മാധ്യമങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മൂല്യബോധമുള്ള മാധ്യമപ്രവര്‍ത്തനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ അപചയം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. പാരമ്പര്യം അവകാശപ്പെടുന്ന പല മാധ്യമങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇത് കണ്ടെത്താനാവും. സഹജീവിസ്‌നേഹംകൊണ്ടും പരസ്പര ധാരണകൊണ്ടും പലരും ഇതൊന്നും വിളിച്ചു പറയാറിെല്ലന്നു മാത്രം. ഇതൊരൊഴുക്കാണ്. ഈ ഒഴുക്കിനെതിരെ നീന്താനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയും, ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളിലൊന്നാണ് കേസരി. ഏഴ് പതിറ്റാണ്ടുകാലത്തെ പ്രയാണത്തിനിടെ പ്രതിസന്ധികളെ അതിജീവിച്ചും, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയും കേവലമായ നിലനില്‍പ്പിനപ്പുറം കേരളത്തിന്റെ മനസ്സിനെ ദേശീയോന്മുഖമാക്കുന്നതില്‍ കേസരി വഹിച്ച പങ്ക് വളരെ വലുതാണ്. ഈ മുന്നേറ്റം ഇപ്പോള്‍ മഹത്തായ ഒരു കുതിച്ചുചാട്ടത്തിലെത്തിനില്‍ക്കുകയാണ്. അതിന്റെ സാക്ഷാത്കാരമാണ് വാരിക പിറവിയെടുത്ത കോഴിക്കോടിന്റെ മണ്ണില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആസ്ഥാന മന്ദിരവും മാധ്യമ പഠനഗവേഷണ കേന്ദ്രവും.
ദേശീയതയോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഒരു സമീപനം, ദേശീയ മുഖ്യധാരയില്‍ ചേരാന്‍ വിസമ്മതിക്കുന്ന മനോഭാവം കേരളത്തിനുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങളാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പലവിധത്തിലുള്ള വൈദേശിക സമ്പര്‍ക്കങ്ങള്‍ക്കും അവസരം ലഭിച്ചതിനാല്‍ അതിരുവിട്ട ഒരു പാശ്ചാത്യാഭിമുഖ്യം കേരളത്തില്‍ രൂപപ്പെട്ടു. 1599 ലെ ഉദയംപേരൂര്‍ സുന്നഹദോസായാലും, 1921 ലെ മാപ്പിളലഹളയായാലും, 1946 ലെ പുന്നപ്ര വയലാര്‍ സമരമായാലും ദേശീയധാരയോട് വിഘടിക്കുന്ന കേരളത്തെയാണ് അടയാളപ്പെടുത്തുന്നത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലേക്ക് വരുമ്പോഴും ഇത് കാണാം. സ്വാഭാവികമായും ഇത്തരം ആശയങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യമ ശക്തികളാണ് കേരളത്തില്‍ പ്രാമുഖ്യം നേടിയത്. ദേശവിരുദ്ധം എന്നുപോലും വിശേഷിപ്പിക്കാന്‍ മടിക്കേണ്ടതില്ലാത്ത ഈയൊരു മാധ്യമ അന്തരീക്ഷത്തിലാണ് കേസരി അതിനെതിരായി പിറവികൊണ്ടത്.
