കൊച്ചി: കേരളം ഗുരുതരമായ വികസന പ്രതിസന്ധി നേരിടുകയാണെന്നും വ്യവസായ പുനരുജ്ജീവനത്തിനുള്ള സത്വര നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ബിഎംഎസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും വ്യവസായശാലകളുടെ തകര്‍ച്ചയ്ക്കു സാക്ഷിയാകേണ്ട പരിതാപകരമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ബിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കൈത്തറി വ്യവസായം വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാല്‍ പരിതാപകരമായ നിലയില്‍ ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. 3.5 ലക്ഷം പേര്‍ ജോലി ചെയ്തു കൊണ്ടിരുന്ന കശുവണ്ടി വ്യവസായത്തിന്റെയും ഏഴു ലക്ഷത്തിലധികം പേര്‍ ജോലി ചെയ്തുകൊണ്ടിരുന്ന കയര്‍ വ്യവസായത്തിന്റെയും സ്ഥിതി അത്യന്തം ദയനീയമാണ്.
പേപ്പര്‍മില്ലടക്കമുള്ള വന്‍കിട വ്യവസായ സംരംഭങ്ങളെല്ലാം പൂട്ടിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, അടിസ്ഥാന മേഖലയുടെ വികസനക്കുറവ്, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങള്‍, അഴിമതി, സ്വജനപക്ഷപാതം ഇവയെല്ലാം വ്യാവസായിക കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഇപ്പോഴത്തെ നയം തിരുത്തി ഉത്പാദന മേഖലയ്ക്കു മുന്തിയ പരിഗണന കൊടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നയത്തിന്റെ പശ്ചാത്തലത്തില്‍ വികേന്ദ്രീകൃത, സ്വാശ്രയ പങ്കാളിത്ത സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യമെന്നും പ്രമേയം നിര്‍ദ്ദേശിച്ചു. 45 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
11 ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയം
അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപ അടിയന്തര സാമ്പത്തിക സഹായം നല്‍കുക, സം സ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതാക്കുക, അണ്‍ എയ്ഡ ഡ് സ്‌കൂള്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക, കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക, മോട്ടോര്‍ വ്യവസായത്തിനും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, നിര്‍മ്മാണ മേഖലയെയും തൊഴിലാളികളെയും തകര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുക തുടങ്ങി പതിനൊ ന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സമ്മേളനം പ്രമേയങ്ങള്‍ പാസ്സാക്കി.