വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു കിടന്നിരുന്നുവെങ്കിലും ആണ്ടവന്റെ മുഖത്തിന് എന്തോ ഒരു ദിവ്യചൈതന്യമുള്ളതുപോലെ സ്‌കന്ദനു തോന്നി. പാതിയും നരച്ചതെങ്കിലും തോളറ്റം വരെ ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയും കുഴിഞ്ഞതെങ്കിലും തിളക്കമുള്ള കണ്ണുകളും സ്‌കന്ദന്‍ ശ്രദ്ധിച്ചു. നടന്നു വരുമ്പോള്‍ കണ്ട ക്ഷീണമൊന്നും അയാളുടെ വാക്കുകള്‍ ക്കുണ്ടായിരുന്നില്ല. മുഴക്കമുള്ള ആ ശബ്ദം കാലങ്ങള്‍ക്കപ്പുറത്ത് നിന്നും വരുന്നതുപോലെയാണ് തോന്നിയത്. ആണ്ടവന്‍ പറയുകയായിരുന്നു. സ്‌കന്ദനും അയ്യപ്പന്‍ നായരും അത് കേട്ടുകൊണ്ടിരുന്നു.
‘ആരംഭമുള്ളതിനൊക്കെ ഒരവസാനവും ഉണ്ട്. പഴയത് അസ്തമിക്കുകയും പുതിയത് ഉദിക്കുകയും വേണമെന്നത് കാലത്തിന് നിര്‍ബന്ധമാണ്. ഇന്നലെ ഉദിച്ച സൂര്യന്‍ തന്നെയാണ് ഇന്നും ഉദിയ്ക്കുന്നതെങ്കിലും ഇന്നലത്തെ നമ്മുടെ കാഴ്ചയല്ല ഇന്നത്തേത്. ഇന്നതിന് വേറൊരു ചന്തമാണ്. വേറെ ഒരു തേജസ്സാണ്. ആണ്ടവനെപ്പോലെ എത്രയോ ആളുകള്‍ ഈ ഭൂമുഖത്ത് ജീവിച്ചിട്ടുണ്ട്. മരിച്ചു പോയിട്ടുമുണ്ട്. ഇനി നാളെ ജീവിയ്ക്കാനുമുണ്ട്. എന്റെ സമയം കഴിയാറായി എന്ന് ഇടയ്ക്കിടയ്ക്ക് മനസ്സിലിരുന്നാരോ പറയുന്നത് പോലെ തോന്നും. കണ്ണടയ്ക്കുന്നതിനു മുമ്പ് ന്റെ ഭവാന്റെ കുട്ടിയെ ഒന്നു കാണണംന്ന്ണ്ടായിരുന്നു. ഭവത്രാതന്‍ നമ്പൂതിരിയെ ഞാന്‍ ഭവാന്‍ എന്നായിരുന്നു വിളിയ്ക്കുക. അവിടെ വന്ന് കാണുന്നതാണ് ശരി എന്നറിയാത്തതു കൊണ്ടല്ല. മനസ്സ് പോകുന്നതു പോലെ ഇപ്പോള്‍ ശരീരം സഞ്ചരിക്കുന്നില്ല. അതാണ്. ആവശ്യം നമ്മുടേതാണെങ്കില്‍ നമ്മളങ്ങോട്ട് പോവണം എന്നതാണ് എന്റെ കാഴ്ചപ്പാട്. പക്ഷെ കഴിയാതായാല്‍ പിന്നെ ഒന്നു പറഞ്ഞു നോക്കുക. അതാണ് അയ്യപ്പന്‍ നായരോട് പറഞ്ഞത്. എന്തായാലും ദേവി അവസാനമായിട്ട് ഈ ആണ്ടവന്റെ പ്രാര്‍ത്ഥനയും കേട്ടു. അതോണ്ടല്ലേ കുട്ടിയ്ക്കു വരാന്‍ തോന്നിയത്. സ്‌കന്ദന്‍ ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്നു. വാക്കുകള്‍ ഒഴുകിവരികയാണ്. ഒരു തട്ടും തടവുമില്ലാതെ. അതിനൊരുതടസ്സവും ഉണ്ടാകാതിരിക്കാനായിരിക്കണം അയ്യപ്പന്‍ നായരോ സ്‌കന്ദനോ ഒന്നും മിണ്ടിയില്ല.
