‘നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, വര്‍ഗ രാഷ്ട്രീയം എല്ലായിടത്തും ആധിപത്യം പുലര്‍ത്തുന്നു’ (Whether you like it or not, class politics is in command every where) അറുപതുകളിലും എഴുപതുകളിലും ആദ്യകാല നക്‌സലൈറ്റുകള്‍ കേരളത്തില്‍ പ്രചരിപ്പിച്ചിരുന്ന മാവോ സൂക്തങ്ങളിലൊന്നാണ് മേലുദ്ധരിച്ചത്. ആ സൂക്തത്തിന് ചെറിയ ഭേദഗതി വരുത്തിയാല്‍ സമകാലിക കേരള രാഷ്ട്രീയത്തില്‍ അതിന് പ്രസക്തിയേറും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വര്‍ഗീയ രാഷ്ട്രീയം കേരളത്തിലെ ഇടത്, വലത് മുന്നണികളില്‍ ആധിപത്യം പുലര്‍ത്തുന്നു എന്ന് ആ പഴയ മാവോ സൂക്തത്തെ തിരുത്തിയാല്‍ മുന്നണി രാഷ്ട്രീയത്തിന് യോജിക്കുന്ന പുതിയ വിശേഷണമാവും. ന്യൂനപക്ഷ വര്‍ഗീയത കേരളരാഷ്ട്രീയത്തെ ഗ്രസിച്ചു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല എന്നത് അനിഷേധ്യം. മതന്യൂനപക്ഷങ്ങളും അവയുടെ മേലധ്യക്ഷന്മാരുമാണ് കേരളസംസ്ഥാനം രൂപീകരിച്ച നാള്‍ മുതല്‍ ഈ നാട്ടിലെ അദൃശ്യരായ സ്വേച്ഛാധിപതികള്‍. കേരളം ആര് ഭരിക്കണം, എങ്ങനെ ഭരിക്കണം എന്നൊക്കെ എക്കാലവും തീരുമാനിച്ചുവരുന്നത് അവരാണ്. അവര്‍ക്ക് അസുഖകരമായി അനുഭവപ്പെടുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിസഭകളെയും മതന്യൂനപക്ഷശക്തികള്‍ എടുത്തമ്മാനം ആടിയിട്ടുണ്ട്. മതന്യുനപക്ഷ രാഷ്ട്രീയത്തിന്റെ രക്ത സാക്ഷികളാണ് ആദ്യ ഇ.എം.എസ് മന്ത്രിസഭയും പിന്നീട് വന്ന ശങ്കര്‍ മന്ത്രിസഭയും കരുണാകരന്റെ ഒടുവിലത്തെ മന്ത്രിസഭയുമൊക്കെ. മതന്യൂനപക്ഷത്തില്‍പ്പെട്ട ആളായിട്ട് കൂടി എ.കെ. ആന്റണിക്ക് പോലും മുഖ്യമന്ത്രിപദം പെട്ടെന്ന് ഒഴിയേണ്ടി വന്നു, ഭൂരിപക്ഷസമുദായത്തിന്റെ മഹാമനസ്‌കത ന്യൂനപക്ഷങ്ങള്‍ അംഗീകരിക്കണമെന്ന്, അറിഞ്ഞോ അറിയാതെയോ അഭിപ്രായപ്പെട്ടു പോയതിന്.
