രാത്രി ലൈറ്റ് ഓഫ് ചെയ്ത് കിടന്നാല്‍ തുടങ്ങും, ബഹളം. തട്ടിന്‍പുറത്ത് നിന്നും, അടുക്കളയില്‍ നിന്നും. ഓട്ടം ചാട്ടം അങ്ങിനെ ഓരോരോ കായിക ഇനങ്ങള്‍, കോലാഹലങ്ങള്‍. എണീറ്റ് പോയി ലൈറ്റ് ഇട്ടാല്‍ കാണാം ഓടി ഒളിക്കുന്നത്.
എലികള്‍ തന്നെ. വലിയ പ്രശ്‌നമാണ്.
സ്വസ്ഥമായി ഒന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല.
അതിനിടക്കാണ് വെള്ളിടി പോലെ പത്രത്തില്‍ വാര്‍ത്ത വന്നത്. നാട്ടില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പിന്നെ ആകെ ഭയമായി. വീട്ടില്‍ തൊട്ടതിലും പിടിച്ചതിലുമെല്ലാം ഒരു എലി മണം തോന്നാന്‍ തുടങ്ങി. എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ച് എല്ലാം ഒതുങ്ങി തീരും എന്നു കരുതി കുറേക്കാലം നിഷ്‌ക്രിയനായി ഇരുന്നു നോക്കി. പൊതുവെ ജീവിതത്തില്‍ പല പ്രതിസന്ധികളെയും ഇതുവരെ നേരിട്ട രീതി അതാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എല്ലാം പൂട്ടി ഭദ്രമാക്കി എലികള്‍ക്ക് പ്രാപ്യമല്ലാത്ത പല ഇടങ്ങളില്‍ വച്ചു നോക്കി. എന്നിട്ടും പ്രശ്‌നത്തിനു യാതൊരു കുറവും സംഭവിച്ചില്ല എന്നു മാത്രമല്ല ഇടക്ക് കിടപ്പുമുറിയിലും മറ്റും പട്ടാപ്പകല്‍ പോലും പ്രത്യക്ഷമാകാനും തുടങ്ങി, ചില വിരുതന്‍ എലികള്‍.
സംഗതി ഗുരുതരാവസ്ഥ കൈവരിച്ചപ്പോള്‍, ഞാന്‍ സഹികെട്ട് പ്രത്യാക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇരുളില്‍ പതുങ്ങി നിന്ന് മിന്നല്‍ വേഗത്തില്‍ ചാടി വീണ് അടിച്ചോടിക്കാന്‍ നോക്കി. ചാടി വീണു എന്റെ കൈ മുറിഞ്ഞു എന്നതല്ലാതെ ഒരൊറ്റ എലിയുടെ ദേഹത്തു ഒരിക്കല്‍ പോലും വടി വീണില്ല. എന്റെ പരാക്രമങ്ങളെ എലികള്‍ നിഷ്‌ക്കരുണം അവഗണിച്ചു എന്നതായിരുന്നു ഏറെ ദു:ഖകരം.
ക്രമേണ കാര്യങ്ങള്‍ ജീവിതത്തെ മൊത്തത്തില്‍ ബാധിക്കാന്‍ തുടങ്ങി. ജോലിയില്‍ ശ്രദ്ധ കുറഞ്ഞു. സ്‌കൂളില്‍ രാവിലെ സമയത്തിന് എത്താതായി. എത്തിയാല്‍ തന്നെ സ്റ്റാഫ് റൂമില്‍ കയറി ഞാന്‍ മൂകനായി ഇരിക്കാന്‍ തുടങ്ങി. ക്ലാസെടുക്കാന്‍ തീരെ താല്‍പര്യം ഇല്ലാതായി.
സഹപ്രവര്‍ത്തകന്‍ ജോസഫ് സാറാണ് ചോദിച്ചത്.
”മുരളിക്ക്, എന്തുപറ്റി? കുറെ ദിവസമായല്ലോ ഒരു മൂഡ് ഓഫ് എന്താ ഒടുവില്‍ ഒരു കൂട്ട് വേണം എന്നു തോന്നി തുടങ്ങിയോ?”
