‘കോറന്റൈന്‍ കാലത്തെ കഥകള്‍’ പ്രതിലിപി മത്സരം സംഘടിപ്പിച്ചാല്‍ മിനിമം ഒരു കഥയെഴുതണമെന്നാണ്. ദാ പിടിച്ചോ മ്മളെ കഥ ന്ന് കരുതി പെന്നെടുത്ത് കുലച്ച്! ഛെ, മൂടി തുറന്ന് കടലാസില്‍ വെച്ചു….
‘അന്നൊരു രാത്രിയായിരുന്നു…. (അതിനിപ്പോ എന്തു വേണം???’
ഈ നിരൂപഹയ മനസ്സ് ഓഫാക്കി വെച്ചിലെങ്കില്‍ കഥ പോയിട്ട് ഒരു വരി പോലും വരില്ല! സോ, സ്വിച്ചിംഗ് ഓഫ് ദിസ് സിനിക്കല്‍ ലോജിക്ക്, ഹല്ല പിന്നെ!)
മഴയുളള കനത്ത തീ മിന്നല്‍ നിലത്തു വീണുടയുന്ന ശബ്ദം കേട്ട് ബേസില്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു…. ( ‘മോനേ, വോള്‍ട്ടയര്‍, മോണ്ടസ്‌ക്യു, തര്‍ക്കോവസ്‌ക്കി, ശ്യാം പുഷ്‌ക്കരന്‍ എന്നീ മഹാരഥന്‍മാരൊക്കെ എന്തെല്ലാം സുന്ദര സുരഭില വിപ്ലവ കാര്‍ക്കോടക ഐഡിയകളൊക്കെ എഴുതുന്നതാണെന്റെ സുഹൃത്തേ! നിന്റെ വായ അടയ്ക്കണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷെ മേല്‍പ്പറഞ്ഞ ടിയാന്‍മാരെയൊക്കെയോര്‍ത്ത് നീ എന്റെ വായ ഒന്നടച്ചു വെക്കൂ! ‘ചെവിയില്‍ തിരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എന്റെ തൂലിക ചെവിയില്‍ ചൊല്ലിയത് ഞാന്‍ വ്യക്തവും വടിവൊത്തതായും കേട്ടു !)
ശുഭം ! അപ്പോ പ്രതിലിപിയ്ക്ക് കഥയുമില്ല, കവിതയുമില്ല! ആസ്വാദക ലോകമേ നിങ്ങള്‍ക്കിതു കേള്‍ക്കാന്‍ വിധിയില്ല! നഷ്ടം നിങ്ങള്‍ സഹിക്കുക!
തൂലികയെടുത്ത് മാറ്റി വെച്ച് അസ്തിത്വ പ്രശ്‌നങ്ങളെ കുറിച്ചോ ചക്കക്കുരു കറി കൊണ്ട് ഉണ്ടാക്കിയ സ്വാദിഷ്ടമായ രാത്രിയൂണിന്റെ അലാറം മാതൃകണ്ഠത്തില്‍ നിന്നും ഉയരുന്നുണ്ടോ എന്നും ഓര്‍ത്ത് ദൃഷ്‌കളാഞ്ചിതനായി താടിക്കൊരു താങ്ങ് കൊടുത്തങ്ങിനെ ഇരിക്കുമ്പോള്‍
‘ശൂ…. ശൂ… ‘എന്നൊരു ശബ്ദം
ഇതാരാണപ്പാ ഈ നേരത്ത് ?
മാതൃകണ്ഠം ?…നോ നെവര്‍!
പേപ്പര്‍ വെയിറ്റ് വെച്ച സൈക്കിള്‍ ഡൈനാമോയുടെ ഉള്ളില്‍ കിട്ടുന്ന കാന്തം!
കഥാവശേഷനായും സര്‍വ്വോപരി തൂലികയുടെ സഭ്യമായ കര്‍ണ്ണാനന്ദകരമായ ചീത്ത കേട്ട് അസ്തപ്രജ്ഞനായും ഇരിക്കുന്ന പാവമാം ഈ എന്റെ മാതാവിനെയും വന്ദ്യ പിതാവിനെയും സ്മരിക്കരുതെന്റെ പൊന്ന് പേപ്പര്‍ വെയ്റ്റ് കാന്തമേ…
‘ങും, നിനക്കതിന്റെ കുറവുണ്ട്, പക്ഷെ ഇപ്പോ വിളിക്കുന്നില്ല!’
‘അല്ല മാന്‍, നിന്റെ ഈ അപ്രകാശിത ചവറുകൂനയ്ക്ക് മുകളില്‍ ഇത്രനാളും അടയിരുന്ന എന്നെ കുറിച്ച് ഒരു കഥ? വേണ്ട കഥ എഴുതാനുള്ള ആമ്പിയര്‍ നിനക്കില്ല എന്നെനിക്കറിയാം, ഒരു ചിന്ന അനുഭവം എഴുതി ക്കൂടെ ടാ പുന്നാര സാഹിത്യ സിംഹമേ?’