അടുത്ത കാലംവരെ കേരളത്തില്‍ നാം കണ്ടുവന്നിരുന്നത് മതന്യൂനപക്ഷങ്ങള്‍ പിന്‍സീറ്റില്‍ ഇരുന്ന് രാഷ്ട്രീയവും ഭരണവും നിയന്ത്രിക്കുന്നതാണ്. ഇന്നിപ്പോള്‍ അവര്‍ കേരള രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും നേതൃത്വം നേരിട്ട് ഏറ്റെടുക്കാന്‍ വെമ്പുന്നത് കേരളം കാണുന്നു. അതനുസരിച്ചുള്ള പുനഃക്രമീകരണങ്ങള്‍ക്ക് ഇരു മുന്നണികളും അവയെ നയിക്കുന്ന കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് കക്ഷികളും തയ്യാറെടുക്കുന്നതും നാം കാണുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ പശ്ചാത്തലം ഇതാണ്. കേരളമെന്ന ഭാരതത്തിന്റെ രാഷ്ട്രീയ പരീക്ഷണചെപ്പിലെ ഏറ്റവും പുതിയ പരീക്ഷണം സംസ്ഥാന ഭരണം മുന്നണികളുടെ മറവില്‍ മതന്യുനപക്ഷം ‘ഹൈജാക്ക്’ ചെയ്യുന്നതാവും. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ കേരളം ഭാരതത്തിന്, കാശ്മീര്‍ ഉയര്‍ത്തിയവ പോലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇനിയുള്ള നാളുകളില്‍ സൃഷ്ടിക്കും. ഈ ഭീഷണി എങ്ങനെ, എത്രമാത്രം ഫലപ്രദമായി നേരിടും എന്നതാണ് വരുന്ന തിരഞ്ഞെടുപ്പിലെ വലിയ വെല്ലുവിളി.
കേരള രാഷ്ട്രീയത്തിലേക്ക് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഒരു രക്ഷകന്റെ പരിവേഷത്തോടെ ലോക്‌സഭ വിട്ട് പെട്ടെന്ന് മടങ്ങി വരുന്നതൊക്കെ ഈ പുതിയ പരീക്ഷണത്തിന്റെ ഭാഗമാണ്. കുഞ്ഞാലിക്കുട്ടി തിരികെ വരേണ്ടത് മുസ്ലിം ലീഗിന്റെയോ മുന്നണിയുടെയോ മാത്രമല്ല, കേരളത്തിന്റെ തന്നെ ആവശ്യമാണ് എന്ന രീതിയിലാണ് ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അവതരിപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ‘കുഞ്ഞാപ്പയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ’ എന്നൊരു മുദ്രാവാക്യം അന്തരീക്ഷത്തില്‍ എവിടെയോ മുഴങ്ങുന്നുണ്ട്. മുസ്ലിംലീഗ് മുഖ്യമന്ത്രി എന്നത് വെറുമൊരു ആഗ്രഹമല്ല, മറിച്ച് വ്യക്തമായ ഒരു ‘അജണ്ട’യാണ് ആസന്നമായ തിരഞ്ഞെടുപ്പിന്റെ. ഇന്നത്തെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുതരം കുഞ്ഞാലിക്കുട്ടി കേന്ദ്രീകൃത രാഷ്ട്രീയത്തിന് അനുസൃതമായുള്ള പുനഃക്രമീകരണങ്ങളും ഇതിനകം അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു.
ശ്രദ്ധേയമായ ഒരു മാറ്റം, സംഘടിത മുസ്ലിം സമുദായം കേരള രാഷ്ട്രീയത്തിന്റെ ‘അജണ്ട’ തയ്യാറാക്കാന്‍ തുടങ്ങുമ്പോള്‍, കഴിഞ്ഞ കുറെ ദശകങ്ങളായി തങ്ങള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുന്നതായി തോന്നിത്തുടങ്ങിയിട്ടുള്ളത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനാണ്. ആ തോന്നല്‍ ഇനി ചുവടുകള്‍ മാറ്റിച്ചവിട്ടാന്‍ അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ മാറ്റിച്ചവിട്ടിത്തുടങ്ങി എന്നതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും അടുത്തിടെ നടന്ന തദ്ദേശ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍. ഇത്രയൊക്കെ അഴിമതിയും കുംഭകോണവും കള്ളക്കടത്തിലെ പങ്കാളിത്തവുമൊക്കെ ആരോപിക്കപ്പെട്ടിട്ടും, പിണറായിക്കും പാര്‍ട്ടിക്കും പിടിച്ചു നില്‍ക്കാനായത് ഒരു വിഭാഗത്തിന്റെ ചുവടുമാറ്റം കൊണ്ടാണ്. സാമുദായിക അന്തര്‍ദ്ധാരകള്‍ ഇവിടെ അതീവ നിര്‍ണായകം എന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു അടുത്ത കാലത്തെ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍. അവ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. അരമനകള്‍ കയറിയിറങ്ങുന്ന തിരക്കിലാണ് ഇപ്പോള്‍ കപടമതേതര കക്ഷികളുടെയും മുന്നണികളുടെയും നേതാക്കള്‍. കമ്മ്യൂണിസവും സോഷ്യലിസവും വിറ്റഴിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ട് ആ പ്രത്യയശാസ്ത്രങ്ങള്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു കഴിഞ്ഞു.ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ഒരു ഹിമാലയന്‍ മിഥ്യയായി തുറന്നു കാട്ടപ്പെടുന്നു, തിരഞ്ഞെടുപ്പുകളിലൂടെ. പണ്ട് അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിലും അത് പ്രകടമായതാണ്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കപ്പെട്ട ഇന്നത്തെ അന്തരീക്ഷത്തിലാണ് മതമൗലികവാദം ഇവിടെ അരങ്ങ് കീഴടക്കാന്‍ ഒരുമ്പെടുന്നത്.