എന്നെക്കാള്‍ സീനിയര്‍ അധ്യാപകനാണ്. എന്റെ കാര്യങ്ങളൊക്കെ അറിയാവുന്ന വളരെ അടുത്ത സുഹൃത്തും. ഞാന്‍ മനസ്സ് തുറന്നു.
”കൊന്നൊടുക്കണം മുരളീ, അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല.” ജോസഫ് സാര്‍ നിഷ്‌ക്കരുണം പറഞ്ഞു.
”ഒരു ഉറുമ്പിനെ പോലും കൊല്ലാന്‍ കഴിയാത്ത ആളാണ് ഞാന്‍, സാറെ”
സ്റ്റാഫ് റൂം ഒന്നടങ്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രശ്‌നപരിഹാര ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. ഞങ്ങള്‍ പല വഴികള്‍ അന്വേഷിച്ചു. എലിവിഷം, ഇലക്ട്രിക് ട്രാപ്, അങ്ങിനെ അത്യാധുനിക രീതികള്‍ തുടങ്ങി പഴഞ്ചന്‍ എലിക്കെണി വരെ, ചര്‍ച്ച ചെയ്യപ്പെട്ടു. അതില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് എലിക്കെണിക്കായിരുന്നു. പാര്‍ശ്വഫലങ്ങള്‍ തീരെ ഇല്ല എന്നതായിരുന്നു എടുത്തു കാണിക്കപ്പെട്ട ഏറ്റവും വലിയ നേട്ടം, മാത്രമല്ല പാരിസ്ഥിതിക മൂല്യങ്ങള്‍ക്ക് യാതൊരു കോട്ടം തട്ടുകയുമില്ല.
കുട്ടിക്കാലത്തെ ഓര്‍മ അനുസരിച്ച് ചിരപുരാതനമായ എലിക്കെണി ഒരെണ്ണം വീട്ടില്‍ ഇരിപ്പുണ്ട്. അന്ന് വൈകുന്നേരം തട്ടിന്‍പുറത്ത് വലിഞ്ഞു കയറി തലമുറകളായി കൈമാറി വന്ന ആ സ്വത്ത് തപ്പിയെടുത്തു. തട്ടിന്‍പുറത്തെ നിശ്ചലമായ ഭൂതകാലത്തില്‍ പൊടിയും പിടിച്ചു കിടന്നിരുന്ന ആ എലിക്കെണി, പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ ഒരു നിധിപോലെ എലികള്‍ കാത്തു സൂക്ഷിച്ചു പോന്നു എന്നതായിരുന്നു ഏറ്റവും വലിയ വൈരുദ്ധ്യം. പലപ്പോളും പല കാര്യങ്ങളിലും മനുഷ്യരും അങ്ങിനെയാണ്. വിപത്താണെന്നു തിരിച്ചറിയാതെ പലതും നാം ഹൃദയത്തോടു ചേര്‍ത്ത് കാത്തു സൂക്ഷിക്കുന്നു. ഏതായാലും ഇന്നാണ് അതിനു ശാപമോക്ഷം കിട്ടുന്നത്.
ഒന്നു ചിന്തിച്ചാല്‍, എലിക്കെണി മനുഷ്യഭാവനയുടെയും സാങ്കേതിക നൈപുണ്യത്തിന്റെയും ഒരു മൂര്‍ത്തമായ ആവിഷ്‌കാരമാണ്. നാഗരികതയുടെ ഉല്‍പ്പന്നം. ഇതാകട്ടെ മരവും തകരവും കൊണ്ട് ഭംഗിയില്‍ തീര്‍ത്ത ഒരു ചെറിയ ലോക്ക്-അപ്പ് നാല് വശത്തും കടഞ്ഞെടുത്ത അഴികള്‍. മുകളില്‍ തകരം കൊണ്ടു തീര്‍ത്ത ശക്തമായ മേല്‍ക്കൂര. അതിനോടു സ്പ്രിങ്ങില്‍ ബന്ധിച്ച വാതില്‍. വാതില്‍ മുകളിലേക്ക് വലിച്ചു കൊളുത്തില്‍ പിടിപ്പിച്ചാല്‍ കെണി റെഡി. കൊളുത്തിനോട് അനുബന്ധിച്ചാണ് എലിയെ പ്രലോഭിപ്പിക്കാനുള്ള ഭക്ഷണ പദാര്‍ത്ഥം വെക്കേണ്ടത്. അതില്‍ എലി തൊടുന്ന താമസം, ആ ചെറിയ അനക്കം മതി, കൊളുത്തില്‍ പിടിപ്പിച്ച വാതില്‍ ക്ഷണമാത്രയില്‍ ‘ഠപ്പേ’ ന്ന് അടയാന്‍.