‘നിയ്ക്ക് ഒരു കാര്യം പറയാനുണ്ട്. അത് ന്റെ ജീവിതം അവസാനിക്കുന്നതിന്‍ മുമ്പ് അറിയിക്കണം. അതെന്റെ വല്യ ഒരാഗ്രഹമാണ്. അല്ലെങ്കില്‍ അത് മാത്രമാണ് ആഗ്രഹം. – അത് പറയാനാ കുട്ടിയെ ഒന്ന് കാണാന്‍ ആഗ്രഹിച്ചത്. എന്റെ പേരില്‍ കുട്ടി ഒരു പാട് സങ്കടപ്പെട്ടിട്ടുണ്ട്. ഞാനാണോ കുട്ടിയുടെ അച്ഛന്‍ എന്ന് കുട്ടി പോലും സംശയിച്ചിട്ടുണ്ട്. ല്യേ – ല്യാന്ന് പറയാന്‍ പറ്റ്വോ , -ന്നാല്‍ ഞാന്‍ ഒറപ്പിച്ചു പറയാം. ഞാനല്ല. മോന്റെ അച്ഛന്‍ ഭവത്രാതന്‍ നമ്പൂരിയെന്ന എന്റെ കളിക്കൂട്ടുകാരന്‍ ഭവാനാണ്. അത് കുട്ടിടെ അമ്മയ്ക്കും അറിയാം വല്യമ്പൂരിയ്ക്കും അച്യുതന്‍ നമ്പൂരിയ്ക്കും അറിയാം. പക്ഷെ നമ്മുടെ നാട്ടിലെ ചില എരപ്പാളികള്‍ക്കേ സംശയമുള്ളു. ആ സംശയത്തെ എന്തിന് പേടിക്കുന്നു – നാട്ടുകാരെ പേടിച്ച് ജീവിയ്ക്കാന്‍ കഴിയുമോ എന്നൊക്കെ ഭവാന്‍ എന്നോട് പല പ്രാവശ്യം ചോദിച്ചിട്ടുണ്ട്. ഞാനൊരു പ്രാന്തനായത് കൊണ്ട് എല്ലാവരും എല്ലാ പാപവും എന്റെ തലയില്‍ വച്ചുകെട്ടി.’ ആണ്ടവന്‍ കരയുകയാണെന്ന് അയ്യപ്പന്‍ നായര്‍ക്ക് തോന്നി. ‘എന്താ ആണ്ട്യേ അണക്ക് പറ്റീത് – എന്തിനാ നി ഇത്ര സങ്കടപ്പെടണത് – അയ്യപ്പന്‍ നായര്‍ ചോദിച്ചു. ‘അയ്യപ്പന്‍ നായരേ എന്നും ഇടയ്ക്കു തമാശയ്ക്ക് കമ്മളേ എന്നും ഇടയ്ക്ക് തമ്പ്രാനെ എന്നുമൊക്കെ ഈ മനുഷ്യനെ ഞാന്‍ വിളിച്ചിട്ടുണ്ട്. എന്ത് വിളിച്ചാലും മൂപ്പര്ക്ക് കൊഴപ്പമില്ല. – യാഥാര്‍ത്ഥത്തില്‍ ഞാനേതാ ജാതി – എനിക്കറിയില്ല. എന്റെ അച്ഛനമ്മമാരെ ഓര്‍ക്കുമ്പോള്‍ എനിയ്ക്കു തോന്നുന്നത് എനിക്ക് ജാതിയേ ഉണ്ടായിരുന്നില്ല എന്നാണ്. അവരെന്തെങ്കിലും പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. തല്ല് കൂടാന്‍ തന്നെ അവര്‍ക്ക് സമയം തികഞ്ഞിരുന്നില്ല. പിന്നെ പറയി പെറ്റ പന്തിരുകുലം – അച്ഛന്‍ ബ്രാഹ്മണന്‍ – അമ്മ പറയി. അഗ്‌നിഹോത്രിയും രജകനും തച്ചനും പാക്കനും വള്ളോനും ഒക്കെ മക്കള്‍. കുട്ടി കേട്ടിട്ടുണ്ടോ എന്നറിയില്ല. ഈ വള്ളോന്‍ തന്നെയാണ് തിരുവള്ളുവര്‍ – പറഞ്ഞ് പറഞ്ഞ് കാടുകേറും. – അത് വേണ്ട – നിയ്ക്ക് കുട്ടിയെ ഒരു കാര്യം ബോധിപ്പിക്കണംന്ന്ണ്ട് – അത് മറ്റൊന്നുമല്ല. നാട്ട്കാര് എത്ര കളിയാക്കിയാലും ചിരിച്ചാലും കുഴപ്പമില്ല. കുട്ടി അറിയണം മുത്താഴിയംകോട്ടെ സാവിത്രി അന്തര്‍ജനത്തിന്റേയും എഴൂര്‍ മനയ്ക്കല്‍ ഭവത്രാതന്‍ നമ്പൂതിരിയുടേയും മകനാണ് കുട്ടി. ഒരു സംശയവും വേണ്ട. ഏതോ പ്രാന്തിന്റെ നെട്ടോട്ടത്തില്‍ ഓടുമ്പോള്‍ ഗോവിന്ദന്‍ ഒരു പെണ്ണിനെ കേറിപ്പിടിച്ചത് കണ്ടു. അത് സാവിത്രി കുട്ടിയാണ് എന്ന് ബോധ്യമായപ്പോള്‍ അവളെ രക്ഷിച്ചു. അതിന്റെ പേരിലുണ്ടായതാണ് എല്ലാ കഥകളും. ഗോവിന്ദന്‍ വിചാരിച്ചതെന്നും അവിടെ നടന്നിട്ടില്ല. പിന്നെ എങ്ങനെ അവര്‍ ഗര്‍ഭിണിയാവും? – കുട്ടിയുടെ പ്രായവും എന്റെ പ്രായവും വെച്ച് ഇത്തരം വിഷയങ്ങളൊന്നും പറയുന്നത് ശരിയല്ല. ആ തോന്നല്‍ കൊണ്ട് അച്ഛന്‍ പറഞ്ഞില്ല – അമ്മച്ഛനും മുത്തച്ഛനും പറഞ്ഞില്ല. അത് ശരിയാണോ? – ഇനി ഞാന്‍ കൂടി പറയാതെ നാളെ ഞാന്‍ മരിച്ചാല്‍ മോനെ സംബന്ധിച്ചിടത്തോളം ഇതിനൊരുത്തരം കിട്ടോ? അത് കൊണ്ടാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ ഇത് പറയാന്‍ വേണ്ടിയാണ് മോനെ കാണാന്‍ ആഗ്രഹിച്ചതും. വിവാഹത്തിനു മുമ്പ് തന്നെ സാവിത്രിക്കുട്ടി ഗര്‍ഭിണിയായിരുന്നു. എന്നായാലും കല്യാണം കഴിയ്ക്കും എന്നുറപ്പുള്ളത് കൊണ്ട് അതൊരു വലിയ അപരാധമായി ഭവാനോ സാവിത്രിയ്‌ക്കോ തോന്നീലെന്നു മാത്രം. ജീവിതത്തില്‍ ഒരു പാട് പാപം ഞാനേറ്റെടുത്തിട്ടുണ്ട്. ഇനി വയ്യ – സമയമായിരിയ്ക്കണു. – നിയ്ക്കും വേണ്ടേ….കൊറച്ച് സമാധാനം ? ചെയ്യാത്ത തെറ്റു മുഴുവന്‍ തലയില്‍ കെട്ടിവച്ചു. മിണ്ടാന്‍ പറ്റാത്തത് കൊണ്ട് അതൊക്കെ സ്വയം ചുമന്നു. അത്രയേ ഇള്ളു എന്റെ കഥ – പക്ഷെ കുട്ടി അറിയണം. തന്ത്രവും മന്ത്രവും പഠിച്ചിട്ട് വല്യ കാര്യ ന്നും ല്യ അതൊക്കെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കൂടി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ എല്ലാ പഠനത്തിന്റേയും കാര്യം അത്രയേയുള്ളു. ഞാനാണെങ്കില്‍ പലതും പഠിച്ചു. പക്ഷെ വേണ്ട പോലെ ഒന്നും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല..ഒരിക്കല്‍ വല്യമ്പൂരി ഓത്ത് നടത്തുമ്പോള്‍ ഞാന്‍ കേട്ടു നിന്നു. അന്ന് ആ വലിയ മനുഷ്യന്‍ പറഞ്ഞ്ത് നിക്ക് ഇപ്പഴും ഓര്‍മ്മയുണ്ട്. ‘ എന്താ ആണ്ടവന് ഇതൊക്കെ പഠിക്കണംന്ന് ണ്ടാ ? -അപ്പോള്‍ ഞാന്‍ ചോദിച്ചു. അതൊക്കെ ബ്രാഹ്മണര്‍ക്കല്ലേ? – ഞങ്ങള്‍ക്ക് പാടില്ലാന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ തിരുമേനി ചോദിച്ചു എന്താ ആണ്ടവാ – നീയൊക്കെ പഠിക്കുന്ന കൂട്ടിയല്ലേ ? ഇതൊക്കെ പഠിക്കാന്‍ ആഗ്രഹം ണ്ടെങ്കില്‍ നിക്ക് അറിയുന്നത് പഠിപ്പിക്കാം. അന്നദ്ദേഹം പറഞ്ഞു. ജാതിം മതവുമൊക്കൊ വിവരല്ലായ്മയാണ്. പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ പഠിപ്പിക്കണം. നിനക്ക് പഠിക്കണോ? -അതാണ് അദ്ദേഹം ചോദിച്ചത്. കൊല്ലം കുറേ മുമ്പാണ്. അന്ന് അങ്ങനെ ചോദിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം ചരിത്രത്തില്‍ പേരെഴുതേണ്ട ഒരാളായിരുന്നു. – പക്ഷെ നമ്മുടെ ചരിത്രം അത്തരം നിശ്ശബ്ദ വിപ്ലവകാരികളെ രേഖപ്പെടുത്തി വച്ചിട്ടില്ല. ജാതി കലഹങ്ങളെ കുറിച്ചുള്ള ചരിത്രമാണ് നാം പഠിച്ചതും പഠിപ്പിച്ചതും ജാതിസമത്വത്തിന്റെ ചരിത്രം ആര്‍ക്കും ആവശ്യമില്ലായിരുന്നു.
ആണ്ടവന്‍ പറയുകയായിരുന്നു. തന്റെ ജീവിതം കടന്നുപോന്ന ദുരിത പര്‍വ്വങ്ങളിലൂടെയുള്ള ഒരു യാത്രയായിരുന്നു, ആ വാക്കുകള്‍. ദേവുവിന്റെ മരണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മാത്രം അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറി. ‘അറിയ്യോ ? ദേവൂനെ ആണ്ടവന്‍ ചവിട്ടി കൊന്നതാണെന്ന് വിശ്വസിക്കുന്നവര് ഇന്നും ണ്ട് നാട്ടില് – അവരെയൊക്കെ എങ്ങനെയാ തിരുത്തുക? അല്ലെങ്കില്‍ തിരുത്തീട്ട് എന്തിനാ? അവളേതായാലും പോയി. ഇനി ആരെയാ ബോധിപ്പിക്കാന്‍’
‘അങ്ങനെ ഞാനും കേട്ടിരിയ്ക്കുണു. – ന്നോട് പറഞ്ഞവര്‍ക്ക് അന്നേ ഞാന്‍ നല്ല മറുപടിയും കൊടുത്തിട്ടുണ്ട്.’ അയ്യപ്പന്‍ നായര്‍ ഇടയ്ക്ക് പറഞ്ഞു.
‘ജീവിതത്തില്‍ പൂര്‍ണ ബോധത്തോടെ ഒരാളെയേ ഞാന്‍ ഉപദ്രവിച്ചിട്ടൊള്ളു. അത് ആ ഗോവിന്ദന്‍ നായരെ മാത്രം. സാവിത്രി കുട്ടിയെ ഞാന്‍ കേറിപ്പിടിച്ചു എന്ന് അയാള്‍ കള്ള സാക്ഷി പറഞ്ഞത് അറിഞ്ഞ അന്നു മുതല്‍ കണക്കാക്കി വെച്ചതായിരുന്നു. ഒരിക്കല്‍ ഉത്സവ പറമ്പില്‍ വെച്ച് അവനെ കൊന്നാലോന്ന് വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. തരത്തിലന്നയാള്‍ മാറി. പിന്നെ ഞാന്‍ കാത്ത് കരുതി വച്ചത് അയാള്‍ വന്ന് ചോദിച്ചു വാങ്ങീന്ന് മാത്രം – അത് തെറ്റായീന്ന് ഇന്ന് വരെ തോന്നീട്ടുമില്ല. അല്ലെങ്കില്‍ അതായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ ശരി. കുട്ടിയ്ക്കറിയോ – സാവിത്രിയെ ഞാന്‍ കേറിപ്പിടിച്ചൂന്ന് അറിഞ്ഞതു മുതല്‍ അച്യുതന്‍ നമ്പൂതിരി എന്നോട് മിണ്ടാറുണ്ടായിരുന്നില്ല. ഞാന്‍ നേരില്‍ കാണാനും കാര്യം പറയാനും ആഗ്രഹിച്ചു. ഭവാനൊട് ആഗ്രഹം പറയുകയും ചെയ്തു. അച്യുതന്‍ നമ്പൂരിയ്ക്ക് ന്നെ കാണാന്‍ കൂടി താല്‍പര്യമില്ലെന്നാണ് അറിഞ്ഞത്. എന്നാല്‍ ഗോവിന്ദനെ അടിച്ചെന്നറിഞ്ഞപ്പോള്‍ അച്ചുതന്‍ നമ്പൂരിയെ നേരിട്ടു കണ്ടു. ‘ഇത് നീ എന്നോ ചെയ്യേണ്ടതായിരുന്നു. ഞാന്‍ എന്നോ പ്രതീക്ഷിച്ചു. ഇങ്ങനെ ഒന്ന് നീ ചെയ്തില്ലായിരുന്നുവെങ്കില്‍ അച്യുതന്‍ നമ്പൂതിരി ഇനിയും നിന്നെ കാണുകയൊ സംസരിക്കുകയോ ഉണ്ടാവില്ലായിരുന്നു. ഈ പ്രവൃത്തിയിലൂടെയാണ് നീ നിരപരാധിയാണെന്ന് എന്റെ മുമ്പില്‍ തെളിയിച്ചത്. ‘ ഗോവിന്ദനെ അടിച്ചതിന് ശേഷമാണ് വീണ്ടും ഇല്ലത്തിന്റെ വാതില്‍ എനിയ്ക്കു മുമ്പില്‍ തുറന്നത്. -ഒന്നുകില്‍ ആണാവണം അല്ലെങ്കില്‍ പെണ്ണാവണം. ആണും പെണ്ണും കെട്ട് ആരും ജീവിച്ചിട്ട് കാര്യം ഇല്ല. – അച്യുതന്‍ നമ്പൂരി അന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആണ്ടവന്‍ ഇപ്പോഴേ ആണാന്ന് തെളിയിച്ചൊള്ളു. ഇതുവരെ ദേഷ്യം കൊണ്ടല്ല സഹതാപം കൊണ്ടായിരുന്നു നേരില്‍ കാണാനൊ മിണ്ടാനൊ നില്‍ക്കാതിരുന്നത് – ഇനി അതിന്റെ ആവശ്യമില്ലല്ലോ.’
ഉദിമാന തേവര് തലയ്ക്കു മുകളില്‍ എത്തുമ്പോഴാണ് ആണ്ടവന്‍ കഥ പറഞ്ഞു നിറുത്തിയത്. പോകാന്‍ നേരത്ത് അയ്യപ്പന്‍ നായര്‍ ഒരു നൂറു രൂപ നോട്ടെടുത്ത് സ്‌കന്ദന്റെ കൈയില്‍ കൊടുത്തു. സ്‌കന്ദന്‍ അത് ആണ്ടവന്റെ കൈയില്‍ കൊടുത്ത് ആ കാല് തൊട്ടു നമസ്‌കരിച്ചു. ആണ്ടവന്റെ കണ്ണുകള്‍ സജലങ്ങളായിരുന്നു. അദ്ദേഹം പറഞ്ഞു. ‘സന്തോഷായി. മോനെന്നും നന്നായിവരും – നന്നായി വരും.’ അദ്ദേഹം ഹൃദയം കൊണ്ടാണ് അനുഗ്രഹിച്ചതെന്ന് സ്‌കന്ദനു തോന്നി. താന്‍ എന്താണോ ചോദിക്കാന്‍ ആഗ്രഹിച്ചത് അത് പറയാനായിരുന്നു അദ്ദേഹം വിളിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതിനായിരുന്നു എന്നറിഞ്ഞിരുന്നു വെങ്കില്‍ എപ്പോഴേ വരുമായിരുന്നില്ലേ – ഓരോന്നും അറിയാന്‍ ഓരോ സമയമുണ്ടാകും. അത്രയേ അപ്പോള്‍ സ്‌കന്ദന് ചിന്തിയ്ക്കുവാന്‍ കഴിഞ്ഞൊള്ളൂ.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)