രാത്രി ഓര്‍മ്മപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കുന്നത് സ്‌കന്ദനു പണ്ടും പ്രിയങ്കരമാണ്. എന്നാല്‍ ചിലപ്പോള്‍ സുഗന്ധിയല്ലാത്ത ചില ഓര്‍മ്മകള്‍ വന്ന് അരോചകമായി മൂളിപ്പാട്ടു പാടും. അതാണ് സഹിയ്ക്കാന്‍ കഴിയാത്തത്.
രാവിലെ ആണ്ടി പൂശാരിയുമായി സംസാരിച്ചതു തന്നെയായിരുന്നു അയാളുടെയുള്ളില്‍. ഇപ്പോള്‍ ഹൃദയം ശാന്തമാണെന്ന് അയാള്‍ക്ക് തോന്നി. വര്‍ഷങ്ങളായി ഹൃദയത്തില്‍ കൊണ്ടു നടന്ന സംശയത്തിന്റെ കനല് അണഞ്ഞു പോയിരിക്കുന്നു. എന്നാലും ചിന്തിക്കുമ്പോള്‍ ഒരു സംശയം ബാക്കിയാവുന്നു. താനനുഭവിച്ച അവഹേളനങ്ങള്‍ അച്ഛനും മുത്തച്ഛനുമൊക്കെ അറിഞ്ഞിട്ടുണ്ടാകുമല്ലോ. എന്നിട്ടും അവരൊന്നും തന്നെ സമാധാനിപ്പിക്കാനൊ സത്യം വെളിപ്പെടുത്താനൊ തുനിയാതിരുന്നത് എന്തുകൊണ്ടാവും. അവരതത്ര കാര്യമായി എടുക്കാത്തതാണോ? ആണ്ടി പൂശാരി ഗോവിന്ദനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ അയാളെ കൊല്ലാനുള്ള ദേഷ്യം തോന്നി. പിന്നെ അയ്യപ്പന്‍ നായരാണ് പറഞ്ഞത്. മൂന്ന് വര്‍ഷമായി തളര്‍വാതം പിടിച്ച് കിടക്കുകയാണ്. മലമൂത്രവിസര്‍ജ്യത്തിനു പോലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ. അത് കേട്ടപ്പോള്‍ അയാളോടുള്ള ദേഷ്യമൊക്കെ മാറി. കര്‍മ്മഫലം അനുഭവിക്കുകതന്നെ. അയ്യപ്പന്‍ നായരെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു. അയാള്‍ക്ക് ഗോവിന്ദന്റെ അച്ഛനാവാനുള്ള പ്രായമുണ്ട്. എന്നിട്ടും എന്തൊക്കെ ജോലി ചെയ്യുന്നു. ആണ്ടിപ്പു ശാരിയുടെ അച്ഛന്റെ സുഹൃത്തായിരുന്നു. മുത്തച്ഛനോളം പ്രായവുമുണ്ട്. എന്നിട്ടും ആ പാവം ഇപ്പോഴും കഷ്ടപ്പെടുന്നു. അതും അദ്ദേഹത്തിന് വേണ്ടിയിട്ടല്ല-മനയ്ക്കലുള്ളോര്‍ക്ക് വേണ്ടി. എന്തൊരു വിചിത്രമാണ് ലോകം!