സാംസ്‌കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ദേശീയപക്ഷത്തുനിന്ന് ചിന്തിക്കുന്ന ‘കേസരി’യെപ്പോലെ മറ്റൊരു വാരിക മലയാളത്തിലില്ല എന്നു നിസ്സംശയം പറയാം. മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കാനും തമസ്‌കരിക്കാനും ശ്രമിക്കുന്ന വിഷയങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ഒരു വാരികയെന്ന നിലയ്ക്ക് കേസരി കാണിക്കുന്ന ശ്രദ്ധയും പ്രതിബദ്ധതയും മറ്റൊന്നിനും അവകാശപ്പെടാനാവില്ല. കേസരി ഒരു പക്ഷത്തും മറ്റുള്ളവര്‍ മറുപക്ഷത്തുമായി പതിറ്റാണ്ടുകള്‍ തുടര്‍ന്ന പോരാട്ടങ്ങളില്‍ വിജയം കേസരിക്കൊപ്പം നിന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
അയോധ്യാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
സ്വാതന്ത്ര്യസമരത്തിനു തുല്യമായ ജനവികാരവും പങ്കാളിത്തവുംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മുന്നേറ്റമായിരുന്നു അയോദ്ധ്യാ പ്രക്ഷോഭം. രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ച ദേശാഭിമാനികളുടെ പക്ഷത്തായിരുന്നു നൂറുശതമാനവും നീതിയെങ്കിലും ‘ബാബറി മസ്ജിദി’നുവേണ്ടി നിലകൊള്ളുകയായിരുന്നുവല്ലോ ബഹുഭൂരിപക്ഷം പത്ര-ദൃശ്യമാധ്യമങ്ങളും. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെയുള്ള നാല് പതിറ്റാണ്ടുകാലം ഇടവേളകളില്ലാതെ നടന്ന രാമജന്മഭൂമി വിമോചനത്തിനുള്ള പോരാട്ടത്തെ ഒപ്പിയെടുത്തത് കേസരിയുടെ താളുകളാണ്. ഇക്കാലയളവിലെ കേസരിയുടെ ലക്കങ്ങളില്‍നിന്ന് അയോധ്യാ പ്രക്ഷോഭത്തിന്റെ ചരിത്രം രചിക്കാന്‍ കഴിയും.
ദേശീയാഭിലാഷത്തെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും സ്വതന്ത്ര ഭാരതത്തില്‍ അയോധ്യാ പ്രക്ഷോഭത്തിന് അനുകൂലമായുണ്ടായ വിധിയാണ് 2015 ല്‍ അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാംലാല വിഗ്രഹ പ്രതിഷ്ഠയുള്ളയിടം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന ഈ വിധിയുടെ പ്രാധാന്യം, അത് ഹിന്ദുക്കള്‍ക്കനുകൂലമാണ് എന്ന ഒറ്റക്കാരണത്താല്‍ മറച്ചുപിടിക്കുകയായിരുന്നു പല മാധ്യമങ്ങളും. ഇങ്ങനെയൊരു വിജയം ഹിന്ദു സമൂഹത്തിന് ലഭിച്ചിട്ടില്ലെന്ന മട്ടിലാണ് കോഴിക്കോട്ടുനിന്നു തന്നെ പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ വാരിക പ്രത്യേക പതിപ്പ് ഇറക്കിയത്. എന്നാല്‍ നിരവധി ലക്കങ്ങളിലായി ഈ വിധിയുടെ ശരിയായ ഉള്ളടക്കം വായനക്കാരിലെത്തിച്ചത് കേസരിയാണ്. തര്‍ക്കഭൂമിയില്‍ നിലനിന്നിരുന്നത് ക്ഷേത്രമായിരുന്നുവെന്നും, അത് തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നും ഉത്ഖനനത്തില്‍ തെളിഞ്ഞപ്പോള്‍ ആ ദൗത്യത്തില്‍ പങ്കാളിയായ ഡോ. കെ.കെ. മുഹമ്മദിന്റെ അഭിമുഖമുള്‍പ്പെടെ പ്രസിദ്ധീകരിച്ച് വായനക്കാരെ ബോധവല്‍ക്കരിച്ചത് കേസരിയാണ്. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ ഇസ്ലാമിക ശക്തികളെയും ഇടതുപക്ഷത്തെയും കപടമതേതരവാദികളെയും പ്രതിനിധീകരിക്കുന്ന മാധ്യമങ്ങള്‍ ഒരുഭാഗത്ത് അണിനിരന്നപ്പോള്‍, കേസരി ശക്തമായി പോരാടി വിജയം വരിച്ചു. ഏറ്റവുമൊടുവില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിയ ചരിത്രപരമായ സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ ശരിവയ്ക്കപ്പെട്ടത് കേസരിയുടെ നിലപാടാണ്.