‘അനുഭവമോ, നിന്നെ കുറിച്ചോ?’
”ങും,അനുഭവം തന്നെ, ഓര്‍മയില്ല അല്ലെ?”
‘വിശന്നിട്ട് ആവും ഓര്‍മ്മ ഒട്ടും വരുന്നില്ല!’
‘വേണ്ട ഞാന്‍ പറയാം, നീ കേള്‍ക്ക്,
ഒരു 23 കൊല്ലം മുമ്പ് എന്ന് വെച്ചാല്‍ നീ ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം”
‘ഹയ്യോ ഡാര്‍ക്ക് ഡാര്‍ക്ക് ….’
‘ങാ…അപ്പൊ അത് ഓര്‍മ്മയുണ്ട്, ല്ലേ’
‘ണ്ട്, ണ്ട് നല്ല ഓര്‍മ്മയുണ്ട്’
‘എന്നാ ഇനി മിണ്ടാതെ കേള്‍ക്ക്,
മെയ് ഒന്നാം തീയതി, മെയ്ദിനം അല്ല റിസള്‍ട്ട് വരുന്ന ദിവസം, ഒന്നാം ക്ലാസുകാരനെന്ത് റിസള്‍ട്ട് ല്ലേ?
ആ അഹങ്കാരത്തില്‍ നീ ഓടിച്ചെന്ന് ഫോണെടുത്ത് അച്ഛാ ജയിച്ചോ എന്ന് ചോദിച്ചപ്പോള്‍ കേട്ടത്, ഇല്ല്യ തോറ്റു എന്നാണ്”
‘ഒന്നാം ക്ലാസില്‍ തോല്‍പ്പിച്ചു അത്രേ വെടിവെച്ചു കൊല്ലേണ്ടെ അവരെ?’
”അടങ്ങ് ഭൈരവാ….രോഷാകുലനാവാന്‍ ഞാന്‍ നിനക്ക് പിന്നെ അവസരം തരാം. ഇപ്പോള്‍ ഞാന്‍ പറയുന്നത് നീ കേള്‍ക്ക്”
ശരി, പറയ്…
‘ഒരു നല്ല കഥാകാരന്‍ ആവാന്‍ ജീവിതാനുഭവങ്ങള്‍ വേണം. നല്ല നിരീക്ഷണം വേണം. നമുക്ക് ചുറ്റുമുള്ള ആളുകള്‍, സുഹൃത്തുക്കള്‍, ശത്രുക്കള്‍ അങ്ങനെ പരിചയം പോലും ഇല്ലാത്തവരെ കഥാപാത്രമാക്കി പഠിക്കാനുള്ള മനസ്സ് വേണം. അതൊക്കെ അവതരിപ്പിക്കാനുള്ള പ്രതിഭ ഉണ്ടാവണം. അല്ല അതെന്തായാലും ഇല്ല! അത് പോട്ടെ അതാണ് പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക’
‘ശരി കാന്താ, അല്ല കാന്തമേ അവിടുന്ന് പറഞ്ഞാലും…’
”ഒരു ഏഴുവയസ്സുകാരനായ നിനക്ക് താങ്ങാവുന്നതിലും വലുതാണ് നീ കേട്ടത്. തോറ്റു പോവുക! അതും വിദ്യയില്‍ പിച്ചവെച്ചു തുടങ്ങിയ ഉടനെതന്നെ… അച്ഛന്റെ വീട്ടിലെ എല്ലാ പുന്നാരവും ലാളനയും കൊഞ്ചലും കൊണ്ട് നീ വഷളായി… എന്ന് നിന്റെ കുഞ്ഞു മനസ്സ് കാണാതെ കൂടിനിന്നവര്‍ കൂട്ടംകൂടി വട്ടം പറഞ്ഞു … ലോകം അങ്ങനെയാണ് ഭായി, വീണവര്‍ ആരുമാകട്ടെ ഒരു കരുണയും പ്രതീക്ഷിക്കരുത്… കൂടിനിന്നവര്‍ക്കത് ഒരു രസമാണ്. കൂടി നിന്ന് കുറ്റം ചാര്‍ത്തല്‍”
എല്ലാം ഓര്‍മ്മയുണ്ട്, എന്റെ കഥയല്ലേ, ഇനി ഞാന്‍ പറയാം….