പൊതുവെ മനയ്ക്കകത്തും ഇല്ലത്തും പിന്നെ സ്‌കൂളും കോളേജുമൊക്കെ മാത്രമായി വളരെ ചുരുങ്ങി പോയതാണ് സ്‌കന്ദന്റെ ലോകം. അത് കൊണ്ടു തന്നെ നാട്ടിലുള്ള പലരേയും പറഞ്ഞുകേട്ടിട്ടുണ്ടെന്നല്ലാതെ ഓര്‍മ്മകളില്‍ അവരുടെയൊന്നും വ്യക്തമായ ചിത്രങ്ങളില്ല. എങ്കിലും ഉത്സവപ്പറമ്പിലെ ഓര്‍മ്മകള്‍ വളരെ തിളങ്ങി നില്ക്കുന്നു. ആണ്ടി പൂശാരി വാളെടുത്ത് ചെണ്ടയുടെ താളത്തിനനുസരിച്ച് നൃത്തം വെയ്ക്കുന്നത് ഇന്നലെ കണ്ട പോലെ ഓര്‍മ്മയുണ്ട്. ഗ്വേയ്….. ഗ്വേയ്….എന്നലറി കൊണ്ട് തല വെട്ടിപ്പൊളിക്കുന്നത് കണ്ട് സങ്കടമല്ല, അത്ഭുതമാണ് അന്നു തോന്നിയിരുന്നത്. മുഖം മുഴുവന്‍ ചോരയൊലിപ്പിച്ച് ആണ്ടി പൂശാരി അലറുന്നത് എവിടെ നിന്നോ കേള്‍ക്കുന്നത് പോലെ. ആണ്ടവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഒരു തെറ്റും ചെയ്തിട്ടില്ല – എന്ന് ഒരായിരം നാവുകള്‍ ഗര്‍ജ്ജിക്കുന്നത് പോലെ. ഇടയ്ക്ക് മുത്തച്ഛന്‍ പറയുന്നതുപോലെ അവനു തോന്നി. ഓരോ ജീവിതത്തിനും രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് ഇരുട്ടാണ്. മറ്റേത് വെളിച്ചവും. പ്രകൃതിയില്‍ ദിനരാത്രങ്ങളെന്നപോലെ. ഓരോരുത്തരുടേയും വെളിച്ചത്തിലുള്ളത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ ഇരുട്ടിലുള്ളത് അയാള്‍ക്ക് മാത്രമേ അറിയു – പക്ഷെ മനുഷ്യര്‍ മറ്റുള്ളവരുടെ ഇരുട്ടിലേയ്ക്ക് കടന്നു കയറി അതില്‍ നിന്നെന്തെങ്കിലും വെളിപ്പെടുത്താന്‍ കഴിയുമോ എന്ന് ചുഴിഞ്ഞ് നോക്കി കൊണ്ടേയിരിയ്ക്കും.എന്നിട്ട് ഓരോരുത്തര്‍ക്കും തോന്നിയ മാതിരി കൊട്ടിഘോഷിക്കും. എന്നാല്‍ തന്റെ ജീവിതത്തിന്റെ ഇരുട്ടില്‍ ഒളിപ്പിച്ചു വച്ചത് നഷ്ടപ്പെടാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കും – എത്ര വിചിത്രമാണ് ഒരു മനുഷ്യജീവിതം ‘മുത്തച്ഛന്റെ വാക്കുകള്‍ നിലയ്ക്കുന്നതിനു മുമ്പ് തന്നെ അച്ഛന്‍ പറഞ്ഞ വാക്കുകളുമായി ആണ്ടി പൂശാരി വീണ്ടും കടന്നുവന്നു. ‘എല്ലാവരും നിന്റെ പേരാ പറയുന്നത്.എന്നാല്‍ നിന്റെ പേര് തന്നെ അവന് കിടക്കട്ടെ. വേലായുധന്‍ ചോപ്പന്‍ നിനക്ക് പേരിട്ടത് അര്‍ത്ഥമറിഞ്ഞിട്ടാണാ എന്ന് എനിക്ക് ഉറപ്പില്ല. ആണ്ടവനെ അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരിക്കും. എന്നാല്‍ ആണ്ടവനും വേലായുധനും ഒന്നാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ ആവോ? എന്നാല്‍ സ്‌കന്ദന്‍ എന്ന് ഞാന്‍ പേരിടുന്നത് അറിഞ്ഞിട്ടാണ്. നീയാണ് സു- ബ്രാഹ്മണന്‍ – സുബ്രഹ്മണ്യന്‍ – അതാണ് സ്‌കന്ദനും. പറയുന്നാര്‍ക്ക് അറിവുണ്ടെങ്കില്‍ മനസ്സിലാക്കാം. എനിക്കിപ്പോള്‍ നിന്റെ പേരിടുന്നത് അഭിമാനമാണ്. നന്നായി പഠിക്കുന്ന സു-ബ്രാഹ്മണനാവട്ടെ അവന്‍ – അന്ന് ഭവാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തലകുനിച്ചു. എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. പരദൂഷണം പറയുന്നവരെ ഇതില്‍ കൂടുതല്‍ നന്നായി എങ്ങനെയാണ് വെല്ലുവിളിയ്ക്കുക. അന്നുമുതല്‍ എനിയ്ക്ക് ജനിയ്ക്കാത്ത എന്റെ മോനായിട്ടാണ് കുട്ടിയെ ഞാന്‍ കണ്ടത്. അതില്‍ ഭവാന്‍ കൂടുതല്‍ സന്തോഷിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.’
