ഉണ്ണാനിരിക്കുന്ന അച്ഛന്റെ അടുത്തുചെന്ന്, ഒരുരുള വാങ്ങിക്കഴിക്കുമ്പോഴുള്ള സ്വാദിന്റെ ഓര്‍മ്മയില്‍ വായില്‍ വെള്ളമൂറിക്കൊണ്ടാണ് രവി ചൂടുള്ള ഉണക്കച്ചോറുരുട്ടി പിണ്ഡം തൂശനിലയുടെ നടുവില്‍ വച്ചത്.
എള്ളുകൊണ്ട് മൂന്നു നീര് ഉരുളയില്‍ ഒഴിക്കുമ്പോള്‍, അമ്മയുണ്ടാക്കിയ നല്ല അസ്സല്‍ പുളിയിഞ്ചി ഒഴിക്കുമ്പോലെ രവിയ്ക്കു തോന്നി.
തൈര് മൂന്നു നീര് – പൂണൂലില്‍ തിരുകിക്കൊണ്ട് രാമന്‍ ഇളയത് പറഞ്ഞു.
തൈര് ഉരുളയിലൊഴിച്ചപ്പോള്‍ രവി, ഇളയത് കാണാതെ വായിലൂറിവന്ന വെള്ളമിറക്കി.
”ചന്ദനം മൂന്നു നീര്…”
അമ്മയുടെ കാളനായിരുന്നു രവിയ്‌ക്കോര്‍മ്മ വന്നത്.
”മൂന്നു പൂവാരാധിച്ചു തൊഴുത്….”
ചെറൂളപ്പൂവ് (ചെറൂളയ്ക്കും തുളസിക്കും പൂവ് എന്നത് ഇലയാണല്ലോ) മൂന്നുപ്രാവശ്യമെടുത്ത് ഉരുളയുടെ മുകളിലിട്ടപ്പോള്‍, അച്ഛന്‍ പപ്പടംകൂട്ടി കുഴക്കുകയാണ്.
അച്ഛന്റെ ഉരുളയുടെ സ്വാദോര്‍ത്തിട്ട് രവിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.
ആ ഉരുള വാരിത്തിന്നാന്‍ രവിക്കു കൊതി തോന്നി.
”എന്താ നായരേ, ശ്രദ്ധയിവിടെയല്ലായെന്നുണ്ടോ? ” ഇളയതിന്റെ ചുളുങ്ങിയ മുഖത്ത് ഒരു സംശയം നിഴലിട്ടു.
ചെറിയൊരു ചമ്മലോടെ രവി ഇളയതിനെ നോക്കി ചിരിച്ചു.
നാടെങ്ങും കൊറോണ പിടിപെട്ട് പുറത്തിറങ്ങാന്‍ പറ്റാതിരിക്കുന്ന ഇക്കാലത്ത് അച്ഛന്റെ ശ്രാദ്ധം എങ്ങനെയൂട്ടുമെന്ന വിഷമത്തിലായിരുന്നു രവി.
അപ്പോഴായിരുന്നു രാമന്‍ ഇളയതിനെ ഓര്‍മ്മ വന്നത്. രാമന്‍ ഇളയതിന്റെ അച്ഛനായിരുന്നു പണ്ട് വീട്ടില്‍വന്ന് കാര്‍ന്നോന്മാരുടെ ശ്രാദ്ധം ഊട്ടിക്കൊണ്ടിരുന്നത്. കുട്ടിക്കാലത്ത് അതൊരു ഉത്സവം പോലെയാണ് തോന്നിയിരുന്നത്.