”ശരി പറഞ്ഞൊ, നിന്റെ മാത്രമല്ല എന്റെയും കഥയല്ലേ… ഞാന്‍ പറഞ്ഞു വന്ന ഫ്‌ളോ കളയാതെ പറഞ്ഞൊ”
ഒന്നാം ക്ലാസ്സില്‍ തോറ്റ എന്നെ അച്ഛന്റെ വീട്ടില്‍ നിന്നും അമ്മയുടെ വീട്ടില്‍ കൊണ്ടുവന്നാക്കി അച്ഛനുമമ്മയും സ്‌കൂട്ടായി.. ഈ വലിയ കൂട്ടുകുടുംബം അന്ന് എനിക്കൊരു ജയിലു പോലെയാണ് അനുഭവപ്പെട്ടത്
‘ലാളന വിമുക്ത ദുര്‍ഗുണപരിഹാര കേന്ദ്രം’
സ്‌കൂള്‍ തുറന്നു… പതിവുപോലെ വീട്ടില്‍ നിന്ന് സ്‌കൂള്‍ വരെ കൂട്ട് മണ്‍സൂണ്‍ പെയ്യ്ത്ത്… ഘനമുള്ള ഓരോ തുള്ളികള്‍ക്കുള്ളിലും ഞാന്‍ അകപ്പെട്ടുപോകുന്ന ഏകാന്ത മൗനമായിരുന്നു
ഹൃദയം മുഴുവന്‍ …
പക്ഷെ പുതിയ സ്‌കൂളിലെ ഹെഡ്ടീച്ചര്‍ പറഞ്ഞു….
”ഒന്നില്‍ തോല്‍പ്പിക്കുകയോ? ഈ കുഞ്ഞിനെ, ഏതു ദുഷ്ടന്മാര്‍ ആണ് ഇത് ചെയ്തത്? ഇവനെ രണ്ടാം ക്ലാസില്‍ ഇരുത്തിയാല്‍ മതി”
ഇന്ന് ഓര്‍ക്കുമ്പോഴും അത് അന്ന് തന്ന സന്തോഷം ചെറുതല്ല, ഒട്ടും. പ്രധാനാധ്യാപികയുടെ ഔദാര്യം കൊണ്ട് രണ്ടാം ക്ലാസില്‍! പതിനാറ് കുട്ടികളുള്ള ക്ലാസ്സില്‍ കാല്‍ക്കൊല്ലപരീക്ഷ കഴിഞ്ഞ് മാര്‍ക്ക് വന്നപ്പോള്‍ പതിനാറാമന്‍!
കൂട്ടിന് പതിനഞ്ചാം റാങ്ക് കിട്ടിയ മുസ്തഫ!
വീട് ഒരു ജയില്‍ സ്‌കൂള്‍ ഒരു തുറന്ന ജയില്‍! ഞാന്‍ മുസ്തഫയെ മാത്രമേ കണ്ടുള്ളൂ മുസ്തഫ എന്നെയും, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എല്ലാ വിഷയവും കണക്കാണ്. കണക്ക് ആണെങ്കില്‍ പ്രത്യേകിച്ചും കണക്കാണ്! കോണ്‍ട്രാക്ടറുടെ മോന്‍ വി.പി വിഭീഷിന് പൈതൃകമായി കണക്ക് കിട്ടിയിട്ടുണ്ട്, അതുകൊണ്ട് ഓന്റെ കണക്ക് തെറ്റില്ല എന്നും മീന്‍ വില്‍ക്കുന്ന അച്ഛന്റെ പൈതൃകം കൊണ്ട് മുസ്തഫയുടെ കണക്ക് കണക്ക് ആവുന്നതും. ഒന്നാം ക്ലാസിലേ തോറ്റത് കൊണ്ട് എന്റെ കണക്ക് കണക്കാവുന്നതിെന്റയും ആധുനിക മനശാസ്ത്രത്തിലെ രണ്ട് പ്രബന്ധങ്ങള്‍, രണ്ടാം ക്ലാസിലെ ഡൂക്കിലി കണക്ക് പഠിപ്പിക്കുന്നതിനിടയില്‍ ടീച്ചര്‍ പുട്ടിനു പീര പോലെ നിറച്ച് ക്ലാസിന് കൊഴുപ്പേകി.. ഇതൊക്കെ സഹിക്കാമെങ്കിലും കണക്ക് തെറ്റിച്ചാല്‍ ഞങ്ങളുടെ രണ്ടുപേരുടെയും തലപിടിച്ച് ‘ഠിം’ എന്ന് കൂട്ടിമുട്ടിച്ച് ആ മുഴക്കം തീരുന്നതിനുമുമ്പ് ചന്തിക്ക് രണ്ടടിയും, ഒപ്പം കൂടെയുള്ള മാന്യമഹാ തീക്കുട്ടിപിശാചുക്കളുടെ ചിരിയും കൂടിയാകുമ്പോള്‍ സാമാന്യം നല്ല അനുഭവമായി രണ്ടാം ക്ലാസ് ജീവിതം കടന്നു പോയി…
മൂന്നാം ക്ലാസില്‍ രണ്ട് കുട്ടികള്‍ അധികം ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ പതിനെട്ട് പേരായി. ഒപ്പം ഞങ്ങളുടെ റാങ്ക് പതിനഞ്ചും പതിനാറും എന്ന കേവലം തുച്ഛമായ സംഖ്യയില്‍ നിന്ന് പതിനേഴും പതിനെട്ടുമായി ഉയര്‍ന്നു. മുസ്തഫയും ഞാനും കന്നാസും കടലാസും പോലെ ക്ലാസ്സിന്റെ ഒരു മൂലയ്ക്ക്. പഠിപ്പികളും പഠിപ്പിണികളും ഞങ്ങളില്‍ നിന്ന് കൃത്യമായ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ച് ബുദ്ധിശൂന്യത പടരാതിരിക്കാനുള്ള ജാഗ്രത നിസ്സീമം പുലര്‍ത്തി വന്നു. ഭയമല്ല ജാഗ്രതയാണ് അവര്‍ കാണിച്ചത്.