ക്രൈസ്തവ സമൂഹത്തിന് തങ്ങളില്‍ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതുവത്സര സായാഹ്നത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള അരമനയില്‍ വച്ച്, ലത്തീന്‍ സഭാ ബിഷപ്പ് സൂസാപ്പാക്യവുമായി രഹസ്യ ചര്‍ച്ച നടത്തിയത്. പട്ടത്തെ അരമനയിലെത്തി സീറോ മലങ്കര സഭാ കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമീസുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. മഞ്ഞുരുകാന്‍ ഈ ചര്‍ച്ചകളൊന്നും ഇനിയും സഹായകമായിട്ടില്ല. ഡല്‍ഹിയില്‍ നിന്നെത്തിയ താരീഖ് അന്‍വറും ബിഷപ്പുമാരെ കണ്ട് അനുഗ്രഹം തേടിയിരുന്നു. എന്തിനേറെ, കുഞ്ഞാലി കുട്ടി തന്നെ പാണക്കാട് തങ്ങളെയും കൂട്ടി താമരശ്ശേരി ബിഷപ്പിന്റെ അരമനയിലെത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നു. അവയെല്ലാം ആത്മീയ നേട്ടത്തിനല്ല, രാഷ്ട്രീയ ലാഭത്തിനുള്ള കൂടിക്കാഴ്ച്ചകളായിരുന്നു എന്ന് വ്യക്തം.
യു ഡി എഫ് നേതാക്കളുടെ അരമനകളിലേക്കുള്ള കൂട്ടയോട്ടത്തിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വരികള്‍ക്കിടയില്‍ പലതും വായിച്ചെടുക്കാവുന്ന വാമൊഴികള്‍. കോണ്‍ഗ്രസിന്റെ നേതാവ് ആരാവണം എന്നുവരെ തീരുമാനിക്കുന്നത് ഇപ്പോള്‍ മുസ്ലിംലീഗ് ആണെന്ന പിണറായിയുടെ പ്രസ്താവന അവസരോചിതവും അര്‍ത്ഥഗര്‍ഭവുമാണ്. ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് പിണറായി ലക്ഷ്യമിട്ടത്. കോണ്‍ഗ്രസ്സുമായും യുഡിഎഫുമായും അകലുന്ന ക്രൈസ്തവരെ അണച്ചു നിര്‍ത്തുന്നതോടൊപ്പം ഹൈന്ദവര്‍ക്കിടയിലും ഒരു സന്ദേശമെത്തിക്കുക എന്നതായിരുന്നു പിണറായിയുടെ ഇരട്ട ലക്ഷ്യം. കേരളത്തിലെ ഈ ഏറ്റവും വലിയ ഹിന്ദുനാമധാരികളുടെ പാര്‍ട്ടി ഇടയ്‌ക്കൊക്കെ ഹൈന്ദവ വികാരങ്ങളും മുതലെടുക്കാറുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഇന്ന് എന്നത്തേയുംകാള്‍ ഹിന്ദു വികാരം തീവ്രവും ശക്തവുമാണ്. ഹിന്ദു വോട്ട് ബാങ്ക് എന്നത് ഇന്നൊരു ആശയമല്ല ഒരു യാഥാര്‍ത്ഥ്യമാണ്. പിണറായിക്കും സഖാക്കള്‍ക്കും അത് നന്നേ ബോധ്യവുമുണ്ട്. പക്ഷെ പഴയ കാലത്തെ പോലെ ഹിന്ദു വികാരം പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ ഇക്കുറി സിപിഎം നേതൃത്വം വിജയിക്കുമോ എന്നറിയാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. കുറെ ഹിന്ദുക്കളെ കുറേക്കാലം വഞ്ചിക്കാം. പക്ഷെ എല്ലാക്കാലവും എല്ലാ ഹൈന്ദവരെയും വഞ്ചിക്കാനാവില്ലല്ലോ. എന്നാല്‍ ക്രൈസ്തവര്‍ യൂഡിഎഫിനെ കൈവിട്ടു എന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണ്. അതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് മുസ്ലിം ലീഗിനെതിരെ പിണറായിയുടെ ആക്രമണം.
ഇനിയിപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയം മാറ്റുരയ്ക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. കേരളത്തിന് പരിചിതമായിട്ടുള്ളത്, മുസ്ലിം ലീഗ് പതിറ്റാണ്ടുകളായി പിന്തുടര്‍ന്നുവന്ന മുസ്ലിം രാഷ്ട്രീയമാണ്. മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും രണ്ടാണത്രേ. വെല്‍ഫയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും ഉയര്‍ത്തിപ്പിടിക്കുന്നത് ഇസ്ലാമിക രാഷ്ട്രീയമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലിം ലീഗും പിന്തുടര്‍ന്നിരുന്നത് ഇസ്ലാമിക രാഷ്ട്രീയം തന്നെ. എന്നാല്‍ അത് വിഭജനത്തില്‍ കലാശിക്കുകയും സ്വതന്ത്ര ഭാരതത്തില്‍ ലീഗ് പ്രതിരോധത്തിലാവുകയും ചെയ്തതോടെ ഒരു തരം കച്ചവട രാഷ്ട്രീയമാണ് പില്‍ക്കാലത്ത് അവര്‍ സ്വീകരിച്ചുവന്നത്. കാലക്രമേണ കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് കക്ഷികളുടെയും മത്സരിച്ചുള്ള പ്രീണനത്തിന്റെ ഫലമായി ‘ചത്ത കുതിര’ കേരളത്തില്‍ കുളമ്പടിച്ചു കുതിക്കാന്‍ തുടങ്ങി. മുസ്ലിം ലീഗിനെ വരുതിയിലാക്കാന്‍ സി.പി.എം തുടര്‍ന്നും ശ്രമങ്ങള്‍ പലതും നടത്തിയതാണ്. ഒപ്പം നില്‍ക്കാത്തതുകൊണ്ട് മാത്രമാണ് പിണറായിക്കും സഖാക്കള്‍ക്കും ലീഗ് ഇന്ന് വര്‍ഗീയമാവുന്നത്. നാളെ അത് മാറിക്കൂടായ്കയില്ല. മാറുമെന്ന് തന്നെയാണ് ഉറപ്പ്. ലീഗിനെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും വിമര്‍ശിക്കുമ്പോഴും എസ് ഡി പി ഐയെ കൂട്ടുപിടിക്കാന്‍ സി.പി.എമ്മിന് മടിയില്ലെന്നോര്‍ക്കുക. നാളെ മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും മുന്നണിയിലും ഭരണത്തിലും അറുപത്തേഴ് അറുപത്തൊമ്പത് കാലത്തിലെന്ന പോലെ വീണ്ടും കൂട്ടാളികളായിക്കൂടെന്നില്ല. അതിനനുസൃതമായാണ് ഇരുവരും കരുക്കള്‍ നീക്കുന്നത്.
