ദ്വാരകയില്‍ നിന്നു അല്പം അകലെയായി ഒരു യാദവപ്രമുഖന്‍ താമസിച്ചിരുന്നു. സത്രാജിത്ത് എന്നാണ് പേര്. വലിയ സൂര്യോപാസകന്‍. അദ്ദേഹത്തിന്റെ ഭക്തിയില്‍ പ്രസന്നനായ സൂര്യഭഗവാന്‍ അതിവിശിഷ്ടമായ ഒരു മാല സമ്മാനിച്ചു. അതിന്റെ നടുപ്പതക്കമായി തിളങ്ങിയിരുന്നത് സ്യമന്തകം എന്ന രത്‌നമായിരുന്നു.
മാലയെടുത്തു കഴുത്തിലണിഞ്ഞ്, സത്രാജിത്ത് കണ്ണാടിയില്‍ നോക്കി. ഹായ്! എന്തൊരു തിളക്കം! സ്വയം സൂര്യനായതുപോലെ! ദിവസവും അതു ആരാധിക്കപ്പെടുമ്പോള്‍ എട്ടുസ്വര്‍ണ്ണക്കട്ടികള്‍
സമ്മാനമായി ലഭിക്കും എന്ന വരം കൂടി സൂര്യദേവന്‍ നല്‍കിയിട്ടുണ്ട്.
തന്റെ നിലയും വിലയും വളരെ കൂടിയിരിക്കുന്നു എന്നു സത്രാജിത്തിനു തോന്നി. അതുപോരല്ലോ. നാട്ടുകാരെയും രാജാവിനേയുമൊക്കെ ഒന്നു അറിയിച്ചാലേ സുഖമുള്ളൂ. അതിനായി സത്രാജിത്ത് ഒരു ദിവസം ദ്വാരകയിലേയ്ക്കു പുറപ്പെട്ടു.
ദ്വാരകാവാസികള്‍ അത്ഭുതത്തോടെ നോക്കി നിന്നു. കൃഷ്ണനെ കാണാന്‍ സൂര്യദേവന്‍ വരികയാണോ എന്ന് അവര്‍ ശങ്കിച്ചു. ചിലര്‍ ചെന്നു കൃഷ്ണനോടു അങ്ങനെ പറയുകപോലും ചെയ്തു.
കൃഷ്ണന്‍ സത്രാജിത്തിനെ സൗഹൃദപൂര്‍വ്വം സ്വീകരിച്ചിരുത്തി. കുശലങ്ങള്‍ പറയുന്നതിനിടയില്‍, കഴുത്തിലണിഞ്ഞ രത്‌നമാലയെ പ്രശംസിച്ചു. വാസ്തവത്തില്‍ അതു കേള്‍ക്കാനാണ് സത്രാജിത്ത് വന്നതു തന്നെ. കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. തന്റെ പ്രഭുത്വം വര്‍ദ്ധിച്ചിരിക്കുന്നുവല്ലോ.
കൃഷ്ണന്‍ പിന്നെ ചോദിച്ചത്, രത്‌നം തനിക്കു തരാമോ എന്നാണ്! വെറുതെയല്ല; പകരം എത്ര ധനം വേണമെങ്കിലും തരാമെന്നും പറഞ്ഞു.
സത്രാജിത്തിന്റെ മുഖം പെട്ടെന്നു മങ്ങി. മനസ്സു വല്ലാതെ കലങ്ങി. ഇതു പ്രതീക്ഷിച്ചില്ല; വരേണ്ടിയിരുന്നില്ല! കൃഷ്ണന്റെ ഒരു ആര്‍ത്തി കണ്ടില്ലേ?
സമ്പത്തും ധനവും എത്ര ഉണ്ടായിട്ടെന്താ കാര്യം?
മറ്റുള്ളവരുടെ കയ്യിലുള്ളതും സ്വന്തമാക്കാനാണ് മോഹം !
എത്രയോ കാലം സൂര്യനെ ഉപാസിച്ചു കിട്ടിയ രത്‌നമാണ്. ദിവസവും സ്വര്‍ണ്ണക്കട്ടികള്‍ തരുന്ന രത്‌നം ഏതായാലും കൃഷ്ണനു കൊടുക്കാന്‍ വയ്യ. സംസാരിച്ചു നിന്നാല്‍ വല്ലതുമൊക്കെ പറഞ്ഞു കൃഷ്ണന്‍ ഇത് തട്ടിയെടുത്തേക്കും എന്നു കരുതിയ സത്രാജിത്ത് ഉടനെ വീട്ടിലെ തിരക്കുകള്‍ ഭാവിച്ച് കൃഷ്ണനോടു യാത്ര പറഞ്ഞിറങ്ങി.