ഒരു നാള്‍ ഒരു വെള്ളിയാഴ്ച, സ്വതവേ രാവിലെ ഒമ്പതരയ്ക്ക് രണ്ട് മിനുട്ട് ബാക്കിയുളളപ്പോള്‍ സ്‌കൂളിലെത്തുന്ന ഞാന്‍, അന്ന് ഒമ്പത് മണിക്ക് എത്തി. എത്തിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഞങ്ങളുടെ ബെഞ്ചില്‍ ഒരു ആള്‍ക്കൂട്ടം!
എന്താണത്? പുറകിലെ ബെഞ്ചില്‍ ആയിപ്പോയത് പഠനത്തിലെ മികവു കൊണ്ടാണല്ലോ? അല്ലാതെ ഉയരം കൂടി പോയതിനാല്‍ അല്ലാത്തതുകൊണ്ട് കുറുക്കാസ് ആയ ഞാന്‍ വി. പി വിഭീഷിനെയും, കെ.പി സഞ്ജുവിനെയും, നിതീഷ് മേനോനെയും (ക്ലാസിലെ ഹിഡിംബന്‍മാര്‍ അവരാണ് ) പതുക്കെ തള്ളി നീക്കി പഠിപ്പിണികളും സര്‍വോപരി സുന്ദരികളുമായ പെണ്‍കുട്ടികളുടെ ഇടയിലൂടെ അങ്ങോട്ട് പാര്‍ത്തു നോക്കി.
ഹൃദയം സ്തംഭിച്ച് പോകുന്ന കാഴ്ച! ഒരു വെളുത്ത കടലാസ്സില്‍ കുറേ കറുത്ത മണല്‍ തരികളിട്ട് മുസ്തഫ പേപ്പറിനടിയിലൂടെ കൈ ഓടിക്കുന്നു. പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്ന പോലെ ആ തരികള്‍ അവന്റെ കൈക്കൊപ്പം നീങ്ങുന്നു. മഹാ പഠിപ്പിസ്റ്റുകളുടെ കണ്ണില്‍ അതുകണ്ടപ്പോള്‍ കണ്ട അത്ഭുതം എന്നിലേക്കും പടര്‍ന്നു. പക്ഷേ തലയ്ക്കു തീപിടിച്ചത് രഹസ്യ (പരസ്യമായി പറയാന്‍ പോയിട്ട് ഒന്നു നോക്കാന്‍ പോലും പേടിയാണ്) ആരാധനകള്‍ ഏറ്റുവാങ്ങി കൊണ്ടിരുന്ന ക്ലാസ്സിലെ സുന്ദരി, ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയുടെ കണ്ണിലുണ്ണികള്‍ രണ്ടും മുസ്തഫയുടെ കരചലനങ്ങള്‍ക്ക് ഒപ്പം ചലിക്കുന്ന ആ ദൃശ്യം കണ്ടിട്ടാണ്. ഈശ്വരാ മഹാ തോല്‍വി ആണല്ലോ എന്റെ കാര്യങ്ങള്‍!
അന്ന് ഞാന്‍ ഒന്നും കേട്ടില്ല, ഒന്നാം പീരിയഡ് കഴിഞ്ഞു. നീലാകാശം പീലി വിരിക്കുകയോ പച്ചത്തെങ്ങോലയാടുകയോ എന്തൊക്കെയോ ചെയ്തു! ലിയയുടെ കണ്ണുകള്‍ ഇടയ്ക്കിടെ ഞങ്ങളുടെ ബെഞ്ചിലേക്ക് ഏറു കണ്ണേയ്യുന്നതും, അതിനു മറുപടിയായി മുസ്തഫ അവന്റെ പുഴുപ്പല്ല് വന്ന തൊള്ള തുറന്നു ചിരിക്കുന്നതും മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. ഈ ബ്ലഡി ഫൂളിന്റെ നിലവാരം കയ്യിലുള്ള ഈ വിചിത്ര വസ്തു മാറ്റി കളഞ്ഞല്ലോ ദൈവമേ എന്ന് എത്രയോ തവണ മനസ്സില്‍ പിറുപിറുത്തു… ഒടുവില്‍ രഹസ്യമായി എല്ലാവിധ ചമ്മലോടും കൂടി ഞാനവനോട് ചോദിച്ചു.