മുസ്ലിം ലീഗ്, അതിന്റെ രാഷ്ട്രീയത്തിന്റെ അലകും പിടിയും മാറ്റുകയാണ്. മുസ്ലിം രാഷ്ട്രീയത്തില്‍ നിന്ന് ഇസ്ലാമിക രാഷ്ട്രീയത്തിലേക്കുള്ള നിര്‍ണായക മാറ്റമാണത്. ആ മാറ്റത്തിന് മുന്നില്‍ നില്‍ക്കാനാണ് കുഞ്ഞാലിക്കുട്ടിയെ എഴുന്നെള്ളിക്കുന്നത്. കേരളം കൈപ്പിടിയിലൊതുക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, വാണിജ്യ മേഖലകളില്‍ ഇസ്ലാമിക ശക്തികള്‍ പിടി മുറുക്കിക്കഴിഞ്ഞു. ഔദ്യോഗിക രംഗത്തും ഇന്ന് ഇസ്ലാമിക സ്വാധീനവും സാന്നിധ്യവും ശക്തമാണ്. സംസ്ഥാന നിയമസഭയില്‍ സമുദായത്തിന്റെ പ്രാതിനിധ്യം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് പരിപാടി. കൂടുതല്‍ സീറ്റുകള്‍ക്കുവേണ്ടി ലീഗ് വില പേശുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങികൊടുക്കുമെന്നതും പകല്‍ പോലെ വ്യക്തം. അങ്ങനെ വരുമ്പോള്‍ അടുത്ത നിയമസഭയില്‍ മുസ്ലിംലീഗിന്റെ അംഗസംഖ്യ പൂര്‍വാധികം വര്‍ദ്ധിക്കാനാണ് സാധ്യത. കോണ്‍ഗ്രസ്സിനെക്കാള്‍ അംഗബലം ലീഗിന് ഉണ്ടാവുമോ എന്നതാണ് ഇനി കാതലായ ചോദ്യം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സുമായി മാത്രമല്ല, വേണ്ടി വന്നാല്‍ സി.പി.എമ്മുമായും വില പേശാന്‍ മുസ്ലിം ലീഗ് തയ്യാറായിക്കൂടെന്നില്ല. മന്ത്രിമാരുടെ എണ്ണത്തിന്, വകുപ്പുകള്‍ക്ക്, ഉപമുഖ്യമന്ത്രിപദത്തിന്, എന്തിനേറെ മുഖ്യമന്ത്രിപദത്തിന് വരെ ലീഗ് ശക്തിയായി വില പേശും.
ഈ ഒരു രാഷ്ട്രീയ സാധ്യത ക്രൈസ്തവ വിഭാഗങ്ങളില്‍ ആശങ്കയും അരക്ഷിതബോധവും ഉളവാക്കുക സ്വാഭാവികം. ദശകങ്ങളായി കൈവശം കൊണ്ടുനടന്നിരുന്ന കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ മറ്റൊരു മതസ്ഥര്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതമാവുന്ന ദുരവസ്ഥയില്‍ ഇനി എങ്ങനെ പിടിച്ചുനില്‍ക്കാനാവും എന്നതാണ് ഇന്ന് അരമനകളെ അലട്ടുന്നത്. വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്ന വേര്‍തിരിവും വിവേചനവും ഇല്ലാത്ത ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ വരുന്നത് എങ്ങനെയും തടയാന്‍ അവരെ പ്രേരിപ്പിക്കുന്നത് സ്വന്തം സമുദായത്തിന്റെ താല്പര്യ സംരക്ഷാര്‍ത്ഥമാണ്. ഇസ്ലാമിക രാഷ്ട്രീയം ഇരുമുന്നണികളിലും സ്വാധീനം ഉറപ്പിക്കുന്നത് ഏറ്റവും നന്നായി തിരിച്ചറിയുന്നത് ക്രൈസ്തവ സമൂഹം തന്നെ. പുത്തന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനുള്ള അവരുടെ പ്രേരണ ഈ തിരിച്ചറിവാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ധാരയുടെ നിയന്ത്രണം അവര്‍ക്ക് നഷ്ടപ്പെട്ടിട്ട് നാളുകള്‍ ഏറെയായി. ജനസംഖ്യയില്‍ പോലും അവരെ പിന്നിലാക്കി കഴിഞ്ഞിരിക്കുന്നു. ഇന്ന് ഇല്ലെങ്കില്‍ ഇനി ഒരിക്കലും ഇല്ല എന്നൊരവസ്ഥയിലേക്ക് നീങ്ങിയതോടെ ഒരു നിലനില്‍പ്പിന്റെ പ്രശ്‌നമായി ഇതേറ്റെടുക്കുകയാണ് ക്രൈസ്തവ സമൂഹം. സഭാജിഹ്വകളുടെ ഈയിടെയുള്ള മുഖപ്രസംഗങ്ങളുടെയും മുഖലേഖനങ്ങളുടെയും സന്ദേശം അതാണ്.
