പുരാണങ്ങളുടെ പരിഷ്‌കര്‍ത്താവും പ്രവക്താവും പ്രചാരകനും വ്യാസന്‍ ആണെന്നു പുരാണങ്ങള്‍ എല്ലാം സമ്മതിക്കുന്നു. എന്നാല്‍ വ്യാസന്‍ എന്നതു ഒരു വ്യക്തിയുടെ പേരല്ല ഒരു ബിരുദസ്ഥാനം ആണ്. ഓരോ കല്പത്തിലും ദ്വാപരയുഗം തോറും വിഷ്ണു വ്യാസനായി അവതരിച്ചു വേദങ്ങളേയും പരിതഃസ്ഥിതിക്കിണങ്ങത്തക്കവണ്ണം പരിഷ്‌കരിച്ച് ജനസാമാന്യത്തിന്റെ നന്മയ്ക്കുവേണ്ടി പ്രചരിപ്പിക്കുന്നുണ്ടെന്നു വിഷ്ണു പുരാണത്തിലും ദേവീ ഭാഗവതത്തിലും വര്‍ണ്ണിച്ചു കാണുന്നു. ഈ കല്പത്തിലെ ഒന്നാമത്തെ വ്യാസന്‍ ബ്രഹ്മാവും രണ്ടാമത്തെ വ്യാസന്‍ പ്രജാപതിയും മൂന്നാമത്തെ വ്യാസൻ ശുക്രാചാര്യനും, നാലാമത്തെ വ്യാസന്‍ ബൃഹസ്പതിയും, അഞ്ചാമത്തെ വ്യാസന്‍ സൂര്യനും ആറാമത്തെ വ്യാസന്‍ യമനും, ഏഴാമത്തെ വ്യാസന്‍ ഇന്ദ്രനും എട്ടാമത്തെ വ്യാസന്‍ വസിഷ്ഠനും, ഒന്‍പതാമത്തെ വ്യാസന്‍ സാരസ്വതനും, പത്താമത്തെ വ്യാസന്‍ ത്രിധാമാവും, പതിനൊന്നാമത്തെ വ്യാസന്‍ ത്രിശിഖനും പന്ത്രണ്ടാമത്തെ വ്യാസന്‍ അദ്വാജനും, പതിമൂന്നാമത്തെ വ്യാസന്‍ അന്തരീക്ഷനും, പതിനാലാമത്തെ വ്യാസന്‍ വര്‍ണിയും, പതിനഞ്ചാമത്തെ വ്യാസന്‍ ത്രയ്യാരുണനും, പതിനാറാമത്തെ വ്യാസന്‍ ധനഞ്ജയനും, പതിനേഴാമത്തെ വ്യാസന്‍ ക്രതുഞ്ജയനും, പതിനെട്ടാമത്തെ വ്യാസന്‍ ജയനും, പത്തൊമ്പതാമത്തെ വ്യാസന്‍ ദൗദ്വാജനും, ഇരുപതാമത്തെ വ്യാസന്‍ ഗൗതമനും, ഇരുപത്തിഒന്നാമത്തെ വ്യാസന്‍ ഹര്യാത്മാവും, ഇരുപത്തിരണ്ടാമത്തെ വ്യാസന്‍ വാജശ്രവസ്സും ഇരുപത്തിമൂന്നാമത്തെ വ്യാസന്‍ സോമശുഷ്മായണ്ഠത്രിണബിന്ദുവും, ഇരുപത്തിനാലാമത്തെ വ്യാസന്‍ ഭാര്‍ഗ്ഗവ ഋഷനും വാല്മീകി, ഇരുപത്തിയഞ്ചാമത്തെ വ്യാസന്‍ ശക്തിയും, ഇരുപത്തി ആറാമത്തെ വ്യാസന്‍ പരാശരനും, ഇരുപത്തിയേഴാമത്തെ വ്യാസന്‍ ജാതുകര്‍ണ്ണനും, ഇരുപത്തിയെട്ടാമത്തെ വ്യാസന്‍ കൃഷ്ണദ്വൈപായനനും ആണെന്നു വിഷ്ണു