‘അല്ല ചങ്ങായി ഇതെന്തു സാനം?
‘ഏത്’
‘അല്ല പേപ്പറിന്റെ അടിയില്‍ വച്ച് പിടിച്ച സാനം?’
‘ഓ അത് അത് ‘ഖാന്തം’ ‘എന്ത് ത്തും?
‘ഖാന്തം’
ന്നു വെച്ചാല്‍?
‘അതൊരു കല്ലാണ്, വാപ്പ കൊണ്ടുവന്ന് തന്നതാ’
അവന്‍ ആ പോക്കറ്റില്‍ കയ്യിട്ട് ആ വിചിത്ര വസ്തു പുറത്തെടുത്തു, ശരിയാണ് ഒരു കറുത്ത കഷണം കല്ല്.
‘ഇത് ഇരുമ്പുമ്മുലൊക്കെ പറ്റിപ്പിടിക്കും’
‘ന്നു വെച്ചാല്‍ ?’
‘അന്റെ ബാഗിന്റെ സിബ്ബ് കാണിക്ക്… ‘
ഞാന്‍ ബാഗ് അവന്റെ അടുത്തേക്ക് നീക്കി വെച്ചു. അവന്‍ ആ കല്ല് സിബ്ബിന്റെ മേലെ വെച്ചു. കല്ലതിന്റെ മേലെ ഒട്ടിപ്പിടിച്ചു! ഞാന്‍ പതുക്കെ പിടിച്ചു വലിച്ചു നോക്കി വരുന്നില്ല!
‘അല്ലടാ പശ ഒന്നുമില്ലാതെ ഇത് എങ്ങനെയാ?’
‘ങാ അതാണ് മോനെ മേജിക്, ഇതിനു ശക്തിയുണ്ട്’.
‘ഇത് എവിടുന്നാ കിട്ടിയേ?’
‘വാപ്പ പറഞ്ഞത് ഇത് റേഡിയോന്റെ ആത്ത് ണ്ടാവുന്നാ , അയിനെ കൊണ്ടാണ് റേഡിയോയ്ക്ക് പാട്ടുപാടാനുള്ള ശക്തി കിട്ടുന്നത്!’
പാട്ടുപാടാന്‍ ഉള്ള ശക്തി ഒന്നും വേണ്ട, പക്ഷേ ‘ഖാന്തം’ എങ്ങനെയെങ്കിലും സംഘടിപ്പിക്കണം!
സ്‌കൂള്‍ വിട്ടു വീട്ടിലെത്തി ചായകുടിച്ചു എന്ന് വരുത്തി ഒരൊറ്റ പോക്കാണ് മോളിലെ മൂത്തമ്മയുടെ മുറിയിലേക്ക്, അവരിവിടെ അല്ല താമസം, പക്ഷേ മൂത്തച്ഛന്‍ ഇടയ്ക്ക് വരുമ്പോള്‍ കേള്‍ക്കാന്‍ വേണ്ടി വാങ്ങി വച്ച ഒരു ഫിലിപ്‌സ് റേഡിയോ ഉണ്ട്. അന്ന് അതിന് ആയിരം ഉറുപ്പിക വിലയുണ്ടായിരുന്നു ന്നു ന്നാളും കൂടി മൂപ്പര് പറയുന്നുണ്ട്.
കുറേ സ്‌ക്രൂ ഒക്കെ അനാവശ്യമാണ്, ചിലതൊക്കെ അഴിച്ചെടുത്തു ബാക്കി കുത്തിത്തുറന്നു. സത്യം പറയട്ടെ അതിനുള്ളില്‍ ഒരു ലോകമാണ് പച്ച മഞ്ഞ ചുവപ്പ് ചെറിയ ഓരോ മണികള്‍ പിടിപ്പിച്ചിരിക്കുന്ന ഒരു ബോര്‍ഡ്. പിന്നെ കുറെ വയര്‍… ഞാന്‍ ആ കറുത്ത കല്ലിനെ അതിനിടയില്‍ തിരഞ്ഞു. കാണാനില്ല. പെട്ടെന്ന് എന്റെ സ്‌ക്രൂ ഡ്രൈവര്‍ ഒരു ഇരുമ്പ് കഷ്ണത്തില്‍ ഒട്ടിപ്പിടിച്ചു, ഞാന്‍ ഞെട്ടിപ്പോയി, സന്തോഷം സഹിക്കാന്‍ വയ്യ പക്ഷേ ഇത് കറുത്ത കല്ല് അല്ലല്ലോ, ഇരുമ്പ് കഷ്ണം ആണല്ലോ? നല്ല ഭംഗിയുണ്ട് കാണാന്‍ മെല്ലെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടത് തള്ളി പുറത്തെടുത്തു. ചുവന്ന പെയ്ന്റ് കൊണ്ടൊരു അടയാളം വച്ചിട്ടുണ്ട് അതിന്റെ ഒരു ഭാഗത്ത്. മറ്റേ ഭാഗത്ത് നീല പെയിന്റ് കൊണ്ടും. നല്ല ഭംഗിയുള്ള രസികന്‍, കറുപ്പല്ല തിളങ്ങുന്ന ഖാന്തം, ആ തിളക്കം ലിയയുടെ കണ്ണില്‍ കാണുന്ന സന്തോഷത്തില്‍.. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ റേഡിയോ തള്ളി കട്ടിലിനടിയിലേക്കിട്ടു ഞാന്‍ ‘ചെപ്പടി കുന്നില്‍ ചിന്നി ചിണുങ്ങും ചക്കര ഖാന്തം’എന്ന് പാടി നാല് സ്റ്റെപ്പൊക്കെ വെച്ച് കോണി ഇറങ്ങിയപ്പോള്‍, മുമ്പില്‍ അതാ മാമന്‍!
