ജമ്മു-കാശ്മീരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് വെടിയൊച്ചയുടെയും ചോരയുടെയും മണമല്ല ഇപ്പോഴുള്ളത്. പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിച്ച് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി നടപ്പാക്കിവരുന്ന പദ്ധതികള്‍ ഫലപ്രാപ്തിയിലേക്കു കടക്കുന്നതിന്റെ സൂചനയാണിത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ബാലാക്കോട്ടില്‍ തിരിച്ചടി കൊടുത്തതോടെ പാകിസ്ഥാന്‍ ഏറെക്കുറെ പല്ല് കൊഴിഞ്ഞ അവസ്ഥയിലാണ്. സൈന്യത്തിന്റെ ശക്തമായ നടപടികള്‍ താഴ്‌വരയില്‍ ഭീകരരുടെ അഴിഞ്ഞാട്ടത്തിന് ഒരു പരിധിവരെ തടയിട്ടിരിക്കുകയാണ്. കള്ളപ്പണം പിടിക്കാന്‍ വേണ്ടി നടത്തിയ വ്യാപകമായ റെയ്ഡുകള്‍ ഭീകരരുടെ ധനസ്രോതസ്സുകളുടെ വേരറുത്തിരിക്കുന്നു. സര്‍വ്വോപരി കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റെടുത്തതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പത്തേതിലും ശക്തമായ തിരിച്ചടിയാണ് കിട്ടാന്‍ പോകുന്നതെന്ന സന്ദേശവും ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചുകഴിഞ്ഞു.
രണ്ടാം മോദി മന്ത്രിസഭയില്‍ കരുത്തനായ അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുകയും കൂടി ചെയ്തതോടെ ഇനി കളി മാറുമെന്ന സൂചനയും പുറത്തുവന്നുകഴിഞ്ഞു. അമിത് ഷായുടെ ആദ്യസന്ദര്‍ശനം കാശ്മീരിലേക്കായതും മൂന്നു ദശകത്തിലാദ്യമായി, കേന്ദ്രത്തില്‍ നിന്ന് ആരെങ്കിലും വരുമ്പോള്‍ ഹര്‍ത്താല്‍ നടത്തിയും കല്ലേറ് നടത്തിയും എതിരേല്‍ക്കുന്ന വിഘടനവാദികളുടെ പതിവ് ഇല്ലാതായതും മാറ്റത്തിന്റെ സൂചനയാണ്.
ഏഴുദശകത്തിലധികം നീണ്ട സംഘര്‍ഷത്തിന്റെ ചരിത്രമാണ് കാശ്മീരിനുള്ളത്. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും അതിന്റേതായ സമയമെടുക്കും. പാകിസ്ഥാന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഹൂറിയത്തും ജമാഅത്തെ ഇസ്ലാമിയും കാശ്മീരിനെ അവരുടെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമം ഇനിയും തുടരുമെന്നതിനാല്‍ അവരുടെ സ്വാധീനത്തിലുള്ള കാശ്മീരിലെ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനവും സസൂക്ഷ്മം നിരീക്ഷിക്കേണ്ടിവരും. കാശ്മീരിനെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും ഭാരതവുമായുള്ള അതിന്റെ ലയനത്തിലും 370-ാം വകുപ്പിലും എത്തുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കാശ്മീര്‍ പ്രശ്‌നത്തിന്റെ ഉത്തരവാദി ആദ്യപ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആവര്‍ത്തിക്കേണ്ടിവന്നത്. ഏതൊരു നാട്ടുരാജ്യത്തിന്റെയും ലയനം പോലെ തന്നെയാണ് രാജാ ഹരിസിംഗ് ഭാരതവുമായുള്ള ലയനക്കാരാറില്‍ ഒപ്പിട്ടത്. ഭാരതത്തിലോ പാകിസ്ഥാനിലോ ചേരാതെ സംശയിച്ചു നിന്ന കാശ്മീരിനെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിന്റെ ആവശ്യപ്രകാരം ആര്‍.എസ്.