വേദത്തിന്റെ നിര്‍ണ്ണയമെന്നാണ് വേദാന്ത ശബ്ദത്തിനര്‍ത്ഥം. ‘അന്ത’ ശബ്ദത്തിന് നിര്‍ണ്ണയമെന്ന് അര്‍ത്ഥമുണ്ട്. വേദം, വിശേഷിച്ചും ഉപനിഷത്തുകള്‍ അദ്വൈതബ്രഹ്മതത്ത്വത്തെയാണ് സിദ്ധാന്തപക്ഷമായി സ്വീകരിച്ചിരിക്കുന്നതെന്നുള്ള വസ്തുത ദാര്‍ശനികദൃഷ്ടിയില്‍ നിരൂപണം ചെയ്യുന്ന ഗ്രന്ഥമാണ് വേദാന്ത സൂത്രങ്ങള്‍. ഉത്തരമീമാംസാസൂത്രങ്ങളെന്നും ശാരീരക സൂത്രങ്ങളെന്നും ബ്രഹ്മസൂത്രങ്ങളെന്നും മറ്റും ഇവ അറിയപ്പെടുന്നുണ്ട്. ഈ സൂത്രങ്ങളുടെ കര്‍ത്താവ് ബാദരായണമഹര്‍ഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഉപനിഷത്സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായി നാസ്തികദര്‍ശനങ്ങളിലും ആസ്തികദര്‍ശനങ്ങളിലും ഉന്നയിച്ചിട്ടുള്ള വാദങ്ങളേയും സിദ്ധാന്തങ്ങളേയും ഖണ്ഡിച്ച് അദ്വൈത ബ്രഹ്മതത്ത്വത്തെ ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും ഇണങ്ങത്തക്കവണ്ണം രചിക്കപ്പെട്ടിട്ടുള്ളതാണ് വേദാന്തസൂത്രങ്ങള്‍, സമന്വയാദ്ധ്യായം, അവിരോധാദ്ധ്യായം, സാധനാദ്ധ്യായം, ഫലാദ്ധ്യായം എന്ന് നാലദ്ധ്യായങ്ങളായി അഞ്ഞൂറ്റി അന്‍പത്തിയഞ്ച് വേദാന്തസൂത്രങ്ങള്‍ വിഭജിച്ചിരിക്കുകയാണ്. ഒന്നാമദ്ധ്യായത്തില്‍ വേദാന്തവാക്യങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ജീവബ്രഹ്മൈക്യത്തെയാണ് ബോധിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു. രണ്ടാമദ്ധ്യായത്തില്‍ അദ്വൈതസിദ്ധാന്തത്തിനു വിരുദ്ധമായി പുറപ്പെടുവിച്ചിട്ടുള്ള വാദങ്ങളേയും സിദ്ധാന്തങ്ങളേയും ഖണ്ഡിച്ച് ശ്രുതിക്കിണങ്ങുന്ന യുക്തികള്‍കൊണ്ട് അദ്വൈതത്തെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മൂന്നാമദ്ധ്യായത്തില്‍ വേദാന്തസമ്മതമായ സാധനകളെക്കുറിച്ച് വിവരിക്കുന്നു. വിവേകം, വൈരാഗ്യം തുടങ്ങി മോക്ഷത്തിന്റെ ബഹിരംഗങ്ങളും ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം, വിവേകം, വൈരാഗ്യം, ശ്രവണം, മനനം, നിദിദ്ധ്യാസനം മുതലായ അന്തരംഗ സാധനകളുമാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാലാമദ്ധ്യായത്തില്‍, നിര്‍ഗുണബ്രഹ്മവിദ്യയുടെ ഫലം ഇഹലോകത്തില്‍വെച്ചുതന്നെ സദ്യോമുക്തിയടയുകയെന്നതാണെന്നുമാണ് വിസ്തരിച്ച് പ്രസ്താവിച്ചിരിക്കുന്നത്.