പിന്നെ അടിയായി പിടിയായി കരച്ചിലായി. റേഡിയോ പൊളിച്ചവന്‍ എന്ന കൊടും കഠോര കുറ്റകൃത്യത്തിന്റെ കഥ ആജീവനാന്തം കേള്‍ക്കാനുള്ള യോഗംവരെയന്നുകൊണ്ടുണ്ടായി… ഒക്കെ പോട്ടെ, എന്റെ തിളങ്ങുന്ന ഖാന്തം തൊണ്ടി മുതലായി ബലമായി പിടിച്ചെടുക്കപ്പെട്ടു…
ഉറക്കം ഒക്കെ അന്ന് വളരെ വൈകിയേ സംഭവിച്ചുള്ളൂ… അമ്മച്ഛന്റെ അടുത്തു കിടക്കുമ്പോള്‍ പുറത്ത് ചില്‍ ചില്‍ എന്ന് ചീവീട് ചിലയ്ക്കുന്നത് കേട്ട് ചിലങ്ക കെട്ടിയ ഈവിള്‍ ഡെഡ് ആണോ എന്ന് പേടിച്ചു ചോദിച്ചു ഉറങ്ങാതിരിക്കുന്ന ഞാന്‍ അന്ന് ഒട്ടും പേടിയില്ലാതെ ചില്ലു ജാലകത്തില്‍ പതിക്കുന്ന ചന്ദ്രിക എന്റെ നഷ്ടപ്പെട്ട ഖാന്തം എന്ന് കരുതി അത് നോക്കി കണ്ണീര്‍വാര്‍ത്തു കൊണ്ടിരുന്നു… അന്ന് കണ്ട സ്വപ്‌നം പോലും അത് തന്നെ ആയിരിക്കാനാണ് എല്ലാ സാധ്യതയും…
പിന്നീടുള്ള ദിവസങ്ങളില്‍ ഓരോ കുട്ടി പിശാചുക്കള്‍ ആയി കാല്‍ ഖാന്തം, അര ഖാന്തം ഒക്കെ ക്ലാസില്‍ കൊണ്ടുവന്നു തുടങ്ങി. എന്നാലും മുക്കാല്‍ ഖാന്തമുള്ള മുസ്തഫയ്ക്കായിരുന്നു ക്ലാസില്‍ മുന്‍തൂക്കം.. നഷ്ടപ്പെട്ട ഖാന്തത്തെ ഓര്‍ത്തുള്ള വേദന ഒരു വശത്ത്, ലിയയുടെ കണ്ണോട്ടമേറ്റ് തരളിതനാവുന്ന മുസ്തഫ മറുവശത്ത്…
ഖാന്തം ഒന്നും കിട്ടിയില്ലെങ്കിലും ഒരു ദിവസം ഈ പറയുന്ന സാധനത്തിന് ഖാന്തം എന്നല്ല കാന്തം എന്നാണ് പറയുക എന്ന് ഒരു അറിവ് ഞാന്‍ പങ്കുവച്ചു. ഖാന്തം കാന്തം ആയെങ്കിലും കാന്തം ഇല്ലാത്തവനായി തന്നെ കാല്‍ക്കൊല്ല പരീക്ഷ കഴിയും വരെ ഞാന്‍ ജീവിച്ച് തീര്‍ത്തു…മാര്‍ക്കിനെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ
‘കാന്തം ഉള്ളവര്‍ എത്ര ഭാഗ്യവാന്മാര്‍, ദൈവമേ പ്ലീസ് ഒരു കാന്തം’ എന്ന പ്രാര്‍ത്ഥന സന്ധ്യക്ക് വിളക്ക് വെച്ച് കഴിഞ്ഞാല്‍ ഗുണഗോഷ്ഠവും, മലയാളം നക്ഷത്രങ്ങളും ഇംഗ്ലീഷ് അക്ഷരമാലയും രാമ രാമയോടൊപ്പം പ്രാര്‍ത്ഥനയായി ചൊല്ലിക്കുന്ന അമ്മുമ്മ അറിയാതെ ഞാന്‍ ഒളിപ്പിച്ചു കടത്തി..