വീട്ടില്‍ എല്ലാവരുംകൂടി വന്ന് ഒരു ബഹളമായിരിക്കും. അന്നുച്ചയ്ക്ക് ഗംഭീര സദ്യയുണ്ട്. അതിനെല്ലാം ഒരുക്കുന്നത് അച്ഛന്‍ ഇളയത് ഒറ്റയ്ക്കാണ്. തേങ്ങ ചിരണ്ടിക്കൊടുക്കുക, പായസത്തിന് പിഴിഞ്ഞുകൊടുക്കുക, കറികള്‍ക്ക് നുറുക്കിക്കൊടുക്കുക, മുറ്റം അടിച്ച് വാരി തെക്കുകിഴക്കായി ചാണകം വലിയ ചന്ദ്രവട്ടത്തില്‍ മെഴുകിയിടുക. ഇങ്ങനെ കുറേ ജോലികള്‍ പെണ്ണുങ്ങള്‍ ഏറ്റെടുക്കും. പുകവലിക്കുക, ലോകകാര്യങ്ങള്‍ ഗൗരവത്തോടെ സംസാരിക്കുക, ത്തിരി വെള്ളം കൊണ്ടുവരൂയെന്ന് അകത്തേയ്ക്ക് വിളിച്ചു പറയുക. കര്‍മ്മം ആകുന്നതുവരേയോ ഭക്ഷണം കഴിക്കുന്നതുവരേയോ മതിമറന്നു ചിരിക്കുക ഇത്തരം ജോലികള്‍ ആണുങ്ങളും. അടുത്ത വീടുകളില്‍നിന്നും കര്‍മ്മത്തിന് കൂടുതല്‍ വേണ്ട കിണ്ടി, പലക എന്നിവ കൊണ്ടുവരിക, പാലും തൈരും ഓസ്രണവും (നെയ്യ്) സ്ഥിരമായി വാങ്ങുന്ന വീടുകളില്‍ പോയി വാങ്ങുക, ആവശ്യമെങ്കില്‍ പീടികയില്‍ പോയി സാധനങ്ങളും വാങ്ങിക്കൊണ്ടുവരിക. അല്ലാത്ത സമയത്ത് ആര്‍ക്കും ശല്യമുണ്ടാക്കാതെ അടങ്ങിയൊതുങ്ങിയിരുന്നു കളിക്കുക എന്നിവ കുട്ടികളും ഏറ്റെടുക്കും.
അച്ഛന്‍ ഇളയതിന്റെ അടപ്പായസത്തിന് ഒരു പ്രത്യേക സ്വാദും കൊതിപ്പിക്കുന്ന മണവുമായിരുന്നു. കര്‍മ്മങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ചെയ്യിക്കുന്നതും ഒരു പ്രത്യേക ഈണത്തിലും ഭാവത്തിലുമായിരുന്നു. രാമന്‍ ഇളയതിനെപ്പോലെതന്നെ ശോഷിച്ച് ഒട്ടിയ ശരീരമായിരുന്നെങ്കിലും മുഖത്ത് സ്വാത്വികന്റെ ഒരു ചിരി തളംകെട്ടി നില്‍പ്പുണ്ടായിരുന്നു. മരിച്ചുകിടന്നപ്പോഴും ആ ചിരി അച്ഛന്‍ ഇളയതിന്റെ മുഖത്തുനിന്ന് മാഞ്ഞിരുന്നില്ലെന്ന് രവിക്കു തോന്നി.
ഉച്ചയാകുമ്പോഴേക്കും അയല്‍ക്കാരില്‍ വേണ്ടപ്പെട്ടവര്‍ ചിലരും ഊണിനെത്തും.
അപ്പോഴക്കും അച്ഛന്‍ ഇളയത് കര്‍മ്മങ്ങള്‍ കഴിഞ്ഞ് ദക്ഷിണയും വാങ്ങി സ്ഥലം വിട്ടിരിക്കും. ദക്ഷിണ കണക്കു പറഞ്ഞ് വാങ്ങാറേയില്ല. കൊടുക്കുന്നതെന്തായാലും സന്തോഷത്തോടെ സ്വീകരിക്കും. കൈനീട്ടി അനുഗ്രഹിക്കും.
”നായര് പിന്നേം എങ്ങോട്ടോ പോകാണല്ലോ… ഇവിടെ ശ്രദ്ധിക്ക് നായരേ…” രാമന്‍ ഇളയതിന് ദേഷ്യം വന്നു തുടങ്ങി.
കുട്ടിക്കാലം മുതലുള്ള വിളിയാണ് ‘നായരേ’ ന്നുള്ളത്. പേരു വിളിച്ചിട്ടേയില്ല. കേട്ടാല്‍ ഈയൊരു നായരേ ഈ ഭൂലോകത്തുള്ളൂയെന്നു തോന്നും.
ഇല്ലത്തിന്റെ താഴെ പറമ്പിനപ്പുറത്തെ പാടത്ത് കൊയ്ത്തുകഴിഞ്ഞുള്ള വേളയില്‍ ഒരു കളിയുണ്ട്. ഫുട്‌ബോള്‍.
കളികണ്ടുകൊണ്ടു മുകളില്‍ ഇളയത് കുട്ടികള്‍ നില്ക്കും. അവര്‍ കളിക്കാന്‍ കൂടാറില്ല.
