കുമ്പ കുലുക്കി തുമ്പി ചുഴറ്റി
കൊമ്പനാന വരുന്നുണ്ടേ
മുമ്പില്‍ പെട്ടൊരു കുറുനരി, താണു
കുമ്പിട്ടിങ്ങനെ ചൊല്ലുകയായി: –
”എത്ര പെരിയവന്‍ എന്നിട്ടും
ഇല്ലാ തെല്ലുമഹങ്കാരം.”
അതുകേട്ടാന ചിരിച്ചു, മുഖസ്തുതി-
യാണെന്നാലും സുഖമിതു കേള്‍ക്കാന്‍.
ആന നിനച്ചു ‘എന്തോ കാര്യം
നേടാനാവും ഇവന്റെ സൂത്രം.’
”അവിടുന്നെന്നെ കുറച്ചു ദൂരം
പുറത്തുകേറ്റിയിരുത്താമോ?”
കുറുനരിയിങ്ങനെ ചോദിച്ചപ്പോള്‍
കുനിഞ്ഞു പിന്കാല് നീട്ടി കൊമ്പന്.
ആനപ്പുറത്തു ചാടിക്കയറി
തലപൊക്കിയിരുന്നു കുറുനരി.
ആനവരുന്നതുകണ്ടു ഭയന്നി-
ട്ടോടിപ്പോയി മറ്റുമൃഗങ്ങള്‍.
‘താനാണിപ്പോള്‍ കാട്ടിലെ രാജന്’
എന്നൊരു ഭാവം വന്നി-
ട്ടിങ്ങനെ വിളിച്ചുകൂവി കുറുനരി:-
”നടക്കട വേഗം കറുമ്പനാനേ.”
അതു കേട്ടാന മേനി കുലുക്കി,
നിലത്തുവീണു കുറുനരിയപ്പോള്
തിരിഞ്ഞു നോക്കാതാന നടന്നു,
വാലും താഴ്ത്തി പാഞ്ഞൂ കുറുനരി!