകിട്ടിയത് മാതാവില്‍നിന്ന് ആണ്. സംഗീതത്തിലും നാടകത്തിലും ഗവേഷണങ്ങള്‍ നടത്തി. ഫ്രഞ്ച്‌വിപ്ലവത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്.
1915 ല്‍ നൊബേല്‍സമ്മാനം ലഭിച്ച ‘ജീന്‍ ക്രിസ്റ്റഫ്’ എന്ന വിഖ്യാതമായ നോവല്‍ ആണ് റൊമൈന്‍ റോളണ്ടിന്റെ ഏറ്റവും മികച്ച കൃതി. ‘യൂറോപ്പിന്റെ ഇതിഹാസം’ എന്നാണ് ഈ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. കലയ്ക്കും ജീവിതമൂല്യങ്ങള്‍ക്കും ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ യാതനാപൂര്‍ണമായ ജീവിതയാത്രയുടെ കഥാപ്രപഞ്ചം. പത്ത് വാല്യങ്ങള്‍. 1904 മുതല്‍ എട്ടുവര്‍ഷംകൊണ്ടാണ് രചിച്ചത്.
Comments