എന്നാല്‍ മുകളിലേക്ക് അടിച്ചിടുന്ന പന്തെടുത്ത് കളിക്കളത്തിലേക്കെറിയാന്‍ അവര്‍ കൂടും.
”പവിത്രം ഊരി ഇലയില്‍ വയ്ക്കാ…”
മടക്കിവച്ച ഇല നനച്ച് അതില്‍നിന്നും ഒരുവറ്റെടുത്ത് ഘ്രാണിച്ച് പുറകോട്ടിട… കിണ്ടിവാലില്‍നിന്നും കൈനനച്ച്, ഊരിവച്ച പവിത്രമെടുത്ത് മോതിരവിരലിലിടാ…”
ഫോണ്‍നമ്പര്‍ ഒപ്പിച്ച് രാമന്‍ ഇളയതിനെ വിളിച്ചപ്പോള്‍ അങ്ങേത്തലയ്ക്കല്‍ ഒരുത്സാഹം പിലിവിടര്‍ത്തുന്നതു കണ്ടു.
”ത്ര നാളായി നായരേ ഒന്നു കണ്ടിട്ട്… ഇങ്ങോട്ടുപോര്വാ… ഞാനെല്ലാം ചെയ്തുതരാം”
മണപ്പുറത്ത് ബലിയിടീക്കലായിരുന്നു, ഇളയതിന്റെ ജോലി.
മഹാരോഗം നാടുനിറഞ്ഞപ്പോള്‍ എല്ലാം നിന്നു. പുറത്തേക്കിറങ്ങാന്‍ വയ്യല്ലോ. അമ്പലം തുറക്കാന്‍ പാടില്ലല്ലോ. ഇപ്പോള്‍ ഓണ്‍ലൈനില്‍ നോക്കിയാണ് ആവശ്യക്കാരന്‍ ബലിയിടുന്നത്. വീട്ടിലിരുന്ന് തോന്നുംപോലെ ഒരു കര്‍മ്മം. തെറ്റുപറ്റിയാല്‍ ചൂണ്ടിക്കാണിക്കാന്‍പോലും അറിവുള്ള ഒരാള്‍ നേരേയില്ല.
ചിലരൊക്കെ വിളിക്കുന്നുണ്ട്, ഇല്ലത്തേക്കുവരട്ടെ ബലിയിടാന്‍ പറ്റ്വോന്ന് ചോദിച്ച്. പാത്തുംപതുങ്ങിയും വരണം ഇല്ലത്തേക്ക്. കാരണം റോഡെല്ലാം അടച്ചിരിക്കുകയാണ്. മഹാമാരി പടര്‍ന്നു പിടിക്കുകയാണ്. ആര്‍ക്കാണ് രോഗമുള്ളതെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. എവിടുന്നാണ് ഈ രോഗം വന്നുചേരുകയെന്നറിയില്ല. എല്ലാരും ഭീതിയിലാണ്. എങ്കിലും ചിലര്‍ ഇത്തരം സാഹസങ്ങള്‍ക്കു മുതിരും.
വേണ്ടാന്ന് ഞാന്‍ പറഞ്ഞു…. ”എനിക്കു വയ്യ റിസ്‌ക്കേറ്റെടുക്കാന്‍. എന്തിനാ വയ്യാവേലി വലിച്ചുവയ്ക്കുന്നേ…. ന്നാല്‍ നായരുടെ കാര്യം അങ്ങനെയല്ലാട്ടോ. അതൊരു റിസ്‌ക്കാണെങ്കിലും ഞാന്‍ തയ്യാറാ…” രാമന്‍ ഇളയത് പറഞ്ഞു.
സ്‌നേഹത്തിന്റെ വലിയൊരു മല രവിയുടെ മുമ്പില്‍ ഉയര്‍ന്നുനിന്നു.
അങ്ങനെയാണ് രവി ഇല്ലത്തെത്തിയത്, അച്ഛന്റെ ബലിയിടാന്‍.
രാമന്‍ ഇളയതിന്റെ അച്ഛന്‍ ഇളയത് മരിച്ചപ്പോള്‍ വന്നതാണ്, അവസാനം.
പിന്നെ നാടുവിട്ട് ഒരു പോക്കായിരുന്നല്ലോ.