സൂത്രരൂപത്തിലുള്ള ദര്‍ശനസാഹിത്യങ്ങള്‍ ഏതാണ്ടൊരുമിച്ചുതന്നെയാണ് വളര്‍ന്നു വികസിച്ചിട്ടുള്ളതെന്ന് നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലമാണ് ദര്‍ശനസൂത്രങ്ങളുടെ രചനാ കാലമെന്ന് ഊഹിക്കപ്പെടുന്നു. ഓര്‍മ്മിച്ചിരിക്കത്തക്കവണ്ണം സ്വസിദ്ധാന്തങ്ങളെ വളരെ സംക്ഷേപിച്ച് അര്‍ത്ഥഗര്‍ഭമായ വാക്യങ്ങളില്‍ എഴുതിയിട്ടുള്ളതാണ് ദര്‍ശനസൂത്രങ്ങള്‍. സൂത്രങ്ങള്‍ മാത്രം വായിച്ചാല്‍ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യമുള്ളവര്‍ക്കുപോലും അവയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ വളരെ പ്രയാസമുണ്ട്. അതിനാല്‍ സൂത്രകാലത്തിനുശേഷം എല്ലാ ദര്‍ശനസൂത്രങ്ങള്‍ക്കും, അര്‍ത്ഥം വ്യക്തമാക്കുന്നതിന് ആചാര്യന്മാര്‍ ഭാഷ്യങ്ങള്‍ എഴുതിയിട്ടുണ്ട്. സൂത്രങ്ങളിലെ പദങ്ങളനുസരിച്ച് വ്യാഖ്യാനിച്ച് പൂര്‍വ്വപക്ഷങ്ങള്‍ കാണിച്ച് അവയെ ഖണ്ഡിച്ച് സിദ്ധാന്തപക്ഷങ്ങള്‍ സ്ഥാപിക്കുന്ന രീതിയിലാണ് ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഭാഷ്യങ്ങളും അവയ്ക്ക് വാര്‍ത്തികങ്ങളും ടീകകളും ഉണ്ടായിട്ടുണ്ട്.
ഇങ്ങനെ വൈദികദര്‍ശനസാഹിത്യം വളരെയേറെ ഗ്രന്ഥസമ്പത്തുകൊണ്ട് പരിപുഷ്ടമാണ്.
വ്യാസനെപ്പോലെതന്നെ ആത്രേയന്‍, ആശ്മരഥ്യന്‍, കാര്‍ഷ്ണാജനീ, കാശകൃത്സ്‌നന്‍, ജൈമിനി, ബാദരി തുടങ്ങിയ ആചാര്യന്മാരും വേദാന്തതത്ത്വപരമായ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നതായി ബ്രഹ്മസൂത്രത്തില്‍ നിന്ന് മനസിലാക്കാം. എന്നാല്‍, ആ ആചാര്യന്മാരുടെ ഗ്രന്ഥങ്ങള്‍ ഇതുവരേയും കണ്ടുകിട്ടിയിട്ടില്ല. വ്യാസന്റെ പുത്രനും ശിഷ്യനുമായ ശൂകബ്രഹ്മര്‍ഷിയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഗൗഡപാദാചാര്യരും അദ്ദേഹത്തിന്റെ ശിഷ്യന്‍ ശങ്കരാചാര്യരുമാണ് വേദാന്തദര്‍ശനത്തെ പ്രചരിപ്പിച്ചത്. ശ്രീശങ്കരാചാര്യരാണ് ബ്രഹ്മസൂത്രങ്ങള്‍ക്ക് വിചാരപ്രധാനവും പാണ്ഡിത്യപൂര്‍ണ്ണവും യുക്തിയുക്തവുമായ ഭാഷ്യം ആദ്യമായി രചിച്ചത്. ബ്രഹ്മസൂത്രങ്ങള്‍ക്കു മാത്രമല്ല, ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും സനത്സുജാതീയത്തിനും കൂടി അദ്ദേഹം ഭാഷ്യം എഴുതുകയും സ്വതന്ത്രങ്ങളായ അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത് അദ്വൈത ബ്രഹ്മദര്‍ശനത്തെ ഉല്‍കൃഷ്ടമായ ഒരു വിചാരശാസ്ത്രമായും അനുഭൂതിപ്രധാനമായ ഒരു മതമായും ഉയര്‍ത്തുകയുണ്ടായി. നമ്മുടെ കേരളത്തില്‍ കാലടിയിലുണ്ടായിരുന്ന കൈപ്പള്ളില്‍ എന്ന നമ്പൂതിരിഗൃഹത്തില്‍ ക്രിസ്തുവര്‍ഷം എഴുന്നൂറ്റിഎണ്‍പത്തിയെട്ടില്‍ ജനിച്ച അദ്ദേഹം എട്ടാമത്തെ വയസ്സില്‍ നാലു വേദങ്ങളും പന്ത്രണ്ടാമത്തെ വയസ്സില്‍ സര്‍വ്വശാസ്ത്രങ്ങളും പഠിച്ചതിനുശേഷം കേരളം വിട്ടു