തുടര്‍ന്നുള്ള ദിനരാത്രങ്ങള്‍ ഞാന്‍ എലിക്കെണി ഒരുക്കി കാത്തിരിപ്പായി. പ്രലോഭന പദാര്‍ത്ഥമായി ആദ്യം ഒരു കഷ്ണം തേങ്ങാപ്പൂള് വച്ചു നോക്കി. ദിവസങ്ങള്‍ കഴിഞ്ഞു, കെണി പല ഇടങ്ങളിലായി മാറ്റി വച്ചും, ഒരിടത്തു തന്നെ കുറെ ദിവസം വച്ചും പല രീതികള്‍ പരീക്ഷിച്ചെങ്കിലും എലി പോയിട്ട് ഒരു ‘പുലി’ പോലും ആ വഴിക്കൊന്നും വന്നില്ല. കൂടുതല്‍ പ്രലോഭനത്തിനായി ഉണക്ക മീന്‍ വച്ചു നോക്കി. എന്നിട്ടും ഒരു രക്ഷയുമില്ല.
ഞാന്‍ വീണ്ടും വിഷണ്ണനായി. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.
വിഷയം വീണ്ടും സ്റ്റാഫ് റൂമില്‍ ചര്‍ച്ചക്കെത്തി.
ഇത്തവണ മേരി ടീച്ചര്‍ ആണ് ഒരുപായം മുന്നോട്ടു വച്ചത്.
”മാഷ് തേങ്ങാപ്പൂള്‍ ഒന്ന് തീയില്‍ ചുട്ടെടുത്തു വച്ചു നൊക്കൂ. ആ മണം കിട്ടിയാല്‍ എലി ഏതു കാട്ടില്‍ നിന്നും പാഞ്ഞെത്തും”
പ്രലോഭനകലയുടെ ആള്‍രൂപമാണ് മേരി ടീച്ചര്‍. ടീച്ചറുടെ സൂത്രം ഫലിക്കാതിരിക്കില്ല. അന്ന് രാത്രി ചുട്ടെടുത്ത തേങ്ങാപ്പൂളും വച്ച് കെണിയൊരുക്കി. വീടാകെ നല്ല മണം. ഞാന്‍ മേരി ടീച്ചറെ നന്ദിയോടെ സ്മരിച്ച് ഉറങ്ങാന്‍ കിടന്നു.
”ഠപ്പേ!”
കെണി അടഞ്ഞ ശബ്ദമാണ്. ഹാവൂ. ഒടുവില്‍ വീണിരിക്കുന്നു! എഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്യാന്‍ നോക്കുമ്പോളാണ് എന്തോ ഒരു പന്തികേട് മണത്തത്. അടുക്കളയിലെ അരണ്ട വെളിച്ചത്തില്‍ ആ സത്യം ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ എലിക്കെണിയുടെ അകത്താണ്! ഇതെങ്ങനെ സംഭവിച്ചു?!
മുന്നില്‍ പട്ടാളക്കാരെപ്പോലെ ചാര നിറത്തില്‍ എലികള്‍ നിരന്നു നില്‍ക്കുന്നുണ്ട്.
കൊമ്പന്‍ മീശയോടുകൂടിയ ഒരു എലി അടുത്തു വന്ന് കെണിയുടെ അഴികളില്‍ തട്ടിക്കൊണ്ടു പറഞ്ഞു.
”ഏയ് മിസ്റ്റര്‍. യൂ ആര്‍ അണ്ടര്‍ അറസ്റ്റ്!”