ലൗജിഹാദിനെതിരെ തുറന്ന പോരാട്ടം
ലൗ ജിഹാദ് എന്നത് ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. കേരളത്തില്‍ നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ജിഹാദി ശക്തികള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ-ഭരണ പിന്തുണയുടെ ബലത്തില്‍ ലൗജിഹാദ് എന്നൊന്ന് ഇല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് പല മലയാള മാധ്യമങ്ങളും ശ്രമിച്ചത്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നത്. ലൗജിഹാദിന്റെ ഇരകള്‍ തന്നെ അക്കാര്യം തുറന്നു പറഞ്ഞിട്ടും അത് ഗൗരവത്തിലെടുക്കാന്‍ ഇടതു-ഇസ്ലാമിക പക്ഷപാതം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ തയ്യാറായില്ല.
ഇക്കാര്യത്തില്‍ വലിയൊരു പോരാട്ടം തന്നെയാണ് കേസരി നടത്തിയത്. ഒടുവില്‍ അത് വിജയം കണ്ടു. ദേശീയ മാധ്യമങ്ങളില്‍ ലൗജിഹാദ് സജീവ ചര്‍ച്ചയായി. ഇതൊരു യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയപ്പെട്ടു. ‘ലൗജിഹാദോ, എന്താണത്?’ എന്നു ചോദിച്ച ചില ‘ദേശീയ’നേതാക്കള്‍ക്കുപോലും സത്യം ബോധ്യപ്പെട്ടു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ലൗജിഹാദിനെതിരെ നിയമനിര്‍മാണം നടത്തി. മറ്റ് പല സംസ്ഥാനങ്ങളും ആ ദിശയില്‍ സഞ്ചരിക്കുകയുമാണ്. പ്രണയവിവാഹത്തെയോ സ്വാഭാവികമായി നടക്കുന്ന മതാന്തര വിവാഹത്തെയോ എതിര്‍ക്കാതെ തന്നെ ഇസ്ലാമോ ഫാസിസത്തിന്റെ ‘മോഡസ് ഓപ്പരാന്റി’യില്‍പ്പെടുന്ന ലൗജിഹാദ് ആസൂത്രിതമായി നടക്കുന്ന ഒന്നാണെന്നും, ഭിന്നമത സമൂഹത്തില്‍ ഇത് ആഴത്തിലുള്ള മുറിവുകളുണ്ടാക്കുമെന്നും ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും വാദിച്ചത് കേസരിയാണ്.
ലൗജിഹാദിനെ വെറും പ്രണയ വിവാഹമായി മുദ്ര കുത്തിയവര്‍ അന്യമതത്തില്‍പ്പെടുന്നവരെ വിവാഹം ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്ന കേവല സത്യം കാണാന്‍ കൂട്ടാക്കിയില്ല. ഹിന്ദുധര്‍മ്മത്തില്‍ ഇങ്ങനെയൊരു വിലക്കില്ലാത്തത് പരമാവധി മുതലെടുക്കാന്‍ ഇസ്ലാമിക ശക്തികള്‍ ശ്രമിക്കുകയായിരുന്നു. ഹിന്ദുക്കളെ അപമാനിക്കാനും, അവരുടെ ആത്മവീര്യം കെടുത്താനും ചില ഇസ്ലാമിക മതമൗലിക വാദ സംഘടനകളും ഭീകര സംഘടനകളും ആസൂത്രിതമായിതന്നെ ഹിന്ദുപെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയാണ്. ഈ സത്യം തുറന്നുപറയാന്‍ കേസരി യാതൊരു മടിയും കാണിച്ചില്ല. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന തത്വം മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു ഇത്.