പുരാണത്തിലും ദേവീഭാഗവതത്തിലും പറയുന്നു. ഇപ്പോള്‍ ശ്വേതവരാഹകല്പമാണ്. ഒരു കല്പത്തില്‍ പതിനാലു മനുക്കളും ഓരോ മനുവിനും എഴുപത്തൊന്നു ചതുർയുഗം ഭരണകാലവും ആണ്. ഇപ്പോള്‍ എഴാമത്തെ മനുവായ വൈവസ്വതനാണ് ഭരിക്കുന്നത്. ഇരുപത്തിയേഴു ചതുർയുഗം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ചതുർയുഗത്തി കലിയുഗമാണ് ഇപ്പോള്‍. അതുകൊണ്ടാണ് ഈ മന്വന്തരത്തില്‍ ദ്വാപരയുഗം തോറും അവതരിച്ച ഇരുപത്തിയെട്ടു വ്യാസന്മാരുടെ പേരുകള്‍ പുരാണങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
കൃഷ്ണ ദ്വൈപായന വ്യാസനും പുരാണ സാമഗ്രികളും
ഈ യുഗത്തിലെ പുരാണങ്ങളുടെ കര്‍ത്താവാണല്ലോ പരാശരസുതനായ കൃഷ്ണദ്വൈപായനന്‍. പരാശരന്റെ പുത്രനായതുകൊണ്ട് പാരാശര്യനെന്നും യമുനയുടെ ദ്വീപില്‍ സത്യവതിയില്‍ ജനിച്ചതുകൊണ്ട് ദ്വൈപായനന്‍ എന്നും കറുത്ത നിറമായതു കൊണ്ടു കൃഷ്ണന്‍ എന്നും വേദങ്ങളെ വിഭജിച്ചതുകൊണ്ടു വ്യാസന്‍ എന്നും അദ്ദേഹത്തിനു പേരുണ്ടായി. ആ കൃഷ്ണദ്വൈപായന വ്യാസനാണ് ഇന്നത്തെ പുരാണങ്ങള്‍ക്ക് അധിഷ്ഠാനമായ പുരാണ സംഹിത നിര്‍മ്മിച്ചത്. ഏതെല്ലാം സാമഗ്രികള്‍ കൊണ്ടാണു കൃഷ്ണദ്വൈപായനന്‍ പുരാണസംഹിത നിര്‍മ്മിച്ചതെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു:-
ആഖ്യാനൈശ്ചാപ്യുപാഖ്യാനൈര്‍ഗാഥാഭിഃ കല്പശുദ്ധിഭിഃ
പുരാണസംഹിതാം ചക്രേ പുരാണാര്‍ത്ഥവിശാരദഃ
വി.പു. 3.6.15
പുരാണങ്ങളുടെ അര്‍ത്ഥം നല്ലതുപോലെ അറിയുന്ന വേദവ്യാസന്‍ ആഖ്യാനം, ഉപാഖ്യാനം, ഗാഥ, കല്പശുദ്ധി ഈ നാലുപകരണങ്ങള്‍കൊണ്ടാണു പുരാണസംഹിത രചിച്ചതെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം.
നേരില്‍ കണ്ട കഥയാണ് ആഖ്യാനം. പരമ്പരയാ കേട്ടറിഞ്ഞിട്ടുള്ള കഥ ഉപാഖ്യാനമാകുന്നു.
സ്വയം ദൃഷ്ടാര്‍ത്ഥകഥനം പ്രാഹുരാഖ്യാനകം ബുധാഃ
ശ്രുതസ്യാര്‍ത്ഥസ്യ കഥനം ഉപാഖ്യാനം പ്രചക്ഷതേ.