ഈ ദുരവസ്ഥയില്‍ നിന്നുള്ള മോചനം ഇടത് മുന്നണിയിലൂടെയാണോ എന്നതില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കും അവരുടെ കുഞ്ഞാടുകള്‍ക്കും സംശയമില്ലാതില്ല. ഇസ്ലാമിക രാഷ്ട്രീയത്തോടുള്ള സി.പി.എം സമീപനത്തിലെ സന്നിഗ്ദ്ധത തന്നെ പ്രധാന കാരണം. മുസ്ലിം ലീഗിന് മന്ത്രിപദവി നല്‍കാന്‍ മടിച്ച് ‘തൊപ്പിയൂരി’ സ്പീക്കര്‍ പദവി മാത്രം നല്‍കിയ കോണ്‍ഗ്രസിനെ കടത്തിവെട്ടാനാണ് പിന്നീട് രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ പ്രാധാന വകുപ്പുകളോടെ ലീഗിന് രണ്ട് മന്ത്രി സ്ഥാനവും പുറമെ മലപ്പുറം ജില്ലയും നല്‍കി സി.പി.എം രാഷ്ട്രീയ മാന്യത നല്‍കിയത്. ‘ശരിയത്തി’നെതിരെ പ്രചാരണം നടത്തിയ മാര്‍ക്‌സിസ്റ്റ് നേതൃത്വം ‘മുത്തലാഖ്’ നിരോധിച്ചതില്‍ പ്രതിഷേധിച്ചു. ഇടക്കാലത്ത് ഒരു തിരഞ്ഞെടുപ്പില്‍ സദ്ദാം ഹുസൈനെ പൊക്കിപ്പിടിച്ച് വോട്ട് തേടിയതും സി.പി.എം തന്നെ. ഇസ്ലാമിക രാഷ്ട്രീയത്തെ ഏതവസരത്തിലും ആശ്ലേഷിക്കാനുള്ള അഭിനിവേശത്തോടെ കരങ്ങള്‍ നീട്ടി നില്‍പ്പാണ് സി.പി.എമ്മും ഇടതുമുന്നണിയും. അറക്കല്‍ ബീവിയെ കെട്ടാനുള്ള അര സമ്മതത്തോടെയാണ് സഖാക്കള്‍ എന്നത് അരമനകളില്‍ വാഴുന്നവര്‍ക്കറിയാതെയല്ല. അത് മാത്രമല്ല ഇടക്കാലത്ത് ഒന്ന് പരീക്ഷിച്ചനുഭവിച്ചതുമാണ് ഇടത് ബാന്ധവം. എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസ് – എയും കെ.എം. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റ് മുന്നണിയിലും ഇ.കെ. നായനാര്‍ മന്ത്രിസഭയിലും ചേക്കേറിയത് പള്ളിയുടെയും പട്ടക്കാരുടെയും അറിവോടെ നടന്നൊരു പരീക്ഷണമായിരുന്നു. പക്ഷെ അത് പാളിപ്പോയി. പാളിപ്പോയ ആ രാഷ്ട്രീയ സാഹസത്തിന്റെ സുഖകരമല്ലാത്ത ഓര്‍മ്മയും മാഞ്ഞു പോയിട്ടില്ല. എങ്കിലും ഇപ്പോള്‍ ജോസ് കെ. മാണിയെ ചുവപ്പ് പരവതാനി വിരിച്ചാണ് സി.പി.എം ഇടത് മുന്നണിയിലേക്ക് ആനയിച്ചത് എന്നത് മറ്റൊരു മാര്‍ക്‌സിയന്‍ വൈരുദ്ധ്യാത്മകത.