തിരുവനന്തപുരം: ആര്.എസ്.എസ്. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറിന്റെ നാമധേയത്തില്‍ ഒരു കേന്ദ്രസ്ഥാപനം വരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസിന് ആര്. എസ്.എസ്. രണ്ടാം സര്‍സംഘചാലക് ഗുരുജി മാധവ സദാശിവ ഗോള്‍വല്‍ക്കറിന്റെ പേരു നല്കി. ‘ഗുരുജി മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്ഫെക്ഷന്’ എന്നാണ് കേന്ദ്രം അറിയപ്പെടുക.
ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐ.ഐ.എസ്.എഫ്) ആതിഥേയ സ്ഥാപനമായ ആര്‍ജിസിബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ.ഹര്ഷവര്ധന് കേന്ദ്രത്തിന്റെ പേര് സംബന്ധിച്ച് വ്യക്തമാക്കിയത്. കേന്ദ്രം രാജ്യത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായതായും മന്ത്രി അറിയിച്ചു.
ഇടത്തരം, വന്‍കിട സാങ്കേതിക നൂതനത്വ കേന്ദ്രമായിരിക്കും രണ്ടാമത്തെ കാമ്പസ്. കോശ-സൂക്ഷ്മാണു അധിഷ്ഠിത ചികിത്സാ ഗവേഷണത്തിനാവശ്യമായ അത്യാധുനിക സൗകര്യങ്ങളുള്ളതായിരിക്കുമിത്. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗ പ്രതിരോധ ചികിത്സാ ഗവേഷണം, സ്റ്റെംസെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും.
ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, വിജ്ഞാന്‍ഭാരതിയുടെ ദേശീയ സംയോജകന്‍ ജയന്ത് സഹസ്ര ബുദ്ധെ, കേന്ദ്ര ബയോടെക്നോളജി വകുപ്പ് ജോയിന്റ് സെക്രട്ടറി ചന്ദ്രപ്രകാശ് ഗോയല്‍ എന്നിവര്‍ സംബന്ധിച്ചു.