നര്‍മ്മദയില്‍ ചെന്ന് ഗോവിന്ദപാദാചാര്യരില്‍ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച് കാശിയെ കേന്ദ്രമാക്കി വൈദികധര്‍മ്മത്തെ പ്രചരിപ്പിക്കുവാന്‍ തുടങ്ങിയെന്നുള്ളത് അവിശ്വസനീയമായ ഒരു ചരിത്രസത്യമാണ്. മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സ്ഥൂലശരീരം ഉപേക്ഷിച്ച് പരമപദമടഞ്ഞു. ഇക്കാലത്തിനിടയില്‍ അനേകം വേദാന്തഗ്രന്ഥങ്ങള്‍ രചിക്കുകയും പണ്ഡിതന്മാരുമായി വാദം നടത്തി അവരെ തന്റെ അനുയായികളാക്കിത്തീര്‍ക്കുകയും ചെയ്തു. ശ്രീ ശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാലു ഭാഗത്തും ഓരോ സന്ന്യാസിമഠങ്ങള്‍ സ്ഥാപിച്ച് തന്റെ ശിഷ്യന്മാരെ അവിടെ താമസിപ്പിച്ച് അദ്വൈത സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുവാന്‍ നിയോഗിച്ച ചരിത്രം ചരിത്രകാരന്മാരെല്ലാം അത്ഭുതത്തോടുകൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശാലഭാരതത്തിന്റെ സാംസ്‌ക്കാരികമായ ഐക്യം സ്ഥാപിച്ച പരിവ്രാജകസാര്‍വ്വഭൗമനായിട്ടാണ് പലരും അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുള്ളത്.
മീമാംസകന്മാരെപ്പോലെതന്നെ വേദാന്തികളും പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം, അര്‍ത്ഥാപത്തി, അനുപലബ്ധി ഈ ആറു പ്രമാണങ്ങള്‍ വഴിയാണ് വേദവാക്യങ്ങളെ പരിശോധിച്ച് തത്ത്വനിര്‍ണ്ണയം ചെയ്യുന്നത്. ജീവന് അവിദ്യാദശയെന്നും വിദ്യാദശയെന്നും രണ്ടവസ്ഥയുണ്ട്. അവിദ്യാദശയാണ് വ്യാവഹാരികസത്ത. ബ്രഹ്മം, ഈശ്വരന്‍, ജീവന്‍, ജീവനും ഈശ്വരനും തമ്മിലുള്ള ഭേദം, അവിദ്യ(മായ), അവിദ്യയും ബ്രഹ്മവും തമ്മിലുളള ചേര്‍ച്ച ഇങ്ങനെ ആറു തത്ത്വങ്ങള്‍ക്ക് വേദാന്തികള്‍ അവിദ്യാദശയില്‍ വ്യാവഹാരികസത്ത നല്‍കിയിട്ടുണ്ട്. പ്രപഞ്ചം ജീവന്റേയും ഈശ്വരന്റേയും ഉപാധികളായിട്ടാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സമഷ്ടിപ്രപഞ്ചം ഈശ്വരോപാധിയും വ്യഷ്ടിപ്രപഞ്ചം ജീവോപാധിയുമാണ്. അവിദ്യാദശയില്‍ വര്‍ത്തിക്കുന്ന ജീവന്‍ ദുഃഖനാശത്തിനും സുഖപ്രാപ്തിക്കും വേണ്ടിയാണ് പരിശ്രമിക്കുന്നത്. ജീവന്റെ വാസ്തവസ്വരൂപം ബ്രഹ്മം തന്നെയാണ്. എന്നാല്‍ അജ്ഞാനം നിമിത്തം അതു വിസ്മരിച്ച് ദേഹാഭിമാനം കൈക്കൊണ്ടിരിക്കുകയാണ്. ധര്‍മ്മാചരണംകൊണ്ട് അന്തഃകരണശുദ്ധിയും ഗുരുമുഖത്തു നിന്നുളള വേദാന്തവാക്യശ്രവണംകൊണ്ട് ആത്മബോധവുമുണ്ടാകുമ്പോള്‍ അജ്ഞാനം നശിച്ച് താന്‍ ബ്രഹ്മമാണെന്നുള്ള ബോധം ആ ജീവനുണ്ടാകും. അതാണ് വിദ്യാദര്‍ശനം. മൂന്നു കാലത്തും മാറ്റമില്ലാത്ത ബ്രഹ്മം പരമാര്‍ത്ഥസത്തയും വ്യവഹാരകാലത്തുമാത്രം നിലനില്‍ക്കുന്ന ഈശജീവാദിതത്ത്വങ്ങള്‍ വ്യാവഹാരികസത്തയും ഭ്രമംനിമിത്തം തോന്നുന്ന രജ്ജുസര്‍പ്പം മുതലായവ പ്രാതിഭാസികസത്തയുമാണ്.