ദൂരെ നിന്ന് കുത്തിച്ചൂളാന്റെ കരച്ചില്‍ കേട്ടപ്പോള്‍ സ്‌കന്ദന്‍ ഒന്നു ഞെട്ടി. മുത്തശ്ശി പറഞ്ഞിട്ടുണ്ട്, എവിടെയൊ ആരോ മരിയ്ക്കാറാകുമ്പോഴാണ് കുത്തിച്ചൂളാന്‍ കരയുന്നതെന്ന്. മരണത്തിന്റെ വിവരം അറിയിക്കുകയാണെത്രെ. അല്ലെങ്കില്‍ എവിടെയെങ്കിലും ആരെങ്കിലും മരിയ്ക്കുന്നതിന് നമ്മളെന്തിനാണ് ഞെട്ടുന്നത്.
തുറന്നിട്ട ജാലകത്തിലൂടെ തണുത്ത കാറ്റ് വന്നിരുന്നു. എവിടെയോ മഴ ചെയ്യുന്നുണ്ടായിരിയ്ക്കും. അതാണ് കാറ്റിനിത്ര തണുപ്പ്. ‘നാളെ പോകേണ്ടതാണ്. ഓരോന്നോര്‍ത്തിരുന്ന് ഉറങ്ങാന്‍ വൈകണ്ടട്ടോ.’ അയ്യപ്പന്‍ നായര്‍ പത്തായപുരയിലേക്കു പോകുന്നതിന് മുമ്പ് ഓര്‍മ്മിപ്പിച്ചിരുന്നതാണ്. പക്ഷെ ഉറക്കം വരണ്ടേ?
രാവിലെ ഉണര്‍ന്നെഴുന്നേറ്റ് അടുക്കളയില്‍ എത്തിയപ്പോള്‍ മൂന്നുപേരും നല്ല അദ്ധ്വാനത്തിലാണ്. അച്ഛമ്മയും മുത്തശ്ശിയും അമ്മയും – ഒരാള്‍ കടുമാങ്ങാ ഭരണി തുറന്ന് അതെടുത്തു മറ്റൊരു കുപ്പിയിലാക്കുന്നു. അമ്മ ഉണ്ണിയപ്പം ചുട്ടുകൊണ്ടിരിക്കുന്നു. മുത്തശ്ശി കായ വറുത്തതും ചക്കച്ചുള വറുത്തതുമൊക്കെ പൊതിഞ്ഞു കൊണ്ടിരിക്കുന്നു. സ്‌കന്ദന് ചിരിവന്നു. ‘എന്താപ്പോ – ഇന്നിവിടെ വല്ല വിശേഷവും ണ്ടോ – ഒന്നും നിക്ക് അറിയാന്‍ കഴിഞ്ഞില്യ ലോ’ എല്ലാവരും ചിരിച്ചു. മുത്തശ്ശിയാണ് പറഞ്ഞത്. ‘ഉണ്ണി വരുന്നതും പോവുന്നതും ഇവിടെ വിശേഷം തന്നെ. പോവുമ്പോള്‍ എന്തെങ്കിലും കൊണ്ടുപോണ്ടെ – അവിടെ ചെല്ലുമ്പോള്‍ കൂട്ടുകാര്‍ക്ക് ഒക്കെ കൊടുക്കാന്‍.’ -മുത്തശ്ശി പറഞ്ഞത് ശരിയാണ്. മറ്റാരു ചെന്നാലും റൂമിലുള്ളവര്‍ അത് അത്ര കാര്യമാക്കാറില്ല. അല്ല, അവരാരും ഒന്നും കൊണ്ടുവരാറില്ലല്ലോ – എന്നാല്‍ താനവിടെ ചെന്നിറങ്ങേണ്ടതേയുള്ളു. ചിലര്‍ ബേഗ് തുറക്കുന്നു. ചിലര്‍ മറ്റു ലഗേജ് എന്തൊക്കെ എന്ന് പരതുന്നു – കിട്ടിയത് വാരിയെടുക്കുന്നു. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഓരോ പ്രാവശ്യം പോകുമ്പോഴും പലതും ഉണ്ടാക്കി കെട്ടിവയ്ക്കാന്‍ ഇവര്‍ മറക്കില്ല. അതുകൊണ്ട് തന്നെ താന്‍ വീട്ടില്‍ പോയി വരുന്നത് റൂംമേറ്റ്‌സിന് വലിയ താല്‍പര്യമാണ്. ഒരു ഉണ്ണിയപ്പം എടുത്ത് കടിച്ചു നോക്കുകയായിരുന്നു. അപ്പോഴാണ് പുറത്ത് നിന്ന് അയ്യപ്പന്‍ നായര്‍ ഉറക്കെ വിളിച്ചത്. ‘ഉണ്ണി തിരുമേനി ഉണര്‍ന്നിട്ടില്ലേ ആത്തോരേ ?’
‘ഉവ്വല്ലോ – ഇതാ ഇവിടെണ്ട് – അയ്യപ്പന്‍ നായര് ഇങ്ങട്ട് പോന്നോളു – എവിടെ മാള്വമ്മേനെ കണ്ടില്യാലോ – നേരത്തെ വരാന്ന് പറഞ്ഞ് പോയതാ-‘ – അമ്മ ഉണ്ണിയപ്പം കോലില്‍ തോണ്ടിയെടുക്കുന്നതിനിടയിലാണ് ഉറക്കെ പറഞ്ഞ് കൊണ്ടിരുന്നത്. അയ്യപ്പന്‍ നായര്‍ കയറി വരുമ്പോള്‍ തന്നെ നല്ല കിതപ്പായിരുന്നു. ‘എന്താ രാവിലെ തന്നെ ഇത്ര കിതയ്ക്കണത്? ഇത്തിരി വെള്ളം കുടിച്ച് നോക്ക്’ അമ്മ ഉണ്ണിയപ്പത്തെ നോക്കിയിട്ടാണ് പറഞ്ഞതെങ്കിലും അയ്യപ്പന്‍ നായര്‍ക്ക് മനസ്സിലായി. ‘വെള്ളം ഒന്നും വേണ്ട -‘ എന്ന് പറഞ്ഞ് കൊണ്ട് അടുക്കളയിലേയ്ക്ക് കടക്കുന്ന ഉമ്മറപ്പടിയില്‍ അദ്ദേഹം ഇരുന്നു. – ‘ നിക്കെന്തോ വല്ലാത്തൊരു പരവശം വരുണു’ – അത് കേട്ടതോടെ അമ്മ തിരിഞ്ഞു നിന്നു. ‘എന്തേ എന്തേപറ്റീത് ‘- അതോടെ ഉണ്ണിയപ്പം മാറ്റിവച്ച് അമ്മ അയ്യപ്പന്‍ നായരുടെ അടുത്തേയ്ക്കു ചെന്നു. മുത്തശ്ശിയും അച്ഛമ്മയും പണികളൊക്കെ നിറുത്തി. ‘എന്തേ അയ്യപ്പാ – ആകെ വിയര്‍ത്തിരിക്കണല്ലോ?’. മുത്തശ്ശി ചോദിച്ചു. ‘ഒന്നും ല്യ. കേട്ടപ്പോള്‍ ഒന്നു ഞെട്ടി. ഇത് വരെയും അങ്ങട് വിശ്വാസിക്കാനും കഴിഞ്ഞില്ല. എന്തായാലും. പറഞ്ഞിട്ട് പോവാന്ന് തോന്നി – ‘
‘എന്ത് – എന്താപ്പ ഇത്ര ഞെട്ടാന്‍ മാത്രം ണ്ടായത് ? ‘ അമ്മയാണ് ചോദിച്ചത്. ഉത്തരം പെട്ടന്നായിരുന്നു.