ഞാന്‍ ആകെ സ്തബ്ധനായി.
തെളിവെടുപ്പിനായി എലികള്‍ എന്നെ കുറെ നടത്തിച്ചു. തേങ്ങാപ്പൂളിന്റെയും ഉണക്കമീനിന്റെയും ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഹൊ! എന്ത് മാത്രം എലികളാണ്. എവിടെയായിരുന്നു ഇവയെല്ലാം ഒളിച്ചിരുന്നത്. വെറുതെയല്ല ഇത്രക്കും എലിശല്യം. തടവുകാരനായ കുറ്റവാളിയെ ഒരു നോക്കു കാണുവാനായി അവ തിരക്കു കൂട്ടുന്നു. കാവല്‍ക്കാരായ എലികള്‍ അവയെ വകഞ്ഞു മാറ്റി എന്നെ മുന്നോട്ടു നടത്തി.
വിശാലമായ ഒരു മാളത്തിന്റെ അകത്തേക്കാണ് അവര്‍ ഒടുവില്‍ എന്നെ കൊണ്ടു പോയത്. നിരനിരയായി ഒരുക്കിവച്ച ഇരിപ്പിടങ്ങളും മറ്റും കണ്ടപ്പോള്‍ എലികളുടെ എന്തോ ക്ലാസ് റൂം ആയിരിക്കും എന്നു തോന്നിപ്പോയി.
നീണ്ടു ചുരുണ്ട വെളുത്ത മുടികളുള്ള ഒരു കറുത്ത എലി ഒരു വശത്തെ സ്റ്റേജുപോലെ തോന്നിക്കുന്ന ഉയര്‍ന്ന ഒരിടത്ത് വന്നിരുന്നു. പെട്ടെന്ന് എല്ലാ എലികളും നിശബ്ദരായി. അപ്പോളാണ് എനിക്ക് കത്തിയത്. ഇത് കോടതിയാണ്. മൂഷിക കോടതി. എലികളുടെ കോടതി മനുഷ്യരുടെ കോടതി പോലെ അല്ല. മനുഷ്യരുടെ കോടതി ഞാന്‍ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇതു അതുപോലെയേ അല്ല.
എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തി വിചാരണ ആരംഭിച്ചു.
കുറ്റാരോപണമായിരുന്നു ആദ്യ ചടങ്ങ്.
കറുത്തിരുണ്ട എലികള്‍ നിരനിരയായി വന്ന് ഓരോരുത്തരായി എന്നെ ചൂണ്ടിക്കൊണ്ട് ആക്രോശിക്കാന്‍ തുടങ്ങി.
”ഇവന്റെ വര്‍ഗ്ഗമാണ് ഹാമെലിനിലെ ആ മാന്ത്രികനായ കുഴലൂത്തുകാരന്‍. വെസര്‍ നദിയിലെ നമ്മുടെ രക്തസാക്ഷികള്‍ക്ക് നീതി ലഭിക്കാന്‍ ഇവനെ മുക്കി കൊല്ലണം!”
”ഇവന്റെ വര്‍ഗം, നമ്മളില്‍ ഓരോരുത്തരെ സൂത്രത്തില്‍ കെണി വച്ച് പിടിച്ച് വെള്ളത്തില്‍ മുക്കി കൊല്ലുന്നു. ഇവനെയും അതുപോലെ ശ്വാസം മുട്ടിച്ച് കൊല്ലണം!”
”ഇവന്റെ കൂട്ടര്‍ നമ്മെ വിഷം വച്ച് കൊല്ലുന്നു. ഇവനെയും വിഷം കൊടുത്തു കൊല്ലണം!”
”ഇവന്റെ കൂട്ടര്‍ നമ്മളില്‍ അതിക്രൂര പരീക്ഷണങ്ങള്‍ നടത്തുന്നു. ഇവനെയും അറിയിക്കണം അതിന്റെ വേദന എന്തെന്ന്!”