എസ്. സര്‍സംഘചാലകനായിരുന്ന ശ്രീ ഗുരുജിയാണ് രാജാ ഹരിസിംഗിനെ കണ്ടു സംസാരിച്ച് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ലയനക്കരാറില്‍ ഒപ്പിടാന്‍ സമ്മതിപ്പിച്ചത്. ശ്രീഗുരുജി വഹിച്ച ശ്രദ്ധേയമായ ഈ പങ്കിനെ തമസ്‌കരിക്കാന്‍ പല ചരിത്രകാരന്മാരും പത്രപ്രവര്‍ത്തകരും ശ്രമിക്കാറുണ്ട് എന്നതും വാസ്തവമാണ്. ‘ഇന്ത്യ: ഷെഡ്ഡിംഗ് ദി പാസ്റ്റ്, എമ്പ്രെയ്‌സിംഗ് ദ ഫ്യൂച്ചര്‍’ എന്ന കൃതിയില്‍ അരുണ്‍ ഭട്‌നാഗര്‍ കാശ്മീരിന്റെ ലയനത്തില്‍ ഗുരുജി വഹിച്ച പങ്കിനെകുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഷേക്ക് അബ്ദുള്ളയുമായുള്ള അടുപ്പം മൂലം പണ്ഡിറ്റ് നെഹ്‌റുവാണ് ഭരണഘടനയില്‍ 370-ാം വകുപ്പ് എഴുതിച്ചേര്‍ത്ത് കാശ്മീരിന് പ്രത്യേക പദവി നല്‍കിയത്. ഈ വകുപ്പ് എടുത്തു കളഞ്ഞാല്‍ മാത്രമേ കാശ്മീരിന് മറ്റേതൊരു സംസ്ഥാനത്തെയും പോലെ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഭാഗമായി നിന്ന് വികസനത്തിന്റെ പുതിയൊരു യുഗത്തിലേക്ക് മുന്നേറാന്‍ കഴിയുകയുള്ളൂ. കാശ്മീരിന്റെ മൂന്നിലൊരു ഭാഗം പാകിസ്ഥാന്റെ പിടിയിലായതിന്റെ ഉത്തരവാദിയും നെഹ്‌റുവാണ്. സൈനിക നടപടി തുടര്‍ന്നുകൊണ്ടിരിക്കേ, അനവസരത്തില്‍ കാശ്മീര്‍ പ്രശ്‌നം നെഹ്‌റു ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചതുകൊണ്ടാണ് ഭാരതത്തിന് ഇത്രയും പ്രദേശങ്ങള്‍ നഷ്ടമായതും കാര്‍ഗിലിലടക്കം യുദ്ധങ്ങള്‍ വേണ്ടിവന്നതും.
കുഴഞ്ഞുമറിഞ്ഞ സംസ്ഥാന രാഷ്ട്രീയത്തില്‍ ജമ്മു-കാശ്മീരിനു ഗുണകരമാവുന്ന വിധത്തില്‍ ശ്രദ്ധാപൂര്‍വ്വമായ ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്. അമിത്ഷായുടെ സംസ്ഥാന സന്ദര്‍ശന സമയത്ത് സൈനിക ഉദ്യോഗസ്ഥരുടെയും ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണത്തലവന്മാരുടെയും യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ കാശ്മീരില്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് വികസന പ്രക്രിയകള്‍ നടത്താന്‍ ഇത് സഹായകമാകും. മുമ്പ്, വിരമിച്ച പട്ടാളത്തലവന്മാരെയും മറ്റുമായിരുന്നു കാശ്മീരില്‍ ഗവര്‍ണര്‍മാരായി നിയമിച്ചിരുന്നത്. സത്യപാല്‍ മാലിക്കിനെ പോലുള്ള അനുഭവസമ്പന്നനായ ഒരു രാഷ്ട്രീയ നേതാവിനെ ഗവര്‍ണറായി നിയമിച്ചതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രശ്‌നപരിഹാരമാണ് കാശ്മീരില്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അനന്തനാഗില്‍ ജൂണ്‍ 12ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് അഹമ്മദ് ഖാന്റെ വസതി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ തുടക്കം. സംസ്ഥാനത്തു നടന്നു വരുന്ന വികസനപദ്ധതികള്‍ വിലയിരുത്തിയതും ശ്രദ്ധേയമായി. സമാധാനവും വികസനവുമാണ് കേന്ദ്രത്തിന്റെ കാശ്മീര്‍ നയത്തിന്റെ മുഖ്യഘടകങ്ങളെന്ന സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഭീകരാക്രമണം മൂലം കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് എല്ലാമുപേക്ഷിച്ച് ജമ്മുവിലേക്കും ദില്ലിയിലേക്കും അഭയാര്‍ത്ഥികളായി പോകേണ്ടിവന്ന മൂന്നുലക്ഷത്തിലധികം കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് വലിയ പ്രാധാന്യമാണുള്ളത്. താഴ്‌വരയില്‍ സമാധാനമുണ്ടാകുന്ന മുറയ്ക്ക് പലരും മടങ്ങാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ആസൂത്രിതമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ബി.