പട്ടണം ഉല്‍ഖനനത്തിന്റെ ഉള്ളറകളിലൂടെ
കേരളത്തിന്റെ ചരിത്രത്തെ മതശക്തികള്‍ ഹൈജാക്കു ചെയ്യുന്നതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് പട്ടണം ഉല്‍ഖനനം. ക്രിസ്തു ശിഷ്യന്‍ സെന്റ് തോമസ് എന്ന തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ചുവെന്നത് വെറും കെട്ടുകഥയാണെന്ന് പല ചരിത്രകാരന്മാരും തെളിവു സഹിതം സ്ഥാപിച്ചിട്ടുള്ളതാണ്. ക്രിസ്തുവിന് ഇങ്ങനെയൊരു ശിഷ്യന്‍ ഉണ്ടായിരുന്നതായി പോലും പലരും കരുതുന്നില്ല. പക്ഷേ കേരളത്തിന്റെ പൈതൃകത്തെ ക്രൈസ്തവവല്‍ക്കരിക്കുക എന്ന ഗൂഢോദ്ദേശ്യം മുന്‍നിര്‍ത്തി പട്ടണം പ്രദേശത്തു നടത്തുന്ന ഉത്ഖനനം സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. കൊടുങ്ങല്ലൂര്‍ പ്രാചീന തുറമുഖമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ഏതാണ്ട് എല്ലാവരും തന്നെ സമ്മതിക്കുന്നുണ്ട്. ഇത് പറവൂരിനടുത്തുള്ള പട്ടണത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചാണ് ചരിത്രത്തിന്റെ വ്യാജ നിര്‍മിതിക്ക് ചിലര്‍ മുതിരുന്നത്.
കേരളത്തിന്റെ ബൗദ്ധിക മേഖലയില്‍ കേസരി വാരികയാണ് പട്ടണം ഉല്‍ഖനനത്തിന്റെ പിന്നിലെ സ്ഥാപിത താല്‍പ്പര്യങ്ങളെ നിരന്തരം തുറന്നുകാണിച്ചത്. മാര്‍ക്‌സിയന്‍ ചരിത്രകാരന്മാരായി അറിയപ്പെടുന്ന ചിലര്‍ മതതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതും, ചില വിദേശ ശക്തികളുടെ താളത്തിനു തുള്ളി ചരിത്രത്തെ പരിഹാസ്യമാംവിധം ദുര്‍വ്യാഖ്യാനിക്കുന്നതും കേസരി തെളിവു സഹിതം പുറത്തുകൊണ്ടുവന്നു. വ്യത്യസ്ത രാഷ്ട്രീയവും നയപരിപാടികളുമുള്ള മുന്നണികള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴും ചരിത്രത്തിന്റെ ഈ മതവല്‍ക്കരണം നിര്‍ബാധം തുടര്‍ന്നു. വസ്തുനിഷ്ഠമായ പഠനഗവേഷണങ്ങള്‍ നടക്കേണ്ട അക്കാദമിക രംഗം മതശക്തികള്‍ അടക്കി ഭരിക്കുന്നത് എങ്ങനെയാണെന്നു നിരവധി ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും കേസരി പുറത്തുകൊണ്ടുവരികയുണ്ടായി. കെട്ടുകഥ ചരിത്രമാക്കി അവതരിപ്പിക്കാനുള്ള പട്ടണം ഉല്‍ഖനനത്തിനു പിന്നിലെ സ്ഥാപിത ശക്തികളുടെ ശ്രമങ്ങളെ സൈദ്ധാന്തികമായും ജനകീയമായും ചെറുക്കുന്നതിന് കേസരി മുന്നില്‍നിന്നു.