‘മ്മടെ – ആണ്ടവന്‍ – പൂശാരി പോയി’
‘എങ്ങട് – എങ്ങട് പോയീ ന്നാ’
‘അത് പ്പൊ നിക്കും അറിയൂല – പോയി. ഈ ഭൂമീന്ന് —‘
തലയ്ക്ക് ആരോ ഒരു ചുറ്റിക കൊണ്ട് അടിച്ചത് പോലെയാണ് സ്‌കന്ദന് തോന്നിയത്. എന്താ ഈ പറയ്ണത് – ഇന്നലെ അത്രനേരം സംസാരിച്ച ആ മനുഷ്യന്‍ പെട്ടന്ന്‌പോയീന്ന് പറഞ്ഞാല്‍ – ഈ ഭൂമി വിട്ട് പോയീന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. സ്‌കന്ദന്‍ ഒന്നും പറയാന്‍ കഴിയാതെ നില്ക്കുകയായിരുന്നു. അപ്പോഴയ്ക്കും ഒരു ഗ്ലാസ് വെള്ളവുമായി അച്ഛമ്മ അയ്യപ്പന്‍ നായരുടെ അടുത്തെത്തി. ‘ ഇതു കുടിയ്ക്കു ആദ്യം – ബാക്കിയൊക്കെ പിന്നെ പറയാം’ അച്ഛമ്മ പറഞ്ഞത് അയ്യപ്പന്‍ നായര്‍ കേട്ടു. കുറച്ചു നേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല. – പിന്നെ സാവധാനത്തില്‍ അയ്യപ്പന്‍ നായര്‍ പറഞ്ഞു. ആണ്ടവന്‍ തൂങ്ങി മരിച്ചു. പാടത്ത് പണിക്ക് വന്നവരാ പറഞ്ഞത്. ഞാന്‍ പോയി നോക്കിയിട്ടില്ല. ഇവിടെ ഒന്നറിയിച്ചിട്ട് പോകാം ന്നാ കരുതീത് – അവിടെ ആളും വാളും കൂടിരിക്ക്ണൂന്നാ കേട്ടത്..’
ഒന്നു പോയി കാണണം എന്ന് സ്‌കന്ദന് തോന്നി. യാത്ര നാളെയാക്കാം എന്നയാള്‍ പറഞ്ഞപ്പോള്‍ – ‘മോന്‍ വെറുതെ വൈകിച്ചിട്ടെന്തിനാ – മോന്‍ പൊയ്‌ക്കോളൂ – ഇന്നലെ അയാള് പറഞ്ഞില്ലേ – ഒരു തുടക്കത്തിന് ഒരു ഒടുക്കണ്ടാവും – ന്ന് – അത്ര കൂട്ടിയാല്‍ മതി.. അത്രേ കൂട്ടാവു –‘
അതെ, അദ്ദേഹം പറഞ്ഞതാണ് ശരി. ആരാരുമില്ലാതെ നരകിച്ച് മരിക്കേണ്ടിവന്നാല്‍ – അത് വല്ലാത്ത കഷ്ടമാണ്. ജീവിതം എങ്ങിനെയായിരിക്കണമെന്ന് ചിന്തിച്ചു തീരുമാനിക്കാന്‍ ഏതായാലും കഴിഞ്ഞില്ല. മരണമെങ്കിലും തീരുമാനിക്കാന്‍ അവരവര്‍ക്ക് കഴിയേണ്ടതല്ലേ?