എന്നു വിഷ്ണുപുരാണത്തിന്റെ ശ്രീധരീയ വ്യാഖ്യാനത്തില്‍ ശ്രീധരസ്വാമികള്‍ ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍, മറ്റു ചില പണ്ഡിതന്മാരുടെ പക്ഷം പ്രധാന കഥ ആഖ്യാനവും അതിലടങ്ങിയ ഉപകഥകള്‍ ഉപാഖ്യാനവും ആകുന്നു എന്നാണ്. രാമായണത്തില്‍ ശ്രീരാമചരിതം ആഖ്യാനവും സുഗ്രീവാദിചരിതം ഉപാഖ്യാനവും ആണ്. വേദപുരാണേതിഹാസങ്ങളില്‍ അനേകം പ്രാചീനപദ്യങ്ങള്‍ ഉദ്ധരിക്കപ്പെട്ടു കാണുന്നു. പക്ഷേ, അവയുടെ കര്‍ത്താക്കള്‍ ആരാണെന്ന് അറിയുവാന്‍ നിവൃത്തിയില്ല. അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ശ്ലോകങ്ങള്‍ക്കാണ് ഗാഥ എന്നു പറയുന്നത്. ഋഗ്വേദസംഹിതയില്‍ ഇതിനു ‘നാരാശംസി’ എന്നാണ് പേരു നല്കിയിരിക്കുന്നത്. ഐതരേയ ബ്രാഹ്മണത്തില്‍ ഇന്ദ്രാഭിഷേകഘട്ടത്തില്‍ പ്രാചീനചക്രവര്‍ത്തികളുടെ രാജ്യാഭിഷേകത്തെയും അവര്‍ നടത്തിയ യാഗങ്ങളുടെയും വിവരണം നല്കുന്നുണ്ട് അവിടെ അനേകം പ്രാചീനഗാഥകള്‍ ഉദ്ധരിച്ചിരിക്കുന്നു. അതുപോലെ അജ്ഞാതകര്‍ത്തൃകങ്ങളായ പദ്യങ്ങള്‍ പ്രകൃതത്തിനു യോജിക്കത്തക്കവിധം പുരാണങ്ങളിലും ഉദ്ധരിക്കപ്പെട്ടു കാണുന്നു. കല്പശുദ്ധി എന്ന പദത്തിന് ശ്രാദ്ധകല്പം എന്നാണ് ശ്രീധരസ്വാമി നല്കിയിരിക്കുന്ന വ്യാഖ്യാനം. എന്നാല്‍ വേദപുരാണപണ്ഡിതനും ഗവേഷണകനും ആയ പണ്ഡിത മധുസൂദനഓത്ധാ കല്പശുദ്ധി എന്ന പദത്തില്‍ ധര്‍മ്മശാസ്ത്രത്തിലെ സര്‍വ്വവിഷയങ്ങളും ഉള്‍ക്കൊള്ളുന്നു എന്നു വ്യാഖ്യാനിച്ചിട്ടുണ്ട്. വേദാംഗങ്ങളില്‍ ഒന്നാണു കല്പം. അതില്‍ ശ്രൗതം, ഗൃഹ്യം, ധര്‍മ്മസൂത്രം, സദാചാരം, സംസ്‌കാരം മുതലായവ എല്ലാം അടങ്ങുന്നു. ശുദ്ധി എന്ന പദത്തിനു ശോധനം എന്നാണ് അര്‍ത്ഥം.മലശുദ്ധി, സ്പര്‍ശശുദ്ധി, അഘശുദ്ധി, ഏനഃശുദ്ധി, മനഃശുദ്ധി ഇവയെല്ലാം ശുദ്ധിയില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ള ആഖ്യാനാദികള്‍കൊണ്ടാണ് ഭഗവാന്‍ കൃഷ്ണദ്വൈപായനവ്യാസന്‍ പുരാണസംഹിത വിരചിച്ചത്. പുരാണപ്രസിദ്ധമായ ആ സംഹിത ഗവേഷകന്മാരുടെ ദൃഷ്ടിയില്‍ ഇതുവരെയും പെട്ടിട്ടില്ല. കാലക്രമത്തില്‍ അതു നഷ്ടപ്പെടുകയോ മറ്റു പുരാണങ്ങളില്‍ അടങ്ങി സ്വവ്യക്തിത്വം ഇല്ലാതാകുകയോ ചെയ്തതായി ഊഹിക്കപ്പെടുന്നു .