ഇപ്പോള്‍ ഇല്ലവും പരിസരവും തിരിച്ചറിയാന്‍ പറ്റാത്തവിധം വല്ലാതെ മാറിപ്പോയിരിക്കുന്നു. അന്ന് നാലുകെട്ടുള്ള വലിയ ഇല്ലമായിരുന്നു. ഇപ്പോള്‍ ആ ഇല്ലമേ കാണാനില്ല. വലിയ ഇല്ലപ്പറമ്പു മുഴുവനും വീടുകളായിരിക്കുന്നു. വീടുകള്‍ക്കിടയില്‍ മതിലുകളുള്ള വലിയ വഴി ടൈല്‍സിട്ടു ഭംഗിപിടിപ്പിച്ചിരിക്കുന്നു. വലിയ പറമ്പ് മുറിച്ചുവില്‍ക്കുകയോ വീതംവച്ചു കൊടുക്കുകയോ ചെയ്തിരിക്കുന്നു. മതിലുകള്‍ക്കപ്പുറത്ത് എല്ലാം വലിയ വീടുകള്‍.
രാമന്‍ ഇളയതിന്റെ വീടുമാത്രം വേലികൊണ്ടു മറച്ചിരിക്കുന്നു. ഒരു ചെറിയ സുന്ദരവീട്.
പറഞ്ഞ സമയത്തിന്, വേലിക്കിപ്പുറം ഇളയത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു, അല്ലെങ്കില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയേനെ.
”ഇലയിലുള്ള എള്ളും പൂവും ചന്ദനോം മുഴ്വനും വാരിയെടുക്കാ…ഇരുകൈയ്യിലായി പകുത്തു പിടിക്ക്യാ…. അച്ഛനെ നല്ലോണം മനസ്സില്‍ നിരീക്ക്യാ… എന്നിട്ട് പിണ്ഡത്തില്‍നിന്നും പിതൃലോകത്തേയ്ക്ക് തിരിച്ചയയ്ക്കാനായി, പിണ്ഡത്തില്‍ മൂന്നു പ്രാവശ്യം ഉഴിഞ്ഞ് തലയ്ക്കു മുകളില്‍ മേല്‌പോട്ടെറിയ്യ്യാ…..”
”ഇനി പിണ്ഡത്തിന്റെ ഇലയും കിണ്ടിവെള്ളവും കയ്യിലെടുത്ത് ഏണീക്ക്യാ”
”വര്വാ….”
”ആ ചാണകം മെഴുകേടത്ത് തെക്കോട്ടു തിരിഞ്ഞുനിന്ന് വെള്ളോഴിക്ക്യ..”
”ഇനി പിണ്ഡം കറുകയോടൊപ്പമെടുത്ത് മെഴുകേടത്ത് വയ്ക്ക. ആ തൂശനിലകള്‍ നെറുകേകീറി തിരിച്ചിടാ…
”കിണ്ടീടെ കൊരലില്‍ നിന്ന് വെള്ളമെടുത്ത് അശ്വിനിദേവതകള്‍ക്കും വംശപിതൃക്കള്‍ക്കും അച്ഛനും വേണ്ടി മൂന്നു പ്രാവശ്യം തലയ്ക്കു മുകളിലേക്കെറിയാ….
ഇനി കിണ്ടി നിലത്തുവച്ച് കൈകൊട്ടാ…..”
രവി കൈ കൊട്ടിക്കൊണ്ടേയിരുന്നു.
”നിറുത്താ നായരേ മതി…. കാക്ക വന്നോളും.”
കൈകൊട്ടു നിറുത്തി രവി മാറി നിന്നു, കാക്ക വരുന്നതും നോക്കി.
അച്ഛന്‍ കാക്കയുടെ രൂപത്തിലെത്തും, മകന്‍ തരുന്ന ഭക്ഷണം കഴിക്കാന്‍. അടുത്ത വര്‍ഷംവരെയുള്ള വിശപ്പുമാറ്റാന്‍.
രവി നോക്കി. ഏതെങ്കിലും മരത്തിന്റെ തുഞ്ചത്ത് അച്ഛനിരിപ്പുണ്ടോ…
മകനിതാ അച്ഛനുവേണ്ടി മനസ്സുനിറഞ്ഞ് ആഹാരം വയ്ക്കുന്നു, അച്ഛന്‍ ഉരുട്ടിതന്നിരുന്ന ഉരുളയുടെ സ്വാദ് മകന്റെ ഉണക്കച്ചോറിനുണ്ടാകില്ലെങ്കിലും.
