‘ഈ ജന്മത്തില്‍ ഇങ്ങനെയൊരു കാഴ്ച കാണാനാകുമെന്നു കരുതിയില്ല.’ കണ്ണീര്‍തുടച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലെ ഒരു മുതിര്‍ന്ന സ്വയംസേവകന്‍ പറഞ്ഞു. 1960കളില്‍ കേസരി ഓഫീസില്‍ വന്നു വാരിക മടക്കി റാപ്പറൊട്ടിച്ചു തപാലാപ്പീസിലെത്തിക്കാന്‍ സഹായിച്ചിരുന്ന സ്വയംസേവകനാണ് അയാള്‍. അന്നത്തെ ഒറ്റമുറി വാടകകെട്ടിടത്തില്‍ നിന്നും സ്വന്തം ബഹുനില സൗധത്തിലേയ്ക്കുള്ള വളര്‍ച്ച സ്വന്തം കണ്ണുകൊണ്ടു കാണാന്‍ സാധിച്ചതിലെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.
കേസരിയുടെ കാര്യാലയത്തിന്റെ ഉദ്ഘാടനം സ്വന്തം വീടിന്റെ ഗൃഹപ്രവേശനംപോലെ കരുതിയവരായിരുന്നു കോഴിക്കോട് വിഭാഗിലെ സ്വയംസേവകര്‍. ദിവസങ്ങളായി അവര്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കയായിരുന്നു. പണിപൂര്‍ത്തിയായി വരുന്ന കെട്ടിടം വൃത്തിയാക്കാന്‍ അവര്‍ വിവിധ ബാച്ചുകളായി രംഗത്തിറങ്ങി. കെട്ടിടം വൃത്തിയാക്കല്‍, അലങ്കരിക്കല്‍, ഭക്ഷണ വ്യവസ്ഥ, രക്ഷക് വ്യവസ്ഥ, അതിഥികളെ സ്വീകരിക്കല്‍, ഗതാഗതസംവിധാനം നിയന്ത്രിക്കല്‍, എല്ലാവര്‍ക്കും സദ്യ നല്‍കല്‍, പരിപാടി എല്‍.ഇ.ഡി സംവിധാനത്തിലൂടെ കാണാനുള്ള സംവിധനമൊരുക്കല്‍ എന്നുവേണ്ട എല്ലാകാര്യങ്ങളും അവര്‍ ഏറ്റെടുത്തു സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വ്വഹിച്ചു.
28-ാം തീയതി വൈകുന്നേരം കെട്ടിടം വൃത്തിയാക്കുന്ന സേവനം നഗരത്തിലെ അമ്മമാര്‍ ഏറ്റെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കാളികളായി. പിറ്റേന്നു രാവിലെ വീണ്ടുമെത്തി അവര്‍ സര്‍സംഘചാലകനെ സ്വീകരിക്കാനും മുന്നിലുണ്ടായിരുന്നു. താലപ്പൊലിയും പുഷപാര്‍ച്ചനയുമായാണ് അവര്‍ സര്‍സംഘചാലകനെ സ്വീകരിച്ചത്. കെട്ടിടം ഭംഗിയായി അലങ്കരിച്ചത് പന്തീരാങ്കാവ്, ചാലപ്പുറം നഗരങ്ങളിലെ സ്വയംസേവകരാണ്.
പന്നിയങ്കരയില്‍ സര്‍സംഘചാലകന്‍ താമസിച്ചിരുന്ന വീട്ടിലും അദ്ദേഹത്തിന്റെ യാത്രയിലുടനീളവും രക്ഷക് വ്യവസ്ഥ ചെയ്തത് മഹാനഗരത്തിലെ സംഘകാര്യകര്‍ത്താക്കളായിരുന്നു. ചാലപ്പുറം, വെള്ളയില്‍ നഗരങ്ങളില്‍ നിന്നുള്ള 20 സ്വയംസേവകര്‍ക്കായിരുന്നു അതിന്റെ ചുമതല. കെട്ടിടത്തിനു മുന്‍വശത്തു ഗതാഗത തടസ്സമുണ്ടാവാത്തവിധം നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു കേസരിജംഗ്ഷന്‍ മുതല്‍ ചാലപ്പുറം പോസ്റ്റ് ഓഫീസ് വരെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക രക്ഷക് സംവിധാനം ഏര്‍പ്പെടുത്തിയത് പോലീസിന്റെ ജോലിഭാരം കുറച്ചു. പന്തീരാങ്കാവ്, ബേപ്പൂര്‍, ചാലപ്പുറം നഗരങ്ങളില്‍ നിന്നുള്ള സ്വയംസേവകരാണ് ഈ ചുമതല നിര്‍വ്വഹിച്ചത്.
കോവിഡ് നിയന്ത്രണ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ചിരുന്നു. താപപരിശോധന, കൈകഴുകല്‍ സംവിധാനം, സാനിറ്റൈസര്‍ എന്നിവ വഴി കോവിഡ് ജാഗ്രത പുലര്‍ത്തി. എല്ലാവര്‍ക്കും കുടിവെള്ളം വിതരണം ചെയ്തു.

ഉദ്ഘാടനദിവസത്തിന് നാലുദിവസം മുമ്പ് കെട്ടിടം സന്ദര്‍ശിച്ചവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. പണിപൂര്‍ത്തിയാകുമോ എന്നവര്‍ ഭയന്നു. അവിടെ കുന്നുകൂടിക്കിടക്കുന്ന കല്ലും മണ്ണും മറ്റുസാധനങ്ങളും കണ്ട് അവര്‍ ആശങ്കപ്പെട്ടു. എന്നാല്‍ ഡിസംബര്‍ 29ന് രാവിലെ വന്ന അവര്‍ അതിശയിച്ചു. എല്ലാം മാറ്റി കെട്ടിടം പുതുമോഡിയോടെ നില്‍ക്കുന്നു. സ്വയംസേവകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിരുന്നു ഈ മാറ്റം.


ശങ്കര്‍ശാസ്ത്രി, രാഘവേട്ടന്‍, മാധവ്ജി, പരമേശ്വര്‍ജി, പി.കെ.സുകുമാരന്‍ തുടങ്ങിയവരെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഉദ്ഘാടനത്തിനെത്തിയ പലരുടെയും മനസ്സിനെ മഥിച്ചത്. ഈ രംഗം കാണാന്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ ഗദ്ഗദകണ്ഠരായി പറഞ്ഞു.
കൊറോണ നിയന്ത്രണം മൂലം ഉദ്ഘാടനനാളിലെ സദ്യ രണ്ടുംമൂന്നും നിലകളിലാണ് സംവിധാനം ചെയ്തത്. 12.35ന് തന്നെ സദ്യ ആരംഭിച്ചു. സര്‍സംഘചാലകനും മുതിര്‍ന്ന കാര്യകര്‍ത്താക്കളും മറ്റ് സ്വയംസേവകരുമെല്ലാം അവിടെതന്നെ ഭക്ഷണം കഴിച്ചു. ഗൃഹപ്രവേശനത്തിന്റെ മധുരപൂര്‍ണ്ണമായ സദ്യ. ആയിരത്തഞ്ഞൂറിലധികം പേര്‍ സദ്യയുണ്ടു. രണ്ടാം നിലയില്‍ ബുഫെ രീതിയിലാണ് ഭക്ഷണം വിളമ്പിയത്.