പൗരത്വ നിയമഭേദഗതിക്ക് പരിപൂര്‍ണ പിന്തുണ
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാജപ്രചാരണം കെട്ടഴിച്ചുവിട്ടും, അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയും സമൂഹത്തില്‍ മതധ്രുവീകരണത്തിനും ജിഹാദിവല്‍ക്കരണത്തിനും ശ്രമിച്ചപ്പോള്‍ സത്യം ജനങ്ങളിലെത്തിക്കാനും കേസരി മുന്നോട്ടു വന്നു. ഇടതു-വലതു രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ വിധ്വംസകമായ ഇസ്ലാമിക രാഷ്ട്രീയമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രയോഗിച്ചത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനങ്ങളെ തുടര്‍ന്ന് പലായനം ചെയ്യുന്ന ഹിന്ദുക്കള്‍, ക്രൈസ്തവര്‍, സിഖുകാര്‍, ബുദ്ധ-ജൈന മതക്കാര്‍, പാഴ്‌സികള്‍ എന്നിവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്ന നിയമഭേദഗതി ഭാരതത്തില്‍ ഒരു മുസ്ലീമിന്റെ പോലും ഒരു വിധത്തിലുള്ള അവകാശവും ചോദ്യം ചെയ്യുന്നതായിരുന്നില്ല. എന്നിട്ടും വന്‍ തോതില്‍ വിദേശഫണ്ടുകള്‍ കൈപ്പറ്റി മതതീവ്രവാദികള്‍ വിഭാഗീയതയുടെ രാഷ്ട്രീയം പ്രയോഗിക്കുകയായിരുന്നു. ഇതിനെതിരെ തുടക്കം മുതല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കേസരിക്ക് കഴിഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ വ്യാപകമായ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ പിന്നീട് നിയമത്തിന്റെ പിടിയിലായപ്പോള്‍ വിജയം കണ്ടത് കേസരിയുടെ നിലപാടുകളുമാണ്.
സ്വതന്ത്ര ഭാരതത്തിന്റെ ഏഴ് പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ദരിദ്ര ജനകോടികളെ അഭിസംബോധന ചെയ്ത് അവരുടെ ക്ഷേമത്തിനുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിച്ച ഒരേയൊരു ഭരണകൂടം നരേന്ദ്ര മോദിയുടെതാണ്. ദരിദ്ര ജനകോടികള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത വിധം അവരുടെ വീടുകളില്‍ ശുചി മുറിയും പാചകവാതകവും വൈദ്യുതിയുമൊക്കെ എത്തിക്കാന്‍ കഴിഞ്ഞ മറ്റൊരു സര്‍ക്കാരില്ല. ജന്‍ധന്‍ അക്കൗണ്ടിലൂടെയും, മുദ്ര ലോണിലൂടെയും മറ്റ് നിരവധി പദ്ധതികളിലൂടെയും പാവപ്പെട്ട ജനതയെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും, അതില്‍ വിജയിക്കുകയും ചെയ്ത മോദിയെപ്പോലെ മറ്റൊരു ഭരണാധികാരിയെ ചൂണ്ടിക്കാട്ടാനാവില്ല. തിളക്കമാര്‍ന്ന ഈ ചിത്രം മറച്ചുപിടിക്കാന്‍ വിദ്വേഷ പ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേസരിക്ക് കഴിഞ്ഞു. രാഷ്ട്രീയമായും കേരളത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ദൗത്യമാണിത്.