”ഇവന്റെ കൂട്ടര്‍ നമ്മെ പരിഹസിക്കുന്നു. എലി എന്നാല്‍ ഇവര്‍ക്ക് പേടിയുടെ പര്യായമാണ്. ഇവന് കാണിച്ചു കൊടുക്കണം നമ്മള്‍ ആരാണെന്ന്!”
ഗുരുതരമായ ആരോപണങ്ങള്‍. കാര്യങ്ങളുടെ മട്ടു മാറി വരികയാണ്. തടിച്ചു കൂടിയ എലികള്‍ മുറുമുറുപ്പ് ആരംഭിച്ചു.
കൈകള്‍ ഉയര്‍ത്തി ബഹളങ്ങളെ ശമിപ്പിച്ചുകൊണ്ട് ന്യായാധിപനെലി എന്നോടായി ചോദിച്ചു
”ഏയ് മനുഷ്യാ, താങ്കള്‍ എന്തിനാണ് എന്റെ വര്‍ഗ്ഗത്തെ ചതിച്ചു കൊല്ലുവാനായി കെണി ഒരുക്കിയത്? ഞങ്ങള്‍ താങ്കളെ കുറെ ദിവസമായി നിരീക്ഷിച്ചു വരികയായിരുന്നു. താങ്കള്‍ക്ക് എന്ത് ബുദ്ധിമുട്ടാണ് ഞങ്ങള്‍ സൃഷ്ടിച്ചത്, കൊല്ലുവാന്‍ മാത്രമായിട്ട്?”
സത്യത്തില്‍ എനിക്ക് എലികളെ കൊല്ലണം എന്ന ഉദ്ദേശം തീരെ ഇല്ലായിരുന്നു. കെണിയില്‍ എലി പെട്ടാല്‍ പിന്നെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണമായും ഒരു തീരുമാനത്തില്‍ എത്തിയിരുന്നില്ല. പക്ഷെ അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞാന്‍ എന്റെ പ്രശ്‌നങ്ങള്‍ ഓരോന്നായി പറഞ്ഞു. രാത്രിയിലെ ബഹളം, എലിപ്പനി അങ്ങിനെ അങ്ങിനെ… ഓരോന്ന് കേള്‍ക്കുമ്പോളും അസഹിഷ്ണുക്കള്‍ ആയ ചില എലികള്‍ വലിയ ബഹളം ഉണ്ടാക്കുന്നുണ്ട്.
ന്യായാധിപന്‍ എല്ലാം സശ്രദ്ധം കേട്ടതിനു ശേഷം, തലമുതിര്‍ന്ന മറ്റു ചില എലികളുമായി ആലോചിച്ചു. അതിനുശേഷം പട്ടാളക്കാരനായ ഒരു എലിയോടു എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പട്ടാളത്തിന്റെ ഇടപെടലില്‍ സദസ്സ് ഏറെക്കുറെ ശാന്തമായി.
ന്യായാധിപന്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു.
”നിങ്ങള്‍ മനുഷ്യര്‍ സാങ്കേതിക വിദ്യയില്‍ വലിയ പ്രാവീണ്യം നേടിയവരാണ്. അതുകൊണ്ട് തന്നെ തികഞ്ഞ അഹങ്കാരികളുമാണ്. പ്രകൃതിക്ക് അനുസൃതമായി ജീവിക്കുന്നതിനു പകരം, പ്രകൃതിയെ വരുതിക്ക് വരുത്തുവാനാണ് നിങ്ങളുടെ ശ്രമം. ഞങ്ങള്‍ എലികള്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ്.”
ഞാന്‍ ഒന്നും മിണ്ടിയില്ല.
”ഓരോ ജീവിസമൂഹവും അവരവരുടേതായ രീതിയില്‍ സമ്പൂര്‍ണ്ണമാണ്. നോക്കൂ, ഞങ്ങളുടെ സാമൂഹിക ജീവിതം എത്രത്തോളം സന്തുലിതമാണെന്ന്. കേവലം ഭൗതികമായ പരിഷ്‌കാരങ്ങള്‍ ഞങ്ങളുടെ രീതി അല്ല. ഞങ്ങള്‍ നിങ്ങളുടെ കണ്ണില്‍ അപരിഷ്‌കൃതര്‍ ആയിരിക്കാം, പക്ഷെ ഞങ്ങള്‍ ആത്മീയതലത്തില്‍ നിങ്ങളേക്കാള്‍ വളരെയേറെ മുന്നേറിയിരിക്കുന്നു.”