ജെ.പി – പി.ഡി.പി ഭരണകാലത്ത് കാശ്മീരില്‍ അഞ്ചോ ആറോ ടൗണ്‍ഷിപ്പുകളിലായി ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും അതിനുപറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തില്‍ അന്ന് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതിരുന്ന ഈ പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാശ്മീരിന്റെ വികസനത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എണ്‍പതിനായിരം കോടി രൂപയുടെ പ്രധാനമന്ത്രിയുടെ വികസനപാക്കേജ് (പിഎംഡിപി) കാശ്മീരിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അതോടൊപ്പം ജമ്മു, ലഡാക്ക്, കാശ്മീര്‍ എന്നീ മൂന്നു മേഖലകളുടെയും സന്തുലിതമായ വികസനത്തിനും പക്ഷഭേദമില്ലാത്ത ഭരണസംവിധാനത്തിനും ആവശ്യമായ നടപടികളും ഗവര്‍ണറുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നു. നേരത്തെ പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിന്റെ താഴെ തട്ട് ശക്തമാക്കാനും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 3700 കോടി രൂപ കേന്ദ്രം നേരിട്ട് തദ്ദേശഭരണസ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക അധികാരവും മോദി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുമ്പ് പതിനായിരം രൂപ വരെയുള്ള പദ്ധതികള്‍ നടപ്പാക്കാനേ ഇവയ്ക്ക് അധികാരമുണ്ടായിരുന്നുള്ളൂ. അത് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അഴിമതി തടയാനും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. സൈന്യത്തില്‍ ചേരാന്‍ കാശ്മീരിലെ 5500ല്‍ പരം യുവാക്കള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അവര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ബാരാമുള്ളയില്‍ നടന്നുവരികയാണ്. അതിര്‍ത്തി പ്രദേശത്ത് ജനങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞതും വലിയ നേട്ടം തന്നെയാണ്.
ദേശീയ മുഖ്യധാരയിലേക്കുള്ള ജമ്മു കാശ്മീരിന്റെ കടന്നുവരവിനെ എന്തുവില കൊടുത്തും ചെറുക്കാന്‍ ഇസ്ലാമിക ഭീകരരും വിഘടനവാദികളും ശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍സവാഹിരിയുടെ വീഡിയോ സന്ദേശം ഇതിന്റെ സൂചനയാണ്. കാശ്മീരില്‍ ഭാരതസൈന്യത്തിനും സര്‍ക്കാരിനുമെതിരെ തുടരെ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ മുജാഹിദീനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് ഈ സന്ദേശത്തില്‍. കാശ്മീരില്‍ ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളും അനുവദിക്കുകയില്ലെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘സീറോ ടോളറന്‍സ്’ നയം എല്ലാ ഭീകരര്‍ക്കുമുള്ള ശക്തമായ മറുപടിയാണ്. കാശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന ഏതൊരു നടപടിക്കും മുഴുവന്‍ ദേശസ്‌നേഹികളുടെയും പിന്തുണ ഉണ്ടെന്ന കാര്യം ഇതിനകം വ്യക്തമായതാണ്.
Comments