എന്നും എപ്പോഴും എഴുത്തുകാര്‍ക്കൊപ്പം കേരളത്തിന്റെ മാധ്യമരംഗത്ത് നിലയുറപ്പിച്ച കേസരിയുടെ പ്രസക്തിയെക്കുറിച്ച് ചുരുക്കം ചില വിഷയങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. പതിറ്റാണ്ടുകളായി കേരളത്തിനകത്തും പുറത്തുമുള്ള ദേശീയ ചിന്താഗതിക്കാരായ എഴുത്തുകാരുടെ നാവായി കേസരി തുടരുന്നു. ആര്‍.എസ്.എസ്സിന്റെ വളര്‍ച്ചയ്ക്കുതകുന്ന ആശയലോകം സൃഷ്ടിക്കുന്നതില്‍ നെടുംതൂണായി നിന്നിട്ടുള്ളത് കേസരിയാണ്. അക്കാദമിക് ബുദ്ധിജീവികള്‍ക്കൊപ്പം ‘ഓര്‍ഗാനിക് ഇന്റലക്ച്വല്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരുടെ വലിയൊരു നിരയെ സൃഷ്ടിക്കാനും കേസരിക്ക് കഴിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥമായ ആശയസമരത്തില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
സര്‍ഗാത്മക എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രകാശിപ്പിക്കാനുള്ള വേദിയായി എക്കാലവും കേസരി നിന്നിട്ടുണ്ട്. മതപരവും രാഷ്ട്രീയവുമായുള്ള അജണ്ടകളെ മുന്‍നിര്‍ത്തി എഴുത്തിനെ പരിമിതപ്പെടുത്താതെ സര്‍ഗധനരായ സാഹിത്യകാരന്മാര്‍ക്ക് ഇടംകൊടുക്കുന്നതില്‍ കേസരി ഒരു മടിയും കാണിച്ചിട്ടില്ല. കേസരിയുടെ ഓണപ്പതിപ്പുകള്‍ കലവറയില്ലാത്ത ഈ സമീപനത്തിന്റെ കണ്ണാടിയാണ്. കഥയുടെയും കവിതയുടെയും നോവലിന്റെയും മറ്റും രംഗത്ത് പില്‍ക്കാലത്ത് പ്രശസ്തരായിത്തീര്‍ന്ന പലരും എഴുതിത്തുടങ്ങിയതും, ആസ്വാദകരിലേക്ക് ചെന്നെത്തിയതും കേസരിയുടെ താളുകളിലൂടെയാണ്. കലയ്ക്കും സാഹിത്യത്തിനുമുള്ള ഈ പ്രാതിനിധ്യത്തെ കൂടുതല്‍ ദീപ്തമാക്കാന്‍ ഇന്ന് ഈ വാരികയ്ക്ക് കഴിയുന്നുണ്ട്. ഇക്കാരണത്താല്‍ സര്‍ഗശേഷിയുള്ള വലിയൊരു വിഭാഗം എഴുത്തുകാര്‍ കേസരിയുമായി ആത്മബന്ധം സ്ഥാപിച്ചിരിക്കുന്നു. ഏതൊരു മാധ്യമവും ആഗ്രഹിക്കുന്നതാണിത്.
കേസരിക്കൊപ്പവും, അതിനു മുന്‍പും പിന്‍പുമൊക്കെയായി തുടക്കം കുറിച്ച പ്രസിദ്ധീകരണങ്ങള്‍ പലതും ഇന്നില്ല. പാരമ്പര്യത്തിന്റെ അവകാശവാദവുമായി തുടരുന്ന പലതിനും യാതൊരു വിശ്വാസ്യതയുമില്ല. മൂലധന ശക്തിയുടെ ബലത്തില്‍ പിടിച്ചുനില്‍ക്കുന്ന പല വാരികകള്‍ക്കും വരിക്കാരും വായനക്കാരും എത്രയുണ്ടെന്ന് പരിശോധിക്കുമ്പോഴറിയാം കേസരിയുടെ ജൈത്രയാത്രയുടെ മഹത്വം. അഭിമാനകരമായ പുതിയ ആസ്ഥാനമന്ദിരവും മാധ്യമപഠന ഗവേഷണ കേന്ദ്രവും ഔന്നത്യത്തിന്റെ പുതിയ പടവുകള്‍ ചവിട്ടിക്കയറാന്‍ കേസരിയെ പ്രാപ്തമാക്കട്ടെ.