സ്വാതന്ത്ര്യാനന്തരം ഭാരതത്തെ തങ്ങളുടെ തറവാട്ടുസ്വത്തുപോലെ ഭരിച്ചുപോന്ന നെഹ്രു കുടുംബത്തിനോ അവരുടെ സ്വന്തം കോണ്‍ഗ്രസ്പാര്‍ട്ടിക്കോ അന്നൊന്നും തോന്നാത്ത കര്‍ഷകസ്‌നേഹമാണ് ഇപ്പോള്‍ തോന്നുന്നത്. കടത്തില്‍ ജനിച്ച് കടത്തില്‍ ജീവിച്ച് കടത്തില്‍ മരിച്ചിരുന്ന ഭാരത കര്‍ഷകനെ സ്വാശ്രയ സമ്പന്നനാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചില പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കര്‍ഷകരുടെ പേരില്‍ സമരത്തിനിറങ്ങിയിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. രാജ്യത്ത് എല്ലാ മേഖലയിലും അടിമുടി മാറ്റം കൊണ്ടുവന്ന് പുതിയ കാലത്തിന്റെ പ്രവേഗമുള്‍ക്കൊള്ളുന്ന ഒരു ഭരണസംവിധാനമാണ് കേന്ദ്രഗവണ്‍മെന്റ് വിഭാവനം ചെയ്യുന്നത്. അന്ത്യോദയം എന്നു പറയലല്ല അതെന്തെന്ന് കാട്ടിക്കൊടുക്കലാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ‘ഗരീബി ഹഠാവോ’ എന്ന് അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ പ്രകടന പത്രികയില്‍ എഴുതി ചേര്‍ക്കുന്നവരല്ല ഇന്ന് ഭാരതം ഭരിക്കുന്നത്. ദാരിദ്ര്യം എന്തെന്നറിയുന്ന, അതെങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് ധാരണയുള്ള ഭരണകൂടം യഥാര്‍ത്ഥ പുരോഗതി എന്തെന്ന് കാട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും കുടുംബക്കാരുടെ വികസനവും പുരോഗതിയുമല്ല ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ഭാരത മഹാരാജ്യത്തിന്റെ പുരോഗതി എഴുപത് ശതമാനം വരുന്ന കര്‍ഷകരുടെ ജീവിത നിലവാരം ഉയരുമ്പോഴെ സാധ്യമാകൂ എന്നതുകൊണ്ടാണ് കഴിഞ്ഞ സപ്തംബറില്‍ മൂന്ന് കാര്‍ഷിക പരിഷ്‌ക്കരണ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയത്. രാഷ്ട്രപതി ഒപ്പുവച്ചതോടെ ഇത് നിയമമാകുകയും ചെയ്തു. ഈ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ദേശീയ ജനാധിപത്യസഖ്യത്തിലെ ഏറ്റവും പഴയ അംഗങ്ങളിലൊന്നായ ശിരോമണി അകാലിദള്‍ മുന്നണി വിട്ടുപോയിട്ടുപോലും കുലുങ്ങാത്ത നരേന്ദ്ര മോദിയെ തെരുവില്‍ ശക്തിപ്രകടനം കാട്ടി ഭയപ്പെടുത്താമെന്നു കരുതുന്നവര്‍ക്ക് തെറ്റിപ്പോയി എന്ന് ഉടന്‍ ബോധ്യപ്പെടും.
ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പിന്നിലെ ചേതോവികാരം കര്‍ഷകരോടുള്ള സ്‌നേഹമോ കരുതലോ ഒന്നുമല്ല. അടിക്കടി തിരഞ്ഞെടുപ്പുകളില്‍ തോറ്റ് വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന തിരിച്ചറിവാണ് അവരെ ഇത്തരം സമരാഭാസങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജനാധിപത്യമാര്‍ഗ്ഗത്തില്‍ ബാലറ്റിലൂടെ നരേന്ദ്ര മോദിയെ നേരിട്ട് ജയിക്കാനാവില്ല എന്ന് തിരിച്ചറിയുന്ന ചില ശക്തികള്‍ കലാപങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോ എന്ന് ശ്രമിച്ചുനോക്കുകയാണ്. പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയപ്പോള്‍ സമൂഹത്തില്‍ ബോധപൂര്‍വ്വം നുണകള്‍ പറഞ്ഞുപരത്തി വര്‍ഗ്ഗീയവികാരം ഇളക്കിവിട്ട് കലാപമുണ്ടാക്കിയ അതേ ശക്തികള്‍ തന്നെയാണ് ദില്ലിയില്‍ കര്‍ഷക സമരമെന്ന പേരില്‍ പൊറാട്ട് നാടകം കളിക്കുന്നത്. രണ്ട് സമരങ്ങളുടെയും പിന്നില്‍ ആദൃശ്യശക്തികളും സാമ്പത്തിക സ്രോതസ്സുകളും ഉണ്ടെന്നത് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി. സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയത് നാട്ടിലെ സമ്പദ്‌മേഖലയെ ശുദ്ധീകരിച്ച് പാവപ്പെട്ടവന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു എന്ന് ഇന്ന് ഏവര്‍ക്കും ബോധ്യമാകുന്നുണ്ട്. എന്നാല്‍ കള്ളപ്പണക്കാരെയും കള്ളനോട്ടടിക്കാരെയും സംരക്ഷിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അന്നെടുത്തത്. അയല്‍ രാജ്യങ്ങളില്‍ മതവിവേചനം നേരിടുകയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുകയും ചെയ്യുന്ന ജനങ്ങളെ സഹായിക്കാന്‍ ഉണ്ടാക്കിയ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍കൊണ്ട് തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ശത്രുരാജ്യങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കലായിരുന്നു പ്രധാന ലക്ഷ്യമെന്ന് പിന്നീട് തെളിയുകയുണ്ടായി. കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ പാര്‍ലമെന്റ്പാസ്സാക്കിയതു മുതല്‍ അതിനെതിരെ നുണ പ്രചരണങ്ങള്‍ നടത്തി ഒരു വിഭാഗം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് ചില കുത്സിത ശക്തികള്‍. പ്രധാനമായും അവര്‍ നടത്തിയ പ്രചരണം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന താങ്ങുവില നിര്‍ത്തലാക്കാന്‍ പോകുന്നു എന്നായിരുന്നു. അങ്ങിനെ ഒരു കാര്യം പുതിയ നിയമത്തില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി തന്നെ പലവട്ടം വിശദീകരിച്ചിട്ടുള്ളതാണ്.