ഈ പിതൃകര്‍മ്മം ചെയ്തില്ലെങ്കില്‍ വലിയ ശാപമാണെന്നു രവി വിശ്വസിക്കുന്നു. മകന്‍ ആഹാരം തരുമെന്നു വിചാരിച്ച് സ്വര്‍ഗ്ഗത്തില്‍ നിന്നച്ഛന്‍ പറന്നെത്തും ഭൂമിയിലേക്ക്. എല്ലായിടത്തും നോക്കും മകനെവിടെയങ്കിലുമുണ്ടോ…..
വിശന്നിരിക്കുന്ന അച്ഛന്‍ വിഷമത്തോടെ, നിരാശയോടെ ആഹാരം കിട്ടാതെ തിരിച്ചുപോകേണ്ടിവരും. അടുത്ത വര്‍ഷംവരെ അസഹ്യമായ വിശപ്പോടെ കാത്തിരിക്കേണ്ടിവരും…
ശ്ശോ….. ആലോചിക്കാന്‍പോലും വയ്യ.
ഇതിപ്പോള്‍ ആഹാരം കൊണ്ടുവച്ചിട്ട് അച്ഛനെ കാണുന്നില്ലല്ലോ.
വിദൂരതയില്‍പ്പോലും കാക്കയുടെ ഒച്ചയില്ല.
രവി നിരാശയോടെ ഇളയതിനെ നോക്കി.
”വരും…. നായരിങ്ങട് നീങ്ങിനില്‍ക്കാ”
വീണ്ടും വീണ്ടും രവി നോക്കുകയും ഇതുതന്നെ ഇളയത് ആവര്‍ത്തിക്കുകയും ചെയ്തു.
ഒടുവില്‍ ദേഷ്യത്തോടെ ഇളയത് പറഞ്ഞു: ”അതെങ്ങന്യാ… ശ്രാദ്ധം ന്നോച്ചാ എന്താ നായരേ…. ശ്രദ്ധയോടെ ചെയ്യുന്നത്. പൂര്‍ണ്ണമായും മനസ്സര്‍പ്പിച്ച് ചെയ്യണം. ഇവ്‌ടെ അതുണ്ടായോ….”
രവിക്ക് കരയാന്‍ തോന്നി
കരച്ചില്‍ പുറത്തേക്കു വരുന്നേയില്ല. ഉള്ളില്‍ക്കിടന്നത് വിമ്മിഷ്ടപ്പെട്ട് രവിയെ പിടിച്ചു കുലുക്കി.
രവി പ്രാണന്‍പോയപോലെ കരയാന്‍ നിന്നു.
”കഴിഞ്ഞു” ആരോ പറഞ്ഞു.
തൊണ്ണൂറാം വയസ്സിലും ആ ശരീരത്തില്‍ നിന്നും പ്രാണന്‍ വിട്ടുപോകാന്‍ കുറേ പാടുപെട്ടു.” മറ്റാരോ പറഞ്ഞു.
”എത്രനാളായി ങ്ങനെ കെടക്കണു. ഇപ്പോഴെങ്കിലും പോയത് ബാക്കിയുള്ളോര്‍ക്കടെ ഭാഗ്യം.”
അടുത്ത രംഗത്തിലഭിനയിക്കാന്‍ വേണ്ടി സ്റ്റേജിലേക്കോടിക്കയറു ന്നവരെപ്പോലെ ചുറ്റുംകൂടിനിന്ന് സങ്കടം കാണിക്കാന്‍ മക്കളോടിയെത്തുന്നത് രവി കണ്ടു.
”രണ്ടൂസംമുമ്പുവരെ നല്ല ബോധോണ്ടായിരുന്നു” ഒരു മകള്‍ പറഞ്ഞു. ”വസൂരികണ്ടോനാ ഞാന്‍, അതിലും വലുതല്ല കൊറോണ” എന്നു പറഞ്ഞൊരു ചിരിചിരിക്കണ കണ്ടു.
”അച്ചാച്ഛന്റെ മരണദിവസം തന്നെ അച്ഛനും പോയി, അത്ഭുതായിരിക്കണു” അടുത്തു നിന്ന ഒരു മകന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
”കിടപ്പിലാകുന്നതുവരെ അച്ഛന് ഞാന്‍ ആഹാരം കൊടുത്തു. അതുപോലെയാവില്ല എന്റെ കാര്യം ഞാനിനി പട്ടിണിതന്നെ” എന്ന് രവി ഓര്‍ത്തു.