കൃഷ്ണദ്വൈപായനവ്യാസനും ശിഷ്യപ്രശിഷ്യപരമ്പരയും
വ്യാസന്‍ പുരാണസംഹിത രചിച്ച് തന്റെ ഉത്തമശിഷ്യനായ സൂതനെ പഠിപ്പിച്ചു. സൂതന്‍ പ്രതിലോമ ജാതിയില്‍പ്പെട്ട ഒരു വ്യക്തി ആണ്. ക്ഷത്രിയപിതാവിന് ബ്രാഹ്മണസ്ത്രീയില്‍ പ്രതിലോമമായി ജനിച്ച സന്താനമാണ് സൂതന്‍ എന്നു മനുസ്മൃതിയിലും ധര്‍മ്മസൂത്രങ്ങളിലും പ്രതിപാദിക്കുന്നു. പക്ഷെ, വേദവ്യാസശിഷ്യനായ സൂതന്‍ രോമഹര്‍ഷനാണ്. അദ്ദേഹം ബ്രാഹ്മണനാണെന്നു പറയപ്പെടുന്നു. പുരാണപ്രവചനങ്ങള്‍കൊണ്ടു ശ്രോതാക്കളെ പുളകമണിയിച്ചതുകൊണ്ടോ ശ്രീ വ്യാസന്റെ പുരാണപ്രവചനം കേട്ട് രോമാഞ്ചിതനായതുകൊണ്ടോ ആയിരിക്കാം ആ സൂതന് രോമഹര്‍ഷണന്‍ എന്ന പേരു സിദ്ധിച്ചതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. നൈമിശാരണ്യത്തില്‍ കൂടിയ അനേകം ഋഷികളുടെ ജിജ്ഞാസ ശമിക്കത്തക്കവണ്ണം പുരാണപ്രവചനം നടത്തിയ സൂതന്‍ ഉച്ചകുലത്തില്‍ ജനിച്ചു മഹാപണ്ഡിതനാണ്. പുരാണപ്രവചനം നടത്തിയതുകൊണ്ട് അദ്ദേഹത്തിനു സൂതന്‍ എന്ന പേരു സിദ്ധിച്ചു. വേനന്റെ പുത്രനായ പൃഥുവിന്റെ യജ്ഞത്തില്‍ അഗ്നികുണ്ഡത്തില്‍ നിന്നുണ്ടായതാണ് അദ്ദേഹം. അതുകൊണ്ട് അഗ്നികുണ്ഡസൂതന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. വായുപുരാണത്തില്‍ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍, ഭാഗവതത്തിലും ബൃഹന്നാരദപുരാണത്തിലും താന്‍ ലോമജനാണെന്ന് സൂതന്‍ തന്നെ പറയുന്നു. അതിനാല്‍, സൂതന്‍ ബ്രാഹ്മണനല്ലെന്നും, ചിലര്‍ക്ക് പക്ഷം ഉണ്ട്. പൃഥുവിന്റെ യജ്ഞത്തില്‍ ബൃഹസ്പതിയുടെ ആഹുതി ഇന്ദ്രന്റെ ആഹുതിയാല്‍ പരാജയപ്പെട്ട അവസരത്തിലാണ് സൂതന്‍ ഉണ്ടായത്. ബൃഹസ്പതി ബ്രാഹ്മണനും, ഇന്ദ്രന്‍ ക്ഷത്രിയനും ആണ്. ഇതുകൊണ്ട് താന്‍ പ്രതിലോമജന്‍ ആണെന്നു സൂതന്‍ പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അദ്ദേഹം അയോനിജനം ദിവ്യനും ആയ ഒരു മഹാത്മാവായിട്ടാണ് ഗണിക്കപ്പെടുന്നത്. ആ രോമഹര്‍ഷണസൂതന്റെ മകനാണ് ജനമേജയന്റെ യാഗത്തില്‍ വച്ച് ഭാരതപ്രവചനം നടത്തിയ ഉഗ്രശ്രവസ്സ്.