സത്യത്തില്‍ കുത്തകകളുടെയും ഇടനിലക്കാരുടെയും ഇടപെടലുകളില്‍നിന്ന് ഭാരത കര്‍ഷകരെ രക്ഷിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിനുള്ളത്. മണ്ണില്‍ വിയര്‍പ്പ് ചൊരിഞ്ഞ് പണിയെടുക്കുന്ന കര്‍ഷകന് തന്റെ ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കാന്‍ യാതൊരു അവകാശവുമില്ലാത്ത കെട്ട സാഹചര്യത്തിനാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ അറുതി കണ്ടിരിക്കുന്നത്. മാര്‍ക്കറ്റില്‍ നൂറു രൂപയ്ക്ക് വില്‍ക്കപ്പെടുന്ന ഒരുകിലോ ആപ്പിള്‍ കര്‍ഷകന്‍ രണ്ടോ മൂന്നോ രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്നു എന്നതാണ് നിലവിലുള്ള സാഹചര്യം. ബാക്കി പണം മുഴുവന്‍ വിയര്‍പ്പ് ചിന്താതെ ഇടനിലക്കാരന്‍ അടിച്ചു മാറ്റുന്ന സാഹചര്യമാണ് അവസാനിക്കാന്‍ പോകുന്നത്. എഴുപത് ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു രാജ്യത്ത് അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്ന ഇത്തരം നിയമ പരിഷ്‌ക്കരണങ്ങള്‍ രാജ്യപുരോഗതിയെ ത്വരിതപ്പെടുത്തുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ഭാരതം ക്ഷയിച്ചുകാണാന്‍ കാത്തിരിക്കുന്ന ഇറ്റാലിയന്‍, ചൈനീസ് പക്ഷപാതികളാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ പിന്നിലുള്ളത്.
കാര്‍ഷിക നിയമം ജനദ്രോഹപരമായിരുന്നെങ്കില്‍ അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കേണ്ടതായിരുന്നു. കാര്‍ഷിക ബില്‍ നിയമമായതിനുശേഷം നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണെങ്കിലും രാജസ്ഥാന്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണെങ്കിലും ഭാരതീയ ജനതാപാര്‍ട്ടിക്ക് വന്‍ വിജയമാണ് കരഗതമായത്. ഇത് വ്യക്തമാക്കുന്നത് ഇപ്പോള്‍ നടത്തുന്ന സമരാഭാസങ്ങള്‍ക്ക് യഥാര്‍ത്ഥ ഭാരത കര്‍ഷകരുടെ പിന്‍തുണ ഇല്ലെന്നാണ്. സമര രംഗത്തുള്ള നാല്‍പ്പതോളം കര്‍ഷക സംഘടനകളില്‍ മുപ്പത്തിരണ്ടെണ്ണവും പഞ്ചാബില്‍നിന്നുള്ളവയാണെന്നതില്‍ നിന്നുതന്നെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാം. രാജ്യത്ത് കോണ്‍ഗ്രസ്സിന് ഭരണമുള്ള അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. പഞ്ചാബിലെ ഭരണകക്ഷിയില്‍പ്പെട്ട ചില കുത്തകകളുടെയും കര്‍ഷക ചൂഷണം നാളിതുവരെ നടത്തി തടിച്ചുകൊഴുത്ത ചില ഇടനിലക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തുടങ്ങിയ സമരം ഇന്ന് ഖാലിസ്ഥാന്‍ വാദികളുടെയും അര്‍ബന്‍ നക്‌സലുകളുടെയും കമ്മ്യൂണിസ്റ്റ് അരാജകവാദികളുടെയും പിടിയിലായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കര്‍ഷകസമരം എന്ന പേരില്‍ പൊതുനിരത്തുകള്‍ കൈയേറി ജനങ്ങളെ ബന്ദികളാക്കുന്നവര്‍ ഭീമ കൊറേഗാവ്, ഷഹീന്‍ ബാഗ് കലാപങ്ങളില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്.
കാര്‍ഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് വിളകളുടെ ഉല്‍പ്പാദനച്ചിലവിന്റെ ഒന്നരയിരട്ടി താങ്ങുവില കര്‍ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യഥാര്‍ത്ഥ കര്‍ഷകരെ കലാപത്തിനിറക്കാനാവില്ല. ഇപ്പോള്‍ നടക്കുന്നത് തോറ്റുപോയ സി.എ.എ.വിരുദ്ധ പ്രക്ഷോഭത്തിന്റെ മറ്റൊരു പതിപ്പാണ്. അതാകട്ടെ കര്‍ഷകര്‍ക്കുവേണ്ടിയല്ല എന്നു മാത്രമല്ല ഫലത്തില്‍ ഭാരത ജനാധിപത്യത്തിനെതിരെയുള്ള ഒളിയുദ്ധമാണുതാനും.