പാരമാര്‍ത്ഥികസത്താബോധമുണ്ടാകുമ്പോള്‍ വ്യാവഹാരികസത്തയും വ്യാവഹാരികസത്താബോധമുണ്ടാകുമ്പോള്‍ പ്രാതിഭാസികസത്തയും മറയും. അതിനാല്‍ ബ്രഹ്മബോധമുണ്ടാകുമ്പോള്‍ ഈശന്‍, ജഗത്ത് ഈ ഭേദബുദ്ധിയെല്ലാം നശിച്ച് ജീവന് അദ്വൈതാനുഭൂതിയുണ്ടാകും. ഇതാണ് ശ്രീശങ്കരാചാര്യസ്വാമികളുടെ ബ്രഹ്മസൂത്രഭാഷ്യത്തിലെ അദ്വൈതവേദാന്ത സിദ്ധാന്തത്തിന്റെ ചുരുക്കം.
”വേദാന്തസിദ്ധാന്തനിരുക്തിരേഷാ
ബ്രഹ്മൈവ ജീവഃസകലം ജഗച്ച
അഖണ്ഡസൗഖ്യസ്ഥിതിരേവ മോക്ഷഃ
ബ്രഹ്മാദ്വിതീയേ ശ്രുതയഃ പ്രമാണം”
എന്ന ശ്ലോകത്തില്‍ അദ്വൈതബ്രഹ്മദര്‍ശനം മുഴുവന്‍ ശ്രീ ശങ്കരാചാര്യര്‍ സംഗ്രഹിച്ചു കാണിക്കുന്നു.
ജീവനും എല്ലാ ജഗത്തും ബ്രഹ്മം തന്നെയാണ്. അഖണ്ഡസൗഖ്യസ്ഥിതിതന്നെ മോക്ഷം. ഇതാണ് വേദാന്തസിദ്ധാന്തനിര്‍വ്വചനം. ബ്രഹ്മം അദ്വിതീയമാണെന്നുള്ളതിന് വേദവാക്യങ്ങളും അനുഭൂതിസമ്പന്നന്മാരായ സത്തുക്കളുടെ ഉപദേശങ്ങളുമാണ് പ്രമാണം. എന്നാണ് പ്രസ്തുതശ്ലോകത്തിന്റെ സാരം. സ്വപ്നത്തില്‍ തോന്നുന്ന ജ്ഞാതൃജ്ഞാനജ്ഞേയരൂപമായ നാനാതരത്തിലുള്ള പ്രപഞ്ചം സത്യമാണെന്ന് അപ്പോള്‍ അനുഭവപ്പെട്ടാലും ഉണരുമ്പോള്‍ അതെല്ലാം സ്വപ്നസാക്ഷിമാത്രമായിരുന്നുവെന്ന് ബോധിക്കാന്‍ കഴിയും. അതുപോലെ ജാഗ്രദാദി മുന്നവസ്ഥകളിലും അനുഭവപ്പെടുന്ന പ്രപഞ്ചം പരജാഗ്രത്തില്‍ – ആത്മബോധത്തില്‍ – അവസ്ഥാത്രയസാക്ഷിയും സച്ചിന്മയവുമായ ബ്രഹ്മം മാത്രമാണെന്ന് അനുഭവപ്പെടും. ആ അനുഭൂതിയില്‍ മായയും ഈശ്വരനും ജീവനും ജഗത്തും ബ്രഹ്മസ്വരൂപമായി പ്രകാശിക്കും. അങ്ങനെയുളള അവസ്ഥയാണ് അഖണ്ഡസുഖമായ കൈവല്യം.