ഇങ്ങനെ എല്ലാംകൊണ്ടും ഉത്തമനായ ഒരു ശിഷ്യനാണ് ഭഗവാന്‍ വ്യാസന്‍ പുരാണങ്ങള്‍ ഉപദേശിച്ചുകൊടുത്തത്. അതോടുകൂടി പുരാണസാഹിത്യത്തിനു അഭൂതപൂര്‍വ്വമായ വികാസം ഉണ്ടായി. അതുവരെ യജ്ഞശാലകളില്‍ മൗലികമായി പ്രചരിച്ചിരുന്ന പുരാണവിദ്യയെ സര്‍വ്വവിജ്ഞാനഭണ്ഡാരമായ മഹാഗ്രന്ഥമായി വ്യാസന്‍ ലോകത്തില്‍ അവതരിപ്പിച്ചു.
രോമഹര്‍ഷണസൂതനു ആത്രേയനായ സുമതി, കാശ്യപഗോത്രജനായ അകൃതവ്രണന്‍, ഒരദ്വാജഗോത്രജനായ അഗ്നിവര്‍ച്ചസ്സ് വസിഷ്ഠഗോത്രജനായ മിത്രായുസ്സ്, സാവര്‍ണ്ണി ആയ സോമദത്തി, സാംശമ്പായനനായ സുശര്‍മ്മാവ് ഇങ്ങനെ ആറു ശിഷ്യന്മാര്‍ ഉണ്ടായിരുന്നതായി വായുപുരാണത്തില്‍ കാണുന്നു.
വ്യാസന്‍ നിര്‍മ്മിച്ച പുരാണസംഹിതയെ ആശ്രയിച്ച് ലോകമഹര്‍ഷസൂതനും ഒരു പുരാണസംഹിത നിര്‍മ്മിച്ചു. അതിനെ അവലംബിച്ചു സൂതന്റെ ശിഷ്യന്മാരായ ശാംശപറയനും അകൃതവ്രണനും സാവര്‍ണ്ണിയും ഓരോ സംഹിത രചിച്ചിട്ടുണ്ട്. രോമഹര്‍ഷണന്റെയും ശിഷ്യന്മാരുടെയും സംഹിതകള്‍ ചേര്‍ന്നു നാലു സംഹിതകള്‍ ഉള്ളതായി വിഷ്ണുപുരാണത്തിലും അഗ്നിപുരാണത്തിലും പറയുന്നുണ്ട്. ഈ സംഹിതകളെ പ്രക്രിയാപാദം, ഉപോദ്ഘാതപാദം, അനുഷംഗപാദം, ഉപസംഹാരപാദം ഇങ്ങനെ നാലായി വിഭജിച്ചു കാണുന്നു. ഇവയില്‍ ഓരോന്നിനും തമ്മില്‍ അര്‍ത്ഥത്തിനു വ്യത്യാസം ഒന്നുമില്ലെങ്കിലും ശ്ലോകങ്ങള്‍ക്ക് വ്യത്യാസം ഉണ്ട്. ഇങ്ങനെ വ്യാസനും തന്റെ ശിഷ്യപ്രശിഷ്യ പരമ്പരയും കൂടി സര്‍വത്ര പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടു വന്ന പുരാണങ്ങളാണ് ഇന്നു പ്രചുരപ്രചാരത്തിലിരിക്കുന്നത്.