പക്ഷേ സത്യം! പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ട്..
ഒരുദിവസം പ്രാര്‍ത്ഥനയില്‍ എന്റെ വല്യച്ഛന്റെ മുഖം തെളിഞ്ഞുവന്നു… എന്റെ അച്ഛന്റെ ഏട്ടനാണ്, എല്ലാവരും’മാമന്റാടെ പോകും’ എന്ന് സന്തോഷത്തോടെ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും, എന്ത് കുന്തമാണ് മാമന്റെ അവിടെ ഉള്ളത് എന്ന്.
കാരണം ഞാന്‍ ഓള്‍റെഡി മാമന്റെ അവിടെ ആണല്ലോ, എനിക്ക് അന്നും ഇന്നും പ്രിയം വെല്ല്യച്ഛന്റെവിടെയാണ്. വല്യച്ഛന്‍!
ഞാന്‍ മെല്ലെ ഫോണ്‍ മുറിയില്‍ ചെന്ന് ഇന്‍ഡസ്ട്രിയിലെ നമ്പര്‍ ഡയല്‍ ചെയ്തു, വല്യച്ഛന്‍ ഫോണെടുത്തു..
‘വെലിച്ചാ ഇനിക്കൊരു കാന്തം വേണം’.
‘എന്തിനാ മോനെ കാന്തം?’
‘എനിക്കൊരു കാന്തം കൊണ്ട് തരുവോ, പ്ലീസ്’
‘കൊണ്ട് തരാലോ, നാളെ കൊണ്ട് തരാം’
‘നാളെയോ’?
‘ആ നാളെ വൈകുന്നേരം കൊണ്ടുവരാം …’
എനിക്ക് ഉണ്ടായ സന്തോഷം പറയാന്‍ അന്നുമില്ല ഇന്നുമില്ല വാക്കുകള്‍… വല്യച്ഛന്‍ ഭീകരന്‍ തന്നെ. ഇത്ര അമൂല്യമായ കാന്തം നാളെ സിമ്പിളായി കൊണ്ട് തരാമെന്ന്!
അന്ന് സ്‌കൂള്‍ വിട്ടു ജയിലിലേക്ക് വലിയ സന്തോഷത്തിലാണ് ഓടിവന്നത്. ചായ കുടിച്ചു. നടുമുറിയിലെ ജനാലയ്ക്കരികില്‍ ഇരിപ്പുറപ്പിച്ചു. 6.30 ആയപ്പോള്‍ ഒരു മഞ്ഞ ലാംബര്‍ട്ട സ്‌കൂട്ടറില്‍ വല്യച്ഛന്‍!
ഞാന്‍ ഒരൊറ്റ ഓട്ടമാണ് വല്യച്ഛാ ന്ന് വിളിച്ചുകൊണ്ട്.
‘എവിടെ? കാന്തം എവിടെ’? വല്യച്ഛന്‍ കുനിഞ്ഞ് ലാംബര്‍ട്ടയുടെ ബ്രേക്ക് പാഡിനടുത്ത് ഒട്ടിച്ചു വച്ച കാന്തം പറിച്ചെടുത്തു.. വല്യച്ഛന്റെ ഇന്‍ഡസ്ട്രി വീട്ടില്‍ നിന്ന് ഒരുപാട് അകലെയാണ്. അത്ര ദൂരം ഈ വണ്ടിയില്‍ ഈ കാന്തം പറ്റിപ്പിടിച്ചിരുന്നു പോലും, ഹോ എന്തൊരു കാന്തമാണിത്! ഇതിനൊരു പിടി ഒക്കെയുണ്ട്, വല്യച്ഛന്‍ പറഞ്ഞു. ഇത് ഡയനാമോയ്ക്കുള്ളിലെ കാന്തം ആണ് പോലും. എന്തായാലും ഗംഭീര കാന്തം.