ചെമ്പട്ടുടുത്ത് ഉറഞ്ഞ് തുള്ളി കൊണ്ട് ആണ്ടവന്‍ ആയിരം നാവുകളുടെ ശബ്ദത്തില്‍ പറഞ്ഞു. ‘എന്റെ ജീവിതം എനിക്ക് തീരുമാനിക്കാന്‍ കഴിഞ്ഞില്ല – മരണമെങ്കിലും എനിക്ക് വിട്ടുതരൂ. എനിക്ക് വിട്ടുതരൂ’ കിഴക്ക് ഉദയമാനപര്‍വതം ധ്യാനിച്ച് പടിഞ്ഞാറസ്തമാനപര്‍വ്വതം ധ്യാനിച്ച് -അയ്യപ്പന്‍ നായരെഴുന്നേറ്റു . ‘അച്യുതന്‍ നമ്പൂരിയെ അറിയിക്കണം ഉണ്ണി പൊയ്‌ക്കോളു – എല്ലാ കാര്യത്തിനും ഈ അയ്യപ്പന്‍ നായരുണ്ടാവും-മനയ്ക്കലെ വല്യമ്പൂരി എന്താ ചെയ്യ്യാച്ചാല്‍ അതൊക്കെ ചെയ്യണം.’
അയ്യപ്പന്‍ നായര്‍ വേച്ച് വേച്ച് നടന്നു പോകുന്നത് കണ്ട സാവിത്രി അന്തര്‍ജനം പറഞ്ഞു. – കുട്ട്യേ, അയ്യപ്പന്‍ നായര് ടെ കൂടെ ഒന്ന് ചെല്വാ – ആ മനുഷ്യനും ഒരു കൈ താങ്ങ് വേണം. ഇത്രയും കാലം നമ്മളെ താങ്ങീതാ- ഇനി നമ്മളും ഒന്ന് താങ്ങണം. ‘ അത് കേട്ടപ്പോള്‍ സ്‌കന്ദന്‍ അയ്യപ്പന്‍ നായരുടെ പിറകെ പുറത്തേയ്ക്കിറങ്ങി.
അയ്യപ്പന്‍ നായരുടെ ഉള്ളില്‍ ഒരു പതിനെട്ടാം കര്‍മ്മമായിരുന്നു. അറുപത്തിനാല് കളത്തില്‍ പദ്മമിട്ട് ഗുരുതിയ്ക്കുമുമ്പുള്ള തോറ്റം ഒരിടിമുഴക്കം പോലെ അയാള്‍ കേട്ടു. ആരാണത് ചൊല്ലുന്നത്. ആകാശം മുട്ടെ ഉയര്‍നിന്ന്, ആയിരം നാവിന്റെ ശക്തിയില്‍ ആരാണത് ചൊല്ലുന്നത് ? ആണ്ടവനോ അതോ ? അയ്യപ്പന്‍ നായര്‍ കാതോര്‍ത്തു.
‘വാഴ്ക വാഴ്ക വലഭാഗം വിളക്കും ഗണപതീം വാഴ്ക, ഇട ഭാഗം സരസ്വതി വാഴ്ക, അടിയില്‍ ആദിത്യന്‍ വാഴ്ക, മുടിയില്‍ ഗുരുക്കള്‍ വാഴ്ക വാണിയും കൃഷ്ണന്‍ വാഴ്ക. വാഴ്ക വളരുക വരിക നാമില്‍ കളഭം കുങ്കുമം കൊണ്ട് കളനിലം എഴുതി തീര്‍ത്തു – കനുകനെ പുഷ്പമാല ചാര്‍ത്തി കനുകനെ മലരു മാല ചാര്‍ത്തി തുളസിയും ദീപവും നല്ല വെള്ളരിയും തേങ്ങാ പഴമൊടണ്ടി കണ്ടി പച്ച നാരങ്ങ തെച്ചി വരിയ വില്‍ പൊരിയെള്ളും ഇരുപ്പനെനെയ്യും തോരമധുരമാം കൊട്ടത്തേങ്ങ. കരിമ്പു നാരകം നിമിഷം ആഴൊരുക്കില്‍ വച്ച്, തളികയില്‍ ഹരി കണ്ണാടി പുസ്തകം ശരക്കോലും പൊന്‍ പീഠത്തിന്‍മേല്‍ നൂണഴകൊടു നില്‍ക്കും പന്തിരു മുഴക്കോല്‍ നീളമുള്ളൊരു പാല കൊമ്പെടുത്ത് നാട്ടി വച്ചും. ചെങ്കനല്‍ മാലപോലെ സുന്ദരനോടു സുഖമേ സൂര്യനുദിച്ച പോലെ.’