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്താണിത്?! ഞാന്‍ എലികളുടെ ഒരു കോടതിയില്‍. എലികള്‍ക്കും കോടതിയോ?! എലികള്‍ ഇത്ര മാത്രം പരിഷ്‌കൃത വര്‍ഗമോ?! ഇത്രയും ബുദ്ധിയുള്ളവരും സാമൂഹികമായി വളരെയേറെ മുന്നേറിയവരും ആണ് എലികള്‍ എന്ന യാഥാര്‍ത്ഥ്യം ഞാന്‍ എങ്ങിനെ കാണാതെ പോയി! പുറമേ കാണുന്നത് പോലെയല്ല യാഥാര്‍ത്ഥ്യം. ശരിയാണ്. മനുഷ്യര്‍ അവരവരെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ.
ന്യായാധിപന്‍ തുടര്‍ന്നു. ”നിങ്ങള്‍ മനുഷ്യര്‍, ഭൂമി നിങ്ങളുടേത് മാത്രമാണ് എന്ന നിലയില്‍ പെരുമാറുന്നു. സഹജീവികളെ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നു. നിങ്ങളുടെ സ്വകാര്യ നേട്ടങ്ങള്‍ക്കായി അവരുടെ ആവാസ വ്യവസ്ഥ നിങ്ങള്‍ തകര്‍ക്കുന്നു. നിങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍, കാലാകാലമായി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഞങ്ങള്‍ കൂടിയാണ് അതിനുള്ള വില കൊടുക്കുന്നത് എന്നത് നിങ്ങള്‍ ഗൗനിക്കുന്നേ ഇല്ല.”
”ശരിയാണ്.” എന്റെ തല കുനിഞ്ഞു പോയി. ”മാപ്പ്. എന്നോട് പൊറുത്താലും. തെറ്റ് സംഭവിച്ചിരിക്കുന്നു എന്നത് ശരി തന്നെ. നിഷേധിക്കുന്നില്ല. പക്ഷെ എന്റെ കുലത്തിന് എലികളുമായി സ്ഥായിയായ ഒരു വൈര്യവും ഇല്ല. ഞങ്ങളുടെ സാഹിത്യത്തിലും, കലകളിലും, എന്തിനേറെ, ദൈവ സങ്കല്‍പ്പത്തില്‍ പോലും എലികള്‍ സജീവമായി നില്‍ക്കുന്നുണ്ട്. അതു കാണാതെ പോകരുതേ.”
ന്യായാധിപന്‍ രൂക്ഷമായി എന്നെ ഒന്നു നോക്കി. ”ഇതൊക്കെ തന്നെ പറഞ്ഞല്ലേ നിങ്ങള്‍ നിങ്ങളുടെ കൂട്ടത്തിലെ സ്ത്രീകളെ പറ്റിക്കുന്നത്. അതവിടെ നില്‍ക്കട്ടെ. സഹകരണവും സഹവര്‍ത്തിത്തവും തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. പക്ഷെ നിങ്ങളാണ് എല്ലാറ്റിനും മുകളില്‍ എന്ന ധാരണ തെറ്റാണ്. കാലാകാലമായി പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങളുടെ പരിണിതഫലം അനുഭവിക്കാന്‍ നിങ്ങള്‍ തികച്ചും ബാധ്യസ്ഥരാണ്. അല്ലാതെ ഞങ്ങളെ വെറുതെ ശിക്ഷിക്കരുത്.”
”ഇനി ഒരു ഉപദ്രവവും ഉണ്ടാക്കാതെ ജീവിച്ചോളാമേ. എന്നോട് പൊറുക്കണേ, യുവര്‍ ഓണര്‍”
”ഹഹ. താങ്കള്‍ എന്നെ യുവര്‍ ഓണര്‍ എന്നൊന്നും വിളിക്കേണ്ട. ഞങ്ങള്‍ എലികള്‍ക്കിടയില്‍ നിങ്ങളുടെതുപോലെ ഉച്ചനീചത്തങ്ങള്‍ ഇല്ല.”