നല്ല കാലാവസ്ഥയുള്ള, കാറ്റിനൊക്കെ കുളിര്‍മയുള്ള ചുറ്റും കാണുന്ന എല്ലാവര്‍ക്കും എല്ലാത്തിനും സന്തോഷമുള്ള ഒരു ദിവസമായിരുന്നു പിറ്റേന്ന്…
ക്ലാസിലേക്ക് കയറുമ്പോള്‍ മുസ്തഫ മുക്കാല്‍ കാന്തം കൊണ്ട് അര കാന്തങ്ങളെയും കാല്‍ കാന്തങ്ങളെയും വലിച്ചടുപ്പിച്ചു ഏറ്റവും ശക്തിയുള്ള കാന്തം അവന്റെ ആണ് എന്ന് തെളിയിക്കുന്ന പരിപാടിയിലായിരുന്നു.. ഞാന്‍ ക്ലാസിലേക്ക് കയറി അവന്റെ അടുത്ത് ഇരുന്നു. അവനു ഇപ്പോള്‍ എന്നെ വല്യ മൈന്‍ഡ് ഇല്ല. ഞാന്‍ സൈഡില്‍ ഇരിക്കുന്ന ലിയയെ ഒന്നു നോക്കി. അവളീ കോന്തന്റെ കാന്തത്തില്‍ നോക്കി അന്തം വിട്ടിരിക്കുകയാണ്..
ബെല്ലടിച്ചു. ഒന്നാം പിരീഡ് കടന്നുപോയി… ഇന്റര്‍വെല്‍ ആയി…ഞാന്‍ എന്റെ ബാഗ് തുറന്നു… എന്റെ ഫുള്‍ കാന്തത്തെ ഒരു ട്രോഫി ഉയര്‍ത്തുന്ന പോലെ ഉയര്‍ത്തി കാണിച്ചു. കാല്‍കാന്തന്മാരും അരകാന്തന്മാരും മുക്കാല്‍ കാന്തം ഉള്ള മുസ്തഫയും ഓടിവന്നു. മൂത്രമൊഴിക്കാന്‍ പോയ ലിയയും അസ്‌നയും ഓടിവന്നു.. ഞാനെന്റെ കാന്തം ഡെസ്‌കില്‍ വച്ചു..
‘മ്മക്ക് ശക്തി നോക്കാം?’ മുസ്തഫ എന്നോട് ചോദിച്ചു
മുസ്തഫയുടെ വിജയകാന്തം എന്റെ കാന്തത്തിനടുത്തേക്ക് ഒന്ന് എത്തിനോക്കിയതേ കണ്ടുള്ളൂ. പിന്നെ കണ്ടത് അവരുടെ പരസ്പരം ആലിംഗനം ആണ്… ടിക് എന്നവര്‍ ചേര്‍ന്നപ്പോള്‍…
എന്റെ കണ്ണ് ഉയര്‍ന്നത് ലിയയുടെ മുഖത്തേക്കാണ്. മുസ്തഫയുടെ വലയത്തില്‍ നിന്ന് വികര്‍ഷിച്ചവള്‍ എന്റെ കാന്തിക മണ്ഡലത്തിലേക്ക് ആഞ്ഞു പതിച്ച ഓര്‍മ്മ കനത്തതോടെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നത് അവള് അസ്‌നയോട് പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ ഇന്നും മുഴങ്ങുന്നതുകൊണ്ടാണ്..
‘അസ്‌നേ എനിക്ക് ഇവന്റെ ഫ്രണ്ട് ആവണം. എനിക്ക് ഇവനെ ഭയങ്കര ഇഷ്ടമാണ്…’
അല്ലയോ പൊന്നു കാന്തമേ, നീ ഇല്ലായിരുന്നെങ്കില്‍ അപകര്‍ഷതയുടെ പടുകുഴിയില്‍പ്പെട്ടു ഞാന്‍ വിടരാത്ത പൂവ് പോലെ കൊഴിഞ്ഞടര്‍ന്നു പോകുമായിരുന്നു … നീ ഉയര്‍ത്തിയ എന്റെ ആത്മവിശ്വാസം അര കൊല്ലത്തില്‍ മുസ്തഫയെ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചു കൊണ്ട് ഞാന്‍ മൂന്നാം റാങ്കിലേക്ക് നടത്തിയ കുതിച്ചുചാട്ടം ആയിരുന്നു. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ ഒന്നിലും പുറകിലല്ല, കാന്തം പോലെ ആളുകളെ ഇന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു……..
‘ മോനേ സാഹിത്യ കേസരി… ഇങ്ങനെയാണ് കഥ എഴുതേണ്ടത്, കഥയില്‍ ആത്മാംശം ഉണ്ടാവണം… എല്ലാം ശരി നിന്റെ കുതിച്ചുചാട്ടം ഒക്കെ ഗംഭീരം.. പക്ഷേ അവസാന വരി ഉണ്ടല്ലോ എന്താണത്?
അത് കാന്തം പോലെ ആളുകളെ….’
‘ആ അതു തന്നെ മതി മതി…’
ഞാന്‍ നിന്നെ പഠിപ്പിച്ചത് ആകര്‍ഷിക്കാനാണ്, അല്ലാണ്ട് ഇതുപോലെ തള്ളി മറിച്ചിടാന്‍ അല്ല… അതുകൂടെ ഓര്‍ത്താല്‍ നന്ന് …
അപ്പോള്‍ ശുഭം !