ലഖ്‌നൗ: അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന് ‘മര്യാദ പുരുഷോത്തം ശ്രീറാം വിമാനത്താവള’മെന്ന് പേരു നല്‍കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന നിയമസഭ ഇക്കാര്യം പാസ്സാക്കിയതിന് ശേഷം വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
അയോദ്ധ്യയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളം പണിയുമെന്ന് 2018ല്‍ പ്രഖ്യാപിച്ചിരുന്നു. 2021 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 525 കോടിയാണ് ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ മാറ്റിവച്ചത്. രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായി അയോദ്ധ്യയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.