കുറച്ചു ദിവസങ്ങള്‍ കടന്നുപോയി. അപ്പോഴുണ്ടു മറ്റൊരാള്‍ രത്‌ന മാല ചോദിക്കുന്നു! വേറെ ആരുമായിരുന്നില്ല; പ്രിയപ്പെട്ട അനുജന്‍ പ്രസേനജിത്താണ് ചോദിക്കുന്നത്!
”ചേട്ടാ! ഞാനിന്ന് നായാട്ടിനു പോവുകയാണ്. പോകുമ്പോള്‍ കഴുത്തിലണിയാന്‍ സ്യമന്തകമാല ഒന്നു തരണം. അതും ധരിച്ചു പോകാന്‍ എനിക്കു വലിയ ഒരാഗ്രഹം. ചേട്ടന്‍ തടസ്സം പറയരുത്. നായാട്ടു കഴിഞ്ഞു വന്നാല്‍ ഞാന്‍ തിരികെ ഏല്പിച്ചു കൊള്ളാം. അനിയന്റെ ഒരാഗ്രഹമല്ലേ ചേട്ടാ?”
അനിയനോടു വലിയ സ്‌നേഹമാണ് സത്രാജിത്തിന്. എങ്ങനെ കൊടുക്കാതിരിക്കും? എങ്കിലും പിന്തിരിപ്പിക്കാന്‍ ഒന്നു ശ്രമിക്കാമല്ലോ എന്നു കരുതി ചോദിച്ചു:
”നീ ഉത്സവത്തിനൊന്നുമല്ലല്ലോ പോകുന്നത്? നായാട്ടിനല്ലേ, കാട്ടിലേയ്ക്കല്ലേ പോകുന്നത്? അപ്പൊഴെന്തിനാ രത്‌നമാല?”
”എന്നാലും ചേട്ടാ! ഞാന്‍ വല്ലാതെ മോഹിച്ചുപോയി. ചേട്ടന്‍ അത് ധരിച്ചു കണ്ടപ്പോള്‍ എന്തു ഭംഗിയായിരുന്നു എന്നോ!”
”ശരി. ശരി. നിന്റെ ഓരോരോ മോഹങ്ങള്‍! വാശികള്‍! ഇതാ, മാലയണിഞ്ഞോളൂ. പക്ഷെ, സൂക്ഷിക്കണം…” എന്ന ഉപദേശത്തോടെ അനിയനെ സ്യമന്തകമാല അണിയിച്ചു സത്രാജിത്ത് യാത്രയാക്കി.
അങ്ങനെ യോദ്ധാക്കളായ രണ്ടു സഹായികളേയും കൂട്ടി പ്രസേനജിത്ത് നായാട്ടിനു പുറപ്പെട്ടു. സ്യമന്തകമാലയണിഞ്ഞു കുതിരപ്പുറത്തിരിക്കെ അവന്‍ ആഹ്ലാദിച്ചു. എന്തൊരു തേജസ്സാണ്, പൗരുഷമാണ് തനിക്കിപ്പോള്‍! പിന്നെ കുതിരക്കുളമ്പടിയുടെ ശബ്ദം കാടിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചു മുന്നോട്ടുപോയി.
വേഗക്കൂടുതലുളള പ്രസേനജിത്തിന്റെ കുതിര ഉള്‍ക്കാട്ടിലേയ്ക്കു കയറി. ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഒഴിവാക്കിയുള്ള യാത്രയില്‍ മൂന്നുപേരും മൂന്നുവഴിക്കായി. പരസ്പരം കാണാതെയായി.
കുറേ കഴിഞ്ഞാണ് കാര്യം മനസ്സിലായത്. അവര്‍ പരസ്പരം ഉറക്കെ വിളിച്ചു ചോദിച്ചുകൊണ്ടു കാട്ടില്‍ അലയുകയായി. വിളി കേട്ടു കേട്ടു, പതുങ്ങിപ്പതുങ്ങി വന്നത് രാത്രിയായിരുന്നു! പിന്നെ എന്തു ചെയ്യാനാണ്?
(തുടരും)
Comments