എലികള്‍ കൂട്ടത്തോടെ ചിരിച്ചു.
ഞാന്‍ തല കുനിച്ചു നിന്നു. നമ്മള്‍ വെറും എലികള്‍ ആയി കാണുന്ന ഈ വര്‍ഗം എന്ത് മാത്രം പുരോഗതി പ്രാപിച്ച ജീവികളാണ്! പുരോഗതിക്ക് മാനദണ്ഡം സാങ്കേതികത മാത്രമാണെന്ന് കരുതുന്നത് എന്തു മാത്രം മൗഢ്യമാണ്! അവര്‍ക്കിടയില്‍ അവരില്‍ ഒരാളായി മാറുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ഒരു ന്യൂനതയും ഇല്ലെന്നു തിരിച്ചറിയുന്നത്.
ന്യായാധിപന്‍ തുടര്‍ന്നു. ”ആരെയും ഉപദ്രവിക്കണം എന്ന ചിന്താഗതി ഉള്ള കൂട്ടരല്ല ഞങ്ങള്‍. ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണ്.”
ഞാന്‍ ഒന്നും മിണ്ടിയില്ല.
”താങ്കള്‍ കെണി ഒരുക്കി എങ്കിലും താങ്കളുടെ കെണിയില്‍ ഞങ്ങളാരും വീണില്ല. എങ്കിലും കെണി ഒരുക്കുക എന്നത് ശിക്ഷിക്കപ്പെടേണ്ട തെറ്റ് തന്നെയാണ്. ശരി. എന്തായാലും താങ്കളെ ഇത്തവണ വെറുതെ വിട്ടിരിക്കുന്നു. ഇനി മേല്‍ ഞങ്ങളുടെ വംശത്തെ അനാവശ്യമായി ഉപദ്രവിക്കരുത്!”
ന്യായാധിപന്‍ എഴുന്നേറ്റു നടന്നു. കൂടെ മറ്റ് എലികളും. പോകുന്നതിനിടയില്‍ ന്യായാധിപന്‍ ഒന്ന് തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു
”താങ്കള്‍ ഒരു അദ്ധ്യാപകന്‍ അല്ലെ. തിരിച്ചു പോയി, നിങ്ങളുടെ പുതിയ തലമുറയെ എങ്കിലും ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കൂ.”
ഞാന്‍ തൊഴുകൈയോടെ നിന്നു.
ഇപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്. ഞാന്‍ സ്വന്തന്ത്രന്‍ ആക്കപ്പെട്ടു. എലികളുടെ കയ്യില്‍ വച്ച് ദാരുണമായ അന്ത്യം അങ്ങിനെ ഒഴിവായി. പക്ഷെ എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല.
രാവിലെ ഉണര്‍ന്ന് ഞാന്‍ നേരെ ചെന്നത് എലിക്കൂട് വച്ചിരുന്ന ഇടത്തേക്കാണ്. എലിക്കെണി വാ തുറന്നു തന്നെ ഇരിപ്പുണ്ട്. ചുട്ട തേങ്ങാ പ്പൂള് ഉള്ളില്‍ ഒരു പോറല്‍ പോലും ഇല്ലാതെ ഭദ്രം. ഞാന്‍ കെണിയെടുത്ത് സസൂക്ഷ്മം കൊളുത്തു മാറ്റി, അതുമായി തൊടിയിലേക്ക് നടന്നു. ഒരു മടവാള്‍ കൊണ്ട് ആഞ്ഞാഞ്ഞു വെട്ടി തുണ്ടം തുണ്ടമാക്കി, തൊടിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു.
ഇപ്പോളും തട്ടിന്‍പ്പുറത്ത് ഇടക്ക് ചില ബഹളം ഒക്കെ ഉണ്ടാകാറുണ്ട്. പക്ഷെ ഞാന്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ എന്നെ അതൊന്നും ബാധിക്കാറുമില്ല.